19 September Thursday

അമേരിക്കൻ വിധേയത്വം

പ്രകാശ്‌ കാരാട്ട്‌Updated: Tuesday Jun 11, 2019


മോഡി സർക്കാരിന്റെ രണ്ടാംമൂഴത്തിൽ നിയോ ലിബറൽ അജൻഡയ‌്ക്ക് ഗതിവേഗം ലഭിക്കുമെന്നാണ് സൂചനകൾ. നിതി ആയോഗ് ചെയർമാൻ പറഞ്ഞത‌് പുതിയ സർക്കാരിന്റെ ആദ്യ നൂറുദിനത്തിൽ 46 പൊതുമേഖലാ സ്ഥാപനം പൂട്ടുകയോ സ്വകാര്യവൽക്കരിക്കുകേയാ ചെയ്യുമെന്നാണ്. തൊഴിലാളിവിരുദ്ധ ‘പരിഷ‌്കാരങ്ങൾ' സംബന്ധിച്ച ബില്ലുകൾ ഉടൻതന്നെ പാർലമെന്റ് പരിഗണിക്കുമെന്നും കമ്പോളശക്തികളെയും നിക്ഷേപകരെയും തൃപ്തിപ്പെടുത്തുന്ന മറ്റ് നടപടികളും ഉടൻ സ്വീകരിക്കുമെന്നും വ്യക്തമാക്കപ്പെടുകയുണ്ടായി. ഇതെല്ലാംതന്നെ തൊഴിലാളിവർഗത്തിനും തൊഴിലിനും സാമൂഹ്യക്ഷേമ പദ്ധതികൾക്കും വീണ്ടും കടുത്ത പ്രഹരമേൽപ്പിക്കുന്നതാണ്.

ഇതോടൊപ്പം ബന്ധപ്പെട്ടുകിടക്കുന്നതാണ് നമ്മുടെ രാജ്യത്തിന്റെ വിദേശനയവും ആഭ്യന്തര സാമ്പത്തിക നയത്തിന്മേലുള്ള സാമ്രാജ്യത്വ സമ്മർദവും. ലഭ്യമാകുന്ന എല്ലാ സൂചനകളും അനുസരിച്ച് ഇന്ത്യ അമേരിക്കയുടെ ജൂനിയർ പങ്കാളിയും സഖ്യശക്തിയുമായി തുടരും.

റഷ്യയെ  ഉപേക്ഷിച്ച് അമേരിക്കയിൽനിന്ന‌് കൂടുതൽ ആയുധങ്ങൾ വാങ്ങാൻ തുടങ്ങി
മോഡി ഗവൺമെന്റ് 2014–-19 കാലഘട്ടത്തിൽ ഇന്ത്യയെ അമേരിക്കയുമായി തന്ത്രപ്രധാന മേഖലകളിലും സൈനികമായും കൂടുതൽ അടുപ്പിക്കുന്നതിനായാണ് പ്രവർത്തിച്ചത്. സൈനിക സൗകര്യങ്ങൾ പരസ‌്പരം കൈമാറുന്ന കരാറിലും സൈനികവിവരങ്ങൾ പങ്കുവയ‌്ക്കുന്ന കരാറിലും ഇരു രാജ്യവും ഒപ്പുവയ‌്ക്കുകയുണ്ടായി.  അമേരിക്ക മുന്നോട്ടുവച്ച ചതുഷ‌്കോണ(ക്വാഡ്) സഖ്യത്തിലും ഇന്ത്യ ഭാഗഭാക്കായി. അമേരിക്ക മുന്നോട്ടുവച്ച ഈ സഖ്യത്തിൽ അമേരിക്കയ‌്ക്ക് പുറമെ ഇന്ത്യയും ജപ്പാനും ഓസ്ട്രേലിയയുമാണ് മറ്റംഗങ്ങൾ. 

അമേരിക്കയിൽ നിന്നുയർന്ന കടുത്ത സമ്മർദത്തിന്റെ ഫലമായി പരമ്പരാഗതമായി ആയുധങ്ങൾക്കായി ആശ്രയിക്കുന്ന റഷ്യയെയും മറ്റും ഉപേക്ഷിച്ച് നാം അമേരിക്കയിൽനിന്ന‌് കൂടുതൽ ആയുധങ്ങളും യുദ്ധോപകരണങ്ങളും വാങ്ങാനും തുടങ്ങി. ഈ തന്ത്രപ്രധാന ആലിംഗനമാണ് ഏഷ്യ–-പസഫിക്ക് മേഖലയിൽ അമേരിക്കയുടെ ഭൗമരാഷ്ട്രീയ താൽപ്പര്യങ്ങൾക്കനുസരിച്ചുള്ള വിദേശനയം സ്വീകരിക്കാനും ഇന്ത്യയെ സജ്ജമാക്കിയത്.

ആഭ്യന്തരനയം പരിശോധിച്ചാലും അമേരിക്കൻ ബഹുരാഷ്ട്ര കുത്തകകളുടെയും അവരുടെ ധനമൂലധന താൽപ്പര്യങ്ങളെയും സഹായിക്കുന്ന നടപടികളാണ് മോഡി സർക്കാർ സ്വീകരിക്കുന്നത് എന്ന് കാണാൻ കഴിയും.  2018 ജനുവരിയിൽ പ്രസിഡന്റ് ട്രംപ് അധികാരമേറ്റെടുത്തപ്പോൾതന്നെ ‘അമേരിക്ക ആദ്യം' എന്ന ട്രംപിന്റെ കമ്പോള സംരക്ഷണ നടപടികൾക്ക് അനുയോജ്യമായി ഇന്ത്യയിൽനിന്ന‌് കൂടുതൽ അനുകൂല നടപടികൾ ഉണ്ടാകണമെന്ന ആവശ്യം ഉയർന്നിരുന്നു.

ട്രംപ് ചൈനയ‌്ക്കെതിരെ വ്യാപാരയുദ്ധംതന്നെ തുടങ്ങിവച്ചു. ചൈനീസ് ചരക്കുകൾക്ക് 40000 കോടി ഡോളറിന്റെ നികുതി ചുമത്തിക്കൊണ്ടായിരുന്നു വ്യാപാരയുദ്ധത്തിന്റെ ആരംഭം. ചൈനീസ് കമ്പോളത്തിലേക്ക് കൂടുതൽ പ്രവേശം ആവശ്യപ്പെട്ട ട്രംപ് അമേരിക്കൻ സാങ്കേതികവിദ്യക്കും ബൗദ്ധികസ്വത്തവകാശങ്ങൾക്കും കൂടുതൽ സംരക്ഷണവും ആവശ്യപ്പെട്ടു. 

ഇറക്കുമതിച്ചുങ്കം കുത്തനെ വർധിപ്പിച്ചു
ഇന്ത്യയെയും ട്രംപ് വെറുതെ വിട്ടില്ല.  ഇന്ത്യയുമായുള്ള വ്യാപാരശിഷ്ടം കുറയ‌്ക്കണമെന്നും അതിനായി അമേരിക്കയിൽനിന്ന‌് കൂടുതൽ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതോടൊപ്പം ഇന്ത്യ താരീഫ് കുറയ‌്ക്കണമെന്നുമാണ് ട്രംപിന്റെ ആവശ്യം.  ഇതിന്റെ ഭാഗമായി ഇന്ത്യൻ അലുമിനിയത്തിനും സ്റ്റീലിനും അമേരിക്കയിൽ ഇറക്കുമതിച്ചുങ്കം കുത്തനെ വർധിപ്പിച്ചു.

ഇതിനുശേഷമാണ് ഇന്ത്യക്ക് അമേരിക്കയുമായുള്ള വ്യാപാരത്തിന് നൽകിയിരുന്ന പ്രത്യേക പരിഗണന അമേരിക്ക എടുത്തുകളഞ്ഞത്. പ്രത്യേക പരിഗണനാ സമ്പ്രദായം അനുസരിച്ച് ചുങ്കമില്ലാതെ അനേകം സാധനങ്ങൾ ഇന്ത്യക്ക് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാമായിരുന്നു.  പ്രത്യേക പരിഗണനയ‌്ക്ക് അന്ത്യമിട്ടതോടെ അമേരിക്കയിലേക്ക് ചുങ്കം നൽകാതെ കയറ്റി അയച്ചിരുന്ന 1900 സാധനത്തിന‌് ഇനിമുതൽ കസ്റ്റംസ് തീരുവ നൽകണമെന്നായി.

ഇതുസംബന്ധിച്ച പ്രഖ്യാപനം ആദ്യം പുറത്തുവരുന്നത് മാർച്ച് ആദ്യമായിരുന്നു. 60 ദിവസത്തിനകം പ്രത്യേക പരിഗണന അവസാനിപ്പിക്കുമെന്നായിരുന്നു മാർച്ചിലെ അമേരിക്കൻ പ്രഖ്യാപനം. ഇന്ത്യക്ക് ഹിതകരമല്ലാത്ത ഈ നടപടി ഒഴിവാക്കിക്കിട്ടാൻ മോഡി സർക്കാർ ഒരു നടപടിയും കൈക്കൊണ്ടില്ലെന്ന് മാത്രമല്ല എതിരായുള്ള നടപടികളും സ്വീകരിച്ചില്ല. അമേരിക്ക ചുങ്കം ചുമത്തിയപ്പോൾ ചൈന സ്വീകരിച്ച നടപടിയിൽ തീർത്തും വിരുദ്ധമായ സമീപനമാണ് ഇന്ത്യയിൽ നിന്നുണ്ടായിട്ടുള്ളത്. ചൈനയിൽ ഇറക്കുമതി ചെയ്യുന്ന അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ചുങ്കം ചുമത്തിക്കൊണ്ടായിരുന്നു ചൈനയുടെ തിരിച്ചടി. അമേരിക്കയുടെ മുമ്പിൽ നിവർന്നുനിൽക്കാൻ മോഡി ഗവൺമെന്റിന് കഴിയാതെ പോകാനുള്ള പ്രധാന കാരണം അമേരിക്കയുടെ തന്ത്രപ്രധാന സഖ്യകക്ഷിയായി പ്രഖ്യാപിച്ച് സാമന്തരാഷ്ട്രമായി മാറിയതുകൊണ്ടാണ്.

‘മഹാനായ ദേശീയവാദി' എന്ന് സ്വയം ചിത്രീകരിക്കുന്ന നരേന്ദ്ര മോഡിയാണ് ഒന്നിനുപുറകെ ഒന്നായി അമേരിക്കൻ തീട്ടൂരങ്ങൾക്ക് മുമ്പിൽ വഴങ്ങിനിൽക്കുന്നത്. അമേരിക്ക ഇന്ത്യയോട് ഇറാനിൽനിന്ന‌് എണ്ണ വാങ്ങരുതെന്ന് ഉത്തരവിട്ടപ്പോൾ ഇന്ത്യ അതിന് വഴങ്ങി.  ഇന്ത്യക്ക് വലിയ ആഘാതം സൃഷ്ടിക്കുന്ന തീരുമാനമാണിത്. അന്താരാഷ‌്ട്ര കമ്പോളത്തിലുള്ള വിലയേക്കാൾ കുറഞ്ഞ നിരക്കിനായിരുന്നു ഇറാനിൽനിന്ന‌് എണ്ണ നമുക്ക് ലഭിച്ചിരുന്നത്.  അതിനുശേഷം വെനസ്വേലയ‌്ക്കുനേരെ നടക്കുന്ന സാമ്പത്തിക യുദ്ധത്തിന്റെ ഭാഗമായി അമേരിക്ക ഇന്ത്യയോട് വെനസ്വേലയിൽനിന്നും എണ്ണ വാങ്ങരുതെന്ന് ആവശ്യപ്പട്ടു. ഒരു പ്രതിഷേധവുമില്ലാതെ മോഡി സർക്കാർ അതും അനുസരിച്ചു. 

റഷ്യയിൽനിന്ന‌് ട്രയംഫ് മിസൈൽ സംവിധാനം വാങ്ങുന്നതിനെതിരെ ഉപരോധം ഏർപ്പെടുത്തരുതെന്ന് അമേരിക്കയോട് ഇന്ത്യ യാചിക്കുകയായിരുന്നു. പക്ഷേ അമേരിക്കയാകട്ടെ ഉപരോധം ഏർപ്പെടുത്തുമെന്ന ഭീഷണി ആവർത്തിക്കുകയാണ്. അമേരിക്കയിൽനിന്ന‌് കൂടുതൽ ആയുധങ്ങൾ വാങ്ങാനുള്ള സമ്മർദതന്ത്രത്തിന്റെ ഭാഗമാണ് ഈ ഭീഷണി. 

അമേരിക്കയിൽനിന്ന‌് എഫ്–-21 വിമാനങ്ങൾ വാങ്ങണമെന്ന ആവശ്യവുമായി അമേരിക്കൻ ഉദ്യോഗസ്ഥർ ഇന്ത്യയിലെത്തി ലോബിയിങ് ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. 110 യുദ്ധവിമാനം വാങ്ങുന്നതിനുള്ള ടെൻഡൻ ഇന്ത്യ ഇതിനകം ഇറക്കിയിട്ടുണ്ട്. (റഫേൽ യുദ്ധവിമാനങ്ങളുടെ എണ്ണം 36 ആയി കുറച്ചതിനുശേഷം) ഇന്ത്യയെ ഭീഷണിപ്പെടുത്തി കോടിക്കണക്കിന് ഡോളറിന്റെ ഈ ഓർഡർ അമേരിക്കയ‌്ക്ക് നൽകുന്നതിനായാണ് സമ്മർദം.

മോഡി സർക്കാരിലെ പുതിയ വിദേശമന്ത്രി, മുൻ  വിദേശകാര്യ സെക്രട്ടറിയായി പ്രവർത്തിച്ച എസ് ജയശങ്കറാണ്.  ആദ്യമായാണ് ഒരു നയതന്ത്രവിദഗ്ധനെ ക്യാബിനറ്റിലേക്ക് നേരിട്ട് സ്ഥാനക്കയറ്റം നൽകി ഇരുത്തുന്നത്. അമേരിക്കയുമായുള്ള അടുപ്പംകൊണ്ടുകൂടി അറിയപ്പെടുന്നയാളാണ് ജയശങ്കർ. വിദേശമന്ത്രാലയ ഉദ്യോഗസ്ഥനായപ്പോഴും വിദേശകാര്യസെക്രട്ടറിയായിരുന്നപ്പോഴും അദ്ദേഹം എങ്ങനെയാണ് അമേരിക്കയുമായുള്ള അടുത്ത തന്ത്രപ്രധാന ബന്ധത്തിനായി ശ്രമിച്ചത് എന്നും എല്ലാവർക്കുമറിയാം.
അതുകൊണ്ടുതന്നെ ജയശങ്കറുടെ നിയമനം നൽകുന്ന സൂചന മോഡി ഗവൺമെന്റ് തുടർന്നും അമേരിക്കയുടെ ജൂനിയർ പങ്കാളിയായി തുടർന്നുകൊണ്ട് ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങൾ സാമ്രാജ്യത്വ വൻശക്തിക്ക് കീഴ്പ്പെടുത്തുമെന്നാണ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top