13 July Monday

ലോകനാടക പൗരൻ

ഇ പി രാജഗോപാലൻUpdated: Tuesday Jun 11, 2019


"ഞാൻ നിങ്ങളെ സാംസ്കാരിക മ്യൂസിയം കാണിക്കാം'  സംഭാഷണത്തിനൊടുവിൽ ഗിരീഷ് കർണാട് പറഞ്ഞു. ഞാൻ വീടിന് പുറത്തേക്കിറങ്ങാൻ തയ്യാറായതായിരുന്നു. "വരൂ' എന്നുപറഞ്ഞ് അദ്ദേഹം മുന്നിൽ നടന്നു. ചില്ലുപൊട്ടിയ സ്വന്തം വീട്ടുജാലകം കാണിച്ചുതന്നു. "കാവേരിവെള്ളം തമിഴർക്കും കിട്ടണമെന്നുപറഞ്ഞതിന്റെ പേരിൽ ബംഗളൂരുവിലെ ചില തീവ്രപ്രാദേശികവാദികൾ കല്ലെറിഞ്ഞ് പൊളിച്ചതാണ്.'

ജനാധിപത്യവാദിയായ ആ കലാകാരനെ ആദ്യം കണ്ട് സംസാരിക്കുകയായിരുന്നു. ഒരു വാർഷികപ്പതിപ്പിനുവേണ്ടി ഗിരീഷ് കർണാടിനെ ഇന്റർവ്യൂ ചെയ്യണം എന്ന് പത്രാധിപർ ആവശ്യപ്പെട്ടപ്പോൾ ആദ്യം മടിച്ചു,  പേടിച്ചു. ഞാൻ പയ്യന്നൂർ കോളേജിലും അദ്ദേഹം ഓക്ഫോണാഡിലുമാണ് പഠിച്ചത് എന്നതാണ് കാരണം. എന്റെ ചെറിയ ഇംഗ്ലീഷുമായി ബംഗളൂരുവിൽ പോയാൽ സംസാരം നടക്കുമോ എന്ന് സംശയിച്ചുനിന്നു. പത്രാധിപർ പറഞ്ഞു, "നല്ലയാളാണ്. ഫോൺ നമ്പർ തരാം. പോകുന്നതിനുമുമ്പ് രണ്ടുമൂന്നുതവണ വിളിക്കൂ'.

അന്നുരാത്രിതന്നെ വിളിച്ചു. ഫോണിൽ സൗഹൃദത്തിന്റെ നിഷ്കപടമായ സ്വരമാണ് കേട്ടത്. ആത്മവിശ്വാസത്തോടെ ബംഗളൂരുവിലേക്ക് ബസ് കയറി. രാവിലെ വീട്ടിലെത്തി. ചെറിയ ഭംഗിയുള്ള വീട്. അദ്ദേഹം ഒറ്റയ്ക്കായിരുന്നു. ഭാര്യ ജോലിക്ക് പോയിരുന്നു. നാടകജീവിതത്തെപ്പറ്റിയായിരുന്നു പ്രധാനമായും സംസാരിച്ചത്. ഒരു ലോകനാടക പൗരനാണ് മുന്നിൽ എന്ന് പെട്ടെന്ന് തെളിഞ്ഞു. സ്വന്തം വ്യക്തിത്വം അടിച്ചേൽപ്പിക്കുന്ന പെരുമാറ്റമില്ല. ചോദ്യങ്ങൾക്ക് കണിശമായ ഉത്തരങ്ങൾ. അറിവിന്റെയും അനുഭവത്തിന്റെയും ഹൃദ്യമായ ആധികാരികത. സൗഹൃദത്തിന്റെ സംഗീതം. അത് മൂന്നുമണിക്കൂറോളം നീണ്ടു.

പൊട്ടിയ ജാലകത്തിനരികിൽനിന്ന് മുന്നോട്ട്. "നമ്മുടെ അടുത്ത സന്ദർശനം രംഗശങ്കര, ദ പ്ലേ ഹൗസ്’ ആണെന്ന് അദ്ദേഹം പറഞ്ഞു. ഏറെ ദൂരെയായിരുന്നില്ല ശങ്കർ നാഗിന്റെ സ്മരണയിലുള്ള "രംഗശങ്കര'. അവിടെ ഗിരീഷ് കർണാടിന്റെ "ബിക്രബിംബ' എന്ന നാടകം പരിശീലിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് സെലിബ്രിറ്റിയായി മാറിയ സാഹിത്യകാരിയുടെ വേഷമണിഞ്ഞ അരുന്ധതി നാഗ് തന്റെ ടെലിവിഷൻ ബിംബവുമായി നടത്തുന്ന ആശയസംവാദമാണ് നാടകത്തിന്റെ പ്രധാന ഭാഗം. നാടകകൃത്ത് (സംവിധായകനുമാണ്) നാടകത്തെപ്പറ്റി ഒന്നും മിണ്ടിയില്ല.

യയാതിയാണ് (1961) ഗിരീഷ് കർണാടിന്റെ ആദ്യത്തെ പ്രധാന നാടകം. പുരാണത്തെ സമകാലികമായിട്ടാണ് വായിക്കേണ്ടത് എന്നും അങ്ങനെ വരുമ്പോൾ പുതിയ കാലത്തെക്കൂടി മനസ്സിലാക്കാനുള്ള കരുക്കൾ അതിൽനിന്ന് കിട്ടുമെന്നുമുള്ള തത്ത്വം "യയാതി'യിൽ ആവിഷ്കൃതമായി. അതൊരു സ്വാതന്ത്ര്യപ്രഖ്യാപനം കൂടിയായിരുന്നു. "ഹയവദന' തോമസ്മൻ "ട്രാൻസ്പോസ്ഡ് ഹെഡ്സ്'(മാറ്റിവച്ച തലകൾ)ൽ പ്രയോജനപ്പെടുത്തിയ അതേ ജനപദ കഥയുടെ വ്യത്യസ്ത പാഠമാണ്. തലയും ഉടലും തമ്മിലുള്ള ബന്ധം, ഏതിനാണ് കൂടിയ പ്രാധാന്യമെന്ന പ്രാചീനവും സമകാലികവുമായ ചോദ്യം. തീവ്രതരമായ വ്യക്തിസംഘർഷത്തിന്റെ രൂപത്തിൽ "ഹയവദന' അവതരിപ്പിക്കുന്നു. ശരീരത്തെ മുൻനിർത്തിയുള്ള ക്രിയാത്മകസംവാദം നാടകത്തിൽ സാധ്യമായി. ആത്മാവാണ്, ധിഷണയാണ് പ്രാഥമികം എന്ന നിലപാടിനെ നിഷേധിക്കാനാകാത്ത ചോദ്യങ്ങൾവഴി വിചാരണ ചെയ്യുന്ന സന്ദർഭങ്ങൾ "ഹയവദന'യെ ശ്രദ്ധേയമാക്കി. സ്ത്രീയുടെ ചോദ്യാവകാശത്തെ മാനിക്കുന്ന രചനകൂടിയാണത്.

നാടകംതന്നെയായിരുന്നു കർണാടിന്റെ പ്രത്യയശാസ്ത്രം. അത് അദ്ദേഹം സൂചിപ്പിക്കാറുമുണ്ടായിരുന്നു. തിയറ്റർ, തിയറി എന്നീ വാക്കുകളുടെ മൂലം ഒന്നാണ് എന്ന് (നോക്കിക്കാണുക എന്നർഥം വരുന്ന‐തിയോറസ്) പറയാറുള്ളതും ഓർത്തുപോന്നു. ലോകത്തിന്റെ ജാഗരൂകനായ പ്രേക്ഷകനെന്നനിലയിൽ ഗിരീഷ് കർണാട് വ്യത്യസ്തമായ നാടകകലയുടെ പ്രയോക്താവായി നെടുനാൾ പ്രവർത്തിച്ചു. സഫലമായ നാടക ജീവിതം.

 

ജവാഹർലാൽ നെഹ്റു അന്തരിച്ച 1964ലാണ്  കർണാടിന്റെ "തുഗ്ലക്ക്' പുറത്തുവന്നത്. മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ  പ്രഖ്യാപിതചരിത്രമാണ് ഇതിന്റെ പ്രമേയം എന്ന് പറയാമെങ്കിലും നെഹ്റുവിയൻ ആദർശങ്ങൾ പ്രയോഗതലത്തിൽ പതറിനിൽക്കുന്നതിലുള്ള വിലാപമാണ് അതിലെ യഥാർഥ വിഷയം എന്ന് എളുപ്പത്തിൽ തെളിഞ്ഞുകിട്ടും. അധികാരം എത്രമേൽ അപമാനവീകരണ സ്വഭാവമുള്ള അവസ്ഥയായിത്തീരും എന്ന് മനഃശാസ്ത്രപരമായ ഉൾക്കാഴ്ചയോടെ തുഗ്ലക്ക് കാട്ടിത്തരുന്നു. സി എൻ ശ്രീകണ്ഠൻ നായരുടെ രാമായണനാടകങ്ങളുടെ ആഴമറിയാനും തുഗ്ലക്കിൽനിന്നുള്ള ആശയധ്വനികൾ കേരളത്തിലെ പഠിതാക്കൾക്ക് സഹായകമാകാറുണ്ട്. "നാഗമണ്ഡല'യിൽ രതിയുടെ സങ്കീർണവിവക്ഷകൾ പുതുമയുള്ള നാടക ഭാഷയിൽ വന്നുചേർന്നു.

പി ലങ്കേഷും ഗിരീഷ്‌ കർണാടും

പി ലങ്കേഷും ഗിരീഷ്‌ കർണാടും

അധികാരത്തിന്റെ ഉൾനാടകംതന്നെയാണ് "ടിപ്പു സുൽത്താന്റെ'യും പ്രമേയസ്വരൂപം. വ്യക്തിതലത്തിൽ ചരിത്രം അനുഭവമായിത്തീരുന്നതെങ്ങനെ എന്ന അന്വേഷണം ആ നാടകത്തെ സൂക്ഷ്മതയുടെ രംഗവേദിയാക്കി മാറ്റുന്നു. സ്വയം സംവിധായകനും അഭിനേതാവുമായിരുന്നതുകൊണ്ട് കർണാടിന്റെ നാടകങ്ങളുടെ രംഗപ്രയോഗക്ഷമത ഏറെയാണ്. കന്നട ഭാഷയിലാണ് അദ്ദേഹം മൗലികമായി എഴുതിയിരുന്നത്. ആ പ്രാദേശീയത നിലനിർത്തുന്ന മട്ടിലുള്ള വിവർത്തനങ്ങളാണ് അവയ്ക്ക് മിക്കപ്പോഴും ലഭിച്ചത്. അത് ആ നാടകങ്ങൾ വ്യത്യസ്തമായ സൗന്ദര്യ സാമൂഹ്യപാഠങ്ങളായി പരിഗണിക്കപ്പെടാനുള്ള ഒരു കാരണംകൂടിയാണ്.

2012വരെ കർണാട് സജീവമായ നാടകജീവിതം നയിച്ചു. മറ്റ് ഇന്ത്യൻ ദേശങ്ങളിലെ ഫോക് ക്ലാസിക്കൽ നാടകരംഗങ്ങളുടെ ഉത്സാഹിയായ നിരീക്ഷകനായിരുന്നു അദ്ദേഹം. മറാഠി നാടകവേദിയിലെ സജീവമായ സംരംഭങ്ങൾ അദ്ദേഹത്തെ സദാ ആവേശംകൊള്ളിച്ചുപോന്നു. കാസർകോട് ജില്ലയിലെ തടിയൻ കൊവ്വലിലെ മനീഷ തിയറ്റേഴ്സ് "നാഗമണ്ഡലയും' കൊയിലാണ്ടി ബാക്ക് സ്റ്റേജ് "അഗ്നിയും വർഷവും' സുവീരന്റെ സംവിധാനത്തിൽ വിജയകരമായി അവതരിപ്പിച്ചിരുന്നു. ബാബു അന്നൂർ രണ്ട് നാടകങ്ങളിലും പ്രധാന വേഷങ്ങൾ ചെയ്തു. ആ മലയാള അവതരണങ്ങളെക്കുറിച്ച് പറഞ്ഞപ്പോൾ അതിന്റെ വിശദാംശങ്ങളറിയാൻ അദ്ദേഹം താൽപ്പര്യം കാട്ടിയതും ഓർമയുണ്ട്. വിദേശ നാടകപ്രവർത്തനങ്ങളെപ്പറ്റിയും സദാ പുതുക്കിക്കൊണ്ടിരുന്ന അറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ഓക്സ്ഫഡ് പഠനകാലത്ത് തുടങ്ങിയ ശീലം.

നാടകംതന്നെയായിരുന്നു കർണാടിന്റെ പ്രത്യയശാസ്ത്രം. അത് അദ്ദേഹം സൂചിപ്പിക്കാറുമുണ്ടായിരുന്നു. തിയറ്റർ, തിയറി എന്നീ വാക്കുകളുടെ മൂലം ഒന്നാണ് എന്ന് (നോക്കിക്കാണുക എന്നർഥം വരുന്ന‐തിയോറസ്) പറയാറുള്ളതും ഓർത്തുപോന്നു. ലോകത്തിന്റെ ജാഗരൂകനായ പ്രേക്ഷകനെന്നനിലയിൽ ഗിരീഷ് കർണാട് വ്യത്യസ്തമായ നാടകകലയുടെ പ്രയോക്താവായി നെടുനാൾ പ്രവർത്തിച്ചു. സഫലമായ നാടക ജീവിതം.
 


പ്രധാന വാർത്തകൾ
 Top