19 October Saturday

നമ്മുടെ ആരോഗ്യത്തിനായി ഒത്തൊരുമിക്കാം

കെ കെ ശൈലജ (ആരോഗ്യമന്ത്രി)Updated: Saturday May 11, 2019

 
പകർച്ചവ്യാധി നിയന്ത്രണവും ശുചിത്വപരിപാലനവും ഓരോ പൗരന്റെയും ഉത്തരവാദിത്തമായി ഏറ്റെടുത്താൽ മാത്രമേ നമുക്ക് കേരളത്തെ മഹാവിപത്തുകളിൽനിന്ന‌് രക്ഷപ്പെടുത്താൻ കഴിയുകയുള്ളൂ. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങളും കേരളത്തിന്റെ ഭൂപ്രകൃതിയും ജീവിതശൈലിയിൽ വന്നിട്ടുള്ള മാറ്റങ്ങളും കാരണം പലവിധത്തിലുള്ള പകർച്ചവ്യാധികൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊട്ടിപ്പുറപ്പെടാറുണ്ട‌്. നല്ല ജനസാന്ദ്രതയുള്ളതും ദ്രുതഗതിയിലുള്ള നഗരവൽക്കരണത്തിന‌് വിധേയമായിക്കൊണ്ടിരിക്കുന്നതുമായ സംസ്ഥാനമാണ് കേരളം. വളരെയേറെ ശ്രദ്ധിച്ചില്ലെങ്കിൽ പകർച്ചവ്യാധി മരണങ്ങൾ പെരുകാനുള്ള സാധ്യത കൂടുതലാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി നമ്മുടെ അനുഭവവും അതാണ്. പ്രാണിജന്യ രോഗങ്ങളും ജന്തുജന്യ രോഗങ്ങളും ജലജന്യ രോഗങ്ങളും പലഭാഗത്തായി ഉണ്ടായിട്ടുണ്ട്. ചിക്കുൻ ഗുനിയ, ഡെങ്കിപ്പനി, എച്ച്1 എൻ1, എലിപ്പനി, ചെള്ളുപനി, കുരങ്ങുപനി, മലേറിയ, മഞ്ഞപ്പിത്തം, ഡിഫ്ത്തീരിയ തുടങ്ങി ശ്രദ്ധിച്ചില്ലെങ്കിൽ മരണകാരണമായി മാറാവുന്ന രോഗങ്ങളാണ് നമ്മെ പിടികൂടുന്നത്. ഇതിനിടയിൽ അപൂർവമായാണെങ്കിലും നിപാ, വെസ്റ്റ് നൈൽ ഫീവർ തുടങ്ങിയവയും നമ്മെ ആക്രമിച്ചിട്ടുണ്ട്. പരിസര ശുചീകരണവും രോഗകാരികളായ സൂക്ഷ്‌മജീവികളെ ഉറവിടത്തിൽത്തന്നെ നശിപ്പിക്കാനുള്ള ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങളിലൂടെ മാത്രമേ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിയുകയുള്ളൂ. വിപുലമായ ആരോഗ്യ ബോധവൽക്കരണ പ്രവർത്തനങ്ങളും അത്യാവശ്യമാണ്.

ആരോഗ്യ ജാഗ്രത ക്യാമ്പയിൻ
പകർച്ചവ്യാധി മരണത്തിൽനിന്ന‌് കേരളത്തെ രക്ഷിക്കുന്നതിനുവേണ്ടി സർക്കാർ ആരംഭിച്ചിട്ടുള്ള പ്രത്യേക പദ്ധതിയാണ് ആരോഗ്യ ജാഗ്രതാ ക്യാമ്പയിൻ. 2018 ജനുവരിയിലാണ് സമഗ്രമായ ആരോഗ്യ ജാഗ്രതാ പദ്ധതിക്ക‌് തുടക്കം കുറിച്ചത്. അതിനുമുമ്പും മഴക്കാല പൂർവ ശുചീകരണവും ഉറവിടനശീകരണവും നടത്താറുണ്ട്. എന്നാൽ, വർഷത്തിൽ ഒന്നോ രണ്ടോ തവണ ഇത്തരം പ്രവർത്തനങ്ങൾ നടത്തിയതുകൊണ്ടായില്ല. വൈറസുകളെ വഹിക്കുന്ന കൊതുകുകൾ വളർന്നുവരാനും ബാക്ടീരിയ ഫംഗസ് തുടങ്ങിയവ വ്യാപിക്കാനും ചെറിയ കാലയളവ് മതിയാകും. അതിനാൽ വർഷം മുഴുവനും നാം കരുതലോടെയിരിക്കണം. ആരോഗ്യ ജാഗ്രതാ ക്യാമ്പയിന്റെ പ്രധാന സന്ദേശം പ്രതിദിനം പ്രതിരോധം എന്നതാണ്. 2018ൽ ഈ ക്യാമ്പയിൻ അനുസരിച്ച് പ്രവർത്തനങ്ങൾ നടന്നതിനാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് പകർച്ചവ്യാധികൾ ഗണ്യമായി കുറയ്‌ക്കാൻ കഴിഞ്ഞു. എന്നാൽ, അപ്രതീക്ഷിതമായുണ്ടായ ഓഖി, പ്രളയം, നിപാ രോഗബാധ തുടങ്ങിയവ നമുക്ക് മുന്നിൽ വീണ്ടും വലിയ വെല്ലുവിളിയായി. നമ്മുടെ പ്രതിരോധ പ്രവർത്തനങ്ങൾ ഈ ഘട്ടത്തിൽ ഊർജസ്വലമായി നടത്താൻ കഴിഞ്ഞതുകൊണ്ടാണ് മേൽപ്പറഞ്ഞ ദുരന്തങ്ങളുടെ ഭാഗമായി ആരോഗ്യമേഖല നേരിടേണ്ടിവരുമായിരുന്ന കടുത്ത പകർച്ചവ്യാധി ബാധയെ നമുക്ക് ചെറുക്കാൻ കഴിഞ്ഞത്.

ആരോഗ്യ ജാഗ്രതാ പ്രവർത്തനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ഓരോ പഞ്ചായത്തിലേയും വാർഡുതല ആരോഗ്യ ശുചിത്വപോഷണ സമിതികൾ സജീവമാക്കുക എന്നതാണ്. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ഇക്കാര്യങ്ങൾ കൃത്യമായും പാലിക്കണം. വാർഡുകളിൽ 25 വീടുകൾക്ക് ഒരു ആരോഗ്യസേന (ശുചിത്വ സ്‌ക്വാഡ്) എന്ന നിലയിൽ രൂപീകരിക്കണം. ആരോഗ്യസേനാംഗങ്ങൾ വീടുകൾ, സ്ഥാപനങ്ങൾ, നിർമാണ സ്ഥലങ്ങൾ, തോട്ടങ്ങൾ, മാർക്കറ്റുകൾ, മറ്റ് പൊതു സ്ഥലങ്ങൾ എന്നിവയെല്ലാം സന്ദർശിക്കുകയും അവയുടെ മാപ്പ് തയ്യാറാക്കുകയും കൊതുകിന്റെ ഉറവിട നശീകരണം, മാലിന്യ സംസ്‌കരണം, ശുദ്ധജല ലഭ്യത, പരിസര ശുചിത്വം എന്നിവ ഉറപ്പാക്കുകയും വേണം. പകർച്ചവ്യാധി പ്രതിരോധ ബോധവൽക്കരണ സന്ദേശങ്ങളടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്യുകയും പൊതുജനങ്ങൾക്ക് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയും വേണം. കൊതുക്, ഈച്ച, എലി എന്നിവ പെരുകാനുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കണം. തീരദേശ മേഖലകൾ, ആദിവാസി മേഖലകൾ, ചേരി പ്രദേശങ്ങൾ, ആക്രിക്കടകൾ, തൊഴിലാളികൾ കൂട്ടമായി പാർക്കുന്ന ഇടങ്ങൾ, ടയർ റിപ്പയിറിങ‌് സെന്ററുകൾ, ഗ്യാരേജുകൾ, ജലം സംഭരിച്ചുവയ‌്ക്കുന്ന പാത്രങ്ങൾ തുടങ്ങിയ എല്ലായിടത്തും ശ്രദ്ധവേണം. തോട്ടങ്ങൾ പ്രത്യേക നിരീഷണ വിധേയമാക്കുകയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തോട്ടമുടമകളെ വിളിച്ചുവരുത്തി കൊതുകു നശീകരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടുകയും വേണം.

വിവിധ വകുപ്പുകളുടെ ഏകോപനംവഴി പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങൾക്കാവശ്യമായ സാധനസാമഗ്രികൾ, വാഹനങ്ങൾ, മനുഷ്യവിഭവശേഷി എന്നിവ ഉറപ്പാക്കണം. ആരോഗ്യ തദ്ദേശഭരണ സ്ഥാപനങ്ങൾ തയ്യാറാക്കിയ കലണ്ടർ അനുസരിച്ച് ഓരോ ദിവസവും നടത്തേണ്ട പ്രവർത്തനങ്ങൾ കൃത്യമായി ചെയ്യുകയും ഓരോ ആഴ്ചയും വാർഡുതല സമിതി ചേർന്ന് അവലോകനം നടത്തി പഞ്ചായത്തിലേക്കും ആരോഗ്യ സ്ഥാപനങ്ങളിലേക്കും വിവരം റിപ്പോർട്ട് ചെയ്യുകയും വേണം. മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുന്നവർക്കും സ്വന്തം വീടുകളുടെയും സ്ഥാപനങ്ങളുടെയും പരിസരം വൃത്തിഹീനമായി ഇടുന്നവർക്കുമെതിരെ പബ്ലിക് ഹെൽത്ത് ആക്ട് അനുസരിച്ചും പഞ്ചായത്തീരാജനുസരിച്ചും നിയമനടപടികൾ സ്വീകരിക്കാൻ അവകാശമുണ്ടെന്ന കാര്യം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണം.

 

പൊതുജന പങ്കാളിത്തത്തോടെയുള്ള ശുചീകരണം
മഴക്കാലപൂർവ ശുചീകരണം പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്നതോടൊപ്പം വിവിധ പകർച്ചവ്യാധികളെ നേരിടേണ്ടതിന് ആശുപത്രികളേയും സജ്ജമാക്കേണ്ടതുണ്ട്. സർക്കാർ ആശുപത്രി മാത്രമല്ല സ്വകാര്യ ആശുപത്രികളും ഈ പ്രവർത്തനത്തിൽ ഒരേപോലെ പങ്കാളികളാകണം. രോഗലക്ഷണം കാണുമ്പോൾതന്നെ തൊട്ടടുത്തുള്ള ആശുപത്രിയെ സമീപിക്കാനും ചികിത്സതേടാനും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കാനും എല്ലാവരും തയ്യാറാകണം.

ആരോഗ്യ ജാഗ്രതാ ക്യാമ്പയിന്റെ ഭാഗമായി വിപുലമായ പരിശീലന പരിപാടികളാണ് പ്രൈമറിതലംമുതൽ സംസ്ഥാനതലംവരെ നടന്നുവരുന്നത്. ഓരോ ആശുപത്രിയും ഇൻഫെക‌്ഷൻ കൺട്രോൾ പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രിയും പരിസരവും പൂർണമായും വൃത്തിയായി സൂക്ഷിക്കണം. ജീവനക്കാരുടെ എണ്ണം കുറവുള്ള ഇടങ്ങളിൽ ആശുപത്രി വികസന സമിതി വഴി നിയമിച്ചും പൊതുജനങ്ങളുടെ സന്നദ്ധസേവനം വഴിയും ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണം. രോഗികളും അവരുടെ ബന്ധുക്കളും ജീവനക്കാരോടൊപ്പം ആശുപത്രിക്കകത്ത് ശുചിത്വം പാലിക്കുന്ന കാര്യത്തിൽ സഹകരിക്കണം. മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള ഇടങ്ങളിൽമാത്രം അവ നിക്ഷേപിക്കുകയും അവർ ശുചിത്വശീലങ്ങൾ നിർബന്ധമായും പിൻതുടരുകയും വേണം.

ആരോഗ്യ ജാഗ്രതാ ക്യാമ്പയിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മന്ത്രിസഭായോഗത്തിൽവച്ച് മന്ത്രിമാർക്ക് ഓരോ ജില്ലയുടെ ചുമതല നൽകി. മെയ് 11, 12 തീയതികളിൽ സംസ്ഥാന വ്യാപകമായി മഹാശുചീകരണയജ്ഞം നടത്തുന്നതാണ്. വമ്പിച്ച ബഹുജന പങ്കാളിത്തത്തോടെയാണ് ശുചീകരണം നടത്തേണ്ടത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശുചീകരണയജ്ഞം പ്ലാൻ ചെയ്യണം. സ്‌കൂളുകൾ അടക്കമുള്ള എല്ലാ സ്ഥാപനങ്ങളും ഉത്തരവാദിത്തമേറ്റെടുക്കണം. ജലസ്രോതസ്സുകളും മറ്റും മാലിന്യമുക്തമെന്ന് ഉറപ്പുവരുത്തണം. ഇടയ‌്ക്കിടെ ഡ്രൈ ഡേ ആചരിക്കണം. ഓരോ വാർഡും ഇതിന് ഉത്തരവാദിത്തമേറ്റെടുത്താൽ കേരളത്തിൽനിന്ന‌് പകർച്ചവ്യാധികളെ തുരത്തിയോടിക്കാൻ നമുക്ക് സാധിക്കും.


പ്രധാന വാർത്തകൾ
 Top