26 June Wednesday

തിരിഞ്ഞുകുത്തുന്ന ആയുധങ്ങൾ

സാജൻ എവുജിൻUpdated: Monday Mar 11, 2019

ന്യൂഡൽഹി
അഞ്ച‌് വർഷംമുമ്പ‌് ബിജെപിയും നരേന്ദ്ര മോഡിയും ഉപയോഗിച്ച ആയുധങ്ങൾ ഇന്ന‌് അവർക്കുനേരെ തിരിയുകയാണ‌്. ഭരണതല അഴിമതി, ശിങ്കിടിമുതലാളിത്തം, കർഷകരുടെ ദുഃരവസ്ഥയും ആത്മഹത്യയും, തൊഴിലില്ലായ്മ, സാമ്പത്തികമാന്ദ്യം, ക്രമസമാധാനപ്രശ‌്നം തുടങ്ങി രണ്ടാം യുപിഎ സർക്കാരിനെതിരെ 2014ൽ ആരോപണങ്ങൾ നിരവധിയായിരുന്നു. ഇതോടൊപ്പം ഹിന്ദിഹൃദയഭൂമിയിൽ ഭൂരിപക്ഷവർഗീയതയുടെ തേരോട്ടംകൂടിയായപ്പോൾ ബിജെപിക്ക‌് ലോക‌്സഭയിൽ ആദ്യമായി കേവലഭൂരിപക്ഷം ലഭിച്ചു (282 സീറ്റ‌്). എൻഡിഎയുടെ മൊത്തം അംഗബലം 336 ആയിരുന്നു.

രാജ്യം വീണ്ടും പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ സ്ഥിതി  മാറിമറിഞ്ഞു. തനിക്കെതിരെ വ്യക്തിപരമായി അഴിമതിയാരോപണം ഉന്നയിക്കാൻ പ്രതിപക്ഷത്തിന‌് കഴിഞ്ഞിട്ടില്ലെന്ന‌് ഒരുവർഷം മുമ്പുവരെ വീമ്പ‌് പറഞ്ഞ മോഡിയിപ്പോൾ റഫേൽ ഇടപാടിൽ ആരോപണവിധേയനായിരിക്കുന്നു. കോടതിയിൽ പിടിച്ചുനിൽക്കാൻ, റഫേൽരേഖകൾ മോഷണം പോയെന്നുവരെ വാദിക്കേണ്ടിവന്നു.  ഈ വാദം  പരിഹാസ്യമായപ്പോൾ രേഖകളുടെ പകർപ്പുകൾമാത്രമാണ‌് പ്രതിരോധമന്ത്രാലയത്തിൽനിന്ന‌് പുറത്തുപോയതെന്നും അറ്റോർണി ജനറൽ പറഞ്ഞത‌് മോഡിസർക്കാരിന‌് നാണക്കേടായി. സാമ്പത്തികത്തട്ടിപ്പ‌് കേസുകളിൽ പ്രതികളായ നീരവ‌് മോഡി, വിജയ‌് മല്യ, ലളിത‌് മോഡി, മെഹുൽ ചോക‌്സി എന്നിവർക്ക‌് രാജ്യം വിട്ടുപോകാൻ കേന്ദ്രസർക്കാർ ഒത്താശചെയ‌്തുകൊടുത്തെന്ന‌് വെളിപ്പെട്ടത‌് മോഡിയുടെ പ്രതിച്ഛായക്ക‌് തീരാക്കളങ്കമായി. പൊതുസ്വത്ത‌് അംബാനിമാർക്കും അദാനിക്കും തീറെഴുതിക്കൊടുക്കുന്നത‌് തുടരുകയാണ‌്.

കാർഷികമേഖലയിലെ പ്രതിസന്ധി ദിനംപ്രതി രൂക്ഷമാകുകയാണ‌്. വിളകളുടെ വിലയിടിവാണ‌് മുഖ്യപ്രശ‌്നം. കോർപറേറ്റുകളെ പരിപോഷിപ്പിക്കാൻ സർക്കാർ സ്വീകരിക്കുന്ന നയങ്ങളാണ‌് വിലത്തകർച്ചയ‌്ക്ക‌് കാരണം

കാർഷികമേഖലയിലെ പ്രതിസന്ധി ദിനംപ്രതി രൂക്ഷമാകുകയാണ‌്. വിളകളുടെ വിലയിടിവാണ‌് മുഖ്യപ്രശ‌്നം. കോർപറേറ്റുകളെ പരിപോഷിപ്പിക്കാൻ സർക്കാർ സ്വീകരിക്കുന്ന നയങ്ങളാണ‌് വിലത്തകർച്ചയ‌്ക്ക‌് കാരണം. കടക്കെണിയിൽ കുടുങ്ങി ജീവനൊടുക്കുന്ന കർഷകരുടെ എണ്ണം പ്രസിദ്ധീകരിക്കുന്നത‌് ദേശീയ ക്രൈം റെക്കോർഡ‌്സ‌് ബ്യൂറോ നിർത്തിവച്ചു. 1991–-2016 കാലത്ത‌് മൂന്നരലക്ഷം കർഷകരാണ‌് രാജ്യത്ത‌് ആത്മഹത്യചെയ‌്തത‌്. 2018 ഒക്ടോബർ–-ഡിസംബർ കാലയളവിൽ കാർഷികവരുമാന വളർച്ച 14 വർഷത്തെ ഏറ്റവും കുറഞ്ഞ തോതിലായി.

പ്രതിവർഷം രണ്ട‌ുകോടി തൊഴിലവസരങ്ങൾ വാഗ‌്ദാനം ചെയ‌്താണ‌് മോഡി അധികാരത്തിൽ വന്നത‌്. നോട്ടുനിരോധനവും അശാസ‌്ത്രീയമായി നടപ്പാക്കിയ ജിഎസ‌്ടിയുംവഴി ദശലക്ഷക്കണക്കിനു തൊഴിൽ ഇല്ലാതാക്കുകയാണ‌് മോഡി സർക്കാർ ചെയ‌്തത‌്. തൊഴിൽവളർച്ചയുടെ കണക്ക‌് പുറത്തുവിട്ടാൽ രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന‌് കണ്ടപ്പോൾ ദേശീയ സ്ഥിതിവിവരക്കണക്ക‌് കമീഷന്റെ റിപ്പോർട്ട‌് സർക്കാർ പൂഴ‌്ത്തി. നോട്ടുനിരോധനത്തെക്കുറിച്ച‌് ധനമന്ത്രാലയത്തിന്റെ പാർലമെന്ററി സമിതി തയ്യാറാക്കിയ റിപ്പോർട്ട‌് പ്രസിദ്ധീകരിക്കുന്നത‌് ബിജെപി അംഗങ്ങൾ തടഞ്ഞു. സെന്റർ ഫോർ മോണിറ്ററിങ‌് ഇന്ത്യൻ ഇക്കോണമിയുടെ കണക്കുപ്രകാരം ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ രാജ്യത്തെ തൊഴിലില്ലാ‌യ‌്മ 7.2 ശതമാനമാണ‌്. 2016 സെപ‌്തംബറിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത‌്.

വർഗീയവിദ്വേഷ പ്രചാരണവും ആൾക്കൂട്ട ആക്രമണങ്ങളും ഗോരക്ഷ കൊലകളും രാജ്യത്ത‌് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചു. ആൾക്കൂട്ട ആക്രമണങ്ങൾ തടയാൻ സുപ്രീംകോടതിക്ക‌് ഇടപെടേണ്ടിവന്നു. സംഘപരിവാർ പിന്തുണയുള്ള ഗോരക്ഷാസംഘങ്ങളുടെ ആക്രമണത്തിന‌് എൺപതോളം പേർ ഇരകളായി. മുപ്പതിലേറെപേർ കൊല്ലപ്പെട്ടു. ദാദ്രിയിലെ കർഷകനായ മുഹമ്മദ‌് അഖ‌്‌ലാക്ക‌ുമുതൽ ഉത്തർപ്രദേശിൽ പൊലീസ‌് ഇൻസ‌്പെക്ടറായിരുന്ന സുബോധ‌്കുമാർ സിങ്ങുവരെ സംഘപരിവാറിന്റെ വിദ്വേഷപ്രചാരണത്തിലും ആക്രമണത്തിലും ജീവൻ നഷ്ടപ്പെട്ടവരാണ‌്. പുൽവാമ സംഭവത്തെതുടർന്ന‌് 10 സംസ്ഥാനത്ത‌് കശ‌്മീരികൾക്കെതിരെ ആക്രമണമഴിച്ചുവിട്ടു.

ബിജെപിയുടെ രാഷ്ട്രീയശക്തി അഞ്ച‌് വർഷത്തിനുള്ളിൽ ചോർന്നുപോയെന്നത‌് വാസ‌്തവമാണ‌്. ഉത്തർപ്രദേശിലും മധ്യപ്രദേശിലുമടക്കം 2015നുശേഷം നടന്ന ലോക‌്സഭാ ഉപതെരഞ്ഞെടുപ്പുകളിൽ ഒരിടത്തും ബിജെപി ജയിച്ചില്ല. രാജസ്ഥാൻ, മധ്യപ്രദേശ‌്, ഛത്തീസ‌്ഗഢ‌് എന്നിവിടങ്ങളിൽ ഭരണം നഷ്ടപ്പെട്ടു

ബിജെപിയുടെ രാഷ്ട്രീയശക്തി അഞ്ച‌് വർഷത്തിനുള്ളിൽ ചോർന്നുപോയെന്നത‌് വാസ‌്തവമാണ‌്. ഉത്തർപ്രദേശിലും മധ്യപ്രദേശിലുമടക്കം 2015നുശേഷം നടന്ന ലോക‌്സഭാ ഉപതെരഞ്ഞെടുപ്പുകളിൽ ഒരിടത്തും ബിജെപി ജയിച്ചില്ല. രാജസ്ഥാൻ, മധ്യപ്രദേശ‌്, ഛത്തീസ‌്ഗഢ‌് എന്നിവിടങ്ങളിൽ ഭരണം നഷ്ടപ്പെട്ടു. ബിഹാർ, ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ദയനീയ പരാജയം നേരിട്ടു. കുറുക്കുവഴിയിലൂടെ ബിഹാറിൽ പിന്നീട‌് ഭരണത്തിൽ പങ്കാളിയായി. കർണാടകത്തിൽ ഭരണം നേടാനായില്ല. ഗുജറാത്തിൽ കേവലഭൂരിപക്ഷം നേടാൻ കഷ്ടപ്പെട്ടു. രാജ്യത്തെ പ്രമുഖ സർവകലാശാലകളിൽ എബിവിപിക്ക‌് തുടർച്ചയായി തിരിച്ചടി നേരിടുന്നു.

2014ലെ തെരഞ്ഞെടുപ്പിൽ ദളിത‌് വിഭാഗങ്ങളുടെ കാര്യമായ പിന്തുണ ബിജെപിക്ക‌് ലഭിച്ചു. എന്നാൽ, രോഹിത‌് വെമുലയുടെ ആത്മഹത്യ, ജെഎൻയു വിദ്യാർഥികൾക്കെതിരെ മന്ത്രി സ‌്മൃതി ഇറാനിയുടെ പ്രസ‌്താവനകൾ, പട്ടികജാതി അതിക്രമം തടയൽനിയമം സുപ്രീംകോടതി വിധിവഴി ദുർബലപ്പെട്ടതും ഇതിനെതിരായ ഭാരത‌് ബന്ദിനുനേരെ വിവിധ സംസ്ഥാനങ്ങളിലുണ്ടായ പൊലീസ‌് അതിക്രമവും ദളിത‌് വിഭാഗങ്ങൾ ബിജെപിക്കെതിരെ തിരിയാൻ കാരണമായി. ഉത്തർപ്രദേശിൽനിന്നുള്ള ലോക‌്സഭാംഗം സാവിത്രി ഫുലെ ബിജെപിയിൽനിന്ന‌് രാജിവച്ചു. പ്രമുഖ ദളിത‌് പ്രവർത്തകനും എംപിയുമായ ഉദിത‌് രാജും ബിജെപി നേതൃത്വവുമായി ഭിന്നതയിലാണ‌്.

പ്രമുഖ ഘടകകക്ഷിയായിരുന്ന ടിഡിപി എൻഡിഎ വിട്ടു. ബിഹാറിലെ ചെറുകക്ഷികളും പുറത്തുപോയി. മഹാരാഷ്ട്രയിലെ കർഷകനേതാവ‌് രാജുഷെട്ടി എംപിയും ബിജെപിയിൽനിന്ന‌് പുറത്തുവന്നു. വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട‌് കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വനിയമഭേദഗതി ബില്ലിനെത്തുടർന്ന‌് അസം ഗണപരിഷത്തും എൻഡിഎ ബന്ധം ഉപേക്ഷിച്ചു.
80 സീറ്റുള്ള ഉത്തർപ്രദേശിൽ എസ‌്പി–-ബിഎസ‌്പി–-ആർഎൽഡി മഹാസഖ്യം രൂപംകൊണ്ടത‌് ബിജെപിക്ക‌് കനത്ത തിരിച്ചടിയാണ‌്. ബിഹാറിലും മഹാസഖ്യം നിലവിലുണ്ട‌്. ബഹുമുഖ പ്രതിസന്ധി നേരിടുന്ന ബിജെപി വരുംനാളുകളിൽ രാജ്യത്ത‌് വർഗീയധ്രുവീകരണവും തീവ്രദേശീയവാദവും വളർത്താനുള്ള പ്രചാരണം അഴിച്ചുവിടുമെന്ന‌് ഉറപ്പാണ‌്. രാജ്യസുരക്ഷയെപ്പോലും രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുകയാണ‌്.

അധികാരത്തിൽനിന്ന‌് ബിജെപിയെ പുറത്താക്കുക എന്നതാണ‌് സിപിഐ എം സ്വീകരിച്ചിരിക്കുന്ന തെരഞ്ഞെടുപ്പ‌് തന്ത്രം. ഇതോടൊപ്പം സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും അംഗബലം കഴിയുന്നത്ര വർധിപ്പിക്കും. വിവിധ സംസ്ഥാനങ്ങളിൽ ബിജെപി വിരുദ്ധ വോട്ടുകൾ പരമാവധി ഏകോപിപ്പിക്കാൻ ആവശ്യമായ തെരഞ്ഞെടുപ്പ‌് തന്ത്രമാണ‌് പാർടി സ്വീകരിക്കുക.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top