21 August Wednesday

കേന്ദ്ര ബജറ്റിന്റെ പൊള്ളത്തരം

ടി നരേന്ദ്രൻUpdated: Monday Feb 11, 2019

പ്രതിവർഷം രണ്ടു കോടി ചെറുപ്പക്കാർക്ക് തൊഴിൽ, കാർഷികോൽപ്പന്നങ്ങൾക്ക് ഇരട്ടിവില, 15 ലക്ഷം രൂപ വീതം സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടിൽ പണം, 40 രൂപയ്ക്ക് ഒരു ലിറ്റർ പെട്രോൾ, 100 സ്മാർട്ട് സിറ്റികൾ, അയോധ്യയിൽ രാമക്ഷേത്രം എന്നിങ്ങനെ സ്വർഗരാജ്യ പ്രതീതി സൃഷ്ടിച്ച് 2014ൽ അധികാരത്തിലെത്തിയവരാണ് ഇപ്പോഴത്തെ കേന്ദ്ര സർക്കാർ. നാലേമുക്കാൽ കൊല്ലം ഇക്കാര്യങ്ങളിലേക്കൊന്നും തിരിഞ്ഞുനോക്കിയില്ലെന്നത് ഇന്ത്യൻ ജനതയുടെ അനുഭവസാക്ഷ്യമാണ്. മാത്രവുമല്ല, നോട്ടു നിരോധനം, ജിഎസ്‌ടി, ബാങ്ക് പരിഷ്കരണങ്ങൾ എന്നിവയിലൂടെ അസാമാന്യമായ ദുരിതം ജനങ്ങളിലാകെ വിതയ്ക്കുകയും ചെയ്തു. സ്വാഭാവികമെന്നോണം സമ്പത്ത് ഭീകരമായ അളവിൽ കേന്ദ്രീകരിക്കുകയും രാഷ്ട്രസമ്പത്തിന്റെ 77 ശതമാനവും മേലേക്കിടയിലുള്ള 10 ശതമാനംപേർ കൈക്കലാക്കുകയും ചെയ്തിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ വേണം 2019 ഫെബ്രുവരി ഒന്നിലെ കേന്ദ്ര മന്ത്രിയുടെ ബജറ്റ് പ്രസംഗത്തെ വിലയിരുത്തേണ്ടത്. ദീർഘമായ ഉറക്കത്തിൽ കഴിഞ്ഞിരുന്നയാൾ പെട്ടെന്ന് എണീറ്റ് എന്തൊക്കെയോ വിളിച്ചുപറയുന്നതുപോലെയാണ് യാഥാർഥ്യങ്ങളുമായി ഒരു ബന്ധവുമില്ലാത്ത കുറെ പ്രഖ്യാപനങ്ങളെ കേന്ദ്ര ബജറ്റെന്ന് നാമകരണം ചെയ്ത് അവതരിപ്പിച്ചിട്ടുള്ളത്.

കേന്ദ്ര ബജറ്റ് അവതരിപ്പിച്ച സർക്കാരിന്റെ അവശേഷിക്കുന്ന അധികാര കാലാവധി കേവലം മൂന്നു മാസം മാത്രമാണ്. ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള കാര്യങ്ങൾ നടപ്പാക്കേണ്ടത് ലോക‌്സഭാ തെരഞ്ഞെടുപ്പിനുശേഷം അധികാരത്തിലെത്തുന്ന പുതിയ സർക്കാരാണ്. അഥവാ ജൂലായ് മാസത്തിൽ ഒരു യാഥാർഥ പുതുക്കിയ ബജറ്റ് പുറത്തുവരുമെന്ന് സാരം. ആ നിലയ‌്‌‌‌ക്ക് ഇപ്പോൾ അവതരിപ്പിച്ച ബജറ്റിന് യുക്തിയില്ല, ധാർമികതയില്ല, ധനതത്വ മര്യാദയുമില്ല. കേന്ദ്ര ഭരണകക്ഷി പാർലമെന്ററി സ്ഥാപനങ്ങളെയും ജനാധിപത്യസംവിധാനങ്ങളെയും എത്രകണ്ട് വിലകുറച്ച് കാണുന്നുവെന്നതിന്റെ മറ്റൊരു തെളിവുകൂടി ആകുകയാണ് ബജറ്റ് വായന.

പെരുകിവരുന്ന തങ്ങളുടെ ജീവിതപ്രയാസങ്ങൾക്ക് ശമനമേകുന്ന എന്തെങ്കിലുമുണ്ടോ എന്ന അന്വേഷണമാണ് ബജറ്റ് നിർദേശങ്ങൾ പുറത്തുവരുമ്പോൾ പ്രാഥമികമായി ജനങ്ങളിൽ ഉടലെടുക്കുക. നമ്മുടെ രാജ്യത്തെ കാർഷികമേഖല നിലംപരിശായി കിടക്കുകയാണ്. ആയതിനുള്ള ഒറ്റമൂലിയെന്ന നിലയ്ക്കാണ് രണ്ട് ഹെക്ടർ വരെ ഭൂമിയുള്ളവർക്ക് പ്രതിവർഷം 6000 രൂപ പ്രധാനമന്ത്രി കിസാൻ സമ്മാൻ പദ്ധതിയിലൂടെ ഇനാമായി പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ, കാർഷികമേഖലയുടെ യഥാർഥ പ്രശ്നം ഉൽപ്പാദനച്ചെലവ് വർധിച്ചതും ഉൽപ്പന്നങ്ങൾക്ക് വിലയിടിഞ്ഞതുമാണ്. അങ്ങനെയാണ് ഉൽപ്പാദനച്ചെലവിന്റെ 150 ശതമാനം താങ്ങുവില നൽകണമെന്ന നിർദേശം പരക്കെ സ്വീകാര്യമായതും 2014ൽ ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനമായി പ്രചരിപ്പിച്ചതും. കമ്പോള മത്സരത്തിൽപ്പെട്ട‌് ഉഴലുന്ന കർഷക ജനവിഭാഗത്തെ പിടിച്ചുനിർത്താൻ ഇതു മാത്രമേ മാർഗവുമുള്ളൂ. എന്നാൽ, 60 ശതമാനത്തിലധികം വരുന്ന ജനങ്ങളുടെ ജീവിതസന്ധാരണം നിർവഹിക്കപ്പെടുന്ന ഈ മേഖലയെ നിലനിർത്താനുള്ള ഒരു നടപടിയും കേന്ദ്ര സർക്കാർ സ്വീകരിച്ചില്ല. പകരം, നോട്ടു നിരോധനത്തിനുശേഷം വിശേഷിച്ചും ഈ മേഖലയെ കൂടുതൽ കുത്തകവൽക്കരിക്കാനും വിദേശ ഓഹരിപങ്കാളിത്തം അനുവദിക്കാനുമാണ് ശ്രമം നടന്നത്. നിരാലംബരായ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടശേഷം അവരുടെ ശവസംസ്കാരത്തിന് പണം അനുവദിക്കുന്ന കേന്ദ്ര സർക്കാരിന്റെ വഞ്ചനാമുഖമാണ് യഥാർഥത്തിൽ അനാവരണം ചെയ്യപ്പെടുന്നത്. അസംഘടിത വിഭാഗത്തിൽപ്പെട്ട 10 കോടി ജനങ്ങൾക്കെങ്കിലും പ്രതിമാസം 3000 രൂപ പെൻഷൻ നൽകുന്ന സ്വപ്നപദ്ധതിയാണത്രേ പ്രധാനമന്ത്രി ശ്രം യോഗി മാൻധൻ പെൻഷൻ സ്കീം. സുനിശ്ചിതമായ തൊഴിലും കൂലിയുമില്ലാത്തവർ മൂന്നു പതിറ്റാണ്ടിലധികംകാലം മുടക്കമില്ലാതെ 100 രൂപ വീതം പ്രതിമാസ പ്രീമിയം അടച്ച്് 60 വയസ്സാകുമ്പോൾ അന്നത്തെ 3000 രൂപ പെൻഷൻ കിട്ടുമത്രേ! ഇങ്ങനെ അടയ്ക്കുന്ന പണവും സർക്കാർ വിഹിതവും ചേർത്ത് രൂപപ്പെടുന്ന വമ്പൻ തുക ഓഹരി കമ്പോളത്തിലെ ചൂതാട്ടത്തിനായി നീക്കിവയ‌്ക്കുകയും ചെയ്യും. ഇപ്പോൾ തന്നെ നിലവിലുള്ള അടൽ പെൻഷൻ യോജനയുടെ പരിഷ്കരിച്ച പതിപ്പാണിത്. ഇതിനുള്ള സർക്കാർ വിഹിതമായി ഇക്കൊല്ലം നീക്കിവച്ചിരിക്കുന്നത് 500 കോടി രൂപ മാത്രം. അപ്രകാരം കേന്ദ്ര സർക്കാർ വിഭാവനം ചെയ്യുന്നത് 41 ലക്ഷം പേരെ മാത്രമാണ്. നാടിന്റെ സമ്പദ് വ്യവസ്ഥയിലേക്ക് 42 ശതമാനം തുക സംഭാവന ചെയ്യുന്ന അസംഘടിത വിഭാഗത്തിൽപ്പെട്ടവരോട് ഒരു ഭരണകൂടം കാണിക്കുന്ന നിന്ദ്യവും നീചവുമായ സമീപനമാണ് ഈ പദ്ധതിയിലൂടെ പുറത്തുവന്നിട്ടുള്ളത്.
15 മുതൽ 29 പ്രായത്തിൽപ്പെടുന്ന ഇന്ത്യയിലെ 42.2 കോടി യുവതയ്ക്ക് മാന്യമായ തൊഴിൽ നൽകാൻ പദ്ധതിയുണ്ടോ എന്നതാണ് ഏറ്റവും പ്രസക്തമായ ചോദ്യം. വികസനവും അഭിവൃദ്ധിയും കൈവരുമ്പോൾ തൊഴിലവസരം കുറയുന്നതാണ് അനുഭവം. 130 ലക്ഷം ചെറുപ്പക്കാർ ഓരോ വർഷവും തൊഴിൽ കമ്പോളത്തിലേക്ക് കടന്നുവരുന്നുണ്ട്. എന്നാൽ, 27.84 ലക്ഷം കോടി രൂപ അടങ്കലുള്ള കേന്ദ്ര ബജറ്റ് തൊഴിലില്ലായ്മയെന്ന സുപ്രധാന വിഷയത്തെ തീരെ അഭിസംബോധന ചെയ്യുന്നില്ല.

അഞ്ചു ലക്ഷം രൂപവരെ നികുതി ഇളവ് എന്ന് കേന്ദ്ര ധനമന്ത്രി പാർലമെന്റിൽ പ്രഖ്യാപിക്കുമ്പോൾ ഉണ്ടായ ശബ്ദഘോഷം രാജ്യത്താകെ പ്രകമ്പനമുണ്ടാക്കുന്നുണ്ടായിരുന്നു. പക്ഷേ, പുറന്തോട് പൊട്ടിച്ചപ്പോഴാണ് കേന്ദ്ര ബജറ്റിലെ ചതിയുടെയും വഞ്ചനയുടെയും ഗവേഷണ വൈദഗ്ധ്യം ബോധ്യപ്പെട്ടത്. 2.5 ലക്ഷം രൂപ വരുമാനപരിധിയെന്ന സ്ലാബിനോ നികുതിനിരക്കിനോ ഒരു മാറ്റവും വരുത്തിയിട്ടില്ല. എന്നാൽ, ഉത്സവകാല കിഴിവുപോലെ, തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മധ്യവർഗത്തെ പ്രീണിപ്പിക്കാനുള്ള ഒരു ഇലക‌്ഷൻ റിബേറ്റ് പ്രഖ്യാപനം മാത്രമാണ് 87–ാം വകുപ്പിൽ വരുത്തിയ മാറ്റം. സ്ലാബും നിരക്കുമാണ് മാറ്റിയതെങ്കിൽ അത് വീണ്ടും കുറയ്ക്കുക ബുദ്ധിമുട്ടാണ്. റിബേറ്റ് തുകയിൽ കാലാകാലം മാറ്റംവരുത്താമെന്നതാണ് കേന്ദ്ര സർക്കാരിന്റെ ദുഷ്ടലാക്ക്. നികുതി റിട്ടേൺ സമർപ്പിക്കുന്നവരുടെ എണ്ണം 3.79 ലക്ഷത്തിൽനിന്ന് 6.85 ലക്ഷമായി വർധിച്ചതിലാണ് കേന്ദ്ര സർക്കാർ ഊറ്റംകൊള്ളുന്നത്. മധ്യവർഗത്തിൽപ്പെട്ടവരെയും ഇടത്തരം സംരംഭകരെയും വിവിധ മാർഗങ്ങളിലൂടെ ടാക്സ് പരിധിയിൽ എത്തിച്ചപ്പോൾ നികുതിദായകരുടെ എണ്ണം വർധിച്ചു. പക്ഷേ, ഇവരെ എത്ര പിഴിഞ്ഞൂറ്റിയെടുത്താലും നികുതിവരുമാന വർധനയ‌്ക്ക‌് പരിമിതിയുണ്ട്. അൽപ്പമെങ്കിലും വരുമാനമുണ്ടായി വരുന്നവരിൽനിന്ന് പരമാവധി നികുതി വസൂലാക്കുക എന്നതാണ് നികുതി വല (tax net) വികസിപ്പിക്കുന്നതിന്റെ ഉദ്ദേശ്യം. വൻ ആസ്തികളും വരുമാനവുമുള്ള കോർപറേറ്റുകളുടെ നികുതി നിരക്കിൽ മാറ്റംവരുത്താൻ കേന്ദ്ര സർക്കാർ ഒരിക്കൽപോലും തയ്യാറായിട്ടില്ല. റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഉത്തേജനം കിട്ടാനായി നിരവധി ആനുകൂല്യങ്ങൾ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഒരു ശതമാനം വരുന്ന കുത്തകകളുടെ നികുതിനിരക്ക് ഇരട്ടിയാക്കാനാണ് അമേരിക്കയിൽ പ്രക്ഷോഭം നടന്നുവരുന്നത്. അതിന്റെ സാരാംശം ഉൾക്കൊണ്ട്, ഏറ്റവും കൂടുതൽ സമ്പത്ത് കൈയടക്കിവച്ചിരിക്കുന്ന ഇന്ത്യയിലെ 10 ശതമാനം ധനാഢ്യരിൽനിന്ന് ഈടാക്കുന്ന നികുതി ഇരട്ടിപ്പിക്കാൻ തീരുമാനിച്ചാൽ നമ്മുടെ രാജ്യത്തിന്റെ മുഖച്ഛായ മാറ്റാൻ കഴിയുന്നത്ര വിഭവം സമാഹരിക്കാൻ കഴിയുമെന്നത് നിശ്ചയമാണ്. അത്തരത്തിൽ ചിന്തിക്കുന്നതിനു പകരം പാവപ്പെട്ടവരിൽനിന്നും ഇടത്തരക്കാരിൽനിന്നും വീണ്ടും വീണ്ടും അപഹരണം നടത്തുകയും കുത്തക കോർപറേറ്റുകളുടെ മൂക്ക‌് വിയർക്കാതെ നോക്കുകയുമാണ് കേന്ദ്ര സർക്കാർ ആവിഷ്കരിക്കുന്ന നികുതി സമാഹരണതന്ത്രം.

അസംഘടിതരായവരെയും മധ്യവർഗത്തെയും കർഷക ജനവിഭാഗത്തെയും വരുതിയിലാക്കാനുള്ള ഉപായങ്ങളാണ് കേന്ദ്ര ബജറ്റിന്റെ രത്നച്ചുരുക്കം. ബജറ്റിലെ അവശേഷിക്കുന്ന പ്രഖ്യാപനങ്ങൾക്കൊന്നും ഒരു കാമ്പും കഴമ്പുമില്ലെന്ന് കേൾക്കുന്നവർക്കും പറയുന്നവർക്കും നല്ല നിശ്ചയമുണ്ട്. ആരോഗ്യമേഖലയ്ക്കും വിദ്യാഭ്യാസമേഖലയ്ക്കും ഒരു പരിഗണനയും നൽകിയിട്ടില്ല. രാജ്യത്തിന്റെ അടിസ്ഥാനപരമായ രോഗവും കാരണങ്ങളും കാണാൻ ശ്രമിക്കുന്നില്ലെന്നതാണ് പ്രധാന പരിമിതി. സ്ഥിതിവിവരക്കണക്കുകൾ പൂഴ്ത്തിവയ‌്ക്കുകയോ, അവയിൽ കൃത്രിമം കാണിക്കുകയോ ആണ് കേന്ദ്ര സർക്കാരിന്റെ പ്രവർത്തനശൈലിയെന്ന് തെളിഞ്ഞിരിക്കുകയാണ്. ബജറ്റിനു മുമ്പ് പുറത്തിറങ്ങാറുള്ള സാമ്പത്തിക സർവേ ഇത്തവണ ഇല്ലാതായത് ഈ ദിശയിലുള്ള സുപ്രധാന പാളംതെറ്റലാണ്. തൊഴിലില്ലായ്മയെ സംബന്ധിച്ചും സമ്പദ് വ്യവസ്ഥയെക്കുറിച്ചും രേഖകൾ പുറത്തുവിടരുതെന്നാണ് കേന്ദ്ര സർക്കാർ നിർദേശം. കാർഷിക ആത്മഹത്യയെ വിശദീകരിക്കുന്ന നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ വിവരങ്ങളും രണ്ടു വർഷമായി പുറത്തിറങ്ങുന്നില്ല. സത്യത്തിനെയും വെളിച്ചത്തെയും ഭയക്കുന്നവർ ഭരണാധികാരികളാകുമ്പോൾ സംഭവിക്കുന്ന മൂല്യശോഷണത്തിന്റെ ക്ലൈമാക്സാണ് ഇന്നത്തെ കേന്ദ്ര സർക്കാർ. വികസനമെന്നാൽ അവർക്ക് ശതകോടീശ്വരന്മാരുടെ എണ്ണത്തിലെ വർധനയും അവരുടെ ക്ഷേമ ഐശ്വര്യങ്ങൾ ഉറപ്പാക്കിക്കൊടുക്കലുമാണ്. അതിനാകട്ടെ, രാജ്യവും ജനങ്ങളും വലിയ വില കൊടുക്കേണ്ടിയും വരുന്നു. അതാണ് കർഷക ആത്മഹത്യയായും വിലക്കയറ്റമായും സമ്പദ് വ്യവസ്ഥയുടെ മരവിപ്പായും തൊഴിലില്ലാത്തവന്റെ രോദനമായും ഇന്ത്യൻ സമൂഹത്തിലാകെ തളംകെട്ടിനിൽക്കുന്നത്.

(ബെഫി സംസ്ഥാന പ്രസിഡന്റാണ‌് ലേഖകൻ)


പ്രധാന വാർത്തകൾ
 Top