15 July Wednesday

സമരഭൂമിയിലെ യുവത്വം

എം എ ബേബിUpdated: Saturday Jan 11, 2020

കഴിഞ്ഞ മൂന്നരപതിറ്റാണ്ടായി ജനുവരി 12 സ്വാമി വിവേകാനന്ദന്റെ ജന്മദിനമായി മാത്രമല്ല; ‘യുവജനദിനമായി’കൂടി ആചരിച്ചുവരുന്നു. ഇത്തവണ ഇന്ത്യ ഒട്ടാകെ വിക്ഷുബ്ധമായി ഇളകിമറിഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് യുവജനദിനം കടന്നുവരുന്നത്. വിദ്യാലയങ്ങളിൽ പോകുന്ന യുവതീയുവാക്കളും പണിയിടങ്ങളിലും ഓഫീസുകളിലുമുള്ള ചെറുപ്പക്കാരും തങ്ങളുടേതായ നിലയിൽ വ്യത്യസ്ത രൂപങ്ങളിൽ പ്രതിഷേധിക്കുന്നു. ജനുവരി അഞ്ചിന് ഡൽഹിയിലെ ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ സംഘപരിവാർ ആസൂത്രണംചെയ്ത് നടത്തിയ മുഖംമൂടി ആക്രമണം, വിദ്യാർഥി–യുവജന പ്രതിഷേധവും പ്രക്ഷോഭവും കൂടുതൽ ശക്തവും വ്യാപകവുമാക്കി. സാധാരണ വിദ്യാർഥി സംഘടനാ പ്രവർത്തനമോ സമരങ്ങളോ കടന്നുചെല്ലാത്ത ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ബംഗളൂരു), ഐഐടികൾ, സെയ്ന്റ് സ്റ്റീഫൻസ് കോളേജ് (ഡൽഹി), അമിറ്റി സർവകലാശാല (ഡൽഹി) എന്നിവിടങ്ങളിലൊക്കെ കഴിഞ്ഞദിവസത്തെ തൊഴിലാളി പണിമുടക്കത്തോടൊപ്പം വിദ്യാർഥി പഠിപ്പുമുടക്കും പ്രതിഷേധ പ്രകടനങ്ങളും നടന്നു. പരീക്ഷണ ലബോറട്ടറിയിലും ലൈബ്രറിയിലും ഇത്രനാളും തളച്ചിടപ്പെട്ട പഠനം അതേപടി തുടരുക അസാധ്യമാണെന്ന് ഈ വിദ്യാർഥികളെയും ചെറുപ്പക്കാരെയും ബോധ്യപ്പെടുത്തിയ നരേന്ദ്ര മോഡിയുടെയും അമിത് ഷായുടെയും കഠോര പ്രവൃത്തികളെ ചരിത്രം എങ്ങനെ വിലയിരുത്തുമെന്നത് മറ്റൊരു കാര്യം. വിദ്യാർഥികളും ചെറുപ്പക്കാരും ചരിത്രം സൃഷ്ടിക്കുകയാണ്; തൊഴിലാളികളും കർഷകരുമായ സ്വന്തം രക്ഷിതാക്കളുടെ കൈകോർത്തുപിടിച്ചുകൊണ്ട്.

മുമ്പ്, സാമ്രാജ്യത്വവിരുദ്ധ ദേശീയ സമരത്തിന്റെ നാളുകളിലാണ് ഇത്ര ബൃഹത്തായ ഉശിരൻ സമരഭൂമിയിൽ വിദ്യാർഥികളും യുവാക്കളും അണിനിരന്നത്.ജയപ്രകാശ് നാരായണൻ നയിച്ച പ്രക്ഷോഭം അത്ര സാർവത്രികമായിരുന്നില്ലെങ്കിലും യുവജനവിദ്യാർഥി പങ്കാളിത്തത്താൽ ശ്രദ്ധേയമായിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരായി അമർന്നുകത്തിയ വിദ്യാർഥി യുവജന പ്രതിഷേധം പിന്നീട് ആളിപ്പടർന്നു. ബഹുജനങ്ങളും അതിൽ ചേർന്നു.  ഇപ്പോൾ ഇന്ത്യ ദർശിക്കുന്ന ബഹുജന പ്രതിഷേധവും അതിൽ വിദ്യാർഥികളും യുവാക്കളും വഹിക്കുന്ന പങ്കും ഇന്ത്യയുടെ രാഷ്ട്രീയഭാവിയെ വലിയതോതിൽ നിർണയിക്കുമെന്നതിൽ സംശയമില്ല.

ഒറ്റയ്ക്ക് പ്ലക്കാർഡേന്തി  നിൽക്കുന്ന എന്നെ ഏത് വകുപ്പുപ്രകാരമാണ് അറസ്റ്റ് ചെയ്യുന്നത്?’മറുപടിയില്ലാതെ പൊലീസിന് പിന്മാറേണ്ടിവന്നു. നിരോധനാജ്ഞ കുഴഞ്ഞുവീണു.

ഈ സമരത്തിന്റെ ഒരു സവിശേഷത സമരരംഗത്തുവരുന്ന യുവത്വത്തിന്റെ സംഘടനാപാടവവും സമരഭാവനയുമാണ്. ആധുനിക വിവരവിനിമയ സാങ്കേതികവിദ്യയുടെ സമർഥമായ ഉപയോഗം പ്രധാനമാണ്. ബംഗളൂരുവിൽ നിരോധനാജ്ഞ ലംഘിക്കുന്നതിന് നേതൃത്വം നൽകി ഏകയായി മുന്നോട്ടുവന്ന ആ ഉശിരൻ പെൺകുട്ടി പുതിയ ഇന്ത്യയുടെ സമരകരുത്തിന്റെ തെളിവാണ്; തീനാളമാണ്. അറസ്റ്റ് ചെയ്യാനെത്തിയ വനിതാ പൊലീസിനെ കൂസാതെ തന്റേടത്തോടെ നമ്മുടെ സമരതീനാളം ചോദിച്ചു: ‘ഒറ്റയ്ക്ക് പ്ലക്കാർഡേന്തി  നിൽക്കുന്ന എന്നെ ഏത് വകുപ്പുപ്രകാരമാണ് അറസ്റ്റ് ചെയ്യുന്നത്?’മറുപടിയില്ലാതെ പൊലീസിന് പിന്മാറേണ്ടിവന്നു. നിരോധനാജ്ഞ കുഴഞ്ഞുവീണു. പ്രക്ഷോഭകരെ അടിച്ചമർത്താൻ സായുധരായി അണിനിരന്ന പൊലീസുകാരിലൊരുവന് ചുവപ്പ് റോസാപ്പൂ നൽകിയ വിദ്യാർഥിനിയും സമരഭാവനയുടെ മറ്റൊരുദാഹരണം. 


 

ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റും എസ്എഫ്ഐ നേതാവുമായ ഐഷി ഘോഷ് ഇന്ന് ഇന്ത്യയിലെ പൊരുതുന്ന വിദ്യാർഥി ധീരതയുടെയും ത്യാഗത്തിന്റെയും പര്യായമായി ഉയർന്നിരിക്കുന്നു. ഇരുട്ടിന്റെ പ്രതീകംപോലെ കറുത്തമുഖംമൂടി ധരിച്ച ഭീരുക്കളായ ആർഎസ്എസ്–എബിവിപി അക്രമികൾ വളഞ്ഞിട്ട് തല അടിച്ചുതകർത്തിട്ടും തുന്നിക്കെട്ടുമായി തല നിവർത്തിപ്പിടിച്ച് പ്രതിഷേധരംഗത്തുവന്ന് സഹപ്രവർത്തകർക്ക് ആത്മവിശ്വാസം പകരുന്ന രംഗം അപാരമായ ആവേശം പ്രസരിപ്പിക്കുന്നു. ദീപിക പദുകോണിനെപ്പോലുള്ള കലാപ്രതിഭകൾ ജെഎൻയുവിലെത്തി സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചത് എത്ര വ്യാപകമായ അനുഭാവമാണ് ഈ പ്രക്ഷോഭത്തിന് അനുകൂലമായി രൂപപ്പെടുന്നത് എന്ന് വ്യക്തമാക്കുന്നു.

രാഷ്ട്രീയം സർഗാത്മകമാകുമ്പോൾ മുദ്രാവാക്യം കവിതയാകും എന്ന ആശയം മൗ സെദൊങ്ങിന്റേതാണ്. അപരവൽക്കരിച്ച് സഹോദരരെ അറുത്തുമാറ്റുന്ന ചതിയൻ  വർഗീയ രാഷ്ട്രീയത്തിനെതിരായ മനുഷ്യപക്ഷ രാഷ്ട്രീയതയുടെ ഉണർന്നുവരൽ ഒരു ഗുണപരമായ വഴിത്തിരിവായി മാറുകയാണ്. അതിന്റെ തെളിവാണ് ഫയസ് അഹമ്മദ് ഫയസിന്റെ ‘ഹം ദേഖേംഗെ’ എന്ന കവിത  സമരസ്ഥലങ്ങളിൽ പ്രതിധ്വനിക്കുന്നത്.

ജന്ദർമന്ദറിനുപുറമേ ഷഹീൻബാഗ്, ഗേറ്റ് വേ ഓഫ് ഇന്ത്യ എന്നിങ്ങനെ അറിയപ്പെടുന്നതും അല്ലാത്തതുമായ പുതിയ സമരസ്ഥലങ്ങൾ തിരിച്ചറിയപ്പെടുകയും സാമൂഹ്യമാധ്യമങ്ങളിലെ ആഹ്വാനങ്ങളിലൂടെ സജീവമാകുകയും ചെയ്യുന്നതും ഇന്ത്യയിൽ പുതിയ അനുഭവമാണ്. 

പെൺകുട്ടികൾ, യുവതികൾ, സ്ത്രീകൾ തുടങ്ങി പ്രത്യക്ഷ രാഷ്ട്രീയ സമരത്തിന്റെ മുൻപന്തിയിൽനിന്ന് അകറ്റിനിർത്തപ്പെടുന്നവരും അകന്നുമാറുന്നവരും ഇപ്പോൾ സജീവമായി സമരത്തിൽ പങ്കാളികളാകുന്നു എന്നതാണ് ഗുണപരമായ മറ്റൊരു വസ്തുത. അതുമാത്രമല്ല, പലപ്പോഴും അവർ നേതൃത്വമായി ഉയരുന്നു. ഏറ്റവും നീചമായ അടിച്ചമർത്തലും പീഡനവും പരിക്കും ജീവനുനേരെയുള്ള ഭീഷണിയും അവരെ അധൈര്യപ്പെടുത്തുന്നില്ല. ഇന്ത്യൻ മർദകഭരണകൂടത്തിലെ രണ്ടാമനായ അമിത് ഷായോട് ‘ ഗോ ബാക്ക്’ എന്ന് ഗർജിച്ച രണ്ട് യുവതികളുടെ നിശ്ചയദാർഢ്യവും മനക്കരുത്തും ഇന്ത്യൻ സ്ത്രീത്വത്തിന്റെ സമരസന്നദ്ധതയുടെ അഭിമാന മാതൃകയാണ്.

‘ഐക്യകല’ പോലുള്ള പ്രതിഷേധിക്കുന്ന പുതു കലാക്കൂട്ടങ്ങളുടെ ആവിഷ്കാര പരമ്പരകൾ വിദ്യാർഥി–യുവജന ബഹുജന മുന്നേറ്റത്തിന് പുതിയ രൂപവും ഭാവവും പകരുന്നുണ്ട്. ജന്ദർമന്ദറിനുപുറമേ ഷഹീൻബാഗ്, ഗേറ്റ് വേ ഓഫ് ഇന്ത്യ എന്നിങ്ങനെ അറിയപ്പെടുന്നതും അല്ലാത്തതുമായ പുതിയ സമരസ്ഥലങ്ങൾ തിരിച്ചറിയപ്പെടുകയും സാമൂഹ്യമാധ്യമങ്ങളിലെ ആഹ്വാനങ്ങളിലൂടെ സജീവമാകുകയും ചെയ്യുന്നതും ഇന്ത്യയിൽ പുതിയ അനുഭവമാണ്. 

നരേന്ദ്ര മോഡി–അമിത് ഷാ ഭരണവൈകൃതത്തിനെതിരായ സമരത്തെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി 27 മനുഷ്യജീവനുകളെയാണ്  വെടിവച്ചും ഇഞ്ചിഞ്ചായി ചതച്ചും ഇല്ലാതാക്കിയത്. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ്, അസം, കർണാടക എന്നിവിടങ്ങളിലാണ്  ഈ മനുഷ്യക്കുരുതി നടന്നത്. എന്നാൽ, സമരരംഗത്തുള്ളവരുടെ പ്രതികരണം ത്രസിപ്പിക്കുന്നതാണ്. ‘‘ജനങ്ങളുടെ ഭരണഘടനാദത്തമായ മൗലികാവകാശങ്ങൾ സംരക്ഷിക്കാൻവേണ്ടി എത്രതവണ മരിക്കാനും ഞങ്ങൾ തയ്യാറാണ്. എന്നാൽ, ഒരുകാര്യത്തിനുവേണ്ടിയും ആരെയും ഹിംസിക്കാൻ ഞങ്ങളില്ല.’’

മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്ര മാനവശേഷി മന്ത്രിയുമായ മുരളി മനോഹർ ജോഷി ജെഎൻയു വൈസ് ചാൻസലറെ മാറ്റണം എന്നാവശ്യപ്പെട്ടിട്ടുണ്ട്. മോഡി ഭരണം എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരുന്ന് കാണാം. മോഡി –ഷാ ദ്വന്ദ്വത്തിന്റെ അധഃപതനത്തിന്റെ തുടക്കം കുറിച്ചുകഴിഞ്ഞു. സ്വാമി വിവേകാനന്ദൻ യുവാക്കളിലാണ് വലിയ പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. ‘ഇരുമ്പിന്റെ പേശികളും ഉരുക്കിന്റെ ഞരമ്പുകളുമാണ് യുവാക്കൾക്ക് വേണ്ടതെന്ന്’ അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ വിദ്യാർഥികളും യുവാക്കളും വിവേകാനന്ദന്റെയും ഭഗത്സിങ്ങിന്റെയും കാറൽ മാർക്സിന്റെയും അംബേദ്കറിന്റെയും മഹാത്മാഗാന്ധിയുടെയും സമകാലികപ്രസക്തിയുള്ള സമരസമീപനവുമായി മുന്നോട്ടുനീങ്ങുമെന്ന് ഇത്തവണത്തെ യുവജനദിനത്തിൽ പ്രതിജ്ഞ ചെയ്യാം.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top