19 February Tuesday

ജീവനസമരത്തില്‍ റബര്‍ കര്‍ഷകര്‍

കെ വി രാമകൃഷ്ണന്‍Updated: Thursday Jan 11, 2018

പന്ത്രണ്ടുലക്ഷം കര്‍ഷക കുടുംബങ്ങളും ഒരുലക്ഷത്തോളം ടാപ്പിങ് തൊഴിലാളികളും പതിനായിരക്കണക്കിന് ചെറുകിട കച്ചവടക്കാരുമടക്കം കേരളത്തിലെ ജനസംഖ്യയില്‍ ഒരുകോടിയോളംപേര്‍ റബര്‍ മേഖലയുമായി ബന്ധപ്പെട്ട്് ഉപജീവനം നടത്തുന്നുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക, ഇറക്കുമതിനയം റബര്‍ കര്‍ഷകരെ കൃഷിയില്‍നിന്ന് പിന്തിരിപ്പിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തികനയത്തിന്റെ ഫലമായുള്ള പ്രതിസന്ധി കൂടുതല്‍ അനുഭവിക്കുന്നത് കേരളത്തിലെ കര്‍ഷകരാണ്.  ഗാട്ട്-ആസിയന്‍ തുടങ്ങിയ അന്താരാഷ്ട്ര കരാറുകളുടെ അടിസ്ഥാനത്തില്‍ റബര്‍ മേഖലയാകെ കേന്ദ്ര സര്‍ക്കാര്‍ ടയര്‍ മുതലാളിമാര്‍ക്ക് തുറന്നുകൊടുത്തു.  തല്‍ഫലമായി റബറും റബര്‍ ബോര്‍ഡും റബര്‍ മുതലാളിമാരുടെ നിയന്ത്രണത്തിന്‍കീഴിലായി.

അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വിലയിടിവാണ് റബറിന് വിലകുറയാന്‍ കാരണമെന്ന പുകമറ സൃഷ്ടിക്കുകയാണ് ഭരണാധികാരികളും ടയര്‍ മുതലാളിമാരും. എന്നാല്‍, അന്താരാഷ്ട്രവിലയില്‍ വര്‍ധനയുണ്ടായാലും രാജ്യത്ത് റബറിന്റെ വിലയില്‍ അത് പ്രതിഫലിക്കുന്നില്ല. ബാങ്ക്കോക്കിലെ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ റബര്‍ വില വന്‍തോതില്‍ ഇടിയുമ്പോള്‍ ടയര്‍ മുതലാളിമാര്‍ ആവശ്യത്തിലധികം റബര്‍ ഇറക്കുമതിചെയ്യുന്നതാണ് ഇതിനുകാരണം. തുറമുഖനിയന്ത്രണം, ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണം എന്നിങ്ങനെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കാന്‍ ആസിയന്‍ കരാറില്‍ ഒട്ടേറെ വകുപ്പുകളും നടപടികളും ഉണ്ടായിട്ടും ഇവയെല്ലാം കാറ്റില്‍പറത്തി വന്‍കിട ടയര്‍ മുതലാളിമാര്‍ക്കുവേണ്ടിയുള്ള വിടുപണി ചെയ്യുകയാണ് കേന്ദ്ര സര്‍ക്കാര്‍.

ഇരുപതുശതമാനം ഇറക്കുമതിച്ചുങ്കം നല്‍കിയാണ് ടയര്‍ മുതലാളിമാര്‍ ഇപ്പോള്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍നിന്ന് റബര്‍ ഇറക്കുമതിചെയ്യുന്നത്. ചുങ്കവും ഇറക്കുമതിചെയ്ത റബര്‍ തങ്ങളുടെ ഗോഡൌണുകളിലേക്ക് എത്തിക്കുന്ന ചെലവും കണക്കാക്കി, ആ വില ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന റബറിന് നല്‍കിയാല്‍ റബര്‍ കര്‍ഷകര്‍ക്ക് മാന്യമായ പ്രതിഫലം ലഭിക്കുമെന്ന് സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍വന്നയുടന്‍ റബര്‍നയം പ്രഖ്യാപിക്കുമെന്ന് കൊട്ടിഘോഷിക്കുകയും അതിന്റെ ഭാഗമായി അന്നത്തെ കൃഷിമന്ത്രി നിര്‍മല സീതാരാമന്‍ കൊച്ചിയില്‍ കര്‍ഷകസംഘടനകളുടെയും റബര്‍ വ്യാപാരികളുടെയും പ്രത്യേക യോഗം വിളിക്കുകയുമുണ്ടായി. സംയുക്ത കര്‍ഷകസമിതി നേതാക്കള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ കര്‍ഷകസംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ പങ്കാളികളായി. കേരളത്തിലെ റബര്‍ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരംകാണാനുതകുന്ന വ്യക്തമായ നിര്‍ദേശങ്ങളടങ്ങിയ ഒരു കരട് നയം അന്ന് സംയുക്ത കര്‍ഷകസമിതി കൃഷിമന്ത്രിക്ക് നല്‍കി. 

നയരൂപീകരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച പാര്‍ലമെന്റ് അംഗങ്ങളുടെ സബ് കമ്മിറ്റി ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ ഒരു റബര്‍ കര്‍ഷകനയം ആവിഷ്കരിച്ചു. ഇടതുപക്ഷ എംപിമാരുടെ നിലപാടിനോടൊപ്പംനിന്ന് ഭരണ-പ്രതിപക്ഷ എംപിമാരും നയത്തെ അനുകൂലിച്ചു. അത്തരത്തില്‍ ഭരണ-പ്രതിപക്ഷ എംപിമാരുടേതടക്കം അഭിപ്രായ ഐക്യത്തോടെയുള്ള ഒരു കര്‍ഷകപക്ഷ റിപ്പോര്‍ട്ടാണ് പാര്‍ലമെന്ററി സബ്കമ്മിറ്റി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചത്. എന്നാല്‍, നാളിതുവരെ ആ റിപ്പോര്‍ട്ട് പാര്‍ലമെന്റിനുമുമ്പാകെ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

ടയര്‍ മുതലാളിമാരുടെ കൊടുംചൂഷണത്തിന് തടസ്സമായി നില്‍ക്കുന്നത് 1947ലെ റബര്‍ ആക്ടാണ്. ഈ നിയമവും റദ്ദാക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്യം റബര്‍ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത നേടാനും റബര്‍ കര്‍ഷകര്‍ക്ക് പരിരക്ഷ നല്‍കാനുമുള്ള നിയമമാണ് 1947ലെ റബര്‍ ആക്ട്. ഈ നിയമപ്രകാരം റബറിന്റെ എല്ലാവിധ പരിരക്ഷയും റബര്‍ ബോര്‍ഡില്‍ നിക്ഷിപ്തമാണ്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകള്‍ക്കിടയില്‍ ഇന്ത്യയില്‍ റബര്‍ ഉല്‍പ്പാദനം ഏതാണ്ട് സ്വയംപര്യാപ്തതയിലെത്തുകയും അത് കാര്‍ഷിക സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാകുകയുംചെയ്തു. അതോടൊപ്പം കര്‍ഷകര്‍ക്കുള്ള പരിരക്ഷയും റബര്‍കൃഷിയുടെ വികസനവും പ്രോത്സാഹനവും കേരളത്തിലെ റബര്‍കര്‍ഷകര്‍ക്ക് ലഭിക്കുകയുണ്ടായി. എന്നാല്‍, ബിജെപി സര്‍ക്കാര്‍ കര്‍ഷകര്‍ക്കുവേണ്ടി കൊട്ടിഘോഷിച്ച റബര്‍ നയം ആവിഷ്കരിക്കാന്‍ തയ്യാറായില്ലെന്നുമാത്രമല്ല റബര്‍ ബോര്‍ഡ് പിരിച്ചുവിട്ട്  നാണ്യവിളകള്‍ക്കെല്ലാമായി ഒരു പുതിയ ബോര്‍ഡ് രൂപീകരിക്കാനുള്ള ശ്രമത്തിലുമാണ്.   

കേരളത്തില്‍നിന്ന് റബര്‍ ബോര്‍ഡ് ഓഫീസ് അന്യസംസ്ഥാനത്തേക്ക് മാറ്റിസ്ഥാപിക്കുന്നതിനുള്ള ശ്രമം അണിയറയില്‍ നടക്കുകയാണ്. അതിന്റെ ആദ്യപടിയായി കേരളത്തിലെ മേഖലാ ഓഫീസുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയാണ്. കേരളത്തില്‍ ആദ്യമായി റബര്‍തൈ നട്ടുപിടിപ്പിച്ച കോതമംഗലത്തെ റീജ്യണല്‍ ഓഫീസ് പൂട്ടാന്‍ തീരുമാനിച്ചു. നിരവധി ഉദ്യോഗസ്ഥരെ കേരളത്തില്‍നിന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് മാറ്റി. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന റബറിന്റെ 90 ശതമാനവും കേരളത്തിന്റെ സംഭാവനയാണ്. റബര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഓരോ കിലോ റബറിനും കര്‍ഷകര്‍ രണ്ടു രൂപ നിരക്കില്‍ കേന്ദ്ര സര്‍ക്കാരിന് വിഹിതം നല്‍കുന്നുമുണ്ട്. എന്നാല്‍, കേരളത്തിലെ റബര്‍ കര്‍ഷകന് ലഭിച്ച ആനുകൂല്യങ്ങള്‍ ഓരോന്നായി നഷ്ടപ്പെടുകയാണ്.

റബര്‍ കാര്‍ഷികവിളയായി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. തന്മൂലം കര്‍ഷകന് റബര്‍കൃഷി ഉപേക്ഷിച്ച് ആ ഭൂമിയില്‍ മറ്റു വിള കൃഷിചെയ്യുന്നതിന് നിയമതടസ്സമുണ്ട്.  മാത്രമല്ല, റബര്‍മരം വനസസ്യമായിട്ടാണ് സര്‍ക്കാര്‍ കണക്കാക്കിയിട്ടുള്ളത്. അതിന്റെ ഫലമായി റബര്‍തടി വില്‍ക്കാനും കര്‍ഷകര്‍ക്ക് തടസ്സമുണ്ട്. കേരളത്തിലെ കൃഷിവകുപ്പിലും കാര്‍ഷിക സര്‍വകലാശാലയിലെ പരീക്ഷണങ്ങള്‍ക്കും റബര്‍കൃഷി വിധേയമല്ല എന്നതും വിസ്മരിക്കപ്പെടേണ്ടതല്ല.

വിളകളുടെ താങ്ങുവിലയെ സംബന്ധിച്ച കൃത്യമായ നയം കേന്ദ്ര സര്‍ക്കാരിനില്ല. യുപിഎയുടെ ഭരണകാലത്ത് പാര്‍ലമെന്റ് അംഗീകരിച്ച സ്വാമിനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ട് തങ്ങള്‍ അധികാരത്തിലെത്തിയാല്‍ നടപ്പാക്കുമെന്നതാണ്് ബിജെപിയുടെ പ്രധാന തെരഞ്ഞെടുപ്പ് പ്രഖ്യാപനം. എന്നാല്‍, അധികാരത്തിലേറിയ മോഡി സര്‍ക്കാര്‍ റിപ്പോര്‍ട്ട് നിര്‍ദേശം പാടെ തള്ളി.

കേരളത്തില്‍ കൃഷിചെയ്യുന്ന നാണ്യവിളകളുടെ കമ്പോളത്തിലേക്ക് ആസിയന്‍ രാജ്യങ്ങള്‍ കടന്നുവന്നതോടെ നമ്മുടെ കാര്‍ഷികമേഖലയാകെ തകരുകയാണ്.  കര്‍ഷകരെ ആത്മഹത്യയുടെ ലോകത്തേക്കാണ് ആസിയന്‍ കരാര്‍ കൂട്ടിക്കൊണ്ടുപോകുന്നത്. ആസിയന്‍ കരാറിന്റെ ഭാഗമായി കേരളത്തിനുണ്ടാകുന്ന നഷ്ടം ഭീമമാണ്. 2016ല്‍ അധികാരത്തില്‍വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിലെ കാര്‍ഷികമേഖലയെ സംരക്ഷിക്കാനുള്ള ഒട്ടേറെ പദ്ധതി ആവിഷ്കരിച്ചു. കര്‍ഷകരില്‍ ഒരു പുത്തനുണര്‍വും ആവേശവും സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച കാര്‍ഷികപദ്ധതികള്‍ക്ക് സാധിച്ചിട്ടുണ്ട്. റബര്‍ മേഖലയെ സംരക്ഷിക്കാനായി കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ റബര്‍ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു. റബറിന് താങ്ങുവില 200 രൂപവരെ എത്തിക്കുന്നതിനുവേണ്ടിയുള്ള ഒരു പാക്കേജ് തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു. അതിനായി 5,000 കോടി രൂപ ആവശ്യപ്പെടുകയുംചെയ്തു. എന്നാല്‍, നാളിതുവരെ അനുകൂലമായ മറുപടിയൊന്നും കേന്ദ്ര സര്‍ക്കാരില്‍നിന്ന് ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. നിലവിലുള്ള “റബര്‍ ഉത്തേജക പദ്ധതി” പുനഃസംഘടിപ്പിക്കേണ്ടതുണ്ട്. ഉത്തേജക പദ്ധതികളുടെ ഗുണഫലം റബര്‍ കര്‍ഷകര്‍ക്ക് ലഭിക്കാനുള്ള ഒട്ടേറെ സാങ്കേതികപ്രശ്നങ്ങളും നിലനില്‍ക്കുന്നു.

ആഗോള സാമ്പത്തികമാന്ദ്യം കേന്ദ്രത്തെ മാത്രമല്ല കേരളത്തെയും ബാധിച്ചു.  ജിഎസ്ടിയും നോട്ട് നിരോധനവും സാമ്പത്തിക മാന്ദ്യത്തിന്റെ ആഴം വര്‍ധിപ്പിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സംയുക്ത കര്‍ഷകസമിതി നേതൃത്വത്തില്‍ റബര്‍ കര്‍ഷകര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നത്. വിവിധ ആവശ്യങ്ങളുന്നയിച്ച് കേരളത്തിലെ പതിനൊന്ന് കര്‍ഷക സംഘടനകളുടെ ആഭിമുഖ്യത്തില്‍ ജനുവരി 15ന് കോട്ടയത്ത് റബര്‍ ബോര്‍ഡ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ റബര്‍ കര്‍ഷകരോട് കാണിക്കുന്ന വഞ്ചനയ്ക്കും അവഗണനയ്ക്കുമെതിരെ വരാനിരിക്കുന്ന ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് മുന്നോടിയാണ് ഈ മാര്‍ച്ചും ധര്‍ണയും

(സംയുക്ത കര്‍ഷകസമിതി കണ്‍വീനറാണ് ലേഖകന്‍)

പ്രധാന വാർത്തകൾ
 Top