07 July Tuesday

തെളിവും നിയമവും മാത്രം

സാജൻ എവുജിൻUpdated: Sunday Nov 10, 2019


ന്യൂഡൽഹി
ഹിന്ദുക്ഷേത്രം തകർത്താണ്‌ മുഗൾഭരണകാലത്ത്‌ അയോധ്യയിൽ മസ്‌ജിദ്‌ നിർമിച്ചതെന്ന വാദത്തിന്‌ തെളിവില്ലെന്ന്‌ സുപ്രീംകോടതി ഭരണഘടനാബെഞ്ച്‌. 16–-ാം നൂറ്റാണ്ടിലാണ്‌ തർക്കസ്ഥലത്ത്‌ മസ്‌ജിദ്‌ നിർമിച്ചതെന്നതിൽ  എല്ലാ കക്ഷികളും യോജിക്കുന്നു. മസ്‌ജിദ്‌  നിന്നിരുന്നതിന്‌ അടിയിൽ പഴയ നിർമാണം ഉണ്ടായിരുന്നതായി പുരാവസ്‌തു വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നതുകൊണ്ടു മാത്രം കോടതിക്ക്‌ നിഗമനങ്ങളിൽ എത്താൻ കഴിയില്ല.

ഈ  കേസിൽ വസ്‌തുതകളും തെളിവും വാദങ്ങളും ചരിത്രം, പുരാരേഖാശാസ്‌ത്രം, മതം, നിയമം എന്നീ മണ്ഡലങ്ങളിൽ കൂടിക്കലർന്ന്‌ കിടക്കുകയാണ്‌. ചരിത്രം, പ്രത്യയശാസ്‌ത്രം, മതം എന്നിവയ്‌ക്കുമേലുള്ള  രാഷ്ട്രീയവാദങ്ങൾക്ക്‌ അതീതമായി നിയമം നിലകൊള്ളണം. നമ്മുടെ ബഹുസ്വര സമൂഹത്തിന്റെ നെടുംതൂണായി മാറാൻ നിയമത്തിന്‌ കഴിയണം. ഒരാളുടെ വിശ്വാസം  മറ്റുള്ളവരുടെ വിശ്വാസത്തിനും സ്വാതന്ത്ര്യത്തിനും ഹാനികരമാകുന്നത്‌ തടയാൻ കോടതികൾക്ക്‌ ബാധ്യതയുണ്ട്‌.

ഭരണഘടനയിൽ അധിഷ്‌ഠിതമായ മൂല്യങ്ങളാണ്‌ സമൂഹം ഉയർത്തിപ്പിടിക്കേണ്ടത്‌. തുല്യതയും നിയമവാഴ്‌ചയുമാണ്‌ ഭരണഘടനയുടെ ഹൃദയം. ഭരണഘടനപ്രകാരം എല്ലാവരും നിയമത്തിന്‌ വിധേയരും തുല്യരുമാണ്‌. മതത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിൽ വേർതിരിവ്‌ അനുവദിക്കാൻ കഴിയില്ല. ഭരണഘടന വ്യാഖ്യാനിക്കുന്ന ന്യായാധിപന്മാർ നടപ്പാക്കുന്നത്‌ ഈ തത്വമാണ്‌.


 

സ്ഥാവരസ്വത്തിനെച്ചൊല്ലിയുള്ളതാണ്‌ ഈ കേസ്‌; വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല. തെളിവുകളുടെ ബലത്തിലാണ്‌ കോടതി ഇതിൽ തീർപ്പ്‌ കൽപ്പിക്കുന്നത്‌. തെളിവുകളുടെ അടിസ്ഥാനത്തിൽ സാധ്യതകൾ പരിശോധിക്കുമ്പോൾ, 1857ൽ ബ്രിട്ടീഷുകാർ ഭിത്തി കെട്ടി തിരിക്കുന്നതിനു മുമ്പുതന്നെ മസ്‌ജിദിനുപുറത്തുള്ള സ്ഥലത്ത്‌ ഹിന്ദുക്കൾ ആരാധന നടത്തിയിരുന്നതായി വ്യക്തമാകുന്നു. നിർമിച്ചതിനുശേഷം മസ്‌ജിദിൽ മുസ്ലിങ്ങൾക്ക്‌ പൂർണമായ അവകാശം  ലഭിച്ചിരുന്നില്ല. നമസ്‌കാരത്തിന്‌ എത്തുന്നവർക്ക്‌ പലപ്പോഴും തടസ്സങ്ങൾ നേരിട്ടിരുന്നതായി 1949ൽ  വഖഫ്‌ ഇൻസ്‌പെക്ടർ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നുണ്ട്‌. എന്നിരുന്നാലും അക്കൊല്ലം ഡിസംബർ 16 വരെ മുസ്ലിങ്ങൾ ഇവിടെ പ്രാർഥന നടത്തിയിരുന്നു.

ഡിസംബർ 22ന്‌ അർധരാത്രി മസ്‌ജിദിനുള്ളിൽ കടന്ന്‌  വിഗ്രഹങ്ങൾ സ്ഥാപിച്ചശേഷമാണ്‌ മുസ്ലിങ്ങൾ പുറത്തായത്‌. നിയമവിരുദ്ധമായ ഈ നടപടിക്കെതിരെ കേസ്‌ നടക്കുകയായിരുന്നു. ഈ നിയമയുദ്ധം നടക്കുന്നതിനിടെയാണ്‌  ആസൂത്രിതമായി ആരാധനാലയം തകർക്കപ്പെട്ടതെന്നും കോടതി വ്യക്തമാക്കി.

വിധി 1045 പേജ്‌
ന്യൂഡൽഹി
അയോധ്യാ ഭൂമിതർക്ക കേസിൽ ചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌ വായിച്ചത്‌ 1045 പേജുള്ള വിധിന്യായം. വിധിയുടെ പ്രധാനഭാഗങ്ങളാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ വായിച്ചത്‌. വിധി ഏകകണ്‌ഠമാണെന്നും വായിച്ചുതീരാൻ അരമണിക്കൂർ എടുക്കുമെന്നും അദ്ദേഹം ആമുഖമായി പറഞ്ഞു.ജസ്‌റ്റിസുമാരായ എസ്‌ എ ബോബ്‌ഡെ (നിയുക്ത ചീഫ്‌ ജസ്‌റ്റിസ്‌), ഡി വൈ ചന്ദ്രചൂഡ്‌, അശോക്‌ ഭൂഷൺ, അബ്ദുൾ നസീർ എന്നിവരായിരുന്നു അഞ്ചംഗ ഭരണഘടനാ ബഞ്ചിലെ മറ്റ്‌ അംഗങ്ങൾ. ശനിയാഴ്‌ച അവധി ഒഴിവാക്കിയാണ്‌ വിധി പ്രസ്‌താവിച്ചത്‌.

വിധി എഴുതിയത്‌ ആരെന്നില്ല
ന്യൂഡൽഹി
പതിറ്റാണ്ടുകൾ പഴക്കമുള്ള അയോധ്യാ ഭൂമിതർക്ക കേസ്‌ തീർപ്പാക്കി 1045 പേജുള്ള വിധി സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാബെഞ്ച്‌ പുറപ്പെടുവിച്ചെങ്കിലും ആരാണ് വിധിയെഴുതിയതെന്ന് ഉത്തരവിൽ ഇല്ല. വിധിയെഴുതിയ ജഡ്ജിയുടെ പേര് ഉത്തരവിൽ രേഖപ്പെടുത്തുന്നതാണ് കീഴ്‌വഴക്കം. കൂടുതൽ അംഗങ്ങളായ ബെഞ്ചാണെങ്കിൽ മറ്റുള്ളവർക്കായി ഒരാളാണ്‌ വിധിയെഴുതി ഒപ്പിടുക. സുപ്രീംകോടതിയിൽ സുപ്രധാന കേസുകളിൽ വിധിയെഴുതിയ ജഡ്‌ജിന്റെ പേരില്ലാതെ പുറത്തിറങ്ങുന്നത് അസാധാരണമാണെന്ന്‌ നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി.

അയോധ്യാവിധിന്യായത്തിൽ അഞ്ചു ജഡ്ജിമാരിൽ ആരാണെഴുതിയതെന്ന് വെളിപ്പെടുത്തിയിട്ടില്ലാത്ത 116 പേജ് അനുബന്ധം കൂടി ചേർത്തിട്ടുണ്ട്.ബാബ്‌റിമസ്ജിദ് നിൽക്കുന്ന സ്ഥലം രാമജന്മഭൂമിയാണെന്ന വിശ്വാസത്തിന് വിലകൽപിക്കണമെന്ന വാദമാണ് ഇതിൽ ജഡ്ജി ഉന്നയിക്കന്നത്. പാരമ്പരാഗതമായ ആചാരൾ, മതാചാരങ്ങൾ എന്നിവയിലൂടെയാണ് ഒരാളുടെ മതപരമായ വിശ്വാസം രൂപപ്പെടുന്നതെന്നും ജഡ്ജി ചൂണ്ടിക്കാട്ടുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top