07 July Tuesday

പിഴവുണ്ട്‌, എങ്കിലും സ്വീകരിക്കാം

ഡോ. കെ എൻ പണിക്കർUpdated: Sunday Nov 10, 2019


തിരുവനന്തപുരം
ഇന്ത്യയുടെ രാഷ്‌ട്രീയവികാരത്തിന്റെ കേന്ദ്രബിന്ദു കുറേ കാലങ്ങളായി രാമജന്മഭൂമിയുടെ അടിസ്ഥാനത്തിലായിരുന്നു. ഈ പ്രശ്‌നത്തിന്‌ ഒരു പോംവഴി കാണാൻ ഔദ്യോഗികതലത്തിലും നീതിന്യായതലത്തിലും ശ്രമങ്ങൾ നടന്നിരുന്നുവെങ്കിലും ഒരു ഊരാക്കുരുക്കായി നിലനിൽക്കുകയായിരുന്നു. അതുകൊണ്ടുതന്നെ സുപ്രീംകോടതി അയോധ്യാപ്രശ്‌നത്തിൽ ഒരു തീരുമാനത്തിലെത്തിയെന്നത്‌ സ്വാഗതാർഹമാണ്‌. കോടതിവിധി സ്വാഗതം ചെയ്യുമ്പോൾത്തന്നെ അതിൽ അപാകതകളുണ്ടെന്ന നിരീക്ഷണം അസ്ഥാനത്താവുകയില്ല.

തർക്കഭൂമിയിൽ ക്ഷേത്രാവശിഷ്‌ടങ്ങൾ കണ്ടെത്തിയെന്ന ആർക്കിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യ (എഎസ്‌ഐ) 2003ലെ രണ്ടാം പര്യവേക്ഷണത്തിന്റെ റിപ്പോർട്ട്‌ ശരിവച്ചിരിക്കുകയാണ്‌. ഇവിടെ എഎസ്‌ഐയുടെ അഭിപ്രായത്തിന്‌ കോടതി അമിതപ്രാധാന്യം കൊടുത്തിരിക്കുന്നത്‌ സംശയത്തിനിടവരുത്തുകയാണ്‌. അയോധ്യയിൽ ക്ഷേത്രാവശിഷ്‌ടമുണ്ടായിരുന്നുവെന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ, രാമക്ഷേത്രം ഉണ്ടായിരുന്നോ എന്നതിനെക്കുറിച്ച്‌ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുകയാണ്‌.

ഈ കേസ്‌ ആരംഭിക്കുന്നത്‌ ഭൂമി വിഷയമായിട്ടാണെങ്കിലും മതവിശ്വാസത്തിൽ കെട്ടുപിണഞ്ഞ്‌ സങ്കീർണമാവുകയായിരുന്നു. കോടതിതീരുമാനം ഭൂമി വിഷയത്തിൽ നിൽക്കേണ്ടതാണെങ്കിലും മതവിശ്വാസത്തിലും കോടതി ശ്രദ്ധകൊടുത്തതായി കാണാം. അതുകൊണ്ടാണ്‌ വിധിയിൽ മുസ്ലിങ്ങൾക്ക്‌ ഒരു ചെറിയ ആനുകൂല്യമെന്ന നിലയിൽ ഭൂമി പതിച്ചുനൽകാനുള്ള തീരുമാനം.

ഈ വിധിന്യായത്തിൽ ഏറ്റവും അസ്വീകാര്യമായ ഒരുകാര്യം ക്ഷേത്രനിർമാണത്തിന്‌ മൂന്നുമാസത്തിനുള്ളിൽ കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ മൂന്നംഗട്രസ്‌റ്റ്‌ രൂപീകരിക്കണമെന്നതാണ്‌. ഇന്ത്യൻ ഭരണകേന്ദ്രം ഒരു പ്രത്യേക മതവിഭാഗത്തിന്റെ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയെന്ന മതേതരവിരുദ്ധമായ കാഴ്‌ചപ്പാടാണ്‌ ഇതിലുള്ളത്‌. സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന്‌ ഇത്തരം ഒരു സൂചന ഇന്ത്യൻ ഭരണകൂടത്തിന്‌ കൊടുക്കുന്നത്‌ നിർഭാഗ്യകരമായ അവസ്ഥയാണ്‌.

ബാബ്‌റി മസ്‌ജിദ്‌ തകർത്തപ്പോൾ ഇന്ത്യയുടെ മതേതരത്വത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടിയായാണ്‌ എല്ലാവരും കണ്ടത്‌. അന്നുമുതൽ രൂക്ഷമായി വളർന്നുവന്ന വർഗീയ അവബോധത്തെ തടയാൻ ഇൗ പ്രശ്‌നം മതേതരമായ പോംവഴിയിലൂടെ പരിഹരിക്കാൻ സാധിക്കണമായിരുന്നു. അതിനായി പലരും നിർദേശിച്ച ഒരു പോംവഴി അയോധ്യയിലെ തർക്കഭൂമിയിൽ ഒരു മതേതരസ്ഥാപനം സൃഷ്‌ടിക്കുകയെന്നതായിരുന്നു. അങ്ങനെയൊരു കാഴ്‌ചപ്പാട്‌ സുപ്രീംകോടതി കൈക്കൊണ്ടിരുന്നുവെങ്കിൽ തർക്കഭൂമി ഹിന്ദുകൾക്കോ മുസ്ലിങ്ങൾക്കോ കൊടുക്കാതെ രാഷ്‌ട്രത്തിന്‌ സമർപ്പിക്കാൻ സാധിക്കുമായിരുന്നു. അത്തരം ഒരു തീരുമാനമെടുക്കാൻ സുപ്രീംകോടതിക്ക്‌ മാത്രമേ കഴിയുമായിരുന്നുള്ളൂ. ഇന്ത്യൻ മതേതരത്വത്തെ മുന്നോട്ടുകൊണ്ടുപോകാനുള്ള ഒരു വലിയ അവസരമാണ്‌ സുപ്രീംകോടതി നഷ്‌ടപ്പെടുത്തിയത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top