15 June Tuesday

മുറിവേറ്റവർക്ക്‌ ആശ്വാസമാകുമോ

എം എൻ കാരശേരിUpdated: Sunday Nov 10, 2019


കോഴിക്കോട്‌
അയോധ്യാവിധിയിൽ സുപ്രീംകോടതിയുടെ ഒരു പരാമർശം സന്തോഷം പകരുന്നതാണെന്ന്‌ എം എൻ കാരശേരി. പള്ളി നിർമിച്ചത്‌ ഏതോ ഒരു കെട്ടിടത്തിന്റെ അവശിഷ്‌ടങ്ങൾക്ക്‌ പുറത്താണ്‌. എങ്കിലും അതൊരുക്ഷേത്രം പൊളിച്ച്‌ നിർമിച്ചതാണെന്നതിന്‌ ചരിത്രത്തിന്റെയോ പുരാവസ്‌തു ഗവേഷണത്തിന്റെയോ പിൻബലമില്ല. അതായത്‌ ക്ഷേത്രം പൊളിച്ചാണ്‌ പള്ളി നിർമിച്ചതെന്നത്‌ കോടതി അംഗീകരിക്കുന്നില്ല എന്നതാണ്‌ ഇതിന്റെ സാരം. ഇത്‌ ആശ്വാസം പകരുന്നതാണ്‌.

രാമക്ഷേത്രം പൊളിച്ചാണ്‌ ബാബർ പള്ളി നിർമിച്ചതെന്ന വാദമാണ്‌ ഇവിടെ പൊളിയുന്നത്‌. സുപ്രീംകോടതിയുടെ വിധി മുസ്ലിങ്ങളെ തൃപ്‌തിപ്പെടുത്തുന്നതാണെന്ന്‌ വിശ്വസിക്കുന്നില്ല. 92ൽ ബാബ്‌റി മസ്‌ജിദ്‌ തകർക്കപ്പെട്ടതിന്റെ മുറിവുണക്കുന്നതിനുള്ള ഒരു നിർദേശങ്ങളും ഈ വിധിയിലില്ല. എന്നാൽ, ഈ വിധിയോടെ എല്ലാം അവസാനിപ്പിക്കണമെന്നും ഇനിയൊരു കലാപവും ഉണ്ടാകരുതെന്നും ആഗ്രഹിക്കുന്നു.

രാമൻ ജനിച്ച സ്ഥലമാണ്‌ രാമജന്മഭൂമിയെന്ന വാദം വിചിത്രമാണ്‌. സ്റ്റോറിയും ഹിസ്റ്ററിയും രണ്ടാണ്‌. എന്നാൽ ദൗർഭാഗ്യമെന്ന്‌ പറയട്ടെ സ്റ്റോറിയെ ഹിസ്റ്ററിയാക്കി വ്യാഖ്യാനിക്കുന്നതാണ്‌ നടപ്പുരീതി

ബാബ്‌റി മസ്‌ജിദ്‌ നിലനിന്ന 2.77 ഏക്കർ ഭൂമി മൂന്നായി വിഭജിച്ച്‌ നൽകിയ 2010ലെ അലഹബാദ്‌ ഹൈക്കോടതി വിധി തന്നെയാണ്‌ സമവായത്തിന്റെയും മതമൈത്രിയുടെയും ഉത്തമ ഉദാഹരണം. ഈ അവസരത്തിൽ മഹാത്മാഗാന്ധി പറഞ്ഞ ഒരു സൂക്തമാണ്‌ ഓർമ വരുന്നത്‌. ‘‘എന്റെ രാമൻ ദൈവത്തിന്റെ അവതാരമല്ല. ദൈവം തന്നെയാണ്‌. ആ ദൈവം ജനിച്ചിട്ടുമില്ല. മരിച്ചിട്ടുമില്ല’’. രാമൻ ജനിച്ച സ്ഥലമാണ്‌ രാമജന്മഭൂമിയെന്ന വാദം വിചിത്രമാണ്‌. സ്റ്റോറിയും ഹിസ്റ്ററിയും രണ്ടാണ്‌. എന്നാൽ ദൗർഭാഗ്യമെന്ന്‌ പറയട്ടെ സ്റ്റോറിയെ ഹിസ്റ്ററിയാക്കി വ്യാഖ്യാനിക്കുന്നതാണ്‌ നടപ്പുരീതി. ഗാന്ധി പറഞ്ഞ രാമനും ബിജെപിയുടെ രാമനും രണ്ട്‌ തട്ടിൽ നിൽക്കുന്നു.

1992ൽ ബാബ്‌റി മസ്‌ജിദ്‌ പൊളിച്ചത്‌ തെറ്റാണെന്ന്‌ സുപ്രീംകോടതി പറയുന്നു. എന്നാൽ, അതിന്റെ പിന്നാമ്പുറങ്ങളിലേക്കോ അതിന്റെ പശ്‌ചാത്തലമൊന്നും കോടതി വിശദീകരിക്കുന്നില്ല. ബാബ്‌റി മസ്‌ജിദ്‌ തകർക്കപ്പെട്ടതോടെയാണ്‌ രാജ്യത്തിന്റെ വിശ്വാസവും സ്‌നേഹവും മതമൈത്രിയുമെല്ലാം തകർക്കപ്പെട്ടത്‌. അദ്വാനിയുടെ രഥയാത്രയും പള്ളിപൊളിക്കലുമെല്ലാം ഇന്ത്യയുടെ മതേതരമുഖത്തെ പിച്ചിച്ചീന്തുന്നതായിരുന്നു.

ആരാധനയും വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോടതി ചർച്ചചെയ്യേണ്ട കാര്യമല്ല. ഭക്ഷണം, വസ്‌ത്രം, പാർപ്പിടം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങൾക്കാണ്‌ പരിഹാരം കാണേണ്ടത്‌.

ഈ വിഷയത്തിൽ ജവഹർലാൽ നെഹ്‌റുവിന്റെ സമീപനമായിരുന്നു ശരി. നെഹ്‌റു അന്ന്‌ പറഞ്ഞത്‌ ഈ പള്ളി മുസ്ലിമിന്റെയൊ ഹിന്ദുവിന്റെയോ സ്വത്തല്ല. അത്‌ ഇന്ത്യയുടെ പുരാവസ്‌തുസ്വത്താണ്‌. ഇത്തരമൊരു നിലപാട്‌ സ്വീകരിച്ച നെഹ്‌റു 1949ൽ അത്‌ പൂട്ടിയിടുകയാണ്‌ ചെയ്‌തത്‌. രാജീവ്‌ ഗാന്ധിയാണ്‌ ഇത്‌ തുറന്നുകൊടുത്തത്‌. സുപ്രീംകോടതി വിധിയെ അംഗീകരിക്കുന്നത്‌ ഈ വിധിയോടെ ഈ വിഷയം അവസാനിക്കും എന്നതുകൊണ്ട്‌ മാത്രമാണ്‌. ഭൂതകാലം ഭൂതകാലമായി തന്നെ നിൽക്കട്ടെ. ഇനി അതിന്റെ മണ്ണ്‌ മാന്തിയെടുത്ത്‌ വീണ്ടും കുഴപ്പങ്ങൾ ഉണ്ടാവാതിരിക്കുകയാണ്‌ വേണ്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top