20 April Saturday

മലിന മുന്നണി

എം രഘുനാഥ്Updated: Friday Nov 10, 2017

അഴിമതിയും അപഥസഞ്ചാരവും അറപ്പുളവാക്കുന്ന പ്രവൃത്തികളുംകൊണ്ട് രാജ്യത്തിനുമുമ്പാകെ രാഷ്ട്രീയകേരളത്തിന്റെ മുഖം കളങ്കിതമാക്കിയ മലിനമുന്നണി- സോളാര്‍ തട്ടിപ്പ് അന്വേഷിച്ച ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഐക്യജനാധിപത്യമുന്നണിയെന്ന വലതുപക്ഷ കൂട്ടുകെട്ടിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല. അധികാരരാഷ്ട്രീയത്തിന്റെ മറവില്‍ അപ്പക്കഷണങ്ങള്‍ തട്ടിയെടുക്കുന്നതിന് മത്സരിക്കുന്ന മുന്നണിയായാണ് യുഡിഎഫ് എന്ന പേരില്‍ രൂപീകൃതമായ കാലംമുതല്‍ ഈ കൂട്ടുകെട്ടിനെ കണക്കാക്കിയിരുന്നത്. അതിനുമപ്പുറം ഏത് നീചപ്രവൃത്തിയും ചെയ്യാന്‍ തെല്ലും ലജ്ജയില്ലാത്ത ആള്‍ക്കൂട്ടമായി കൂട്ടുകെട്ട് മാറിയെന്നതിന് സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് സാക്ഷ്യം. 

ഒരുകൂട്ടം സംരംഭകരുടെയും ഉപഭോക്താക്കളുടെയും കോടിക്കണക്കിന് രൂപ തട്ടിയെടുക്കുന്നതിന്, ഒരു തട്ടിപ്പുകാരിക്ക് ഭരണയന്ത്രത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടു ഈ നേതാക്കളാകെയെന്ന് കമീഷന്‍ സാക്ഷ്യപ്പെടുത്തുന്നു. കൊള്ളയടിക്ക് ഒത്താശ ചെയ്തതിന് കൈക്കൂലിക്കും കോഴയ്ക്കും പുറമെ സ്ത്രീശരീരത്തിന് വിലപറയുകയും ഉപയോഗിക്കുകയും ചെയ്ത നരാധമന്മാരായി ഭരണനേതൃത്വം മാറി. ഇവിടെ ലജ്ജിച്ച് തലതാഴ്ത്തുന്നത് കേരളജനതയാണ്.

ഇത്രയൊക്കെ ചെയ്തിട്ടും ലജ്ജയും സങ്കോചവുമില്ലാതെ എല്ലാ നീചപ്രവൃത്തികളെയും ന്യായീകരിക്കുന്നുവെന്നതാണ് മറ്റൊരു ദുരന്തം. അധികാരം പിടിച്ചടക്കാന്‍ കുതികാല്‍വെട്ടിയതിന്റെയും നെറികെട്ട നാടകങ്ങള്‍ കളിച്ചതിന്റെയും നൂറുനൂറ് കഥകള്‍ ഈ അവിശുദ്ധ മുന്നണിയുടേതായി നേരത്തെയുണ്ട്. എന്നാല്‍, അന്നൊന്നുമില്ലാത്തവിധം ഒരു സംവിധാനമപ്പാടെ ഒരു തട്ടിപ്പുകാരിയുടെ ചുറ്റും പറ്റിക്കൂടുകയും പങ്കുപറ്റുകയും ഉപയോഗിക്കുകയും ചെയ്തു. മുന്നണിയുടെ ചുക്കാന്‍ പിടിക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് ഇനി ഈ മണ്ണില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പില്ല.

കോണ്‍ഗ്രസിന്റെ കരുത്തനായി ഇന്ന് വിശേഷിപ്പിക്കുന്ന ഉമ്മന്‍ചാണ്ടിയാണ് മുഖ്യപ്രതിയായി നില്‍ക്കുന്നതെന്നത് പതനത്തിന്റെ ആക്കംകൂട്ടുന്നു. എ, ഐ ഗ്രൂപ്പുകള്‍ രണ്ടു പാര്‍ടികളെപ്പോലെ സമാന്തരമായാണ് പ്രവര്‍ത്തിക്കുന്നത്. ഒരു വിഭാഗമാകെ ചളിക്കുണ്ടില്‍ വീണപ്പോള്‍ മറുപക്ഷം രഹസ്യമായി ചിരിക്കുന്നു. ഉമ്മന്‍ചാണ്ടിയെ ന്യായീകരിക്കാന്‍ പരസ്യമായി പെടാപ്പാട് പെടുന്നവരില്‍ മുമ്പനാണ് പ്രതിപക്ഷനേതാവ് ചെന്നിത്തല. പക്ഷേ, ചെന്നിത്തലയുടെയും ഐ ഗ്രൂപ്പുകാരുടെയും ഉള്ളിലിരിപ്പ് വേറെയാണ്.

താന്‍ ബ്ളാക്ക്മെയില്‍ രാഷ്ട്രീയത്തിന്റെ ഇരയാണെന്ന് ഉമ്മന്‍ചാണ്ടി ഒടുവില്‍ പരിതപിക്കുമ്പോള്‍ ഉന്നംവയ്ക്കുന്നത് ഐ ഗ്രൂപ്പിനെയല്ലാതെ വേറെയാരെയുമാകാന്‍ വഴിയില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഉമ്മന്‍ചാണ്ടിക്കെതിരായ തെളിവുകള്‍ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടുവെന്ന് തട്ടിപ്പുകേസിലെ മുഖ്യപ്രതി സരിത പറയുമ്പോള്‍ അത് അവിശ്വസിക്കേണ്ട കാര്യവുമില്ല. ഉമ്മന്‍ചാണ്ടിയുടെ ശത്രുക്കള്‍ ഉള്ളില്‍ത്തന്നെയുണ്ട്. പണ്ട് കരുണാകരനെ തകര്‍ക്കാന്‍ ഉമ്മന്‍ചാണ്ടി കാണിച്ച നെറികേടുകള്‍ക്കുള്ള തിരിച്ചടിയായും രാഷ്ട്രീയവിദ്യാര്‍ഥികള്‍ക്കുള്ള പാഠമാണ്.

റിപ്പോര്‍ട്ടിനെ അതീവഗൌരവമായിത്തന്നെയാണ് കാണുന്നതെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞതിനെക്കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പ്രതികരണമില്ല. രമേശ് ചെന്നിത്തല നയിക്കുന്ന ജാഥയില്‍ കളങ്കിതരെ പങ്കെടുപ്പിക്കില്ലെന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം. അങ്ങനെയെങ്കില്‍ ചെന്നിത്തലയുടെ ജാഥ നിര്‍ത്തിവയ്ക്കണം.

കളങ്കിതരല്ലാത്തവരാരാണ് ഇനിയെന്ന് ലിസ്റ്റ് വച്ച് പരിശോധിക്കേണ്ടി വരും. ഉമ്മന്‍ചാണ്ടിതൊട്ട് പി സി വിഷ്ണുനാഥ്വരെയുള്ളവര്‍ക്ക് ജാഥയില്‍ പങ്കെടുക്കാനാകില്ല. സോളാര്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്നതുകൊണ്ടാണ് വ്യാഴാഴ്ചത്തെ ജാഥാപരിപാടി ഒഴിവാക്കിയതെങ്കില്‍ സോളാര്‍ റിപ്പോര്‍ട്ട് വന്നതോടെ ഇനിയുള്ള ജാഥാപര്യടനമാകെ ഉപേക്ഷിച്ച് കോണ്‍ഗ്രസ് മാതൃക കാട്ടണം. അതല്ലെങ്കില്‍ കഥയിലെ ഉടുതുണിയില്ലാത്ത രാജാവിനെപ്പോലെ യാത്ര തുടരാം.

താന്‍ പൂര്‍ണനഗ്നനാണെന്ന് പാതിവഴി എത്തിയപ്പോഴാണ് രാജാവിന് ബോധ്യമായത്. പാതിവഴി പിന്നിട്ടതല്ലേ ഇനി തുടരാമെന്നായിരുന്നു വിഡ്ഢിയായ ആ രാജാവ് ആഹ്വാനം ചെയ്തത്. കോണ്‍ഗ്രസും ചെന്നിത്തലയും രാജാവിന്റെ വഴിയേ സ്വീകരിക്കൂ.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top