23 November Monday

കേരളം സമ്പൂർണ ശുചിത്വത്തിലേക്ക്‌ - തദ്ദേശഭരണമന്ത്രി എ സി മൊയ്‌തീൻ എഴുതുന്നു

എ സി മൊയ്‌തീൻUpdated: Saturday Oct 10, 2020


കേരളപ്പിറവിക്കുമുമ്പേ തുടങ്ങിയ നമ്മുടെ പ്രാദേശിക ഭരണസംവിധാനങ്ങളുടെ ചിത്രം മാറ്റിവരയ്ക്കുന്നതായിരുന്നു ത്രിതല പഞ്ചായത്ത് സംവിധാനവും പിന്നാലെ നടപ്പാക്കിയ ജനകീയാസൂത്രണവും. 1996ലെ നായനാർ സർക്കാർ നടപ്പാക്കിയ ജനകീയാസൂത്രണത്തിലൂടെയുള്ള വികേന്ദ്രീകൃതാസൂത്രണ പ്രക്രിയയെ പേരു മാറ്റിയും രൂപം മാറ്റിയുമെല്ലാം ദുർബലമാക്കാൻ പിന്നാലെവന്ന യുഡിഎഫ് സർക്കാരുകൾ ശ്രമിച്ചെങ്കിലും ആർക്കും അട്ടിമറിക്കാൻ കഴിയാത്ത നിലയിലേക്ക്‌ നമ്മുടെ പ്രാദേശിക സർക്കാരുകൾ ശക്തി പ്രാപിച്ചുകഴിഞ്ഞിരുന്നു.

അധികാരവും പണവും ഉദ്യോഗസ്ഥ സംവിധാനവുമെല്ലാം താഴേത്തട്ടിലേക്ക്‌ കൈമാറുന്നത് വികസനത്തെ ദോഷകരമായി ബാധിക്കുമെന്ന വാദഗതികളുടെ മുനയൊടിക്കുന്ന വികസനാത്ഭുതമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ആസൂത്രണത്തിനുള്ള സ്വാതന്ത്ര്യവും പണവുമെല്ലാം ലഭിച്ചാലും പരിഹരിക്കാൻ കഴിയാത്ത ചില പ്രശ്നങ്ങളുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് ശുചിത്വവുമായും മാലിന്യസംസ്കരണവുമായും ബന്ധപ്പെട്ടവ. അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതോടൊപ്പം പൊതുസമൂഹത്തിന്റെ ശീലങ്ങളിൽ അനുഗുണമായ മാറ്റങ്ങൾകൂടി വരുത്തി മാത്രമേ ഈ പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കാണാനാകൂ. ഇത് തിരിച്ചറിഞ്ഞാണ്  ശുചിത്വ മാലിന്യ സംസ്കരണം ഉൾപ്പെടെയുള്ളവ പരിഹരിക്കാനായി ഒരു മിഷന് രൂപംനൽകാൻ സർക്കാർ തീരുമാനിച്ചത്. അങ്ങനെയാണ് 2016 ഡിസംബറിൽ ഹരിതകേരളം മിഷന് തുടക്കം കുറിക്കുന്നത്.

ആ തീരുമാനത്തിന്റെ ശരിമ വെളിപ്പെടുന്ന അനുഭവങ്ങളാണ് നാലുവർഷമായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. മാലിന്യസംസ്കരണം, കൃഷി, ജലസംരക്ഷണം എന്നിവയിലെല്ലാം മുമ്പെങ്ങുമില്ലാത്ത  കുതിപ്പാണ് ഇപ്പോൾ നടക്കുന്നത്. മാലിന്യസംസ്കരണമേഖലയിലെ ഹരിതകേരളം മിഷൻ പ്രവർത്തനങ്ങൾ പൂജ്യത്തിൽനിന്ന് ആരംഭിക്കേണ്ട സ്ഥിതിയായിരുന്നു. എന്നാൽ, നാലുവർഷമെത്തുമ്പോൾ പകുതിയോളം തദ്ദേശസ്ഥാപനങ്ങൾ ശുചിത്വപദവിയിലേക്ക് എത്തുന്നു എന്നത് ഏറെ സന്തോഷവും അഭിമാനവും പകരുന്നു.


 

കഴിഞ്ഞ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച  12 ഇന പരിപാടിയിൽ 500 പഞ്ചായത്തിനെയും 50 നഗരസഭയെയും ശുചിത്വപദവിയിൽ എത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അത് എളുപ്പം സാധിക്കുമെന്ന്‌ ആരും കരുതിയില്ല. കോവിഡ്–-19  പ്രതിസന്ധി കൂടിവന്നതോടെ ഈ ലക്ഷ്യം അപ്രാപ്യമാണെന്നുതന്നെ വിധിയെഴുതി. എന്നാൽ, കോവിഡിനോട് പൊരുതുമ്പോഴും ശുചിത്വ മാലിന്യസംസ്‌കരണ പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് തദ്ദേശസ്ഥാപനങ്ങൾ തയ്യാറായില്ല. ക്യാമ്പുകളിലെയും സമൂഹ അടുക്കളകളിലെയും മാലിന്യങ്ങൾ സുരക്ഷിതമായി സംസ്‌കരിക്കുന്നതിന് സംവിധാനമൊരുക്കി. മാത്രമല്ല, പലതും പൂർണമായി ഗ്രീൻ പ്രോട്ടോകോൾ പാലിച്ചാണ് പ്രവർത്തിച്ചത്. കേരളത്തെ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമാക്കി മാറ്റുമെന്ന്‌ എൽഡിഎഫ്‌ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു.

ആ വാഗ്ദാനം നിറവേറ്റുന്നതിന്റെ ഭാഗമായിരുന്നു ഹരിതകേരളം മിഷന്റെ രൂപീകരണം. ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും പിന്തുണയും നിർദേശങ്ങളും സാങ്കേതികസഹായങ്ങളുമെല്ലാം തദ്ദേശസ്ഥാപനങ്ങൾക്ക് ലഭ്യമായതോടെ ഒരു പുതിയ അധ്യായം തുറക്കുകയായിരുന്നു. കുടുംബശ്രീ മിഷൻ, ക്ലീൻ കേരള കമ്പനി, ഗ്രാമ നഗര തൊഴിലുറപ്പ് പദ്ധതികൾ, വിവിധ ഹരിത സഹായസ്ഥാപനങ്ങൾ എന്നിവകൂടി കൈകോർത്തു. 100 ദിന കർമപരിപാടിയുടെ ഭാഗമായി 250 തദ്ദേശസ്ഥാപനത്തെ 2020 ഡിസംബറിനുള്ളിൽ ശുചിത്വപദവിയിൽ എത്തിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

ജൈവമാലിന്യം ഉറവിടത്തിൽ സംസ്‌കരിക്കുക, അജൈവ മാലിന്യസംസ്‌കരണത്തിനാവശ്യമായ സംവിധാനം സജ്ജമാക്കുക, അജൈവ മാലിന്യശേഖരണത്തിന് ഹരിതകർമസേനയുടെ സേവനവും സംഭരണത്തിന് കളക്‌ഷൻ ഫെസിലിറ്റിയും ഒരുക്കുക, പൊതുസ്ഥലങ്ങൾ മാലിന്യമുക്തമാക്കുക, സർക്കാർ ഓഫീസുകളിലും പൊതു സ്വകാര്യചടങ്ങുകളിലും ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കുക തുടങ്ങി 20 നിബന്ധന സൂചകങ്ങളായി നിശ്ചയിച്ചിട്ടുള്ള സർക്കാർ ഉത്തരവ് പാലിച്ചാണ് ശുചിത്വപദവി നിർണയം നടത്തുന്നത്. സമ്പൂർണ ശുചിത്വപദവിയിലേക്കുള്ള ആദ്യപടിയായ ശുചിത്വപദവി നേട്ടത്തിലാണ് പകുതിയോളം സ്ഥാപനങ്ങൾ ഇന്ന് എത്തിച്ചേർന്നിട്ടുള്ളത്. ഇവിടെ പ്രത്യേകം എടുത്തുപറയേണ്ട ഒരു കാര്യം, എല്ലാ പ്രതികൂല സാഹചര്യങ്ങളുമുണ്ടായിട്ടും 2020 ഡിസംബറിൽ പൂർത്തിയാക്കാനാഗ്രഹിച്ച ലക്ഷ്യത്തിന്റെ ഇരട്ടിയിലധികം ഒക്ടോബറിൽത്തന്നെ  നേടാൻ നമുക്ക് സാധിച്ചൂ എന്നതാണ്. 501 പഞ്ചായത്തും 58 നഗരസഭയും ഉൾപ്പെടെ 559  സ്ഥാപനമാണ് ഇപ്പോൾ ശുചിത്വപദവിയിൽ എത്തിയിട്ടുള്ളത്. കൂടാതെ, ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ മുഴുവൻ  പഞ്ചായത്തുകളും ശുചിത്വപദവിയിൽ എത്തിയ 30 ബ്ലോക്ക് പഞ്ചായത്തും ശുചിത്വ ബ്ലോക്കുകളായും മാറുകയാണ്.

ജൈവ, അജൈവ മാലിന്യങ്ങളുടെ സുരക്ഷിതവും ശാസ്ത്രീയവുമായ സംസ്കരണത്തിനാണ് ആദ്യഘട്ടത്തിൽ ഹരിതകേരളം മിഷൻ പ്രവർത്തനങ്ങളിൽ പ്രാധാന്യം നൽകിയത്. സംസ്ഥാനമൊട്ടാകെ 1141 മെറ്റീരിയൽ കലക്‌ഷൻ ഫെസിലിറ്റിയും ഇതിനുപുറമേ 2825 മിനി മെറ്റീരിയൽ കലക്‌ഷൻ ഫെസിലിറ്റിയും നിലവിലുണ്ട്‌.  52.88 ലക്ഷം വീടുകളിലും 2.36 ലക്ഷം സ്ഥാപനത്തിലും ഉറവിട മാലിന്യസംസ്‌കരണ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലുമുള്ള ജൈവ മാലിന്യസംസ്കരണത്തിനായി ബയോഗ്യാസ് പ്ലാന്റുകൾ, എയ്റോബിക് കമ്യൂണിറ്റി കമ്പോസ്റ്റിങ്‌ യൂണിറ്റുകൾ തുടങ്ങിയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

ഈ സംവിധാനങ്ങളൊക്കെ ഫലപ്രദമാക്കിയാണ് ഇപ്പോൾ 559 തദ്ദേശസ്ഥാപനം ശുചിത്വമികവിൽ എത്തിനിൽക്കുന്നത്. കേവലം നാല്‌ വർഷംകൊണ്ടുണ്ടാക്കാൻ കഴിഞ്ഞ മാറ്റം വളരെ വലുതാണെന്ന് വിലയിരുത്താനാകും. ജൈവ, അജൈവ മാലിന്യസംസ്കരണത്തിനായുള്ള പദ്ധതികൾ നടപ്പാക്കാത്ത ഒരു തദ്ദേശസ്ഥാപനവും സംസ്ഥാനത്തില്ല എന്നതുതന്നെ വലിയ നേട്ടമാണ്.

ഇലക്ട്രോണിക് മാലിന്യങ്ങൾ ഉൾപ്പെടെയുള്ള മറ്റ് മാലിന്യങ്ങൾ ശേഖരിച്ച് സുരക്ഷിതമായി സംസ്‌കരിക്കുന്നതിനും തുടക്കം കുറിച്ചിട്ടുണ്ട്. 1554 മെട്രിക് ടൺ ഇലക്ട്രോണിക് മാലിന്യമാണ്  ശേഖരിച്ചത്. ഇതിനുപുറമേ 1127 മെട്രിക് ടൺ പൊടിച്ച പ്ലാസ്റ്റിക് ഉപയോഗിച്ച് 2023.34 കി.മീ റോഡ് ടാറിങ്‌ നിർവഹിച്ചു എന്നതും എടുത്തുപറയേണ്ടതാണ്.

ദ്രവമാലിന്യസംസ്‌കരണം, ഇറച്ചിമാലിന്യങ്ങളുടെ സംസ്‌കരണം, തലമുടി മാലിന്യസംസ്‌കരണം തുടങ്ങിയവയിൽ ശ്രദ്ധേയമായ പദ്ധതികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. വായുവും വെള്ളവും മണ്ണും മലിനമാകാത്ത ഹരിതസുന്ദര നവകേരളമെന്ന സ്വപ്നസാക്ഷാൽക്കാരത്തിലേക്ക് പ്രേരണയും പ്രചോദനവുമേകുന്നതാണ് ശുചിത്വപദവി നേട്ടം.

നാട്ടിലെമ്പാടും അനാവശ്യ വിവാദങ്ങളുയർത്തി ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള പ്രതിപക്ഷത്തിന്റെ പരിശ്രമങ്ങൾക്കിടയിലും പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ മുഴുവൻ നടപ്പാക്കി അതിന്റെ അടുത്ത പടിയിലേക്ക്‌ മുന്നേറുന്ന പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോകുകയാണ്. കേവല പ്രഖ്യാപനങ്ങളിലല്ല ജനങ്ങൾക്ക് അനുഭവവേദ്യമാകുന്ന മാറ്റങ്ങളിലാണ് സർക്കാർ ഊന്നൽ നൽകുന്നത്. ശുചിത്വമാലിന്യ സംസ്കരണമേഖലയിലെ നേട്ടങ്ങളും ഇതുതന്നെയാണ് തെളിയിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top