15 November Friday

നോട്ടുകളുടെ എണ്ണത്തിൽ വൻ വർധന

അഡ്വ. ടി കെ തങ്കച്ചൻUpdated: Tuesday Sep 10, 2019


റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആഗസ്ത് 29ന് പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടു പ്രകാരം 2019 മാർച്ച് 31ന് പ്രചാരത്തിലുള്ള ബാങ്ക് നോട്ടുകളുടെ മൂല്യം 21.11 ലക്ഷം കോടിരൂപയാണ്. മുൻവർഷത്തിനേക്കാൾ 17 ശതമാനം വർധന. നോട്ടുകളുടെ എണ്ണം10,230 കോടിയിൽനിന്ന് 10,876 കോടിയായും വർധിച്ചു. അതായത് 646 കോടി നോട്ടുകൾ കറൻസി സംവിധാനത്തിൽ വർധിച്ചു.

2016 നവംബർ എട്ടിന് 500,1000 രൂപയുടെ 2402 കോടി നോട്ടുകളാണ് നിരോധിച്ചത്. പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകളുടെ മൂല്യത്തിൽ 86 ശതമാനവും എണ്ണത്തിൽ 22 ശതമാനവും റദ്ദ് ചെയ്തിട്ടും മൂന്നു വർഷത്തിനിപ്പുറം  ബാങ്കുനോട്ടുകളുടെ എണ്ണവും മൂല്യവും വർധിച്ചുകൊണ്ടിരിക്കുന്നു. നോട്ടുനിരോധന ദിവസം പ്രചാരണത്തിലുണ്ടായിരുന്ന ബാങ്കുനോട്ടുകളുടെ മൂല്യം 16.6 ലക്ഷം കോടിരൂപയാണ്. നോട്ടുകളുടെ എണ്ണം  9027 കോടിയും. സ്വതന്ത്ര ഇന്ത്യയിൽ നടപ്പാക്കിയ ഏറ്റവും സംഭ്രമജനകവും നാടകീയവുമായ സാമ്പത്തിക നടപടിയായിരുന്നു നോട്ടുനിരോധനം. അഴിമതി, കള്ളപ്പണം, നികുതിവെട്ടിപ്പ്, കള്ളനോട്ട് വ്യാപനം എന്നീ സാമൂഹ്യതിന്മകൾ ഉന്മൂലനം ചെയ്യുന്നതിന് ഏറ്റവും ശേഷിയും കണിശതയുമുള്ള മിന്നലാക്രമണം, അറ്റവിദ്യ എന്നും മറ്റും നോട്ടുനിരോധനത്തെ അനുകൂലിച്ചവർ പുകഴ്ത്തി. നൊബേൽ ജേതാക്കൾ, മുൻ റിസർവ് ബാങ്ക് ഗവർണർമാർ,  ധനകാര്യ വിദഗ്ധർ എന്നിവരും അവരവരുടെ സുചിന്തിതമായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു. സ്വതന്ത്ര ഇന്ത്യയിലെ ജനങ്ങളുടെ ജീവിതത്തെ ഇത്രവ്യാപകമായി സ്പർശിച്ച സാമ്പത്തിക നടപടി  മുമ്പ് ഉണ്ടായിട്ടില്ല.

ഡിജിറ്റൽ പണമിടപാടുകളോട് സാധാരണ ജനങ്ങൾക്ക്  താൽപ്പര്യമില്ല
നോട്ടുനിരോധനത്തിനുശേഷം ഇറക്കിയിട്ടുള്ള പുതിയ ഡിസൈൻ നോട്ടുകളാണ് ഇപ്പോൾ പ്രചാരത്തിലുള്ളതിൽ  ഏറിയപങ്കും. എന്നാൽ, നിരോധിച്ച 500,1000 രൂപ (സ്പെസിഫൈഡ് ബാങ്ക് നോട്ടുകൾ)  പരിശോധിക്കുന്നതിനുമാത്രം മുൻഗണന ലഭിച്ചിരുന്നതിനാൽ കറൻസി മാനേജ്മെന്റിന്റെ മറ്റു സാധാരണ പ്രവർത്തനങ്ങൾ പൂർണമായി അവഗണിക്കപ്പെടുകയും തൽഫലമായി നമ്മുടെ കറൻസി സംവിധാനത്തിൽ മുഷിഞ്ഞതും വൃത്തിഹീനവുമായ നോട്ടുകൾ ധാരാളം അവശേഷിക്കുകയും ചെയ്യുന്നു.  മുഷിഞ്ഞതും  വൃത്തിഹീനവുമായ ഈ നോട്ടുകൾ വീണ്ടും പ്രചാരത്തിലിറക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇടപാടുകാരോട് ചെയ്യുന്നത് 1934ലെ ആർബിഐ നിയമത്തിന്റെ 27–ാം വകുപ്പിന്റെ ലംഘനമാണ്. ഇടപാടുകൾക്ക് പണം നിരന്തരം ഉപയോഗിക്കുന്ന സാധാരണക്കാരാണ് റിസർവ് ബാങ്കിന്റെ നയരാഹിത്യത്തിന്റെ ഇരകൾ.

പ്രചാരത്തിലുണ്ടാകുമായിരുന്ന ബാങ്കുനോട്ടുകളുടെ മൂല്യം 3.4 ലക്ഷം കോടിരൂപ കുറഞ്ഞൂഎന്നും അത് നോട്ടുനിരോധനത്തിന്റെ അപ്രഖ്യാപിത നേട്ടമാണെന്നുമാണ് കേന്ദ്ര ധനമന്ത്രി രാജ്യസഭയിൽ പറഞ്ഞത്.   കേന്ദ്രധനമന്ത്രിയുടെ മറുപടിയിൽ നോട്ടുനിരോധനത്തിനുമുമ്പ് പ്രചാരത്തിലുണ്ടായിരുന്ന ബാങ്കുനോട്ടുകളുടെ മൂല്യം 17.74 ലക്ഷംകോടി രൂപയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.  2014 ഒക്ടോബർ മുതൽ ബാങ്ക് നോട്ടുകളുടെ മൂല്യവർധന പ്രതിവർഷം14.51 ശതമാനം എന്ന കണക്കിന് 2019 മെയ് 31 ന് പ്രചാരത്തിലുണ്ടാകേണ്ടിയിരുന്നത് 25.13 ലക്ഷം കോടി രൂപയാണ്. എന്നാൽ, 2019 മെയ് 31 ന് പ്രചാരത്തിലുള്ളത് 21.71 ലക്ഷംകോടി രൂപയാണ്. പ്രചാരത്തിലുണ്ടായിരുന്ന ബാങ്ക് നോട്ടുകളുടെ മൂല്യത്തിൽ കാണുന്ന 3.4 ലക്ഷം കോടിരൂപയുടെ കുറവ് നോട്ടുനിരോധനത്തിന്റെ അപ്രഖ്യാപിത നേട്ടമാണെന്നാണ്  കേന്ദ്ര ധനമന്ത്രി രാജ്യസഭയിൽ പറഞ്ഞത്.

കാണുന്നത് വൻ വർധനയാണ്. സാധാരണ ജനങ്ങളുടെ ആഭിമുഖ്യം ഡിജിറ്റൽ പണമിടപാടുകളോടല്ല എന്നത് വ്യക്തം

ഡിജിറ്റൽ പണമിടപാട് വർധിപ്പിച്ച്, സമ്പദ് ഘടനയിൽ നോട്ട് ഉപയോഗം കുറയ്ക്കുന്നതിനുള്ള പദ്ധതി നോട്ടുനിരോധനത്തിന്റെ പ്രഖ്യാപിതലക്ഷ്യങ്ങളിൽ ഉൾപ്പെടുത്തി പ്രാധാന്യം നൽകിയിരുന്നു. നോട്ടുനിരോധന ദിവസം രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകളുടെ എണ്ണം 9,027 കോടിയായിരുന്നു. അതിൽ 2,402 കോടി നോട്ടുകൾ റദ്ദ് ചെയ്തു. എന്നിട്ടും 2019 മാർച്ച് 31 ന് പ്രചാരത്തിലുള്ള ബാങ്ക് നോട്ടുകളുടെ എണ്ണം 10,876 കോടി. 163 കറൻസി ചെസ്റ്റുകൾ കഴിഞ്ഞവർഷം പൂട്ടി. എന്നിട്ടും രാജ്യത്ത് സാധാരണ ജനങ്ങൾ ദൈനംദിന പണമിടപാടുകൾക്ക് നോട്ടുകൾ ഉപയോഗിക്കുന്ന രീതിയിൽ കുറവ് കാണുന്നില്ല. കാണുന്നത് വൻ വർധനയാണ്. സാധാരണ ജനങ്ങളുടെ ആഭിമുഖ്യം ഡിജിറ്റൽ പണമിടപാടുകളോടല്ല എന്നത് വ്യക്തം.

2016 മാർച്ച് 31ന് പ്രചാരത്തിലുണ്ടായിരുന്ന ബാങ്ക് നോട്ടുകളുടെ മൂല്യം 16.42 ലക്ഷം കോടിരൂപയാണ്. പ്രതിവർഷം 11.5 ശതമാനം ശരാശരി വർധന കണക്കാക്കിയാൽ 2019 മാർച്ച് 31ന് പ്രചാരത്തിലുണ്ടാകേണ്ടിയിരുന്ന ബാങ്ക് നോട്ടുകളുടെ മൂല്യം 22.76 ലക്ഷം കോടിരൂപയെന്ന് കാണാം. 2019 ലെ വാർഷിക റിപ്പോർട്ട് പ്രസിദ്ധീകരിച്ച ആഗസ്ത് 29 ന് തൊട്ടുമുമ്പ് പ്രചാരത്തിലുള്ള ബാങ്ക് നോട്ടുകളുടെ മൂല്യം 21.99 ലക്ഷം കോടിരൂപയാണ്. അപ്പോൾ നോട്ടുനിരോധനംമൂലം പ്രചാരത്തിലുണ്ടാകേണ്ടിയിരുന്ന നോട്ടുകളുടെ മൂല്യത്തിൽ 3.41ലക്ഷം കോടിരൂപ കുറവ് വന്നു എന്ന് കേന്ദ്രധനമന്ത്രി രാജ്യസഭയിൽ നൽകിയ കണക്ക് സാങ്കൽപ്പികമാണെന്ന് കരുതേണ്ടിവരും.

നോട്ട് നിരോധനത്തിനുശേഷവും കള്ളനോട്ടുകൾ വർധിച്ചു
രാജ്യത്ത് വർധിച്ചുവന്നിരുന്ന കള്ളനോട്ടുകൾ ധനസ്രോതസ്സായി  ഉപയോഗിച്ചു നടത്തപ്പെട്ടിരുന്ന ഭീകരപ്രവർത്തനങ്ങളാണ് നോട്ടുനിരോധന പദ്ധതിയിലേക്ക് നയിച്ച ഒരു പ്രധാന ഘടകമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വെബ്സൈറ്റിൽ വിശദീകരണം നൽകിയിരുന്നു. നോട്ടുനിരോധനം സുപ്രീംകോടതിയിൽ ചോദ്യം  ചെയ്യപ്പെട്ടപ്പോൾ കേന്ദ്ര സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ നോട്ടുനിരോധനം ലക്ഷ്യംവച്ചത് കറൻസി സംവിധാനത്തിൽ കടന്നുകൂടിയിട്ടുള്ള 400 കോടിരൂപയുടെ കള്ളനോട്ടുകളുടെ നിർമാർജനം ആയിരുന്നു. നിരോധിത നോട്ടുകളുടെ പരിശോധനയിൽ 2016 മുതൽ  കണ്ടുപിടിക്കപ്പെട്ടത് 85.8 കോടി രൂപയുടെ കള്ളനോട്ടുകൾ എന്നാണ് പിന്നീടുവന്ന വാർഷിക റിപ്പോർട്ടുകളിൽനിന്ന് കാണുന്നത്.

ഇപ്പോൾ പ്രചാരത്തിലുള്ള രണ്ടായിരം രൂപ നോട്ടുകളിൽനിന്ന്  2017‐18 ൽ കണ്ടുപിടിച്ചിരിക്കുന്നത് 17,929 കള്ളനോട്ടാണ്. അതായത് 3.58 കോടിരൂപ. 2018‐19 ൽ കണ്ടുപിടിച്ചിരിക്കുന്നത് 21,847 കള്ളനോട്ടാണ്.  4.3 കോടിരൂപ. പുതിയ ഡിസൈൻ അഞ്ഞൂറ് രൂപാ നോട്ടുകളിൽ 2017‐18 ൽ കണ്ടുപിടിക്കപ്പെട്ട കള്ളനോട്ടുകളുടെ എണ്ണം 9892 ആണ്. 2018‐19 ൽ കണ്ടുപിടിച്ചത് 21,865 നോട്ടാണ്. നോട്ടുനിരോധനം കള്ളനോട്ടുകൾ  നിർമാർജ്ജനം ചെയ്ത പദ്ധതിയുടെ അടയാളമല്ല എന്നതിന്റെ തെളിവാണ്  ഈ കണക്ക്.

ജൂൺ 25ന് കേന്ദ്രധനമന്ത്രി രാജ്യസഭയിൽ നൽകിയ മറുപടിയിൽ കണ്ടുപിടിക്കപ്പെടുന്ന കള്ളനോട്ടുകളുടെ എണ്ണം നോട്ടുനിരോധനത്തിനുശേഷം ഗണ്യമായി കുറഞ്ഞു എന്നാണ് പറഞ്ഞത്. സ്പെസിഫൈഡ് ബാങ്കുനോട്ടുകൾ  എല്ലാം പ്രത്യേകം പരിശോധിച്ചു കഴിഞ്ഞു. അവയിൽ സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്ന 400 കോടിരൂപയുടെ കള്ളനോട്ടുകൾ കണ്ടില്ല. റദ്ദ് ചെയ്ത 500, 1000 രൂപ നോട്ടുകൾ നമ്മുടെ രാജ്യത്ത് യഥാക്രമം 30 വർഷവും 17 വർഷവും പ്രചാരത്തിലുണ്ടായിരുന്നു. പിന്നീടാണ് അവ നിരോധിച്ചത്. 2016 നവംബർ എട്ടിനുശേഷംമാത്രം പ്രചാരത്തിലിറക്കിയിട്ടുള്ള പുതിയ ഡിസൈൻ 2000, 500, 200, 100 രൂപ നോട്ടുകളിൽ കണ്ടുപിടിക്കപ്പെടുന്ന വ്യാജനോട്ടുകളുടെ എണ്ണം കള്ളനോട്ട് വ്യാപനത്തിന്റെ കാണാപ്പുറങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top