16 August Sunday

ആരായിരുന്നു ശരി

പി രാജീവ‌്Updated: Wednesday Jul 10, 2019


ശബരിമലയിൽ പ്രായവ്യത്യാസമില്ലാതെ എല്ലാ സ്ത്രീകൾക്കും പ്രവേശിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്ന് പ്രഖ്യാപിച്ച സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട‌് കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്റിൽ ഉണ്ടായ സംഭവങ്ങൾ എല്ലാവരെയും ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. പാർലമെന്റ‌് സമ്മേളനം തുടങ്ങിയ ഉടൻതന്നെ ഇതുസംബന്ധിച്ച സ്വകാര്യബിൽ  അവതരിപ്പിക്കുന്നതിന് അനുമതി തേടി യുഡിഎഫ് എംപിയായ പ്രേമചന്ദ്രൻ നോട്ടീസ് നൽകിയതിന‌് മാധ്യമങ്ങൾ വലിയ പ്രചാരവേല നൽകുകയുണ്ടായി. സ്വകാര്യബില്ലിന്റെ പ്രാധാന്യവും നോട്ടീസ് നൽകിയതിനുശേഷമുള്ള നടപടി ക്രമങ്ങളും പരിചിതമായിട്ടുള്ള, മാധ്യമങ്ങളുടെ പാർലമെന്റ് റിപ്പോർട്ടർമാർ പർവതീകരിച്ച റിപ്പോർട്ടുകളാണ് നൽകിയത്. അതിന്റെ വിശദാംശങ്ങളിലേക്ക് പോകുന്നില്ല.

രണ്ടാമത്തേത് ശശി തരൂർ ഉന്നയിച്ച ചോദ്യമാണ്. ശബരിമലയിലെ സുപ്രീംകോടതിവിധി മറികടക്കുന്നതിന് നിയമ നിർമാണത്തിനോ ഭരണഘടനാഭേദഗതിക്കോ കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നുണ്ടോയെന്നതായിരുന്നു അദ്ദേഹത്തിന്റെ മുഖ്യചോദ്യം. ഇവർ രണ്ടുപേരും യുഡിഎഫിനെ പ്രതിനിധാനംചെയ്യുന്ന എംപിമാരാണ്. തങ്ങൾ അധികാരത്തിൽവന്നാൽ ശബരിമലയെ സംബന്ധിച്ച് സംസ്ഥാനത്ത് നിയമം നിർമിക്കുമെന്നാണ് ലോക‌്സഭാ തെരഞ്ഞെടുപ്പ്  കഴിഞ്ഞയുടൻ കേരളത്തിലെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചത്. അപ്പോൾ സുപ്രീംകോടതിവിധി മറികടക്കുന്നതിന് സംസ്ഥാനമാണോ കേന്ദ്രമാണോ നിയമം നിർമിക്കേണ്ടത്. പാർലമെന്റിന്റെയും സംസ്ഥാന നിയമസഭകളുടെയും നിയമനിർമാണ അധികാരമേഖലകൾ ഭരണഘടന കൃത്യമായി നിർവചിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ യുഡിഎഫിന്റെ അഭിപ്രായം അറിയുന്നതിന് നാടിന് താൽപ്പര്യമുണ്ട്.

പ്രേമചന്ദ്രനും ശശി തരൂരും കഴിഞ്ഞ പാർലമെന്റിലും അംഗങ്ങളായിരുന്നു. സെപ്തംബർ 28ന്റെ സുപ്രീംകോടതി വിധിക്കുശേഷം നടന്ന പാർലമെന്റ‌് സമ്മേളനങ്ങളിൽ സ്വകാര്യബിൽ അവതരിപ്പിക്കുന്നതിന് നോട്ടീസ് നൽകാതിരുന്നതെന്തുകൊണ്ട്? കേരളത്തിൽ സുപ്രീംകോടതി വിധിക്കെതിരെ യുഡിഎഫ് സമരംചെയ്യുന്ന സന്ദർഭത്തിൽ ഉത്തരവാദിത്തമുള്ള പാർലമെന്റ‌് അംഗത്തിന് ഇപ്പോൾ കൊടുത്ത നോട്ടീസ് അന്ന‌് കൊടുക്കാൻ കഴിയാതിരുന്നത് അറിവില്ലായ്‌മകൊണ്ടല്ല. അന്ന് നിയമം കൊണ്ടുവരണമെന്ന് പറഞ്ഞ് സ്വകാര്യബില്ലിന‌് നോട്ടീസ് നൽകിയാൽ നിയമനിർമാണത്തിന്റെ ഉത്തരവാദിത്തം കേന്ദ്രത്തിനാണ് എന്ന് പരോക്ഷമായി പ്രഖ്യാപിക്കലാണ്. അപ്പോൾപിന്നെ എൽഡിഎഫ് സർക്കാരിനെതിരെ സമരംചെയ്യാൻ കഴിയില്ല. വിശ്വാസികളിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് വോട്ടുനേടുക എന്നതിനപ്പുറം ഒരു വിശ്വാസ സംരക്ഷണവും റവല്യൂഷണറി പാർടിക്കാരന്, പ്രത്യേകിച്ചും യുഡിഎഫിന് പൊതുവേയും ഉണ്ടായിരുന്നില്ലെന്ന് വ്യക്തം. 

 

സ്വകാര്യബിൽ അവതരിപ്പിക്കുന്നതിന് അനുമതി നൽകിയ സന്ദർഭത്തിൽ ബിജെപിയുടെ നേതൃത്വം നടത്തിയ പ്രതികരണങ്ങൾ മറ്റൊരു വഞ്ചനയെയും പുറത്തുകൊണ്ടുവന്നു. സുപ്രീംകോടതി വിധി മറികടക്കാൻ നിയമനിർമാണംകൊണ്ട് കഴിയില്ലെന്ന് ബിജെപി നേതാവ് രാംമാധവ് വ്യക്തമാക്കി. മീനാക്ഷി ലേഖി എംപിയും സമാനമായ അഭിപ്രായപ്രകടനം സഭയ‌്ക്കകത്ത് നടത്തുകയുണ്ടായി. ശശി തരൂരിന് നൽകിയ മറുപടിയിൽ സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമായതിനാൽ മറ്റൊന്നും പറയാൻ കഴിയില്ലെന്നും വ്യക്തമാക്കി. അപ്പോൾ സുപ്രീംകോടതി വിധിക്കെതിരെ ഏതറ്റംവരെയും പോയി നിയമം നിർമിക്കുമെന്ന് ബിജെപി  തെരഞ്ഞെടുപ്പിനുമുമ്പ് പ്രഖ്യാപിച്ചത് കേവലം വോട്ടു കിട്ടുന്നതിന് വിശ്വാസികളെ കബളിപ്പിക്കാനായിരുന്നു. സുപ്രീംകോടതിവിധി മറികടക്കുന്നതിന് കേന്ദ്രത്തിന് നിയമം നിർമിക്കുന്നതിന് അധികാരമില്ലെന്ന് പറയുന്ന പാർടിയാണ് സംസ്ഥാനം നിയമം നിർമിക്കണമെന്നുപറഞ്ഞ് കലാപം നടത്തി ശബരിമലയെ കളങ്കിതമാക്കാൻ ശ്രമിച്ചത്.

ശബരിമലയിൽ പ്രായവ്യത്യാസമില്ലാതെ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന നിലപാടാണ് ബിജെപിക്ക് ആദ്യമുണ്ടായിരുന്നത്. വിധി വന്നപ്പോൾ സ്വാഗതം ചെയ‌്തതും അവർതന്നെയാണ്. എന്നാൽ, രാഷ്ട്രീയ നേട്ടത്തിനായി നിലപാടിൽനിന്ന‌് മലക്കംമറിഞ്ഞ് ശബരിമലയെ കലാപഭൂമിയാക്കി മാറ്റുകയാണ് ബിജെപി ചെയ‌്തത‌്. വിധി വന്നപ്പോൾ സ്വാഗതംചെയ‌്ത കോൺഗ്രസും വോട്ട് ലക്ഷ്യംവച്ച് പിന്നീട് അവസരവാദപരമായ നിലപാട് സ്വീകരിച്ചു. തങ്ങൾ വിശ്വാസികളുടെ വികാരത്തിനൊപ്പമാണെന്നാണ് രണ്ടു പാർടികളും ന്യായീകരണമായി പറഞ്ഞത്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ രണ്ടുകൂട്ടരും എത്രപെട്ടെന്നാണ് വിശ്വാസിയെ കൈവിട്ടത്. ഇപ്പോൾ ചെന്നിത്തല സംസ്ഥാനത്ത് നിയമം പാസാക്കുമെന്ന് പ്രഖ്യാപിക്കുന്നത് നിയമസഭാതെരഞ്ഞെടുപ്പുവരെ വീണ്ടും വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനാണ്.

 

ശബരിമലയിലെ സ്ത്രീപ്രവേശന കാര്യത്തിൽ കോടതി വിധികൾക്കൊപ്പം നിൽക്കുകയെന്നതായിരുന്നു ഇടതുപക്ഷം സ്വീകരിച്ച സമീപനം. 1991ലെ സ്ത്രീപ്രവേശനം നിയന്ത്രിക്കുന്ന ഹൈക്കോ ടതിവിധി നടപ്പാക്കിയ എൽഡിഎഫ് സർക്കാർ അതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചില്ല. ഇപ്പോഴത്തെ വിധി വന്നപ്പോഴും അത് നടപ്പാക്കേണ്ട ഭരണഘടനാപരമായ ബാധ്യത പ്രഖ്യാപിക്കുകയാണ് സർക്കാർ ചെയ‌്തത‌്. തർക്കമുള്ളവർക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്ന‌്‌ വ്യക്തമാക്കുകയുംചെയ‌്തു. സുപ്രീംകോടതി നാളെ മറ്റൊരു വിധി പ്രഖ്യാപിച്ചാൽ അതായിരിക്കും നടപ്പാക്കുകയെന്നും വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അതു തന്നെയാണ് ബിജെപിയും പരസ്യമായി പറഞ്ഞത്. എത്ര ആസൂത്രിതമായാണ് ഇവർ വിശ്വാസിസമൂഹത്തെ വഞ്ചിച്ചത്.

പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകൾ ശബരിമലയിൽ പോകുന്നത് ആചാരലംഘനവും വിശ്വാസത്തിനെതിരാണെന്നും വിശ്വാസിയായ സ്ത്രീയോ പുരുഷനോ കരുതുന്നതിൽ അവരെ തെറ്റുപറയാൻ കഴിയില്ല. അത് അവരുടെ വൈയക്തികമായ കാര്യമാണ്. അതുകൊണ്ട് പോകാതിരിക്കുന്നതിനുള്ള പൂർണമായ സ്വാതന്ത്ര്യം ഏതൊരു വിശ്വാസിക്കുമുണ്ട്. ആരെങ്കിലും പ്രവേശിച്ചാൽ തങ്ങളുടെ വിശ്വാസത്തെക്കൂടി ബാധിക്കുമെന്ന് കരുതുന്ന വിശ്വാസികളുമുണ്ടായിരിക്കാം. അത് ഒരു കുറ്റവുമല്ല. എന്നാൽ, പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകളെ തടയുന്നത് മൗലികാവകാശ ലംഘനമാണെന്ന് സുപ്രീംകോടതി വിധിച്ചാൽപിന്നെ സർക്കാരിന് ഒന്നുംചെയ്യാൻ കഴിയില്ല എന്ന യാഥാർഥ്യം അംഗീകരിക്കുകയുംവേണം. എന്നാൽ, കലാപങ്ങളിലൂടെയും വൈകാരിക പ്രചാരവേലകളിലൂടെയും വിശ്വാസിയെ തെറ്റിദ്ധരിപ്പിക്കാനും സർക്കാരിനെതിരെയാക്കാനും ബിജെപിയും കോൺഗ്രസും ശ്രമിച്ചു. അവരെ യാഥാർഥ്യം ബോധ്യപ്പെടുത്തുന്നതിൽ  ഇടതുപക്ഷത്തിന‌് കുറവുകളുണ്ടായി.  ശബരിമലയുടെ കാര്യത്തിൽ സുപ്രീംകോടതി  വിധിയുള്ളിടത്തോളം സർക്കാരിന‌് ഒന്നുംചെയ്യാൻ കഴിയില്ലെന്ന്  ആവശ്യം കഴിഞ്ഞപ്പോൾ ബിജെപിയും വ്യക്തമാക്കി.

ഭരണഘടനയുടെ ആർട്ടിക്കിൾ 13 പ്രകാരം മൗലികാവകാശത്തെ നിഷേധിക്കുന്നതോ പരിമിതപ്പെടുത്തുന്നതോ ആയ ഒരു നിയമവും നിർമിക്കാൻ സർക്കാരിന് അധികാരമില്ല. ഭരണഘടന അംഗീകരിക്കുന്നതിന് മുമ്പുള്ള ഏതെങ്കിലും നിയമം  മൗലികാവകാശത്തിന് എതിരാണെങ്കിൽ അവ അസാധുവാണെന്നും ഭരണഘടന പ്രഖ്യാപിച്ചു. അതുകൊണ്ട് മൗലികാവകാശമാണെന്ന് സുപ്രീകോടതി വിധിച്ചതിൽ അതിനെതിരായി പിന്നെ നിയമനിർമാണമോ ഓർഡിനൻസോ സർക്കാർ  ഉത്തരവോ അസാധ്യമായിരിക്കും. ആർട്ടിക്കിൾ 13 ബാധകമല്ലാത്തത് ഭരണഘടനാഭേദഗതിക്ക് മാത്രമാണ്.  കേശവാനന്ദഭാരതി കേസിലെ സുപ്രീംകോടതിവിധിക്കു ശേഷം ഭരണഘടനാഭേദഗതിക്ക്  പാർലമെന്റിന‌് പരമാധികാരമില്ല. ഭരണഘടനയുടെ  അടിസ്ഥാനശിലയെ ബാധിക്കുന്ന ഭേദഗതികൾ അസാധുവായിരിക്കും. ആർട്ടിക്കിൾ 14ഉം 15ഉം അടിസ്ഥാനശിലയുടെ ഭാഗമാണെന്ന് നിരവധി കേസുകളിൽ സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. അപ്പോൾപിന്നെ ഈ കേസിൽ ഭരണഘടനാഭേദഗതിയും അസാധ്യമാണ്. അതാണ് പാർലമെന്റിൽ യാഥാർഥ്യം തുറന്നുപറയാൻ സർക്കാർ നിർബന്ധിതമായത്. പരാതിയുള്ളവർക്ക് പരിഹാരം തേടി സുപ്രീംകോടതിയെ സമീപിക്കാമെന്ന സംസ്ഥാന സർക്കാരിന്റെ സമീപനം ഇപ്പോൾ എല്ലാവരും പരോക്ഷമായെങ്കിലും സമ്മതിച്ചിരിക്കുന്നു.

സുപ്രീംകോടതിവിധിയുടെ കാര്യത്തിൽ ആരായിരുന്നു സത്യസന്ധമായ നിലപാട് സ്വീകരിച്ചതെന്നും ആരൊക്കെയാണ് വോട്ടിനും സങ്കുചിത രാഷ്ട്രീയ താൽപ്പര്യത്തിനുമായി കലാപം നടത്തിയതെന്നും ഇപ്പോൾ പകൽപോലെ വ്യക്തം. തെറ്റിദ്ധരിക്കപ്പെട്ട വിശ്വാസിസമൂഹം യാഥാർഥ്യം തിരിച്ചറിയുകതന്നെ ചെയ്യും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top