25 April Thursday

ഇറാൻ: ട്രംപിന്റെ കൂറുമാറ്റവും രാഷ്ട്രീയ പ്രത്യാഘാതവും

വെബ് ഡെസ്‌ക്‌Updated: Thursday May 10, 2018


പ്രതീക്ഷിച്ചപോലെ ഇറാനുമായുള്ള ആണവകരാറിൽനിന്ന‌് പിൻവാങ്ങുന്നതായി അമേരിക്കൻ പ്രസിഡന്റ്  ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ആറ് രാഷ്ട്രം ഇറാനുമായി ഒപ്പിട്ട സംയുക്തവും സമഗ്രവുമായ കർമപദ്ധതിയിൽനിന്ന് നിർലജ്ജം അമേരിക്ക കൂറുമാറുമ്പോൾ അത് പശ്ചിമേഷ്യയിൽ കനത്ത പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. മേഖല അശാന്തമാകും.

യുഎൻ സ്ഥിരാംഗങ്ങളായ അമേരിക്കയും റഷ്യയും ബ്രിട്ടനും ഫ്രാൻസും ചൈനയും 2015ൽ ഇറാനുമായി ഒപ്പിട്ടതാണ് ഈ കരാർ. ഇറാനിലെ ആണവ റിയാക്ടറുകളിൽ നിന്നുള്ള യുറേനിയം സമ്പുഷ്ടീകരണം ഉൾപ്പെടെ നിയന്ത്രിക്കുന്നതായിരുന്നു കരാർ. ഇറാനിലെ ആണവനിലയങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും കരാറിൽ വ്യവസ്ഥയുണ്ട്. കരാർ പാലിച്ച് മുന്നോട്ടുപോകുന്നപക്ഷംഇറാനെതിരായ ഉപരോധം ഘട്ടംഘട്ടമായി പിൻവലിക്കുമെന്നും ധാരണയുണ്ട്. ആണവകരാർ നടപ്പാക്കിയതിന്റെ ഫലം കണ്ടുതുടങ്ങിയെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകളെല്ലാം സൂചിപ്പിക്കുന്നത്. കരാറിന്റെ വ്യവസ്ഥകൾ ഇറാൻ പാലിക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി 2018 ഫെബ്രുവരിയിലാണ് വ്യക്തമാക്കിയത്.

അതേസമയം, ഉപരോധമെന്ന തടസ്സം നീക്കിനൽകുന്നതിലൂടെ ഈ മേഖലയിലെ സുപ്രധാന സാമ്പത്തികശക്തിയായി ഇറാൻ മാറുമെന്നത് അമേരിക്കൻ സാമ്രാജ്യത്വത്തിന് സഹിക്കാവുന്നതിലും അപ്പുറമാണ്.  ബുഷിന്റെ കാലംമുതൽ അമേരിക്കൻ സുരക്ഷാ സംവിധാനങ്ങൾ പശ്ചിമേഷ്യയിലെ പ്രധാന ഭീഷണിയായി കണ്ട് ഇറാനെ ലക്ഷ്യമിട്ടുവരുകയാണ്. ഈയിടെ സിറിയയിൽ അമേരിക്കയും അവരുടെ പ്രാദേശിക സഖ്യകക്ഷി സൗദി അറേബ്യയും ചേർന്ന് നടത്താനിരുന്ന സായുധകലാപം ബാഷർ അൽ അസദ് സർക്കാർ, റഷ്യയുടെയും ഇറാന്റെയും സഹായത്തോടെ തടഞ്ഞു. ഇത്  ഇറാനോടുള്ള അമേരിക്കയുടെ ഭ്രാന്തമായ എതിർപ്പ് വർധിപ്പിക്കാനിടയാക്കി.

ആണവകരാറിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ഇസ്രയേലിലെ നെതന്യാഹു സർക്കാരിന് എല്ലാ പിന്തുണയും  ട്രംപ് നൽകുന്നുണ്ട്. മേഖലയിലെ ആണവായുധശേഷിയുള്ള ഏക രാജ്യമായി ഇസ്രയേലിനെ നിലനിർത്തണമെന്നാണ് അമേരിക്ക‐ഇസ്രയേൽ അച്ചുതണ്ട് ആഗ്രഹിക്കുന്നത്. എന്നാൽ, ആണവനിർവ്യാപന ഉടമ്പടി ഒപ്പുവയ്ക്കാത്ത ഇസ്രയേൽ, ഉടമ്പടിയുടെ ഭാഗമായ ഇറാനെ ആണവനിർവ്യാപന വ്യവസ്ഥ ലംഘിച്ചുവെന്ന് കുറ്റപ്പെടുത്തുന്നത്  വൈരുധ്യമാണ്.

ഇറാനെ പരസ്യമായി ശത്രുപക്ഷത്ത് നിർത്തിയ  സൗദി അറേബ്യയുടെ പിന്തുണയും അമേരിക്കയ്ക്ക് ലഭിച്ചിട്ടുണ്ട്. കരാറിൽനിന്ന‌് പിൻവാങ്ങരുതെന്നും ഉടമ്പടിയിലെ വ്യവസ്ഥകൾ  ശക്തിപ്പെടുത്താൻ മറ്റ് വഴിതേടാമെന്നുമുള്ള ഫ്രാൻസ്, ബ്രിട്ടൻ, ജർമനി എന്നീ രാജ്യങ്ങളുടെ അഭ്യർഥന ട്രംപ് തള്ളി. അമേരിക്കയുടെ ഏറ്റവും അടുത്ത യൂറോപ്യൻ സഖ്യകക്ഷികളാണ് ഈ രാജ്യങ്ങൾ. ട്രംപിന്റെ നടപടിയിൽ ഈ മൂന്നു രാജ്യവും വിയോജിപ്പ് പ്രകടിപ്പിച്ചു.

കരാർ നിലനിൽക്കുന്നുണ്ടെന്നും അത് തെറ്റിച്ചാൽ താൻ രാജ്യത്തെ ആണവോർജ സമിതിയോട് വ്യാവസായികതലത്തിൽ  യുറേനിയം സമ്പുഷ്ടീകരണത്തിന് തയ്യാറെടുക്കാൻ ഉത്തരവ് നൽകുമെന്നും ഇറാനിയൻ പ്രസിഡന്റ് ഹസ്സൻ റൂഹാനി യൂറോപ്യൻ സഖ്യകഷികളെ അറിയിച്ചിട്ടുണ്ട്്. അമേരിക്ക ഒഴികെ കരാറൊപ്പിട്ടുള്ള യുഎൻ സ്ഥിരാംഗങ്ങളായ നാല് രാഷ്ട്രവും കരാർ നിലനിർത്താനുള്ള എല്ലാ ശ്രമവും നടത്തേണ്ടതുണ്ട്.

ഉയർന്നുവരുന്ന അമേരിക്ക‐ഇസ്രയേൽ‐സൗദി അറേബ്യ അച്ചുതണ്ടിന്റെ നേതൃത്വത്തിൽ പശ്ചിമേഷ്യയിൽ അക്രമോത്സുക ഇടപെടലുകൾക്ക് കോപ്പുകൂട്ടുകയാണെന്ന സൂചനയാണ് ട്രംപിന്റെ നീക്കങ്ങളിൽനിന്ന‌് വ്യക്തമാകുന്നത്. ഇതിനകംതന്നെ സിറിയയിലെ ഇറാന്റെ സ്ഥാപനങ്ങൾക്കുനേരെ ഇസ്രയേലിന്റെ മിസൈൽ ആക്രമണമുണ്ടായി.

ഇറാനെതിരായ ഉപരോധം പുനഃസ്ഥാപിക്കുമെന്നും അധികമായി പിഴ ഈടാക്കുമെന്നുമാണ് ട്രംപ് അറിയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ നിലപാടുകളിൽ ഉറച്ചുനിന്ന് അത്തരം ഉപരോധങ്ങളെ തള്ളിക്കളയുകയും രക്ഷാസമിതി വഴി ഐക്യരാഷ്ട്രസഭയുടെ ഉപരോധമായി ഇതിനെ മാറ്റാനുള്ള നീക്കത്തെ ചെറുക്കുകയും ചെയ്യേണ്ടത്  സ്ഥിരാംഗങ്ങളായ നാല് രാഷ്ട്രത്തിന്റെ ഉത്തരവാദിത്തമാണ്.

ഇറാനെ ആസൂത്രിതമായി ശത്രുപക്ഷത്ത് നിർത്താനുള്ള അമേരിക്കയുടെ നീക്കം ഇന്ത്യയെ സംബന്ധിച്ച് കടുത്ത ആശങ്കയ്ക്ക് ഇടനൽകുന്നതാണ്. ഇറാനിൽനിന്ന‌് വൻതോതിൽ ഇന്ത്യ എണ്ണ വാങ്ങാൻ തുടങ്ങിയിട്ടുണ്ട്. ചബാഹാർ തുറമുഖത്തിലെ നിക്ഷേപം ഉൾപ്പെടെ ഇറാനുമായി ഇന്ത്യ വാണിജ്യ,വ്യാപാര ബന്ധങ്ങൾ പുനഃസ്ഥാപിച്ചു. ഇറാനുമായുള്ള ഈ ബന്ധം അവസാനിപ്പിക്കാനായിരിക്കും അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെടുക. ദീർഘവീക്ഷണമില്ലാതെ അമേരിക്കയുമായി നയതന്ത്ര ആശ്ലേഷം സ്ഥാപിച്ച മോഡി സർക്കാർ  അത് നിർബന്ധമായും അവസാനിപ്പിക്കുകയും ഇറാനുമായുള്ള  ബന്ധം പരിമിതപ്പെടുത്താനുള്ള സമ്മർദങ്ങളെ നിരാകരിക്കുകയും വേണം. അല്ലാത്തപക്ഷം അത് രാജ്യതാൽപ്പര്യത്തിന് എതിരായി മാറും.

മൻമോഹൻസിങ്് സർക്കാർ 2007ൽ അമേരിക്കൻ താൽപ്പര്യത്തിന് വഴങ്ങി ആണവ വിഷയത്തിൽ അന്താരാഷ്ട്ര ആണവോർജ ഏജൻസിയിൽ ഇറാനെതിരെ വോട്ട് ചെയ്തത് ഈ സന്ദർഭത്തിൽ  ഓർക്കേണ്ടതുണ്ട്. തുടർന്ന് അമേരിക്കയുടെ ആവശ്യപ്രകാരം ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി വൻതോതിൽ വെട്ടിക്കുറയ‌്ക്കുകയും  വാണിജ്യ ബന്ധങ്ങൾ വിച്ഛേദിക്കുകയും ചെയ്തു. ഇത് ആവർത്തിക്കരുത്.

ട്രംപിന്റെ ഏകപക്ഷീയവും അനുചിതവുമായ നടപടി മറ്റൊരു മേഖലയിലും അലയൊലി തീർക്കും. ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് അൻ  ആഴ്ചകൾക്കകം ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇറാനുമായുള്ള കരാറിൽനിന്ന‌് ട്രംപ് പിൻമാറിയ സാഹചര്യത്തിൽ ആണവ വിഷയത്തിൽ അമേരിക്കയുമായുള്ള ഏതൊരു ഉടമ്പടിക്കും സുവ്യക്തമായ ജാഗ്രത കിം ജോങ് അൻ പാലിക്കും. ഉത്തരവാദിത്തത്തിന്റെയും കരാറിന്റെയും കാര്യത്തിൽ വിശ്വസിക്കാൻ കഴിയാത്ത രാഷ്ട്രമാണ് അമേരിക്കയെന്ന് ട്രംപ് തെളിയിച്ച സാഹചര്യത്തിൽ അന്നിന്റെ നടപടി സാധൂകരിക്കപ്പെടുകയും ചെയ്യും.

പ്രധാന വാർത്തകൾ
 Top