23 February Saturday

ടിപ്പു സുല്‍ത്താന്‍ : ആധുനികതയുടെ അവതരണസ്ഥാനം

സുനില്‍ പി ഇളയിടംUpdated: Thursday Nov 9, 2017

ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിന്റെ ചരിത്രം എഴുതിയ, കഴിഞ്ഞ തലമുറയിലെ പ്രമുഖ ചരിത്രകാരന്‍ താരാചന്ദ്, ടിപ്പു സുല്‍ത്താനും അദ്ദേഹത്തിന്റെ പിതാവായ ഹൈദര്‍ അലിയും ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ഉയര്‍ത്തിയ കനത്ത വെല്ലുവിളിയെക്കുറിച്ച് ഇങ്ങനെ രേഖപ്പെടുത്തി:  

പൊട്ടിക്കാന്‍ വളരെ പ്രയാസമുള്ള പുറന്തോടുകളുള്ള വിത്തുകളാണ് തങ്ങളെന്ന് മൈസൂരിലെ സുല്‍ത്താന്മാരായ ഹൈദര്‍ അലിയും ടിപ്പുവും തെളിയിച്ചു. ബ്രിട്ടീഷുകാരെയും അവരുടെ സഖ്യകക്ഷികളെയും അവര്‍ വെല്ലുവിളിച്ചു. അത്യന്തധീരതയോടെ അവര്‍ നാല് യുദ്ധം നടത്തി. അവസാനത്തെ യുദ്ധത്തില്‍ ബ്രിട്ടീഷ് പീരങ്കികള്‍ക്ക് കൈവരിക്കാനാകാത്ത നേട്ടം ബ്രിട്ടീഷ് സ്വര്‍ണം സാധ്യമാക്കി. മന്ത്രിമാര്‍ യജമാനനെ വഞ്ചിച്ചു. കീഴടങ്ങാന്‍ വിസമ്മതിച്ച ടിപ്പു തന്റെ കോട്ടയെ പ്രതിരോധിക്കാന്‍വേണ്ടി പോരാടി വീരചരമം പ്രാപിച്ചു.

പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളില്‍ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ഇന്ത്യയില്‍ ഉയര്‍ന്ന ചെറുത്തുനില്‍പ്പുകളില്‍ ഏറ്റവും ബലിഷ്ഠവും മഹത്വപൂര്‍ണവുമായിരുന്നു ടിപ്പു സുല്‍ത്താന്റേത്. 1750ല്‍ ജനിച്ച് തന്റെ 49-ാംവയസ്സില്‍, ബ്രിട്ടീഷുകാര്‍ക്കെതിരായ നാലാം മൈസൂര്‍ യുദ്ധത്തില്‍ മരണം വരിച്ച ടിപ്പുവിനോളം ധീരമായും നിര്‍ഭയമായും മറ്റേതെങ്കിലും ഒരു ഇന്ത്യന്‍ ഭരണാധികാരി അക്കാലത്ത് ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ പോരാടിയിട്ടില്ല. പഴശ്ശിരാജാവിന്റെമുതല്‍ 1857ലെ വമ്പിച്ച ചെറുത്തുനില്‍പ്പുവരെ 19-ാംശതകത്തില്‍ അരങ്ങേറിയ ബ്രിട്ടീഷ്വിരുദ്ധ പോരാട്ടങ്ങളില്‍ മഹനീയസ്ഥാനവും ആധുനികപരിഷ്കൃതിയുടെ അവതരണസ്ഥാനവുമായിരുന്നു ടിപ്പു സുല്‍ത്താന്‍. ഹൈദരാബാദിലെ നൈസാമും മറാത്ത ഭരണാധികാരികളും ഇന്ത്യയിലെ എണ്ണമറ്റ നാട്ടുരാജാക്കന്മാരും ബ്രിട്ടീഷുകാര്‍ക്ക് കീഴ്പെട്ട്, അവര്‍ക്ക് കപ്പം കൊടുത്ത് ജീവിക്കുന്ന ദാസന്മാരായി കഴിയുന്ന വേളയില്‍, ടിപ്പു ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ അവസാനമില്ലാത്ത ചെറുത്തുനില്‍പ്പാണ് സംഘടിപ്പിച്ചത്. അതുകൊണ്ടാണ് ദേശീയവാദിയായ ചരിത്രകാരനായ എന്‍ കെ സിന്‍ഹ അന്തിമമായ പരാജയത്തിന്റെ ഇരുട്ട് ടിപ്പുവിന്റെ വ്യക്തിപരമായ ധീരതയുടെ തിളക്കത്താല്‍ നിഷ്പ്രഭമായിത്തീരുകയും ടിപ്പുവിനുമേല്‍ നിപതിച്ച പരാജയം അപകീര്‍ത്തിയാല്‍ കളങ്കപ്പെടുകയും ചെയ്തില്ല”എന്നു ടിപ്പുവിന്റെ പതനത്തെക്കുറിച്ച് രേഖപ്പെടുത്തിയത്.

എങ്കിലും ഇന്ത്യയുടെ ബ്രിട്ടീഷ്വിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രത്തിലെ ആ വലിയ പേരിനെ അപകീര്‍ത്തിപ്പെടുത്താനാണ് ഹൈന്ദവ വര്‍ഗീയവാദികള്‍ കാലങ്ങളായി ശ്രമിച്ചുപോന്നത്. അവരെ സംബന്ധിച്ചിടത്തോളം ടിപ്പു മതഭ്രാന്തനായ ഒരു സ്വേച്ഛാധിപതിമാത്രമാണ്. കുടകിലെയും മംഗലാപുരത്തെയും മലബാറിലെയും ഹിന്ദുക്കളെ ആക്രമിക്കുകയും മതപരിവര്‍ത്തനം ചെയ്യിക്കുകയും ചെയ്ത മതഭ്രാന്തന്‍മാത്രമായി ടിപ്പുവിനെ മുദ്രകുത്താനും അദ്ദേഹത്തിന്റെ ധീരോദാത്തമായ ബ്രിട്ടീഷ്വിരുദ്ധ പോരാട്ടങ്ങളുടെ സ്മരണയെ തുടച്ചുകളയാനും ഹൈന്ദവ വര്‍ഗീയവാദികള്‍ കാലങ്ങളായി പണിപ്പെട്ടുപോരുന്നുണ്ട്. മതവര്‍ഗീയതയുടെ കരുക്കള്‍ ഉപയോഗിച്ച് ദേശീയപ്രസ്ഥാനത്തെ പിളര്‍ക്കാന്‍ പരമാവധി പരിശ്രമിക്കുകയും മഹാത്മാഗാന്ധിയെ വെടിവച്ചുകൊല്ലുകയും ചെയ്ത പാരമ്പര്യത്തിന്റെ പ്രതിനിധികള്‍ ടിപ്പുവിനെ അധിക്ഷേപിക്കുന്നത് ഒട്ടും അസ്വാഭാവികമല്ല.

ടിപ്പുവിനെതിരായ അധിക്ഷേപങ്ങളുടെ അവതരണത്തിലും ഹിന്ദുത്വവാദികള്‍ തങ്ങളുടെ സാമ്രാജ്യത്വദാസ്യം മറയില്ലാതെ വ്യക്തമാക്കുന്നുണ്ട്. ടിപ്പുവിനെ വെറുമൊരു മതഭ്രാന്തന്‍മാത്രമായും ഹിന്ദുവിരോധിയായും ചിത്രീകരിച്ചത് അവരാണ്. മാര്‍ക് വില്‍ക്സ്മുതല്‍ വിന്‍സന്റ് സ്മിത്ത്വരെയുള്ള സാമ്രാജ്യത്വ ചരിത്രകാരന്മാരാണ്, തങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ ഉയര്‍ന്നുവന്ന ഏറ്റവും വലിയ ചെറുത്തുനില്‍പ്പിനെ അപകീര്‍ത്തിപ്പെടുത്താനായി ഇത്തരത്തിലുള്ള അവതരണം ആരംഭിച്ചത്. പിന്നീട് ഇന്ത്യയിലെ ദേശീയ ചരിത്രകാരന്മാരില്‍ ഒരു വിഭാഗം അതേറ്റെടുത്തു.‘ഭാരതീയ സംസ്കാരത്തിന്റെ യഥാര്‍ഥ പ്രതിനിധികളായ ഇന്ത്യയിലെ ഹിന്ദുനാട്ടുരാജാക്കന്മാര്‍ ബ്രിട്ടീഷുകാരുടെ ദാസന്മാരായി മാറിയ കാലത്ത്, ടിപ്പു സുല്‍ത്താനെപ്പോലൊരാള്‍ നടത്തിയ ധീരോദാത്തമായ പോരാട്ടം അവരുടെ ഹൈന്ദവ ദേശീയബോധത്തിന് സ്വീകാര്യമായില്ല. അതുകൊണ്ട് അവരുടെ ദൃഷ്ടിയില്‍ ടിപ്പു മതഭ്രാന്തനും അക്രമകാരിയും ഹിന്ദുവിരോധിയുമായ ഒരു സ്വേച്ഛാധിപതിയായി. അങ്ങനെ, ഹൈന്ദവ ദേശീയതയുടെയും ഹിന്ദു വര്‍ഗീയവാദത്തിന്റെയും ജന്മകാലംമുതല്‍ക്കെ അതിന്റെ വക്താക്കള്‍ പിന്‍പറ്റിപ്പോന്ന സാമ്രാജ്യത്വദാസ്യത്തിന്റെ ഏറ്റവും പ്രകടമായ ആവിഷ്കാരമായി അവരുടെ ടിപ്പുവിരോധം മാറിത്തീരുകയും ചെയ്തു.

നിശ്ചയമായും, ടിപ്പു സുല്‍ത്താന്‍ ഒരു ആധുനിക-മതനിരപേക്ഷ ഭരണകര്‍ത്താവായിരുന്നില്ല. എന്നുതന്നെയല്ല, ടിപ്പുവിനുമുമ്പേ ജീവിച്ച അക്ബറെപ്പോലെ ഒരു ഭരണാധിപന്‍ വച്ചുപുലര്‍ത്തിയ അത്രയും മതപരമായ സഹിഷ്ണുതയും സമഭാവനയും ടിപ്പുവിന് ഉണ്ടായിരുന്നോ എന്നൊരാള്‍ക്ക് ന്യായമായി സംശയിക്കുകയും ചെയ്യാം. പക്ഷേ, അതൊന്നും ടിപ്പു സുല്‍ത്താന്‍ നടത്തിയ ധീരമായ ചെറുത്തുനില്‍പ്പുകളെയോ അത്രതന്നെ പ്രസിദ്ധി കൈവന്നിട്ടില്ലാത്ത അദ്ദേഹത്തിന്റെ ആധുനീകരണ ശ്രമങ്ങളെയോ തന്റെ രാജ്യത്തെ ഇതര മതവിഭാഗങ്ങളുമായി- പ്രത്യേകിച്ച് ഹിന്ദുക്കളുമായി- ടിപ്പു പുലര്‍ത്തിയിരുന്ന അത്യന്തം സൌഹാര്‍ദപൂര്‍ണമായ ബന്ധത്തെയോ ചെറുതാക്കുന്നില്ല. ഇവയെല്ലാം തമസ്കരിച്ച്, സാമ്രാജ്യത്വ ചരിത്രകാരന്മാര്‍ അതിശയോക്തിപരമായി ഉയര്‍ത്തിപ്പിടിച്ച ടിപ്പുവിന്റെ മതബോധത്തെമാത്രം മുന്‍നിര്‍ത്തി അദ്ദേഹത്തെ വിലയിരുത്താനാണ് ഹൈന്ദവ വര്‍ഗീയവാദികള്‍ ശ്രമിക്കുന്നത്.

പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളില്‍ ഇന്ത്യ ഭരിച്ചിരുന്ന രാജാക്കന്മാരില്‍ ആധുനികപരിഷ്കൃതിയുമായി ഏറ്റവുമധികം അടുത്തുനിന്ന ആളായിരുന്നു ടിപ്പു സുല്‍ത്താന്‍. കാവേരി നദിയില്‍ അണകെട്ടി ജലസേചനസൌകര്യങ്ങള്‍ ഒരുക്കാന്‍ തീരുമാനിക്കുകയും കര്‍ഷകര്‍ക്ക് കൃഷിഭൂമി ലഭ്യമാകുന്നവിധത്തില്‍ കൃഷിസ്ഥലങ്ങളും തരിശുഭൂമിയും വീതംവച്ചുനല്‍കുന്ന നയം പിന്തുടരുകയും ഇടനിലക്കാരായ ജമീന്ദാര്‍മാരെ ഒഴിവാക്കി നേരിട്ട് നികുതിപിരിക്കാന്‍ തുടങ്ങുകയും ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍പോന്നവിധം പട്ടുനൂല്‍പ്പുഴുവളര്‍ത്തലും പട്ടുനിര്‍മാണവും നടപ്പാക്കുകയും വിദേശത്തുനിന്ന് വിദഗ്ധരെ വരുത്തി ഗ്ളാസ്നിര്‍മാണവും കടലാസ് നിര്‍മാണവും ക്ളോക്ക് നിര്‍മാണവും നടത്തുകയും നാണയങ്ങള്‍ അടിച്ചിറക്കുന്നതില്‍ ലോകനിലവാരമുള്ള കമ്മട്ടങ്ങള്‍ സ്ഥാപിക്കുകയും ഫ്രഞ്ചുകാര്‍ അയച്ചുകൊടുത്ത 500 തോക്കുകള്‍ മൈസൂരില്‍ ഉണ്ടാക്കുന്നവയേക്കാള്‍ നിലവാരം കുറഞ്ഞവയാണെന്ന് ചൂണ്ടിക്കാട്ടി മടക്കിക്കൊടുക്കാന്‍പോന്ന വിധത്തില്‍ തന്റെ രാജ്യത്ത് സാങ്കേതികവളര്‍ച്ച കൈവരിക്കുകയും സമകാലികവിജ്ഞാനം മുഴുവന്‍ സംഗ്രഹിക്കാന്‍പോന്ന ഒരു ഗ്രന്ഥശാല രൂപപ്പെടുത്തുകയുമൊക്കെ ചെയ്ത ഒരാളായിരുന്നു ടിപ്പു സുല്‍ത്താന്‍. ടിപ്പുവിന്റെ നേതൃത്വത്തില്‍ നടന്ന ഈ ആധുനീകരണശ്രമങ്ങള്‍ 18-ാംനൂറ്റാണ്ടില്‍ ഇന്ത്യയിലെ മറ്റേതൊരു നാട്ടുരാജ്യത്ത് നടന്നതിനേക്കാളും എത്രയോ കാതം മുമ്പിലായിരുന്നു.

ഇതിനേക്കാളും പ്രാധാന്യം അര്‍ഹിക്കുന്നതാണ് തന്റെ രാജ്യത്തെ ഹൈന്ദവസമൂഹവുമായി ടിപ്പു പുലര്‍ത്തിയിരുന്ന അത്യന്തം സൌഹാര്‍ദപരമായ ജീവിതബന്ധം. ബ്രിട്ടീഷുകാരുടെ പിന്തുണക്കാരായി മാറിയ മലബാറിലെ ഹിന്ദുജന്മിമാരെയും അനുയായികളെയും ടിപ്പു ആക്രമിച്ചു എന്നതില്‍ തര്‍ക്കമില്ല. അതുപോലെ കൊങ്കണ്‍മേഖലയിലെ ക്രൈസ്തവരെ അദ്ദേഹം മതപരിവര്‍ത്തനത്തിന് വിധേയരാക്കി എന്നതിലും. ഇതുപക്ഷേ, മതവിദ്വേഷപരം എന്നതിനപ്പുറം അടിസ്ഥാനപരമായി സൈനികവും രാഷ്ട്രീയവുമായ നടപടിയായിരുന്നു. മതവിദ്വേഷപരമായിരുന്നുവെങ്കില്‍ തന്റെ രാജ്യത്തിനകത്തെ ഹിന്ദുമതസ്ഥാപനങ്ങള്‍ക്ക് നാനാതരം സഹായങ്ങള്‍ നല്‍കാനും അവയെ പിന്തുണയ്ക്കാനും ശക്തിപ്പെടുത്താനും ടിപ്പു മുതിരുമായിരുന്നില്ല. ശൃംഗേരിമഠം ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് ടിപ്പു നല്‍കിയ സഹായങ്ങളുടെ വിവരങ്ങള്‍ ഇപ്പോള്‍ വലിയ അളവില്‍ ലഭ്യമാണ്. അതേസമയം, ഹൈദരാബാദിലെ നൈസാമും കണ്ണൂരിലെ ആലിരാജബീവിയും മതപരിഗണനകള്‍ മാറ്റിവച്ച് ടിപ്പുവിനെതിരെ ഇംഗ്ളീഷുകാര്‍ക്കൊപ്പം ചേരുകയാണുണ്ടായത് എന്നതും ഓര്‍മിക്കണം. ടിപ്പു സ്വയം ഒരു മതവിശ്വാസിയും അതിന്റെ അടിസ്ഥാനത്തില്‍ ഭരണം നിര്‍വഹിക്കാന്‍ ശ്രമിച്ച ആളുമായിരുന്നു.

ഇര്‍ഫാന്‍ ഹബീബ് ചൂണ്ടിക്കാണിക്കുന്നതുപോലെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിലൂടെ മലബാറിലെ വിമതരെ ശിക്ഷിച്ച ടിപ്പുവിന്റെ നടപടിക്ക് ന്യായീകരണമൊന്നുമില്ല. പക്ഷേ, മുകളില്‍ സൂചിപ്പിച്ചതുപോലെ, അതിന് പ്രബലമായ മറുപുറവുമുണ്ട്. അതപ്പാടെ മൂടിവച്ച് ടിപ്പുവിനെ വെറുമൊരു മതഭ്രാന്തനാക്കാനുള്ള ഹിന്ദുത്വവാദികളുടെ ശ്രമം, അവരുടെ സാമ്രാജ്യത്വദാസ്യവും ചരിത്രത്തെ വളച്ചൊടിക്കാനുള്ള അവരുടെ അടങ്ങാത്ത വാസനയും മതാടിസ്ഥാനത്തില്‍ ഭൂതകാലത്തെ (വര്‍ത്തമാനകാലത്തെയും) വെട്ടിപ്പിളര്‍ക്കാനുള്ള ശ്രമത്തിന്റെയും ഭാഗമാണ്. ജനാധിപത്യവാദികള്‍ അതിനെ ചെറുത്തുതോല്‍പ്പിക്കുകതന്നെ വേണം

 

പ്രധാന വാർത്തകൾ
 Top