23 September Wednesday

സഹകരണമേഖലയിൽ ഇനിയെന്ത്

ജോർജ്‌ ജോസഫ്‌Updated: Thursday Jul 9, 2020


കോവിഡിന് ശേഷമുള്ള കാലത്ത്  സഹകരണ മേഖല നേരിടേണ്ടി വരുന്ന വെല്ലുവിളികൾ ഒട്ടും ചെറുതല്ല. ഇതിൽ സഹകരണ ബാങ്കിങ്  മേഖല നേരിടുന്നത് പ്രധാനമായും രണ്ടു പ്രശ്നങ്ങളാണ്. ഒന്ന്,  ഉയരുന്ന എൻപിഎ ആകുമ്പോൾ വായ്‌പാ  ബിസിനസ് കുറയുന്നു എന്നതാണ്.  രണ്ടാമത്തെ വലിയ വെല്ലുവിളി. എൻപിഎ ലെവൽ ഉയരുന്നത് പൊതുവിൽ  ബാങ്കിങ് മേഖലയുടെ ആശങ്ക ശക്തമാക്കുമ്പോൾ അത് ഇതുവരെയില്ലാത്ത വിധത്തിൽ ഗൗരവതരമായി മാറുന്നത് സഹകരണ മേഖലയിൽ ആയിരിക്കും. ലോക്‌ഡൗൺ മൂലമുണ്ടാകുന്ന ഹ്രസ്വകാല പ്രതിസന്ധി മറികടക്കുമ്പോഴായിരിക്കും അത്  കൂടുതൽ രൂക്ഷമായി  പ്രകടമാവുക.

ഏതാനും മാസങ്ങളായി ഗുരുതരമായ ഡിമാൻഡ് പ്രതിസന്ധിയാണ് ഇന്ത്യൻ സമ്പദ്ഘടന നേരിട്ട് വരുന്നത്.  ദൗർഭാഗ്യവശാൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 20  ലക്ഷം കോടിയുടെ കോവിഡ്  പാക്കേജ് ഡിമാൻഡ് സൈഡിനെ എങ്ങനെ ഉത്തേജിപ്പിക്കാം എന്ന കാര്യത്തിൽ മൗനം അവലംബിക്കുന്നു. പകരം സപ്ലൈ കൂട്ടുന്നതിനും മാർക്കറ്റിലെ ലിക്വിഡിറ്റി  എങ്ങനെ ഉയർത്താം  എന്ന തലത്തിനാണ്  ഊന്നൽ നൽകിയിരിക്കുന്നത്. അതുകൊണ്ട്  ഉദാരമായ വിധത്തിൽ കൂടുതൽ വായ്‌പകൾ അനുവദിക്കുന്നതിനാണ് പാക്കേജിൽ വലിയ  പ്രാധാന്യം നൽകിയിരിക്കുന്നത് എന്ന് കാണാം. ഇതിനെ തുടർന്ന്    റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകൾ ആർ ബി ഐ  കുറയ്‌ക്കുകയും ചെയ്തിട്ടുണ്ട്. റിപ്പോ നിരക്ക് നാല് ശതമാനത്തിലേക്കും റിവേഴ്‌സ് റിപ്പോ 3 .35 ശതമാനത്തിലേക്കും താഴ്‌ത്തി. വായ്പാ പലിശ നിരക്കുകൾ കുറയ്‌ക്കുകയും  മാർക്കറ്റിൽ കൂടുതൽ ലിക്വിഡിറ്റി പ്രദാനം ചെയ്യുകയുമാണ് ഇതിന്റെ ലക്ഷ്യം.


 

ഈ പ്രഖ്യാപനങ്ങൾക്കൊപ്പം ആർ ബി ഐ ഇന്ത്യൻ സമ്പദ്ഘടനയുടെ വളർച്ച നെഗറ്റീവായിരിക്കും എന്നും പറയുന്നു. നെഗറ്റീവ് വളർച്ച പ്രതീക്ഷിക്കുന്ന ഒരു സമ്പദ്ഘടനയിൽ ഉദാരമായി വായ്പ നൽകുന്നതിൽ പ്രത്യേകിച്ച് പ്രസക്തിയില്ല. വായ്‌പയെടുത്ത് സംരംഭങ്ങൾ തുടങ്ങാനോ, ഉള്ളത് മെച്ചപ്പെടുത്താനോ സാധ്യമാകുന്ന  മാർക്കറ്റ് സാഹചര്യം ഇപ്പോഴില്ല. അതുകൊണ്ട് മാർക്കറ്റിൽ  കൂടുതൽ  ഫണ്ട് ലഭ്യമാക്കുന്നത്‌ കൊണ്ട് പ്രത്യേകിച്ച്  ഒന്നും സംഭവിക്കുന്നില്ല.  മരവിപ്പ് മാറുകയും ഡിമാന്റിൽ വർധന ഉണ്ടാവുകയും ചെയ്യാതെ കൂടുതൽ നിക്ഷേപം സാധ്യമല്ലാതാകും. അതായത് ക്രെഡിറ്റ് ഓഫ് ടേക്ക് (വായ്‌പ എടുക്കുന്നതിന്റെ തോത്)  വീണ്ടും കുറയാൻ തന്നെയാണ് സാധ്യത എന്ന് ചുരുക്കം.  

പുതിയ സാമ്പത്തിക സമസ്യകൾ
2019 ഏപ്രിൽ മുതൽ 2021 മാർച്ചു വരെയുള്ള കാലയളവിൽ  വായ്പയെടുക്കുന്ന തോത് 3 .64 ശതമാനമാണ്. അതിനു  മുമ്പുള്ള ഒരു വർഷത്തിൽ ഇത് 10 . 72 ശതമാനമാണ്. ഇക്കാലയളവിൽ റിസർവ് ബാങ്ക് പലിശനിരക്കിൽ പല തവണകളായി ഇളവ് വരുത്തിയിരുന്നു.  കേവലം പലിശ നിരക്കിലെ ഇളവ് മാത്രമല്ല,  വായ്‌പയെടുക്കുന്നതിനെ സ്വാധീനിക്കുന്ന ഘടകം . വായ്‌പ  ഫലപ്രദമായി നിക്ഷേപിക്കാൻ കഴിയുന്ന സാമ്പത്തിക സാഹചര്യവും അതിന് ആവശ്യമാണ്. അതുകൊണ്ട് എൻപിഎ പ്രതിസന്ധിക്കൊപ്പം ആഴത്തിലുള്ളതായിരിക്കും വായ്‌പ ബിസിനസിലെ മരവിപ്പ്. കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾക്ക് മുന്നിൽ അത്ര പരിചിതമല്ലാത്ത പുതിയ സാമ്പത്തിക  സമസ്യകളായിരിക്കും ഇത് രൂപപ്പെടുത്തുക.  നിലവിലുള്ള ആസ്തികൾ നിഷ്‌ക്രിയമായി മാറുന്നതിനുള്ള സാധ്യതകൾ ശക്തമാകുമ്പോൾ തന്നെ  വായ്‌പയെടുക്കുന്നതിന്റെ തോത് കുറയുകയും ചെയ്യുന്നു എന്നതാണ് അത്.   കിട്ടാക്കടത്തിന്റെ കാര്യത്തിൽ സഹകരണ മേഖലയ്‌ക്ക് കർക്കശമായ നടപടികളിലേക്ക് പോവുക    പ്രയാസകരമായിരിക്കും. കാരണം ആളുകളെ അവരുടെ താമസ സ്ഥലങ്ങളിൽനിന്ന് ഇറക്കി വിടുകയോ, ജീവനോപാധികൾ ഏറ്റെടുക്കുകയോ ചെയ്യുന്ന തരത്തിലുള്ള റിക്കവറി നടപടികൾ   അഭിലഷണീയമായ കാര്യമല്ല.


 

കൂടുന്ന കിട്ടാക്കടം
എൻപിഎ ലെവൽ ഉയരുന്നത് കൂടുതൽ ജാഗ്രതയോടെ സഹകരണ മേഖല കാണേണ്ടതുണ്ട്. പ്രത്യേകിച്ച് 1482 അർബൻ സഹകരണ ബാങ്കുകളുടെയും 58  അന്തർ സംസ്ഥാന സഹകരണ ബാങ്കുകളുടെയും നിയന്ത്രണം ഓർഡിനൻസ് വഴി റിസർവ് ബാങ്ക് ഏറ്റെടുത്ത സാഹചര്യത്തിൽ.  സഹകരണ ബാങ്കുകളുടെ സൂപ്പർവൈസറി ആക്ഷൻ ഫ്രെയിംവർക്കിൽ ( എസ്എഎഫ് )  റിസർവ് ബാങ്ക് വരുത്തിയ മാറ്റങ്ങളും ഇതിനോട് അനുബന്ധമായി  ചേർത്ത് വായിക്കേണ്ടതുണ്ട്. ഇതനുസരിച്ച് കിട്ടാക്കടം ആറ് ശതമാനത്തിന് മുകളിലായാൽ ആ സഹകരണ ബാങ്കുകൾ എസ് എ എഫ് പരിധിയിൽ വരും. ഇങ്ങനെ വന്നാൽ വായ്‌പ കൊടുക്കുന്നത് തടയുന്നതടക്കമുള്ള നടപടികളിലേക്ക് റിസർവ് ബാങ്കിന് കടക്കാൻ കഴിയും. ബാങ്ക് തുടർച്ചയായി രണ്ടു വർഷം നഷ്ടത്തിലായാൽ അത് എസ് എ എഫ് പരിധിയിൽ വരും. വാണിജ്യ ബാങ്കുകൾക്ക് മേൽ കൊണ്ടുവന്ന പ്രോംപ്റ്റ് കറക്ടീവ് ആക്ഷൻ (പി സി എ) സമാനമായ നടപടികളാണ് റിസർവ് ബാങ്ക് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകൾക്ക് മേൽവരിക. അർബൻ ബാങ്കുകളുടെ കിട്ടാക്കടം 2018–--19 സാമ്പത്തിക വർഷത്തിൽ 7 .1 ശതമാനത്തിലേക്ക് ഉയർന്നു. ബാങ്കുകളുടെ ലാഭക്ഷമതയിലും കുറവുണ്ടായതായി  റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. റിസർവ് ബാങ്കിന്റെ പൂർണമായ നിയന്ത്രണത്തിലേക്ക് സഹകരണ ബാങ്കിങ് മേഖല പോകുന്നതിന് അനുകൂലമായ  സാമ്പത്തിക സാഹചര്യം നിർമിതമാവുകയാണ്. കോവിഡ് മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി സഹകരണ ബാങ്കിങ് മേഖലയെ വരുതിയിൽ നിർത്താനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾക്ക് കൂടുതൽ ശക്തി പകരുകയും ചെയ്യുന്നു. ഇത് മേഖലയുടെ സ്ഥാപനോദ്ദേശത്തിന് കടക വിരുദ്ധവും അതിലെ ജനാധിപത്യ പ്രവർത്തന ശൈലിയെ ഹനിക്കുന്നതുമായിരിക്കും.

നിലവിലെ സാമ്പത്തിക പ്രതിസന്ധി ഉയർത്തുന്ന വെല്ലുവിളികൾ സഹകരണ സ്ഥാപനങ്ങളുടെ ഇന്നത്തെ രീതിയിലുള്ള നിലനിൽപ്പിനുതന്നെ ഭീഷണിയാണ്. പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് ബാങ്കിന്റെ തകർച്ചയും മഹാരാഷ്ട്രയിലെ തന്നെ സി കെ പി കോ ഓപ്പറേറ്റിവ് ബാങ്ക്, ഗോവയിലെ മപ്പൂസ് അർബൻ ബാങ്ക് എന്നിവയുടെ ബാങ്കിങ് ലൈസൻസ് റദ്ദാക്കിയ നടപടിയും ഇവിടെ പ്രസ്താവ്യമാണ്. ഈ ബാങ്കുകളുടെ തകർച്ച എങ്ങനെ ഉണ്ടായി എന്നത് വളരെ ആഴത്തിൽ വിചിന്തനം ചെയ്യേണ്ട ഒന്നാണ്. 1984ൽ സ്ഥാപിതമായ പി എം സി ബാങ്ക് ഹൗസിങ്‌ ഡെവലപ്പ്‌മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്‌ചർ ലിമിറ്റഡ് എന്ന സ്വകാര്യ റിയൽ എസ്റ്റേറ്റ് കമ്പനിക്ക്   നൽകിയത് 2500 കോടി രൂപയുടെ വായ്പയാണ്. ഇതടക്കം വർഷങ്ങളായി കുമിഞ്ഞു കൂടിയ കിട്ടാക്കടം റിസർവ്  ബാങ്ക് ഓഡിറ്റിൽ കണ്ടെത്തിയില്ല എന്നതും ദുരൂഹമാണ്. മനഃപ്പൂർവമായി വരുത്തുന്ന തട്ടിപ്പുകളാണോ  എന്ന സംശയം പോലും ഇത് ഉയർത്തുന്നുണ്ട്.

കൂട്ടായ സാമ്പത്തിക സംരംഭങ്ങളിലേക്ക്‌
എൻപിഎ തോത് കുറയ്ക്കുന്നതിനും കൂടുതൽ ഫണ്ട് വായ്‌പ ബിസിനസിലേക്ക് കൊണ്ടുവരുന്നതിനും ലോക്കൽ ഇക്കോണമിയെ ശക്തിപ്പെടുത്തുകയല്ലാതെ മറ്റു പോംവഴികളില്ല. വ്യക്തിഗത വായ്‌പകളിലേക്ക് കൂടുതൽ കേന്ദ്രീകരിക്കുന്നതിൽ കിട്ടാക്കടത്തിന്റെ തോത് ഉയരുമെന്ന വലിയ അപകടം പതിയിരിക്കുന്നുണ്ട്. കൂട്ടായ സാമ്പത്തിക പ്രവർത്തനങ്ങൾ, സംരംഭങ്ങൾ എന്ന തന്ത്രത്തിലേക്ക് സഹകരണ മേഖല മാറി ചിന്തിക്കേണ്ട ഘട്ടമാണ് ഇത്.  കാർഷികരംഗത്തും അനുബന്ധ മേഖലകളിലും പ്രാദേശിക തൊഴിൽമേഖലകളിലും കൂട്ടായി നിക്ഷേപിക്കേണ്ടതിന്റെ സാധ്യതകൾ ശക്തമായി ആരായേണ്ടതുണ്ട്. കാർഷികവിഭവങ്ങളുടെ മാർക്കറ്റിങ്‌ ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളുടെയും നേതൃകേന്ദ്രം സഹകരണ സ്ഥാപനങ്ങളായി മാറണം. ‘വ്യക്തി സമഷ്ടിക്കും സമഷ്ടി വ്യക്തിക്കും' എന്ന തത്വം സജീവമായി പ്രവർത്തിപഥത്തിൽ എത്തിക്കുക എന്നതാണ് പ്രതിസന്ധിയിൽ നിന്ന്‌ കരകയറാനുള്ള മാർഗം.   മുഴുവൻ ശക്തിയും എടുത്ത് പൊരുതുക എന്നത് മാത്രമാണ് സഹകാരികളുടെ  മുന്നിലുള്ള  ഏക പോംവഴിയും. കാരണം പ്രാദേശിക, ഗ്രാമീണ സമ്പദ്ഘടനയുടെ മൂലാധാരം സഹകരണമാണ് എന്നത് തന്നെ.

പ്രാദേശിക സമ്പദ്ഘടനയുടെ പ്രയോക്താക്കൾ
വായ്പയെടുത്തിട്ടുള്ളവരുടെ ജീവനോപാധികൾ തകർന്ന് പോകാതെ സംരക്ഷിക്കാൻ  സഹകരണ മേഖല  തയ്യാറാകണം. ജീവനോപാധികൾ നിലനിന്നാൽ മാത്രമേ കിട്ടാക്കടത്തിന്റെ തോതിനെ നിയന്ത്രിക്കാൻ കഴിയൂ എന്ന യുക്തിക്കായിരിക്കണം ഇവിടെ  മുൻഗണന.  അതിനാൽ  തങ്ങളുടെ പ്രവർത്തന മേഖലയിലെ ജനങ്ങളുടെ  ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള വ്യക്തമായ പദ്ധതികൾക്ക് രൂപം നൽകാൻ  പ്രാദേശിക തലത്തിൽ സഹകരണ സ്ഥാപനങ്ങൾക്ക് കഴിയണം.   പ്രാദേശിക സമ്പദ്ഘടനയെ  സംരക്ഷിച്ച് നിർത്തുന്നതിനും ഉത്തേജിതമാക്കുന്നതിനുമുള്ള കർമപദ്ധതികൾക്ക് ഓരോ സഹകരണ സ്ഥാപനവും രൂപം നൽകേണ്ടതുണ്ട്.  ലോക്കൽ എക്കോണമിയുടെ വികസന കേന്ദ്രം  എന്ന നിലയിലേക്ക് സഹകരണ സ്ഥാപനങ്ങൾ ഉയരുക തന്നെ വേണം. പ്രാദേശികമായ  തൊഴിൽ മേഖലകളെയും   ചെറുകിട, ഇടത്തരം വ്യവസായ, വാണിജ്യ മേഖലകളെയും നിലനിർത്തുന്നതിനും അവയുടെ പ്രവർത്തന നൈരന്തര്യം ഉറപ്പാക്കുന്നതിനുമുള്ള വിശദവും സൂക്ഷമവുമായ  പദ്ധതികൾ  ഓരോ സഹകരണ സ്ഥാപനവും തയാറാക്കണം. സഹകരണ ബാങ്കിങ് മേഖലയാണ് ഇതിൽ കൂടുതൽ ശ്രദ്ധിക്കേണ്ടത്.


 

കാരണം അതിലൂടെ ഉറപ്പാക്കപ്പെടുന്നത് സഹകരണ ബാങ്കുകളുടെ നിലനിൽപ്പ് തന്നെയാണ്. പ്രാദേശികമായി   ചെറുകിട,  ഇടത്തരം വ്യവസായ, വാണിജ്യ മേഖലകളെയും കാർഷിക രംഗത്തെയും ഉത്തേജിപ്പിക്കുന്നതിനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ടത് സഹകരണ മേഖലയുടെ ചുമതലയായി മാറുകയാണ്. ഇവയുടെ നിലനിൽപ്പിനും പുനരുജ്ജീവനത്തിനും ഉള്ള മാർഗങ്ങൾ ആരായുകയും അതിനെ സാമ്പത്തികമായി സഹായിക്കുകയും ചെയ്യുക എന്നതും ഈ ഘട്ടത്തിൽ  ആവശ്യം വേണ്ടുന്ന ഇടപെടലുകളാണ്. പ്രാദേശിക തലത്തിൽ ഇത്തരം ഇടപെടലുകളുടെ കേന്ദ്രവും നേതൃത്വവും സഹകരണ മേഖലയിലാകണം. പൊതുവായ സംരംഭങ്ങൾ എന്ന ആശയത്തിന് മുന്തിയ പരിഗണന നൽകണം. ഫണ്ടുകൾ ഇങ്ങനെ വിനിയോഗിക്കപ്പെടുന്നത് ലാഭക്ഷമതയെ സ്വാധീനിക്കും. പ്രാദേശിക അടിസ്ഥാനത്തിൽ ലഭ്യമാകുന്ന അസംസ്‌കൃത വസ്തുക്കളും സ്ഥലവും മറ്റു ഭൗതിക ഘടകങ്ങളും പരിഗണിച്ച് ഇതിനായി  സൂക്ഷ്മതലത്തിൽ വിവിധ പദ്ധതികൾക്ക്  രൂപം നൽകണം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top