13 July Monday

കാവ്യനീതി ഒരു റൊമാന്റിക് പദമല്ല , ദി എക്കണോമിസ്റ്റ് വിയറ്റ്‌നാമിനെ, കേരളത്തെ കുറിച്ച് പറയുമ്പോൾ..!

ജെയ്ക്ക് സി തോമസ്‌Updated: Saturday May 9, 2020

ആൽബർട്ട് കമ്യുവിന്റെ പ്ലേഗ് നോവൽ അവസാനിക്കുന്നത് രോഗത്തെ തുരത്തിയെറിഞ്ഞു  പിറന്നു വീണ ചന്ദ്രോദയങ്ങളെ,സൂര്യ നക്ഷത്രങ്ങളെ വരവേൽക്കുവാൻ നഗര കവാടങ്ങൾ മലർക്കെ  തുറക്കുന്ന ശബ്ദവുമായാണ് . അടച്ചുപൂട്ടിയ ലോകത്ത് മനുഷ്യർ  മരിച്ചു വീഴുന്ന മൂന്നാം ലോക യുദ്ധത്തിന്റെ കാലമാണ് .

ദേശാന്തരങ്ങൾക്കപ്പുറം ബ്രസീലിൽ  നിന്ന് കണ്ട ഉള്ളുകലങ്ങിയ കാഴ്‌ച്ച വനാന്തരങ്ങളിൽ നിന്നും മരങ്ങൾ വെട്ടിവീഴ്ത്തി വെളുപ്പിച്ചെടുത്ത്  മനുഷ്യ മൃതദേഹങ്ങൾക്കായൊരുക്കിയെടുത്ത  ആയിരക്കണക്കിന് കുഴികളുടെ ആകാശ ദൃശ്യങ്ങളാണ് . ഈ കാലം നിശ്ചയമായും പകർന്നു നൽകുന്ന പാഠം സർവ്വതിനും മീതെ മനുഷ്യനെ , മാനുഷികതയെ പ്രതിഷ്ഠിക്കുക എന്നത് തന്നെയാവും .

ആഴ്ചകളുടെ വ്യത്യാസത്തിൽ ടൈംസ് മാഗസിൻ പ്രസിദ്ധീകരിച്ച വാർത്തയിലെ കഥാപാത്രചിത്രം ഡാനി അസ്‌കിനി എന്ന അമേരിക്കൻ വനിതയുടേതായിരുന്നു . കോവിഡ് 19 സ്ഥിതീകരിച്ച അവരുടെ ചികിത്സാനന്തരം ലഭിച്ച ആശുപത്രി ബില്ല് തുകയുടെ  അക്കങ്ങൾ ടൈംസ് ന്റെ പേജുകളിൽ ഇങ്ങനെ തെളിഞ്ഞു $34927.43 . മനുഷ്യ മഹാ ഗാഥകളിൽ എവിടെയും തെളിഞ്ഞു ചിന്നിയ ന്യൂയോർക് നഗരം മരണം അനാഥമാക്കിയ ഏതേതോ പഴങ്കഥകളിലെ ശ്മശാന മൂകതയെ ഇന്ന് കുറിക്കുന്നുണ്ട് .

ആയിരകണക്കിന് മരണങ്ങളുടെ ശവമടക്കിനു വനാന്തരങ്ങൾ വെട്ടി തെളിച്ചു  കുഴിമാടങ്ങൾ ഒരുക്കുന്ന ബോള്‌‌സ്‌നാരൊയുടെ ബ്രസീൽ മുതൽ മുതിർന്നവരെ ചികിൽസിക്കാതെ മരണത്തെ ഒരു അനിവാര്യത എന്നപോലെ നമുക്ക് സ്വീകരിക്കണം എന്ന് പറയവേ ഹൃദയംപൊട്ടി  തേങ്ങിക്കരഞ്ഞ കോന്റെ  പ്രധാനമന്ത്രിയായ ഇറ്റലി, കോവിഡിനെ പ്രതിരോധിക്കാൻ നൂറുകണക്കിന് സ്വകാര്യ ആശുപത്രികളെ ഒരൊറ്റ രാത്രികൊണ്ട് പൊതുമേഖയിലേക്ക് മാറ്റിയ  സ്‌പെയിൻ . ഈ കാലഘട്ടത്തിൽ എത്രയെത്ര  പരിച്ഛേദങ്ങൾ അങ്ങനെ നമുക്ക് പാഠം പകർന്നു ഫണം വിടർത്തുന്നുണ്ട് .

എല്ലാ ചിത്രങ്ങളും വാർത്തകളും ജീവൻ കയ്യിലേന്തിയ മനുഷ്യനെ ഒർമ്മിപ്പിക്കുകയാണ് . അപ്പോഴാണ് ചീപ്പ് റേറ്റിംങ്ങിൽ  ഒരു വിയറ്റ്‌നാമും കേരളവും കോവിഡിനെ തുരത്തുകയാണെന്ന് , മൃതദേഹങ്ങൾ കുമിഞ്ഞുകൂടുന്ന ലോകയാഥാർഥ്യങ്ങൾക്കുനടുവിൽ നിന്നുകൊണ്ട് ദി എക്‌ണോമിസ്റ്റ്  വിളിച്ചു പറയുന്നത് . എക്കാലവും ഫ്രീ ട്രെയ്ഡും ഫ്രീ മാർക്കറ്റും ആഗോളീകരണവും തങ്ങളുടെ നയമാണെന്നു പലപ്പോഴും തുറന്നു പറഞ്ഞ അതേ  എക്‌ണോമിസ്റ്റ്.

കാവ്യനീതി ഒരു കാല്പനിക പ്രയോഗമല്ല , കോവിഡ് കാലത്തെങ്കിലും അതൊരു ചരിത്ര വസ്തുതയും യാഥാർഥ്യങ്ങളുടെ നിർവചന വാചകവുമാണ് .

രണ്ടുനാൾ മുൻപുള്ള  ദി ഹിന്ദു എഡിറ്റോറിയൽ പേജിൽ ചരിത്രത്തിൽ മെയ് 6 നെ  അവർ ഓർമിച്ചെടുത്തത്  പെൺകുട്ടികളുൾപ്പെടെയുള്ള യുദ്ധവിരുദ്ധ പ്രക്ഷോപകരായ നാലു വിദ്യാർത്ഥികളെ വെടിവെച്ചുകൊന്ന വർത്തയുമായിട്ടാണ് . ലോകചരിത്രത്തിൽ തന്നെ അമേരിക്കക്കല്ലാതെ ഒരു യുദ്ധവിരുദ്ധ സമരം നയിച്ച പെൺ കുട്ടികളടങ്ങുന്ന വിദ്യാർത്ഥി സമൂഹത്തെ വെടിവെച്ചുകൊന്ന ചരിത്രം പേറാനുണ്ടാവുകയില്ല . അന്നവരുടെ സമരം വിയറ്റ്‌നാം യുദ്ധത്തിനു എതിരെയായിരുന്നു.

വിയറ്റ്‌നാം യുദ്ധത്തിലെ ഏറ്റവും  ക്രൂരതയാർന്ന ആയുധപ്രയോഗം നാപാം ബോംബുകളുടേതായിരുന്നു . രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്ക വികസിപ്പിച്ച നാപാം  ബോംബുകൾ പെരുമഴ പെയ്തിറങ്ങുംപോലെ B 52 ബോംബർ വിമാനങ്ങളിൽനിന്നു വിയറ്റ്‌നാമിന്റെ ആകാശച്ചെരുവുകളിലേക്ക് പെയ്തിറങ്ങി . നാപാം  വീണ മനുഷ്യശരീരങ്ങൾ ത്വൊക്കിൽ തീപടർന്ന് വെന്തു വെന്തുമരിച്ചു . വെള്ളം 212 ഫാരൻ ഹീറ്റിൽ തിളക്കുമ്പോൾ , നാപാം 1500 ഫാരൻ ഹീറ്റ് മുതൽ 2200 ഫാരൻ ഹീറ്റ് വരെയാണ് താപമുൽപാദിപ്പിച്ചത്

വിയറ്റ്‌നാമിനെ പട്ടിണിക്കിടുവാൻ , വിശന്നുമരിച്ച മൃതദേഹങ്ങളുടെ രാജ്യമായിക്കാണുവാൻ , പാടങ്ങൾ ഒന്നൊഴിയാതെ അമേരിക്ക ചുട്ടെരിച്ചിരുന്നു . വനാന്തരങ്ങളിൽ ഒളിച്ച  വിയറ്റ്‌നാം പട്ടാളത്തെ , ഗറില്ല പോരാളികളെ കണ്ടെത്തുവാനും കൊന്നുതള്ളുവാനും ഏജന്റ് ഓറഞ്ച് എന്ന മഹാ മാരകവിഷം  വർഷിച്ചെറിഞ്ഞു . വന്മരങ്ങൾ മുതൽ കുറ്റിച്ചെടികൾ വരെ ഇലകൾ പൊഴിച്ച് നഗ്‌നരായ്മാറി . അഞ്ചുലക്ഷം ഹെക്ടറിൽ മരക്കുറ്റികൾ മാത്രമായി ഉണങ്ങിത്തീർന്നു . പ്രപഞ്ചത്തിന്റെ ആർക്കെയ്വുകളിൽ ഏറ്റവും ക്രൂരതയാർന്ന ഒരു കെമിക്കൽ അക്രമണം..!

മണ്ണിലെ ഒരു മരചില്ലപോലും വിളയാത്തവിധം മലീമസമായ രാസായുധപ്രയോഗം . വായുവും വെള്ളവും വിഷലിപ്തമായിമാറി . മുപ്പത് ലക്ഷത്തിൽ അധികം വരുന്ന മനുഷ്യ ജീവനുകൾ ഈ ദുന്തത്തെ നിർദ്ദയമാവിധം ഏറ്റുവാങ്ങി . ജനിതക വൈകല്യങ്ങളുമായി പിറന്നുവീണ ആയിരങ്ങൾ അമേരിക്കൻ അക്രമത്തിന്റെ വിയറ്റ്‌നാം  കണ്ണീർചിത്രമായി മാറി . 1975 ൽ കുഞ്ഞൻ വിയറ്റ്‌നാമിനു മുമ്പിൽ ലോകപൊലീസ് തോറ്റു പിന്മടങ്ങി.

ഐക്യകേരളത്തിന്റെ ആവിർഭാവത്തെ തന്നെ യുഎസിന്  ഭയമായിരുന്നു . ഇന്ത്യയിലെ യുഎസ് അംബാസിഡർ ആയിരുന്ന  ഡാനിയേൽ പീറ്റർ മെയ്‌നിഹാൻ    1970 കളിൽ നടത്തിയ കുപ്രസിദ്ധിയാർന്ന വെളിപ്പെടുത്തൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭകളെ അട്ടിമറിക്കാൻ സിഎഎ നൽകിയ ഫണ്ടിങ്ങിനെക്കുറിച്ചായിരുന്നു , അതേറ്റുവാങ്ങിയ കോൺഗ്രസ് സർക്കാരുകളെകുറിച്ചായിരുന്നു .

ആറുപതിറ്റാണ്ടുകൾക്കിപ്പുറം കേരള ഹൈകോടതി പരിഗണിച്ച ഹർജി വാഷിംഗ്ടൺ സ്വദെശിയായ ഡോക്ടർ റ്റെറി ജോൺ കോൺവെർസിന്റേതായിരുന്നു . ആവിശ്യം എന്ന വാഷിംഗ്ട്ടണിലേക്ക് നിർബന്ധിച്ചു പറഞ്ഞയക്കരുത് , കേരളത്തിൽ കൂടുതൽ കാലം ജീവിക്കുന്നതിനായി വിസാകാലാവധി നീട്ടിനൽകണം ഇതായിരുന്നു അപേക്ഷ.

സാമൂഹിക അകലത്തിൽ എടിഎമ്മുകളെ അനുസ്മരിപ്പിക്കുന്ന വിയറ്റ്‌നാമിലെ ഭക്ഷ്യവിതരണ കേന്ദ്രങ്ങളെ , അതേപോലെ സുഭിക്ഷതയാർന്ന കേരളീയജീവിതങ്ങളുടെ ചിത്രങ്ങളുടെയൊക്കെ നേർരേഖയാക്കി ലോസെയ്ൻജലസിലെ ഓഫീസിൽനിന്നു എക്‌ണോമിസ്റ്റ് വിളിച്ചു പറയുകയാണ് വിയറ്റ്‌നാമും കേരളവും കോവിഡ് കാലഘട്ടത്തിൽ ലോകത്തിന്റെ പ്രതീക്ഷനിർഭരമായ രണ്ടു ചിത്രങ്ങളാണ് എന്ന് .

ഒരിക്കൽക്കൂടെ  പറയട്ടെ കാവ്യനീതി ഒരു റൊമാന്റിക് പദമല്ല കോവിഡ് കാലത്തെങ്കിലും അതൊരു ചരിത്ര വസ്തുതയും യാഥാർഥ്യങ്ങളുടെ നിർവചനാ  വാചകവുമാണ്..! 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top