22 August Thursday

ഇനിയെന്തെന്നറിയാതെ കേന്ദ്രം

എം പ്രശാന്ത്Updated: Wednesday Nov 8, 2017


ന്യൂഡല്‍ഹി > കള്ളപ്പണം ഇല്ലാതാക്കുക, കള്ളനോട്ട് തടയുക, കശ്മീര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ തീവ്രവാദ-വിഘടനവാദപ്രവര്‍ത്തനം ഇല്ലാതാക്കുക, അഴിമതി തുടച്ചുനീക്കുക എന്നിവയായിരുന്നു നോട്ട് പിന്‍വലിക്കലിന്റെ പ്രഖ്യാപിതലക്ഷ്യങ്ങള്‍. ജനങ്ങള്‍ അങ്ങേയറ്റം ദുരിതത്തിലും പ്രതിഷേധത്തിലുമായതോടെ ലക്ഷ്യത്തിലേക്ക് മോഡി കൂട്ടിച്ചേര്‍ത്തു- ഡിജിറ്റല്‍വല്‍ക്കരണം.

നോട്ടുപിന്‍വലിക്കല്‍ നടപടി ഒരുവര്‍ഷം പിന്നിടുമ്പോള്‍ പ്രഖ്യാപിതലക്ഷ്യങ്ങളൊന്നും യാഥാര്‍ഥ്യമായില്ലെന്നതാണ് വസ്തുത.  15.44 ലക്ഷം കോടി രൂപയായിരുന്നു പിന്‍വലിച്ച നോട്ടുകളുടെ ആകെ മൂല്യം. ഇതില്‍ നാലുമുതല്‍ അഞ്ചുലക്ഷം കോടിയോളം രൂപ ബാങ്കുകളിലുംമറ്റും തിരിച്ചെത്തില്ലെന്നും ഇതത്രയും സമ്പദ്വ്യവസ്ഥയില്‍നിന്ന് നീക്കംചെയ്യപ്പെട്ട കള്ളപ്പണമായി കണക്കാക്കാമെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു. ഈ തുകയത്രയും ബാധ്യതയായി റിസര്‍വ് ബാങ്ക് എഴുതിത്തള്ളുമെന്നും തുല്യമായ തുകയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാരിന് ഇതുവഴി അവസരമുണ്ടാകുമെന്നും സര്‍ക്കാര്‍ വാദിച്ചു.

അഞ്ചുലക്ഷം കോടിയോളം രൂപ തിരിച്ചെത്തില്ലെന്നാണ്  അറ്റോര്‍ണി ജനറലായിരുന്ന മുകുള്‍ റോഹ്തക്കി സുപ്രീംകോടതിയെ അറിയിച്ചത്. കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന തുകയാണിതെന്നും വളരെ ആധികാരികമായിത്തന്നെ സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു. എന്നാല്‍, സര്‍ക്കാര്‍ പ്രതീക്ഷിച്ചതുപോലെ കാര്യങ്ങള്‍ നീങ്ങിയില്ല. നോട്ട് പിന്‍വലിക്കലിന് പിന്നാലെ അസാധുനോട്ടുകള്‍ വലിയതോതില്‍ ബാങ്കുകളിലേക്ക് പ്രവഹിച്ചു. ചുരുങ്ങിയ ഘട്ടം കൊണ്ടുതന്നെ പത്തുലക്ഷം കോടിയോളം മടങ്ങിയെത്തി. തിരിച്ചെത്തുന്ന നോട്ടുകളുടെ മൂല്യം തുടക്കത്തില്‍ കൃത്യമായി അറിയിച്ചിരുന്ന ആര്‍ബിഐ പിന്നീടത് നിര്‍ത്തി. മാത്രമല്ല, നോട്ടുനിക്ഷേപത്തിനുള്ള സമയപരിധി സര്‍ക്കാര്‍ വെട്ടിക്കുറച്ചു.

അസാധുനോട്ടുകള്‍ നിക്ഷേപിക്കാന്‍ 2017 മാര്‍ച്ച് 31വരെ അനുവദിച്ച സമയം ഡിസംബര്‍ 31വരെയായി വെട്ടിച്ചുരുക്കി. വിദേശത്തുള്ളവര്‍ക്ക് മാര്‍ച്ച് 31വരെ റിസര്‍വ് ബാങ്ക് ശാഖകളില്‍ അസാധുനോട്ട് നിക്ഷേപിക്കാമെന്ന് അറിയിച്ചിരുന്നു. ഈ വ്യവസ്ഥയും പിന്നീട് തിരുത്തി. ആകെ അഞ്ച് കേന്ദ്രങ്ങളില്‍ മാത്രമായി ഈ സൌകര്യം ചുരുക്കി. മാത്രമല്ല വിവിധ രേഖകള്‍ ഹാജരാക്കല്‍ അടക്കം പല തടസ്സവാദങ്ങളും ഉയര്‍ത്തി. നോട്ട് പിന്‍വലിക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് വ്യവസ്ഥകളില്‍ മാറ്റംവരുത്തി നൂറിലേറെ വിജ്ഞാപനങ്ങള്‍ ആര്‍ബിഐക്ക് പുറപ്പെടുവിക്കേണ്ടിവന്നു എന്നതില്‍നിന്നുതന്നെ ആശയക്കുഴപ്പം വ്യക്തം.

ഇതൊക്കെയായിട്ടും 15.44 ലക്ഷം കോടിയില്‍ 15.28 ലക്ഷം കോടിയും ബാങ്കുകളില്‍ മടങ്ങിയെത്തിയതായി കഴിഞ്ഞ ജൂണ്‍ 30ന് ആര്‍ബിഐ  സമ്മതിച്ചു. സഹകരണ ബാങ്കുകളില്‍ എത്തിയ നിക്ഷേപവും നേപ്പാള്‍, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളിലായി നിക്ഷേപിക്കപ്പെട്ട തുകയും ഒഴിവാക്കിയുള്ള കണക്കാണിത്. ഈ തുക കൂടി ചേരുമ്പോള്‍ 15.44 ലക്ഷം കോടിയോ അതിലധികമോ എത്തും. അപ്പോള്‍ കള്ളപ്പണം എവിടെപ്പോയെന്ന ചോദ്യമാണ് ഉയരുന്നത്. നിക്ഷേപിച്ച തുകയില്‍ അസ്വാഭാവികനിക്ഷേപം ധാരാളമായുണ്ടെന്നും അതെല്ലാം പരിശോധിച്ചുവരികയാണെന്നുമാണ് ഇപ്പോഴും ധനമന്ത്രാലയത്തിന്റെ വിശദീകരണം. എന്തായാലും അത്തരം നിക്ഷേപം നടത്തിയവര്‍ ചില്ലറക്കാരല്ല. ഇതുമായി ബന്ധപ്പെട്ട നിയമനടപടി ദീര്‍ഘനാളത്തേക്ക് തുടരും. ഒടുവില്‍ ചില്ലറ നഷ്ടപരിഹാരമോ മറ്റോ നല്‍കി അസ്വാഭാവികനിക്ഷേപമെല്ലാം സ്വാഭാവികനിക്ഷേപമായി മാറും. ചുരുക്കത്തില്‍ രാജ്യത്ത് നിലനിന്ന കള്ളപ്പണശൃംഖലയെ നോട്ടുപിന്‍വലിക്കലിലൂടെ സാധുവാക്കി.

പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരം  ചിപ്പ് സംവിധാനമടക്കമുള്ള അത്യാധുനികനോട്ടുകളാണെന്നും ഇത് കള്ളപ്പണക്കാര്‍ക്ക് പ്രഹരമാകുമെന്നും പരിവാര്‍ വൃത്തങ്ങള്‍ പ്രചരിപ്പിച്ചു. എന്നാല്‍, പിന്‍വലിച്ചതിനേക്കാള്‍ നിലവാരം കുറഞ്ഞതും പകര്‍പ്പ് എളുപ്പമായതുമായ നോട്ടാണ് ഇറക്കിയത്. കള്ളനോട്ടടിക്കാര്‍ക്ക് മോഡിയുടെ നടപടി അനുഗ്രഹമായി മാറി. കേരളത്തില്‍ ബിജെപി നേതാക്കളടക്കം കള്ളനോട്ട് അടിച്ചു. പുതിയ നോട്ടുകളുടെ വ്യാജന്‍ സമ്പദ്വ്യവസ്ഥയില്‍ വ്യാപകമായി. 

തീവ്രവാദവും വിഘടനവാദവും ഇല്ലാതാക്കുമെന്ന പ്രചാരണവും പൊളിഞ്ഞു. ബിജെപി നേതാവ് കഴുത്തറുത്ത് കൊല്ലപ്പെട്ട സംഭവമാണ് കശ്മീരില്‍നിന്ന് ഒടുവില്‍ പുറത്തുവന്നത്. നിയന്ത്രണരേഖ ലംഘിച്ചുള്ള ഭീകരാക്രമണം തുടര്‍ക്കഥയായി. സൈനികത്താവളങ്ങള്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെട്ടു. കശ്മീരിലെ വിഘടനവാദികളുമായി ചര്‍ച്ചയ്ക്കില്ലെന്ന് വാശിപിടിച്ച മോഡി മധ്യസ്ഥനെ നിയമിക്കാന്‍ നിര്‍ബന്ധിതമായി. മുന്‍ ഐബി ഡയറക്ടര്‍ ദിനേശ്വര്‍ ശര്‍മയെ മധ്യസ്ഥനാക്കി. നിയന്ത്രണരേഖയില്‍ പാകിസ്ഥാന്റെ ആക്രമണവും പ്രത്യാക്രമണവുമെല്ലാം ഒരു മാറ്റവുമില്ലാതെ തുടരുന്നു.

ഏറ്റവും ഒടുവില്‍ പുറത്തുവന്ന പസഫിക് വെളിപ്പെടുത്തലുകള്‍ സര്‍ക്കാരിന്റെ അഴിമതിവിരുദ്ധനടപടി എവിടെയുമെത്തിയില്ലെന്നതിന് തെളിവാണ്. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷാ നടത്തിയ സാമ്പത്തിക ഇടപാടുകളും ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ മകന്‍ തലവനായ സര്‍ക്കാരിതര സംഘടന വിദേശ ആയുധകമ്പനികളുമായി നടത്തുന്ന ഇടപാടുകളും ഉന്നതങ്ങളിലെ അഴിമതി മാറ്റമില്ലാതെ തുടരുന്നതിന് തെളിവാണ്. നോട്ടുപിന്‍വലിക്കല്‍ കൊണ്ട് എന്ത് നേട്ടമെന്ന ചോദ്യം ഉത്തരമില്ലാതെ ശേഷിക്കുന്നു.

പ്രധാന വാർത്തകൾ
 Top