10 August Monday

രാജ്യം എങ്ങോട്ട്?

എളമരം കരീംUpdated: Thursday Aug 8, 2019


ഭരണഘടനയും പാർലമെന്ററി ജനാധിപത്യ കീഴ്വഴക്കങ്ങളും ലംഘിച്ചുകൊണ്ടാണ് ബിജെപി സർക്കാർ മുന്നോട്ട് പോകുന്നത്. സംഘപരിവാറിന്റെ "ഹിന്ദുത്വ' അജൻഡ എത്രയുംവേഗം പ്രാവർത്തികമാക്കലാണ് മോഡി സർക്കാരിന്റെ ലക്ഷ്യം. പ്രതിപക്ഷ പാർടികളിൽപ്പെട്ട എംപിമാരെ ഭീഷണിപ്പെടുത്തി കൂറുമാറ്റിച്ച്, രാജ്യസഭയിലും ബില്ലുകൾ പാസാക്കിയെടുക്കാൻ അവർക്ക് കഴിയുന്നു. അഴിമതിക്കേസുകളിൽ കുടുങ്ങിക്കിടക്കുന്ന എംപിമാരെ സിബിഐ, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം, ആദായനികുതിവകുപ്പ് എന്നിവരെയെല്ലാം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് കൂറുമാറ്റിച്ചത്. തെലുഗുദേശം പാർടിയിൽനിന്ന് നാലുപേരും സമാജ്വാദി പാർടിയിൽനിന്ന് രണ്ടുപേരും ഇതിനകം ബിജെപിയിലേക്ക് കൂറുമാറി. ഒറീസയിലെ ബിജെഡി, തെലങ്കാന രാഷ്ട്ര സമിതി, വൈഎസ്ആർ കോൺഗ്രസ്, എഐഎഡിഎംകെ, ജെഡിയു എന്നിവർ ബിജെപിയോടൊപ്പമാണ്. നിർണായക ഘട്ടത്തിൽ ബിഎസ്പിയെപോലുള്ള പാർടികളും അവസരവാദ നിലപാട് സ്വീകരിക്കുന്നു. കോൺഗ്രസ്, എൻസിപി പാർടികളിലെ ഏതാനും പ്രമുഖർ, അഴിമതിക്കേസുകളിൽ നടപടി ഭയന്ന്, ബിജപിക്കുമുമ്പിൽ ഓച്ഛാനിച്ച് നിൽപ്പാണ്. ഇടതുപക്ഷംമാത്രമാണ് ബിജെപി നിലപാടുകളെ വിട്ടുവീഴ്ചയില്ലാതെ എതിർക്കുന്നത്.

ബില്ലുകൾ സ്റ്റാൻഡിങ് കമ്മിറ്റിക്കോ സെലക്ട് കമ്മിറ്റിക്കോ വിട്ടില്ല
നിയമനിർമാണം സൂക്ഷ്മതയോടെ നടത്താനും കുറ്റമറ്റതാക്കാനുമാണ് പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റികൾ രൂപീകരിക്കുന്നത്. രണ്ട് സഭകളിലെയും എംപിമാർ ഈ സമിതികളിൽ അംഗങ്ങളാകും. പാർലമെന്റിൽ അവതരിപ്പിക്കുന്ന ബില്ലുകൾ പ്രാഥമിക ചർച്ചയ്ക്കുശേഷം ബന്ധപ്പെട്ട പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടും. സ്റ്റാൻഡിങ് കമ്മിറ്റി പലതവണ യോഗം ചേർന്ന് ബിൽ സൂക്ഷ്മ പരിശോധന നടത്തും. പുതിയ നിയമം ബാധകമാകുന്ന വിഭാഗങ്ങളുമായി ചർച്ച നടത്തും. തികച്ചും ജനാധിപത്യപരമായ ഒരു പ്രക്രിയയാണിത്. ചില പ്രത്യേക നിയമങ്ങൾ, സെലക്ട് കമ്മിറ്റി (ഏതെങ്കിലും പരിശോധനയ്ക്കായിമാത്രം രൂപീകരിക്കുന്ന പാർലമെന്ററി സമിതി)ക്കും വിടാറുണ്ട്. ഈ പ്രക്രിയകളൊക്ക രണ്ടാം മോഡി സർക്കാർ അവസാനിപ്പിച്ചു. ജൂണിൽ ലോക്സഭാ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തിട്ടും ഇന്നേവരെ സ്റ്റാൻഡിങ് കമ്മിറ്റികൾ രൂപീകരിച്ചില്ല. തങ്ങൾ ആഗ്രഹിക്കുന്ന വിധത്തിലുള്ള നിയമങ്ങൾ ഭൂരിപക്ഷം ഉപയോഗിച്ച് പാസാക്കലാണ് ബിജെപി സർക്കാരിന്റെ ലക്ഷ്യം.
രണ്ടാം മോഡി സർക്കാരിന്റെ ആദ്യത്തെ പാർലമെന്റ് സമ്മേളനം വിവാദപരമായ പല ബില്ലും പാസാക്കി. സ്റ്റാൻഡിങ് കമ്മിറ്റിക്കോ സെലക്ട് കമ്മിറ്റിക്കോ വിടണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ചില്ല. വിവരാവകാശ നിയമത്തിന്റെ ചിറകുകൾ അരിഞ്ഞ ഭേദഗതി നിയമമാണ് പാസാക്കിയതിൽ ഒന്ന്. മേലിൽ വിവരാവകാശ കമീഷന്റെ കാലാവധിയും ശമ്പളവും സർക്കാരിന് തീരുമാനിക്കാമെന്നാണ് ഭേദഗതി. സർക്കാരിന് ബുദ്ധിമുട്ടുണ്ടാക്കുംവിധം നിഷ്പക്ഷമായി പ്രവർത്തിക്കുന്ന കമീഷനുകളുടെ കാലാവധി അവസാനിപ്പിക്കാൻ സർക്കാരിന് കഴിയും. ഈ സാഹചര്യത്തിൽ വിവരാവകാശ കമീഷൻ സർക്കാരുകൾക്ക് വഴങ്ങിമാത്രം പ്രവർത്തിക്കേണ്ടി വരും.

മുത്തലാഖ് നിരോധന ബില്ലാണ് രണ്ടാമത്തേത്. മുത്തലാഖ് (മൂന്ന് തലാഖ് ഒന്നിച്ച് ചൊല്ലൽ) നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് 2017ൽ സുപ്രീംകോടതി വിധിച്ചു. ഈ വിധി രാജ്യത്തിന്റെ നിയമമാണ്. മറ്റൊരു നിയമത്തിന്റെ  ആവശ്യമില്ല.  യുഎപിഎ (നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽനിയമം) ഭേദഗതിയാണ് മറ്റൊരു കുപ്രസിദ്ധ നിയമം. പ്രസ്തുത നിയമത്തിന് കൂടുതൽ മൂർച്ച കൂട്ടുന്നതാണ് പുതിയ ഭേദഗതികൾ. സംഘടനകളെമാത്രമല്ല ഏതൊരു വ്യക്തിയെയും ഭീകരനാക്കി കുറ്റം ചുമത്താൻ പുതിയ നിയമം സർക്കാരിന് അധികാരം നൽകുന്നു. ഭരണഘടന ഉറപ്പ് നൽകുന്ന പൗരാവകാശത്തിന്റെ ലംഘനമാണിത്.

ഭരണഘടനയുടെ 370–ാം വകുപ്പ് അനുസരിച്ച് കശ്മീരിന് നൽകിയ പ്രത്യേക പദവി എടുത്ത് കളയുന്നതും സംസ്ഥാനത്തെ രണ്ടായി വിഭജിച്ച് സംസ്ഥാന പദവി ഒഴിവാക്കി കേന്ദ്രഭരണ പ്രദേശമാക്കുന്നതുമാണ് ഒടുവിൽ വന്ന മാരണ നിയമം. ബിജെപിയുടെ പ്രകടനപത്രികയിൽ പറഞ്ഞ കാര്യമാണിത്. കശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളെ മുഴുവൻ ജയിലിലടയ്ക്കുകയും സ്കൂളുകളും കോളേജുകളും അടച്ചിടുകയും ചെയ്ത്, അവിടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് പാർലമെന്റിൽ നിയമം കൊണ്ടുവന്നത്. ഒരാഴ്ചമുമ്പ് 35,000 അർധ സൈനികരെ കശ്മീരിൽ വിന്യസിച്ചിരുന്നു. എല്ലാ പൗരാവകാശങ്ങളും നിഷേധിച്ചു. ജനങ്ങളെ പുറത്തിറങ്ങാൻ അനുവദിച്ചില്ല. അമർനാഥ് തീർഥയാത്ര നിർത്തിവച്ചു. ടൂറിസ്റ്റുകളോടും മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികളോടും വിദ്യാർഥികളോടും എത്രയുംവേഗം സംസ്ഥാനം വിടാൻ സർക്കാർ ആവശ്യപ്പെട്ടു. കശ്മീരിൽ എന്തോ സംഭവിക്കാൻ പോകുന്നുവെന്ന ആശങ്ക  ജനങ്ങളിലുണ്ടായി.

ആഗസ്ത് അഞ്ചിന് രാജ്യസഭയിൽ ജമ്മു കശ്മീരിൽ സാമ്പത്തികമായി പിന്നോക്കംനിൽക്കുന്നവർക്ക് 10 ശതമാനം സംവരണം അനുവദിക്കുന്ന ഒരു ബിൽ ചർച്ചചെയ്യാൻ നിശ്ചയിച്ചിരുന്നു. രാവിലെ എംപിമാർക്ക് ലഭിച്ച രാജ്യസഭാ നടപടികളുടെ നോട്ടീസിലും അതാണുണ്ടായിരുന്നത്. പകൽ 11ന് പ്രസ്തുത ബില്ലവതരിപ്പിക്കാൻ ചെയർമാൻ ആഭ്യന്തരമന്ത്രി അമിത് ഷായെ ക്ഷണിച്ചു. അമിത് ഷാ ബില്ലവതരിപ്പിക്കാൻ എഴുന്നേറ്റു. കശ്മീരിലെ നേതാക്കളുടെ അറസ്റ്റും ഭീതിജനകമായ അവസ്ഥയും സഭാ നടപടികൾ നിർത്തിവച്ച് ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും ഇടതുപക്ഷ പാർടികളും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. സഭാ ചെയർമാൻ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം ബഹളമുണ്ടാക്കി. ആ ബഹളത്തിനിടയിൽ ഭരണഘടനയിലെ 370–ാം വകുപ്പ് എടുത്തുകളയുന്നതിനുള്ള പ്രമേയവും സംസ്ഥാനം വിഭജിക്കാനുള്ള ബില്ലും അമിത് ഷാ സഭയിലവതരിപ്പിച്ചു.

സഭയിലുണ്ടായിരുന്ന പ്രതിപക്ഷ അംഗങ്ങൾ അത്ഭുതത്തോടെയാണ് ഈ കാര്യം കണ്ടത്. മുൻകൂട്ടി നോട്ടീസ് തരാതെ, ഈ വിധം ബില്ലവതരിപ്പിച്ച ചരിത്രം സഭയിലിന്നേവരെ ഉണ്ടായിട്ടില്ല.  ഈ പ്രശ്നം പ്രതിപക്ഷം ഉന്നയിച്ചശേഷം, രാജ്യസഭാ സെക്രട്ടറി ജനറൽ പുതുക്കിയ നടപടി ക്രമങ്ങൾ അംഗങ്ങൾക്ക് വിതരണംചെയ്തു. സഭാചട്ടങ്ങളും കീഴ്വഴക്കങ്ങളും കാറ്റിൽ പറത്തിയാണ് സർക്കാർ കശ്മീർ ബില്ലവതരിപ്പിച്ചത്. ഭരണഘടനയും പാർലമെന്ററി ജനാധിപത്യമര്യാദകളും തങ്ങൾക്ക് ബാധകമല്ലെന്ന് പ്രഖ്യാപിക്കുന്ന വിധത്തിലാണ് ബിജെപി സർക്കാർ പെരുമാറിയത്. ലോക്സഭയിലും രാജ്യസഭയിലും ഭൂരിപക്ഷമുള്ളതിനാൽ എന്തും ചെയ്യാമെന്ന നിലപാടിലാണ് അവർ. ഒടുവിൽ പ്രമേയവും ബില്ലും ഭൂരിപക്ഷം ഉപയോഗിച്ച് പാസാക്കിയെടുത്ത്, അമിത്ഷാ ലോക്സഭയിലേക്ക് കുതിച്ചു. അവിടെ കശ്മീർ പ്രമേയം വൈകിട്ട് അവതരിപ്പിച്ചു.

സുവ്യക്തമായ നിലപാടുള്ളത് ഇടതുപക്ഷത്തിനുമാത്രം 
കശ്മീർ പ്രമേയവും ബില്ലും പാസാക്കുന്നതിന് സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യസഭയിൽ സന്നിഹിതനായിരുന്നു. ബിൽ പാസായ ഉടൻ മോഡി അമിത് ഷായെ അഭിനന്ദിച്ച് കെട്ടിപ്പിടിച്ചു. ബിജെപി അംഗങ്ങൾ ആഹ്ലാദാരവം മുഴക്കി. കശ്മീർപ്രശ്നത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് ഒപ്പിട്ട് നൽകിയ അസമിൽനിന്നുള്ള കോൺഗ്രസ് നേതാവും രാജ്യസഭയിലെ കോൺഗ്രസിന്റെ വിപ്പുമായ ഭുവനേശ്വർ കാലിത തിങ്കളാഴ്ച എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് രാജ്യസഭയിൽനിന്ന് രാജിവച്ചത്. കശ്മീർ ബില്ലിന്മേൽ നടന്ന വോട്ടെടുപ്പിൽ ബിഎസ്പി, എഎപി എന്നിവരും ബിജെപിയെ അനുകൂലിച്ചു. ""ഒന്നിനും ഒരു നിശ്ചയവുമില്ല'' എന്ന അവസ്ഥയാണ് പല പാർടികളിലും കാണുന്നത്.

മതനിരപേക്ഷത, നവ‐ ഉദാരവൽക്കരണ നയങ്ങൾ തുടങ്ങിയ പ്രധാന പ്രശ്നങ്ങളിൽ സുവ്യക്തവും ഉറച്ചതുമായ നിലപാടുള്ളത് ഇടതുപക്ഷത്തിനുമാത്രമാണ്.  എണ്ണത്തിൽ കുറവാണെങ്കിലും പാർലമെന്റിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കാൻ ഇടതുപക്ഷത്തിനു കഴിഞ്ഞു. ബിജെപിയുടെ കേന്ദ്ര സർക്കാരിന്റെ ഭീഷണിയെ കൂസാതെ, നിലപാടുകളിലുറച്ചുനിന്ന് ശബ്ദിക്കാനും വോട്ട് ചെയ്യാനും ഇടതുപക്ഷത്തിനുമാത്രമേ കഴിയുന്നുള്ളൂ. 2019ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ബദലാകാൻ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമേ സാധിക്കൂ എന്ന് തെറ്റിദ്ധരിച്ചവരുടെ കണ്ണ് തുറപ്പിക്കുന്നതാണ് രണ്ടാം മോഡി സർക്കാരിന്റെ ആദ്യ പാർലമെന്റ് സമ്മേളനത്തിലെ അനുഭവങ്ങൾ.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top