10 August Monday

വെറുപ്പിന്റെയും അശാന്തിയുടെയും പാത

ഹരിദാസ്‌ കൊളത്തൂര്‍Updated: Thursday Aug 8, 2019


ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിൽ ആദ്യമായി മതവിദ്വേഷത്തിന്റെ വിഷ വിത്തുകൾ  പാകുന്നത് ബ്രിട്ടീഷുകാരാണ്. ജാതിമതവ്യത്യാസങ്ങൾ മറന്ന്‌ രാജ്യം ഒറ്റക്കെട്ടായി മഹാത്മാഗാന്ധിയുടെ പിന്നിൽ അണി നിരന്നപ്പോൾ, സ്വാതന്ത്ര്യസമരത്തെ പരാജയപ്പെടുത്താൻ വെള്ളക്കാരന്റെ ബുദ്ധിയിൽ ഉദിച്ച അവസാനതന്ത്രമായിരുന്നു വിഭജിപ്പിച്ചുഭരിക്കുക (Divide and Rule) എന്നത്. അധികാരം കൈമാറി ഇന്ത്യ വിട്ട് പോകേണ്ടിവന്നെങ്കിലും ബ്രിട്ടീഷുകാരുടെ തന്ത്രം ഫലം കണ്ടു. ഇന്ത്യ വിഭജിക്കപ്പെട്ടു. പാകിസ്ഥാൻ  എന്ന ഇസ്ലാമികരാഷ്ട്രം രൂപം കൊണ്ടു. വിഭജനം ഒഴിവാക്കാൻ മഹാത്മാഗാന്ധി എല്ലാ ശ്രമവും നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പിരിച്ചുവിടാൻ മഹാത്മാഗാന്ധി ഉപദേശിച്ചെങ്കിലും  കോൺഗ്രസ്‌ നേതാക്കൾ ചെവിക്കൊണ്ടില്ല. സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ട അവസാന നാളുകളിൽ, നേതാക്കന്മാരെല്ലാം റെയിസിന കുന്നുകളിലെ രമ്യഹർമങ്ങളിലേക്ക്‌ താമസം മാറ്റിക്കൊണ്ടിരുന്നപ്പോൾ, ദുഃഖിതനായ മഹാത്മാഗാന്ധി സമൂഹത്തിലെ അടിച്ചമർത്തപ്പെട്ടവരും അസ്‌പൃശ്യരുമായ തൂപ്പുകാരും തോട്ടികളും തിങ്ങിപ്പാർക്കുന്ന വാല്‌മീകി കോളനിയിലേക്ക് താമസം മാറ്റി.

സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാത്തവർ
 1905ലാണ്‌ ഹിന്ദു മഹാസഭ രൂപീകൃതമാകുന്നത്‌. 1925ൽ ആർഎസ്‌എസും.  രണ്ടിന്റെയും അന്തിമലക്ഷ്യം ‘ഹിന്ദു രാഷ്ട്ര’വും. ഈ രണ്ടു സംഘടനകളും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തില്ലെന്ന് മാത്രമല്ല, ബ്രിട്ടീഷുകാരെ പിന്തുണയ്‌ക്കുകയും ചെയ്‌തു. 1951ൽ ആർഎസ്‌എസിന്റെ രാഷ്ട്രീയമുഖമായ ഭാരതീയ ജനസംഘം രൂപീകൃതമായി. 1980ൽ ഭാരതീയ ജനസംഘം, ഭാരതീയ ജനതാ പാർടിയായി രൂപാന്തരംപ്രാപിച്ചു. 

രണ്ടുപതിറ്റാണ്ട് മുമ്പുവരെ ബിജെപി നേതാക്കൾ ആർഎസ്‌എസുമായുള്ള ബന്ധം പരസ്യമായി അംഗീകരിക്കാൻ മടിച്ചിരുന്നു. കേവലം ഒരു സാംസ്‌കാരിക സംഘടനയാണെന്നും രാഷ്ട്രീയതാൽപ്പര്യങ്ങൾ ഇല്ലെന്നുമായിരുന്നു ആർഎസ്‌എസ്‌ ഭാഷ്യം. അതിന്റെ പ്രധാന കാരണം 1948ൽ നടന്ന മഹാത്മാഗാന്ധിവധവും അതിനെ തുടർന്നുണ്ടായ ആർഎസ്‌എസ്‌ നിരോധനവുമാണ്. ആർഎസ്‌എസ്‌ സർസംഘ ചാലക് ആയിരുന്ന എം എസ്‌ ഗോൾവാൾക്കർ ഗാന്ധിവധത്തെ തുടർന്ന് ജയിലിൽ അടയ്‌ക്കപ്പെട്ടു.  ഗാന്ധിവധസമയത്ത്, ഘാതകനായ ഗോഡ്സെ  ആർഎസ്‌എസുകാരൻ ആയിരുന്നില്ലെന്ന സാങ്കേതികത്വത്തിന്റെപേരിൽ  (ഗാന്ധിവധത്തിന്‌  ആഴ്‌ചകൾക്കുമുമ്പ് ഗോഡ്സെ ആർഎസ്‌എസ്‌ വിട്ട്,  ഹിന്ദുമഹാസഭയിൽ ചേർന്നിരുന്നത്രെ) തടിയൂരുകയായിരുന്നു. രാഷ്ട്രീയത്തിൽ ഇടപെടാതെ ഒരു സാംസ്‌കാരിക സംഘടനയായി, ഇന്ത്യൻ ഭരണഘടനയ്‌ക്ക് അനുസൃതമായി, പ്രവർത്തിച്ചുകൊള്ളാമെന്ന്‌ രേഖാമൂലം ഉറപ്പുനൽകിയതിനുശേഷമാണ്  1949 അവസാനത്തോടെ ആർഎസ്‌എസിന്റെ  നിരോധനം നീക്കിയത്.

സംഘപരിവാറിൽ ബിജെപി അടക്കമുള്ള നൂറിലധികം സംഘടനകൾ ഉണ്ട്. ഇവയുടെയെല്ലാം നിയന്ത്രണം ഏറ്റെടുത്തുകൊണ്ട്, ഒരു കേന്ദ്ര ബിന്ദു പോലെ  ആർഎസ്‌എസ്‌ എന്ന മാതൃസംഘടന വിരാജിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി തുടങ്ങിയവരെല്ലാം തങ്ങളുടെ ആർഎസ്‌എസ്‌ പാശ്ചാത്തലത്തിൽ ഊറ്റംകൊള്ളുന്നു. രാഷ്ട്രപിതാവിന്റെ കൊലപാതകത്തിന്റെപേരിൽ നിരോധിക്കപ്പെട്ട ആർഎസ്‌എസ്‌ എന്ന സംഘടനയുടെ പ്രതിനിധികൾ, മതേതര ഇന്ത്യയുടെ ഭരണചക്രം തിരിക്കുന്നു, എന്തൊരു വിരോധാഭാസം!

ബ്രിട്ടീഷ് രാജിനെതിരെ ഇനിയൊരിക്കലും എതിർപ്പുയർത്തില്ലെന്ന് ഉറപ്പുനൽകിയും മുൻകാല സമീപനങ്ങൾക്ക് മാപ്പപേക്ഷിച്ചുമാണ് 1921ൽ സവർക്കർ ജയിൽ മോചിതനാകുന്നത്. ആർഎസ്‌എസ്‌ ആചാര്യൻ ഗോൾവൾക്കറും ബ്രിട്ടീഷുകാരുമായി പോരാടുന്നതിൽ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഗോൾവൾക്കർ 1966 ൽ രചിച്ച ‘വിചാരധാര’ യിൽ വളരെ വ്യക്തമായും  വിശദമായും അവരുടെ അന്തിമലക്ഷ്യമായ ‘ഹിന്ദു രാഷ്ട്രത്തെ’ക്കുറിച്ച്  പറയുന്നുണ്ട്. ‘വിചാരധാര’ ആർഎസ്‌എസിന്റെ വേദ പുസ്‌തകമായി കണക്കാക്കപ്പെടുന്നു. എന്നാൽ, രണ്ടുപതിറ്റാണ്ട് മുമ്പുവരെ, തങ്ങളുടെ അന്തിമലക്ഷ്യം ‘ഹിന്ദുരാഷ്ട്ര’മാണെന്ന കാര്യം പരസ്യമായി പറയാൻ അറച്ചിരുന്ന സംഘപരിവാർ സംഘടനകൾ, പതുക്കെ അക്കാര്യം പരസ്യമായി പറയാൻ തുടങ്ങിയിട്ടുണ്ട്.

നമ്മുടെ രാജ്യത്തിന്റെ മതേതര സ്വഭാവത്തിനേറ്റ കനത്ത ആഘാതം
1990ൽ എൽ കെ  അദ്വാനി നയിച്ച രാമരഥയാത്രയും അതിനെ  തുടർന്ന് 1992ൽ ബാബ്‌റി മസ്ജിദ് തകർത്തതും നമ്മുടെ രാഷ്ട്രത്തിന്റെ മതേതര സ്വഭാവത്തിനേറ്റ കനത്ത ആഘാതമായും  ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഇരുണ്ട അധ്യായമായും വിലയിരുത്തപ്പെടുന്നു. എന്നാൽ, ബിജെപി ഇതിൽനിന്ന്‌ വലിയ നേട്ടങ്ങളാണ് ഉണ്ടാക്കിയത്.  നിയമം കൈയിലെടുത്ത്‌ കലാപം വിതച്ച്‌ വിജയം കൊയ്യുന്ന വിദ്യ പരീക്ഷിക്കുകയായിരുന്നു ആർഎസ്‌എസ്‌. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് ആർഎസ്‌എസ്‌ സ്വയംസേവകർ, കർസേവകരുടെ വേഷത്തിൽ അയോധ്യയിലെക്കൊഴുകി. പൊലീസും ബിജെപി നേതാക്കളും  നോക്കിനിൽക്കെ ആർഎസ്‌എസ്‌ കർസേവകർ ബാബ്‌റി മസ്ജിദ് ഇടിച്ചുതകർത്തു. തുടർന്ന് വടക്കേ ഇന്ത്യയുടെ വിവിധയിടങ്ങളിൽ വർഗീയകലാപങ്ങൾ അരങ്ങേറി. പിന്നീട് നടന്ന ലോക്‌സഭാതെരഞ്ഞെടുപ്പിൽ ബിജെപിയുടെ അംഗബലം രണ്ടിൽനിന്ന്‌ 82ലേക്കുയർന്നു. കൃത്യം ഒരു പതിറ്റാണ്ടിനുശേഷം, 2002ൽ ഗുജറാത്തിൽ നടന്ന വംശീയകലാപത്തിലൂടെ ആയിരക്കണക്കിന് മുസ്ലിങ്ങളെ കൂട്ടക്കൊലചെയ്‌തുകൊണ്ട് ഈ പരീക്ഷണം ആവർത്തിക്കപ്പെട്ടു. മോഡി കൂടുതൽ ഭൂരിപക്ഷത്തോടെ, വീണ്ടും ഗുജറാത്ത് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു.  

2019ലെ തെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷംനേടി ബിജെപി രണ്ടാം തവണയും ഭരണത്തിലേറിയത്‌, ഇത്തരം അപകടകരമായ വഴികൾ താണ്ടിയാണ്. ജനാധിപത്യ മതനിരപേക്ഷ റിപ്പബ്ലിക്കായ ഇന്ത്യയെ ‘ഹിന്ദുരാഷ്ട്ര’മാക്കി മാറ്റാനാണ് ആർഎസ്‌എസും  സംഘപരിവാർ സംഘടനകളും ശ്രമിക്കുന്നത്. ഇത്തരമൊരു പശ്ചാത്തലത്തിൽ വേണം കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ ബിജെപി സർക്കാർ, വളരെ തന്ത്രപൂർവം  പാർലമെന്റിൽ  പാസാക്കിയെടുത്ത ബില്ലുകളെ നോക്കിക്കാണാൻ. ഇന്ത്യയുടെ ബഹുസ്വരതയോടും മതനിരപേക്ഷതയോടും  ഫെഡറൽ സംവിധാനങ്ങളോടുമുള്ള  സംഘപരിവാറിന്റെ എതിർപ്പും അസഹിഷ്‌ണുതയും  വളരെ സമർഥമായി പാസാക്കിയെടുത്ത  ഈ ബില്ലുകളിൽ പ്രതിഫലിക്കുന്നു. മുത്തലാഖ്‌, വിവരാവകാശ ഭേദഗതി, യുഎപിഎ ഭേദഗതി, ജമ്മു കശ്‌മീർ വിഭജനം തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള  ബില്ലുകളാണവ. ഈ ബില്ലുകളുടെ ശരി തെറ്റുകളേക്കാൾ പ്രധാനമാണ് അവയുടെ ദുരുദ്ദേശ്യവും അത് നമ്മുടെ സമൂഹത്തിൽ ഉണ്ടാക്കാൻപോകുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും.

ലോകത്ത്‌  ചൈന കഴിഞ്ഞാൽ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമാണ്‌ ഇന്ത്യ. വിസ്‌തൃതിയുടെ കാര്യത്തിൽ, ലോകത്ത് ഏഴാം സ്ഥാനമുള്ള രാജ്യം. വിവിധ ജാതി–-മതങ്ങളിൽപെട്ടവർ, വിവിധ ആചാരങ്ങൾ അനുഷ്‌ഠിക്കുന്നവർ, വിശ്വാസികൾ, അവിശ്വാസികൾ, ദളിതർ, ആദിവാസികൾ, സസ്യഭുക്കുകൾ, മാംസഭുക്കുകൾ എന്നിങ്ങനെ  വളരെയേറെ  വൈവിധ്യവും, ബഹുസ്വരതയുമൊക്കെ  ഉണ്ടാകുമ്പോൾത്തന്നെ  ഒറ്റ രാഷ്ട്രമായി നിലനിൽക്കാൻ കഴിയുന്നത്‌ ഇന്ത്യ ഒരു മതേതര റിപ്പബ്ലിക് ആയതുകൊണ്ടാണ്‌. അത്തരമൊരു രാഷ്ട്രത്തെ ‘ഹിന്ദുരാഷ്ട്ര’മാക്കി മാറ്റാൻ ശ്രമിക്കുന്നത് മൗഢ്യമാണ്.  ആർഎസ്‌എസിന്റെ അന്തിമലക്ഷ്യമായ ഹിന്ദുരാഷ്ടത്തിലേക്കുള്ള  പാത വെറുപ്പിന്റെയും ആൾക്കുട്ട കൊലപാതകങ്ങളുടെയും കലാപങ്ങളുടെയും അശാന്തിയുടെയും പാതയാണ്. ഇതിനെ ഒറ്റക്കെട്ടായി നേരിടുക എന്നതാണ് ഇന്ന് നമ്മുടെ മതേതര സമൂഹത്തിനുമുന്നിലുള്ള വെല്ലുവിളി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top