13 July Monday

സിവിൽ സർവീസ് ജനപക്ഷ ബദലിനൊപ്പം

ടി സി മാത്തുക്കുട്ടിUpdated: Saturday Jun 8, 2019

കേരളത്തിലെ സംസ്ഥാന ജീവനക്കാരുടെ സംഘബോധത്തിന്റെയും സാമൂഹ്യ പ്രതിബദ്ധതയുടെയും പ്രതീകമായ കേരള എൻജിഒ യൂണിയന്റെ 56–ാം  സംസ്ഥാന സമ്മേളനം ജൂൺ 8 മുതൽ 11 വരെ തിരുവനന്തപുരത്ത് നടക്കുകയാണ്.

ജനപക്ഷ നയങ്ങൾ

സാമൂഹ്യനീതിയും ജനക്ഷേമവും വികസനവും ഉറപ്പുവരുത്തുന്ന കേരളം യാഥാർഥ്യമാക്കാനുള്ള 1957ലെ ഒന്നാം കമ്യൂണിസ്റ്റ് സർക്കാരിന്റെയും തുടർന്നുള്ള ഇടതുപക്ഷ സർക്കാരുകളുടെയും പ്രവർത്തന പരിപാടികളുടെ സമൂർത്തമായ പിൻതുടർച്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ. മൂന്ന് വർഷം പൂർത്തിയാക്കിയ സർക്കാർ കേന്ദ്രത്തിൽ നടപ്പാക്കിവരുന്ന ജനവിരുദ്ധ നവലിബറൽ നയങ്ങൾക്ക് ബദലായ ജനപക്ഷനയങ്ങളാണ് മുറുകെപ്പിടിച്ചത്. സർക്കാരിന്റെ പ്രവർത്തനങ്ങളിലെ ഏറ്റവും വലിയ സവിശേഷത ജനങ്ങൾക്കുമുന്നിൽ അവതരിപ്പിച്ച പ്രകടനപത്രികയോട് വിശ്വാസ്യത പുലർത്താനായി എന്നതാണ്. അധികാരമേറ്റ നാൾ മുതൽ ഒന്നൊഴിയാതെ പിന്തുടരുന്ന പ്രശ്നങ്ങളെയും പ്രതിസന്ധികളെയും നിശ്ചയദാർഢ്യ ത്തോടെ സർക്കാർ നേരിട്ടു.

വികസനക്ഷേമ പ്രവർത്തനങ്ങൾ ഫലപ്രദമായി ജനങ്ങളിലെത്തിക്കാൻ സിവിൽ സർവീസ് മുഖ്യപങ്ക് വഹിക്കണമെന്ന കാഴ്ചപ്പാടാണ് സർക്കാരിനെന്ന് വ്യക്തമാക്കി. അധികാരമേറ്റ ആദ്യ നാളുകളിൽത്തന്നെ സിവിൽ സർവീസിനോടുള്ള സമീപനം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കേന്ദ്രം മാറി മാറി ഭരിച്ച കോൺഗ്രസ്, ബിജെപി സർക്കാരുകളും കേരളത്തിലെ മുൻ യുഡിഎഫ് സർക്കാരുകളും പിൻതുടർന്നുവന്ന സിവിൽ സർവീസിനെ തകർക്കുന്ന നയങ്ങളിൽനിന്ന‌് തികച്ചും വ്യത്യസ‌്തമായ സമീപനമാണ് എൽഡിഎഫ‌് സർക്കാർ പിന്തുടരുന്നത‌്.

സിവിൽ സർവീസിന്റെ ശാക്തീകരണത്തിനും വിപുലീകരണത്തിനുമായി  നടപടി സ്വീകരിക്കുന്ന സംസ്ഥാന സർക്കാർ സിവിൽ സർവീസിന്റെ സേവനക്ഷമത ഉയർത്തുന്നതിന് സർവീസ് സംഘടനകളുടെയാകെ സഹകരണം ആവശ്യപ്പെട്ടു. സിവിൽ സർവീസ് അഴിമതിവിമുക്തവും കാര്യക്ഷമവും ജനസൗഹൃദപരവുമായി പുനഃസംഘടിപ്പിച്ചുകൊണ്ടല്ലാതെ ആഗോളവൽക്കരണകാലത്ത് നിലനിൽക്കാനാകില്ല എന്ന തിരിച്ചറിവിൽനിന്നുകൊണ്ട് കേരളത്തിലെ സർവീസ് സംഘടനകളാകെ പൊതുവിൽ സർക്കാർ നിർദേശത്തോട് യോജിച്ചു.

സർക്കാർ ജീവനക്കാരെ അവകാശബോധമുള്ളവരാക്കി മാറ്റാനെന്നപോലെ സാമൂഹ്യപ്രതിബദ്ധതയുള്ളവരാക്കാനും കേരള എൻജിഒ യൂണിയൻ ആത്മാർഥ പരിശ്രമം നടത്തിയിട്ടുണ്ട്. കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനൊപ്പം പാർശ്വവൽക്കൃത ജനതയ്ക്ക് ആശ്വാസമാകുന്ന സാന്ത്വനപ്രവർത്തനങ്ങൾ ഏറ്റെടുത്തും ഭവനരഹിതർക്ക് സർക്കാർ നടപ്പാക്കുന്ന ലൈഫ് പദ്ധതിയുടെ ഭാഗമായി ഭവനസമുച്ചയം നിർമിച്ചു നൽകാനുള്ള പ്രവർത്തനങ്ങൾക്കും തുടക്കംകുറിച്ചു. തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ഓഫീസുകളുടെ അടിസ്ഥാനസൗകര്യ വികസനം യാഥാർഥ്യമാക്കി.  മഴക്കാലപൂർവ ശുചീകരണത്തിൽ പങ്കാളികളായും പരിസ്ഥിതിദിനത്തിൽ പ്രകൃതിസംരക്ഷണത്തിനായി ഓഫീസ് അങ്കണങ്ങളിൽ വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചും നാടിനൊപ്പമാണ് ഞങ്ങളെന്ന് സിവിൽ സർവീസ് പ്രഖ്യാപിച്ചു.

അഴിമതിരഹിതവും കാര്യക്ഷമവുമായ ജനപക്ഷ സിവിൽ സർവീസ്

ബദൽ നയങ്ങൾ ഉയർത്തി ജനക്ഷേമപരിപാടികളുമായി മുന്നോട്ടു പോകുന്ന സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ നിക്ഷിപ്ത താൽപ്പര്യക്കാരുടെ വൻ നിര തന്നെ മുന്നിലുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരം ശക്തികൾ വർധിതവീര്യത്തോടെ മുന്നോട്ടുവരാനിടയുണ്ട്. നിക്ഷിപ്ത താൽപ്പര്യക്കാരുടെ അട്ടിമറിശ്രമങ്ങളെ ചെറുത്ത് ഈ സർക്കാരിനെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ നന്മകളെ ജീവിതാനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞ ഓരോ വിഭാഗത്തിന്റെയും ഉത്തരവാദിത്തമാണ്.

ലാഭാർത്തി മൂത്ത കമ്പോളശക്തികളുടെ ചൂഷണത്തിന്റെ വ്യാപ്തി വർധിക്കുകയും വലതുപക്ഷ രാഷ്ട്രീയം ആഗോളതലത്തിൽ ശക്തി പ്രാപിക്കുകയുംചെയ്യുന്ന കാലത്ത് ലോകത്ത് ഉയർന്നുവരുന്ന ചെറുതും വലുതുമായ എല്ലാ ജനകീയ പ്രക്ഷോഭങ്ങളോടും ഐക്യപ്പെട്ട് അണിനിരക്കേണ്ടതുണ്ട്. നവലിബറൽ നയങ്ങളെ തീവ്രമായി പിൻതുടരുകയും അതിന്റെ ജനവിരുദ്ധതയെ മറച്ചുപിടിക്കാൻ വർഗീയതയെ കവചമാക്കുകയും ചെയ്യുന്ന മോഡി സർക്കാർ രണ്ടാംവരവിൽ കൂടുതൽ ആക്രമണോത്സുകമാകുമെന്നതിന്റെ സൂചനകൾ ആദ്യനാളുകളിൽത്തന്നെ വന്നു കഴിഞ്ഞു. വിട്ടുവീഴ്ചയില്ലാത്തതും വിശ്രമരഹിതവുമായ പ്രക്ഷോഭങ്ങളുയർത്തി മാത്രമേ മുന്നോട്ടുപോകാനാകൂ.
വർത്തമാനകാല വെല്ലുവിളികളെ നിശ്ചയദാർഢ്യത്തോടെ ഏറ്റെടുത്ത് നവകേരള സൃഷ്ടിക്കായി ബദൽ നയങ്ങൾ ഉയർത്തി മുന്നേറുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന‌് കരുത്ത് പകരേണ്ടതുണ്ട്. അഴിമതിരഹിതവും കാര്യക്ഷമവുമായ ജനപക്ഷ സിവിൽ സർവീസ് യാഥാർഥ്യമാക്കി മാത്രമേ ജീവനക്കാർക്ക് ബദൽ നയങ്ങളെ സംരക്ഷിക്കാനാകൂ. കാലഘട്ടം ആവശ്യപ്പെടുന്ന ഇത്തരം ഗൗരവപൂർണമായ ബഹുമുഖ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനുള്ള ചർച്ചകളും തീരുമാനങ്ങളും 56–ാം സംസ്ഥാന സമ്മേളനത്തിന്റെ മുഖ്യ അജൻഡയാകും.

(കേരള എൻജിഒ യൂണിയൻ ജനറൽസെക്രട്ടറിയാണ്‌ ലേഖകൻ )


പ്രധാന വാർത്തകൾ
 Top