04 July Saturday

ഒപ്പമുണ്ട്, കേരളം - കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു

കോടിയേരി ബാലകൃഷ്ണൻUpdated: Friday May 8, 2020

പ്രവാസി മലയാളികളുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് മൂന്ന് ചോദ്യം പ്രധാനമായും ഉയരുന്നുണ്ട്. ആദ്യത്തേത് കൊറോണവ്യാപനം ശക്തമായ കാലത്ത് അവർ ഇവിടെ വരുന്നതിന് കേരള സർക്കാർ മുൻകൈയെടുക്കണമായിരുന്നോ എന്നതാണ്. പ്രവാസി ‐ സ്വദേശി മലയാളി എന്ന വേർതിരിവ് വലിയൊരളവിൽ ചുരുങ്ങിവരികയാണ്. പണ്ടുകാലത്ത് പ്രവാസജീവിതവും നാട്ടിലെ ജീവിതവും തമ്മിലുള്ള അകലം വളരെ വലുതായിരുന്നു. എന്നാൽ, ആധുനിക സാങ്കേതികവിദ്യയിൽ ശാസ്ത്രവിജ്ഞാനവും വിസ്ഫോടകമാംവിധം വളർന്നതിനാൽ അകലം അപ്രസക്തമാകുന്നു. നമ്മുടെ നാടിന്റെയും വീടിന്റെയും ദൈനംദിന ഭാഗമാണ് പ്രവാസികൾ. ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസപണം കിട്ടുന്ന രാജ്യം ഇന്ത്യയാണ്. 2015ലെ കണക്കുപ്രകാരംതന്നെ പ്രവാസികളുടെ പണം 68,910 മില്യൺ ഡോളറാണ്. ഇതുമൊത്തം ആഗോളപ്രവാസത്തിന്റെ 12.45 ശതമാനമാണ്. ഇതിലെ 35 ശതമാനത്തോളം സംഭാവന കേരളീയരുടേതാണ്. ഇപ്രകാരം കേരളത്തിന്റെയും രാജ്യത്തിന്റെയും സമ്പദ്ഘടന സംരക്ഷിക്കുകയും വളർത്തുകയും ചെയ്യുന്നവരാണ് പ്രവാസികൾ.

അവർക്ക് ഏത് ഘട്ടത്തിലും ജന്മനാട്ടിലേക്ക് വരാനുള്ള അവകാശം നിഷേധിക്കാൻ പാടില്ല. താൽക്കാലികമായുള്ള നിയന്ത്രണങ്ങളിൽനിന്ന് അവർ ഒഴിവാകുന്നില്ല എങ്കിൽപ്പോലും. കേരളത്തെ ഒരു ഘട്ടത്തിൽ വിശപ്പിൽനിന്ന് മോചിപ്പിച്ചത് പ്രവാസി മലയാളികളുടെ പണമായിരുന്നു എന്നത് ആരും മറക്കരുത്. ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽനിന്ന് ജന്മനാട്ടിലേക്ക് വരുന്നവരെ തുറന്ന മനസ്സോടെ നമ്മൾ എതിരേൽക്കണം. ഒരാഴ്ചയ്ക്കുള്ളിൽ മൂവായിരത്തിലധികം പേർ എത്തും.   സ്വന്തം നാട്ടുകാരെ സ്വദേശത്തേക്ക് കൊറോണക്കാലത്ത് ഇന്ത്യക്കുമുമ്പ് മറ്റ് രാജ്യങ്ങൾ എത്തിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസികളുള്ള രാജ്യം ഇന്ത്യയാണ്. അതിനാൽ കൂടുതൽ പേരെ കൊണ്ടുവരേണ്ടിവരും. അതിനുവേണ്ടി അഞ്ഞൂറിലേറെ വിമാനങ്ങളും യുദ്ധക്കപ്പലായ ഐഎൻഎസ് ജലാശ ഉൾപ്പെടെ അഞ്ച് കപ്പലും തയ്യാറായിട്ടുണ്ടെന്നാണ് വാർത്ത. കേരളീയരായ നാലര ലക്ഷംപേർ വിദേശത്തുനിന്ന് വരാൻ താൽപ്പര്യം പ്രകടിപ്പിച്ച് നോർക്കയിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, അതിൽ പകുതിയോളം പേരെപ്പോലും കൊണ്ടുവരാനുള്ള ഉദ്ദേശ്യം കേന്ദ്രസർക്കാരിന് ഇല്ലെന്നാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരങ്ങൾ വ്യക്തമാക്കുന്നത്. ഈ നിലപാട് മാറ്റണം.

ഇതിനുമുമ്പ് പ്രവാസി ഇന്ത്യക്കാരുടെ വലിയ ഒഴിപ്പിക്കൽ ദൗത്യമുണ്ടായത് 1990 ‐ 91ൽ കുവൈത്തിലെ ഇറാഖ് അധിനിവേശക്കാലത്താണ്. അന്നത്തെ വി പി സിങ് സർക്കാർ ഇരു രാജ്യങ്ങളിൽനിന്നായി 1.76 ലക്ഷം ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. അതിൽ ഒരു ലക്ഷത്തിലേറെയും കേരളീയരായിരുന്നു. ലോകംകണ്ട വിമാനമാർഗമുള്ള ഏറ്റവും വലിയ വിദേശരക്ഷാ ദൗത്യമായിരുന്നു ഇന്ത്യയുടേത്. അതിനുവേണ്ടി വാതിൽ തുറക്കാൻ മുന്നിൽനിന്നത് അന്നത്തെ നായനാർ സർക്കാരാണ്. ആ സർക്കാരിന്റെ സമ്മർദഫലമായാണ് അത്തരമൊരു ദൗത്യം ഉണ്ടായത്. വിദേശകാര്യമന്ത്രിയായിരുന്ന ഐ കെ ഗുജ്റാളിന്റെ നേതൃത്വത്തിൽ പ്രത്യേക ഉന്നതാധികാര സംഘം പ്രവർത്തിച്ചു. അന്ന് യുദ്ധംമൂലമുള്ള അരക്ഷിതാവസ്ഥയായിരുന്നെങ്കിൽ ഇന്ന് പകർച്ചവ്യാധി കാരണമുള്ള വെല്ലുവിളിയാണ് നേരിടുന്നത്. ഗൾഫ് രാജ്യങ്ങളിലായി ഇന്ന് 80 ലക്ഷം ഇന്ത്യക്കാരുണ്ട്. അതിൽ 30 ലക്ഷത്തോളം പേർ കേരളീയരാണ്. ജോലി നഷ്ടപ്പെട്ടവർ, ഗർഭിണികൾ, സന്ദർശക വിസ കാലം കഴിഞ്ഞവർ, വയോധികർ തുടങ്ങിയവരാണ് തിരിച്ചെത്തുന്നത്.


 

പ്രവാസി ഇന്ത്യക്കാരെ നാട്ടിൽ ഇപ്പോൾ കൊണ്ടുവരണമോ എന്നതിൽ കേന്ദ്രസർക്കാർ ആശയക്കുഴപ്പത്തിലായിരുന്നു. എന്നാൽ, രോഗപ്രതിരോധത്തിലും സുരക്ഷയിലും യുദ്ധകാലത്തെപ്പോലെ നേരിടാനുള്ള തയ്യാറെടുപ്പ് കേരളം നടത്തി. അതിലൂടെ നമ്മുടെ സംസ്ഥാനം മാതൃകയായതുകൊണ്ടാണ് ഇന്ത്യയിലെ പ്രവാസികളുടെ തിരിച്ചുവരവ് യാഥാർഥ്യമായത്. ഇതിനുവേണ്ടി ഉണർന്നു പ്രവർത്തിച്ച എൽഡിഎഫ് സർക്കാരിനെ പ്രവാസികൾ മാത്രമല്ല, അവരോട് കൂറുള്ള എല്ലാപേരും ഹൃദയംതൊട്ട് അഭിനന്ദിക്കും.

രണ്ടാമത്തെ ചോദ്യം പ്രവാസികളുടെ വരവുകൊണ്ട് രോഗവ്യാപനം മോശമായാൽ  കേരളത്തിന്റെ അവസ്ഥ ഭയാനകമാകില്ലേ എന്നതാണ്. ഈ ചോദ്യത്തിൽ അന്തർലീനമായിട്ടുള്ള ഉൽക്കണ്ഠ സ്വാഭാവികമാണ്. അത്തരം ഭയാശങ്കകളെ മറികടക്കാനുള്ള തയ്യാറെടുപ്പുകളാണ് സംസ്ഥാന സർക്കാർ നടത്തിയിട്ടുള്ളത്. കോവിഡ് പ്രതിരോധത്തിൽ ലോകത്തെ ഏറ്റവും മികച്ച പ്രവർത്തനമാണ് കേരളത്തിൽ നടക്കുന്നതെന്ന് ഡൽഹി മെട്രോ റെയിൽ കോർപറേഷൻ മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരൻ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തന്നെ കേരളത്തിൽനിന്ന് പറഞ്ഞുവിടരുതെന്ന് ആവശ്യപ്പെട്ട് വിസാ കാലാവധി കഴിയാൻപോകുന്ന വാഷിങ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ എമരിറ്റസ് പ്രൊഫസറും നാടകസംവിധായകനുമായ അമേരിക്കക്കാരൻ ഡോ. ടെറി ജോൺ കോൺവേഴ്സ് ഹൈക്കോടതിയിൽ ഹർജി നൽകിയത് വലിയ സന്ദേശം നൽകുന്നതാണ്. യുഎസിലെ കോവിഡ് ചികിത്സയിൽ വിശ്വാസമില്ലാത്തതിനാലും കേരളത്തെ വിശ്വസിക്കുന്നതിനാലുമാണ് ടെറി കേരളക്കരയിൽ താമസിക്കാൻ ഹൈക്കോടതിയിൽ കേസ് കൊടുത്തത്. എഴുപത്തിനാലുകാരനായ അദ്ദേഹത്തോട് അമേരിക്കയിലുള്ള ഭാര്യയും മക്കളും ഉപദേശിക്കുന്നതും കേരളത്തിൽത്തന്നെ കഴിയുന്നതിനാണ്. അങ്ങനെ ലോകത്ത് എവിടെയുമുള്ള പൗരനും കേരളത്തെ രക്ഷാതുരുത്തായി കാണുകയാണ്. പ്രവാസി മലയാളികൾ ഇവിടേക്ക് വരുമ്പോൾ ഈ അവസ്ഥ മാറുമോ എന്ന ആശങ്കയിലാണ് ചിലരെല്ലാം.

പ്രവാസി കേരളീയർ നമ്മുടെ കൂടെപ്പിറപ്പുകളാണ്. രോഗി ആയാൽപ്പോലും ആരെയും ഉപേക്ഷിക്കില്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിൽ തെളിയുന്നത് ഉന്നത മാനവികതയാണ്. നാട്ടിലെത്തുന്ന പ്രവാസികൾ ഉത്തരവാദിത്തത്തോടെ പെരുമാറാനും സർക്കാർ നിർദേശം പാലിച്ചു കഴിയാനും തയ്യാറാകണം. ഇത്തരം കാര്യങ്ങളിൽ ജനകീയമായ ശ്രദ്ധ ഉണ്ടാകുന്നതിനുള്ള ഇടപെടൽ കമ്യൂണിസ്റ്റുകാരിൽനിന്ന് ഉണ്ടാകണം. കൊറോണ ഒരു വ്യക്തിയെ ബാധിക്കുന്ന അസുഖമാണ്. പക്ഷേ, അത് കുടുംബത്തിലും നാട്ടിലും പകർച്ചവ്യാധിയാകും. ആ വിപത്ത് തിരിച്ചറിഞ്ഞ് സാമൂഹ്യ ഉത്തരവാദിത്തം ഏവരും കാട്ടണം. വിദേശത്തുനിന്ന് വരുന്നവർ മാത്രമല്ല, ഇതര സംസ്ഥാനത്തുനിന്ന് എത്തുന്നവരും ഈ ജാഗ്രത കാട്ടണം. 

മൂന്നാമത്തെ ചോദ്യം പ്രവാസികളുടെ തിരിച്ചുവരവുമായി ബന്ധപ്പെടുത്തി സംസ്ഥാന സർക്കാരുമായി കൊമ്പുകോർക്കാൻ കേന്ദ്ര  സഹമന്ത്രി വി മുരളീധരൻ ഉത്സാഹിക്കുന്നതിന്റെ രാഷ്ട്രീയത്തെപ്പറ്റിയാണ്. പണ്ടൊരു കേന്ദ്ര സഹമന്ത്രിയുണ്ടായിരുന്നു യോഗേന്ദ്ര മക്വാന. സംസ്ഥാനത്ത് ക്രമസമാധാനം തകർന്നുവെന്ന മുറവിളിയുമായി നായനാർ ഭരണകാലത്ത് കേരളത്തിൽ വന്നും ഡൽഹിയിൽ ഇരുന്നും അർഥശൂന്യമായ പ്രസ്താവനകൾ നടത്തി ചരിത്രത്തിൽ "കറുത്തപുള്ളി'യായി അന്നത്തെ ആഭ്യന്തര സഹമന്ത്രി മക്വാന മാറി. ആ പേരുകാരന്റെ അഭിനവപതിപ്പായിരിക്കുകയാണ് വി മുരളീധരൻ. വിദേശകാര്യ സഹമന്ത്രിക്ക് ഭരണത്തിലെ വിദേശകാര്യങ്ങളെപ്പറ്റി എത്രമാത്രം പിടിപാടുണ്ടെന്ന് ഓരോ ദിവസവും പുറത്തുവരുന്ന അദ്ദേഹത്തിന്റെ വിവാദ പ്രസ്താവനകളും അതിലെ ഉൾക്കാമ്പും ബോധ്യപ്പെടുത്തുന്നു. കോവിഡിനെ പ്രതിരോധിക്കാനും അടച്ചുപൂട്ടൽക്കാലത്ത് ജനങ്ങളെ ദുരിതത്തിൽനിന്ന് രക്ഷിക്കാനും കേന്ദ്രസർക്കാർ സ്വീകരിക്കേണ്ട പല നടപടികളും സ്വീകരിച്ചിട്ടില്ല. ദേശീയ അടച്ചിടൽ 42 ദിവസം പിന്നിട്ടിട്ടും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. രോഗബാധിതരുടെ എണ്ണം അരലക്ഷം കവിഞ്ഞു. മരണസംഖ്യ കുത്തനെ കൂടുന്നു.

ഇതൊക്കെയാണങ്കിലും കോവിഡിനെ പ്രതിരോധിക്കാൻ കേന്ദ്ര‐സംസ്ഥാന സർക്കാരുകൾ യോജിച്ച് പ്രവർത്തിക്കേണ്ടത് അനിവാര്യമായ ആവശ്യമാണ്. സംസ്ഥാനത്താകട്ടെ, ഭരണ‐പ്രതിപക്ഷ ഭേദമെന്യേ രാഷ്ട്രീയപ്രസ്ഥാനങ്ങളും സർക്കാരുമായി യോജിച്ച് നീങ്ങണം. ഈ കാഴ്ചപ്പാടാണ് എൽഡിഎഫിനും സംസ്ഥാന സർക്കാരിനും ഉള്ളത്. രോഗവ്യാപനം തടയാനും ദുരിതകാലത്ത് ജനങ്ങൾക്ക് ജീവിക്കാൻ വകനൽകാനും കേന്ദ്രസർക്കാർ വീഴ്ച കാട്ടിയാൽ അത് ചൂണ്ടിക്കാണിക്കാൻ സംസ്ഥാന സർക്കാരും മറിച്ചായാൽ കേന്ദ്രസർക്കാരും മുന്നോട്ടുവരുന്നത് അസ്വാഭാവികമല്ല. എന്നാൽ, ഒരു മഹാമാരിയെ നേരിടുന്ന ഘട്ടത്തിൽ സർക്കാർ പ്രവർത്തനങ്ങളെ ബലഹീനമാക്കുന്ന വിവാദങ്ങൾ പാടില്ല. ഈ തത്വത്തിന് നിരക്കാത്ത പ്രവർത്തനങ്ങളിലാണ് ബിജെപിയുടെ സംസ്ഥാന നേതാവായ കേന്ദ്രമന്ത്രി മുരളീധരൻ ഏർപ്പെടുന്നത്. ഇവിടെ രണ്ട് ശക്തികളോടാണ് മുരളീധരൻ മത്സരിക്കുന്നത്. ഒന്ന്, വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ടെന്നനിലയിൽ ദിവസവും പത്രസമ്മേളനം നടത്തുന്ന രമേശ് ചെന്നിത്തലയാദികളെ തോൽപ്പിക്കാനുള്ള രാഷ്ട്രീയ കസർത്ത്. രണ്ട്, സംസ്ഥാന ബിജെപിയിലെ ഗ്രൂപ്പ് അങ്കത്തിൽ എതിർപക്ഷത്തെ ക്ഷീണിപ്പിക്കാനുള്ള ബാലിശമായ തന്ത്രം. ഇതിലൂടെ ചെറുതാകുന്നതും മാന്യത നഷ്ടപ്പെടുന്നതും കേന്ദ്രമന്ത്രി പദവിക്കാണ്.

പ്രവാസികളെ തിരിച്ചെത്തിക്കാൻ പോയ  എയർ ഇന്ത്യ സംഘാംഗങ്ങൾ

പ്രവാസികളെ തിരിച്ചെത്തിക്കാൻ പോയ എയർ ഇന്ത്യ സംഘാംഗങ്ങൾ


 

പ്രവാസി ഇന്ത്യക്കാരുടെ ജന്മനാട്ടിലേക്കുള്ള വരവിന് വാതിൽതുറക്കാൻ കരുത്തുറ്റ ചുവടുവയ്പ് നടത്തിയത് കേരള സർക്കാരാണ്. ഗൾഫ് മലയാളികൾ ഇവിടെയെത്തുമ്പോൾ രോഗത്തെ ചെറുക്കാനും വ്യാപനം തടയാനും സംസ്ഥാന സർക്കാർ നല്ല തയ്യാറെടുപ്പുകൾ നടത്തി. അത് ചെയ്യാൻ നേതൃത്വം നൽകിയ മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്, വിദേശത്തുനിന്ന് പ്രവാസികളെ കൊണ്ടുവരുംമുമ്പ് കോവിഡ് ടെസ്റ്റ് നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നതായിരുന്നു. ഇക്കാര്യം വൈകുന്നേരം അഞ്ചിന്റെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വെളിപ്പെടുത്തിയതിനുപിന്നാലെ മുരളീധരൻ പറഞ്ഞത് വിദേശത്തുനിന്ന് വരുന്ന എല്ലാപേരെയും രോഗപരിശോധനയ്ക്കുശേഷമാണ് കൊണ്ടുവരുന്നതെന്നും മുഖ്യമന്ത്രി കാര്യം മനസ്സിലാക്കാതെ സംസാരിക്കുന്നു എന്നുമാണ്. എന്നാൽ, കോവിഡ് ടെസ്റ്റല്ല, കേവലമായ ശരീരോഷ്മാവ് അളക്കാനുള്ള തെർമൽ ടെസ്റ്റാണ് നടത്തുന്നതെന്ന് മണിക്കൂറുകൾക്കുള്ളിൽ വ്യക്തമായി. ഇത്ര ഉത്തരവാദിത്തരഹിതമായി വർത്തമാനം പറയുന്ന ഒരാൾ കേന്ദ്ര സഹമന്ത്രിയായതിൽ സഹതപിക്കേണ്ടത് ബിജെപിയാണ്.

ബിജെപിയെ പ്രതിനിധീകരിച്ച് മുമ്പ് ഒ രാജഗോപാൽ കേന്ദ്രമന്ത്രിയായിരുന്നപ്പോൾ സങ്കുചിത രാഷ്ട്രീയം മാറ്റിവച്ച് കേരളത്തിന്റെ റെയിൽവേ കാര്യങ്ങൾക്ക് ശ്രദ്ധ കൊടുത്തിരുന്നു. കോവിഡ് എന്ന മഹാവിപത്ത് വെല്ലുവിളിയായി നിൽക്കുമ്പോൾ സംസ്ഥാന സർക്കാരുമായി കൊമ്പുകോർക്കുകയല്ല ഒരു കേന്ദ്രമന്ത്രി ചെയ്യേണ്ടത്. സർക്കാരുമായി ആശയവിനിമയം നടത്തി യോജിച്ച് പ്രവർത്തിക്കാനും പ്രവാസികളുടെ ജീവനും ക്ഷേമവും ഉറപ്പാക്കാനുള്ള നടപടികൾ കേന്ദ്രസർക്കാരിനെക്കൊണ്ട് സ്വീകരിപ്പിക്കാനുമാണ് ശ്രദ്ധിക്കേണ്ടത്. തൊഴിൽ നഷ്ടപ്പെട്ടാണ് നല്ലൊരു പങ്കും തിരിച്ചെത്തുന്നത്. ഇവർക്കുള്ള പുനരധിവാസ പാക്കേജ് കേന്ദ്രം പ്രഖ്യാപിക്കണം. ആപത്തിൽനിന്ന് പ്രവാസികളെ രക്ഷിക്കാൻ കേരളം ഒന്നായി ഒപ്പം ഉണ്ടാകണം.  

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top