30 May Saturday

വർഗീയവിദ്വേഷം ഉയർത്തുന്ന പ്രചാരണം

സീതാറാം യെച്ചൂരിUpdated: Wednesday May 8, 2019

മോഡി സർക്കാരിന്റെ ഇരുണ്ടതും വിനാശകരവുമായ പ്രവർത്തന റെക്കോഡ്, 2014ൽ നൽകിയ വാഗ്ദാനങ്ങളോട് കാട്ടിയ വഞ്ചന, ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നാശോന്മുഖമായ തകർച്ച, നോട്ടു റദ്ദാക്കലും ജിഎസ്ടിയുംവഴി അഭൂതപൂർവമായ സാമ്പത്തികഭാരം അടിച്ചേൽപ്പിച്ചുകൊണ്ട് വരുത്തി‌വച്ച ദുരിതത്തിന്റെ പറയാക്കഥകൾ, വെറുപ്പും ഹിംസയും പടർത്തിക്കൊണ്ട് വളർത്തിയെടുത്ത വർധിച്ചുവരുന്ന അസഹിഷ‌്ണുത എന്നിവ കാരണം  സർക്കാരിനെതിരെ പ്രബലമായ ഭരണവിരുദ്ധവികാരം ഉയർന്നുവന്നിട്ടുണ്ട്.

ഒരുവശത്ത് ആർഎസ്എസും ബിജെപിയും സായുധസേനയുടെ ധീരത ഉയർത്തിക്കാട്ടിക്കൊണ്ട്  വോട്ട് തേടുകയും ഭീകരതയ‌്ക്കും പാകിസ്ഥാനുമെതിരെയുള്ള പോരാട്ടങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിവുള്ള ഏക ശക്തി തങ്ങളാണ് എന്ന് സ്വയം വലുതാക്കിക്കാട്ടാൻ  ശ്രമിക്കുകയുമാണവർ. മറുവശത്ത്, കർക്കശമായ  വർഗീയധ്രുവീകരണം കൂടുതൽ അഗാധമാക്കാനായി വർഗീയവികാരം ഉയർത്തിവിട്ട് വോട്ടുകൾ തട്ടാൻ ശ്രമിക്കുകയാണ്. അധികാരത്തിൽ തിരിച്ചെത്തിയാൽ നടപ്പാക്കുന്ന തങ്ങളുടെ ഹിന്ദുത്വ അജൻഡകൾ എന്തെല്ലാമാണെന്ന് പറഞ്ഞുകൊണ്ട് അവർ ഒരു തെരഞ്ഞെടുപ്പ് മാനിഫെസ‌്റ്റോ പുറത്തിറക്കിയിരിക്കുന്നു.

അയോധ്യയിലെ തർക്കഭൂമിയിൽ രാമക്ഷേത്രം പണിയലും ജമ്മു കശ‌്മീരിന്റെ  സ്വയംഭരണാവകാശം എടുത്തുകളയാനായി ഭരണഘടനയുടെ 370, 35 എ വകുപ്പുകൾ റദ്ദാക്കലും യൂണിഫോം സിവിൽ കോഡുമൊക്കെ ഇതിൽപ്പെടും. അതിനുപുറമെ പൗരത്വ ബില്ലിനുള്ള ഭേദഗതിയും അവർ വാഗ‌്ദാനം  ചെയ്യുന്നുണ്ട്. അതുവഴി മുസ്ലിങ്ങൾക്ക് പൗരത്വം നിഷേധിക്കാനും ഇന്ത്യൻ പൗരത്വത്തിന് മതം മാനദണ്ഡമാക്കാനുമുള്ള നിർലജ്ജമായ  നടപടി, നമ്മുടെ ഭരണഘടനയുടെ പൂർണമായ നിഷേധവും ലംഘനവുമാണ്.

പ്രഗ്യാ സിങ്ങിന്റെ സ്ഥാനാർഥിത്വവും പ്രസംഗവും
ഇതിന് അനുയോജ്യമായി, നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ഇപ്പോൾ എല്ലാ ബിജെപി നേതാക്കളും വർഗീയ വിദ്വേഷം ഉയർത്തുന്ന പ്രസംഗങ്ങളാണ് നടത്തുന്നത്. ഹിന്ദു വർഗീയ വോട്ട്ബാങ്കിനെ ഏകീകരിക്കാനായി ഏറ്റവും വൃത്തികെട്ട വോട്ട് ബാങ്ക് രാഷ്ട്രീയമാണ് അവർ കളിച്ചുകൊണ്ടിരിക്കുന്നത്. നരേന്ദ്ര മോഡി ഉയർത്തിവിടുന്ന അനിയന്ത്രിതമായ വർഗീയജ്വരത്തിന്റെ പേരിൽ അദ്ദേഹത്തിനെതിരെ തെരഞ്ഞെടുപ്പ് കമീഷൻ ഇനിയും നടപടി എടുക്കാനിരിക്കുന്നതേയുള്ളൂ എന്നത് വിചിത്രമായിരിക്കുന്നു. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിക്ക് അശുഭസൂചനകൾ നൽകുന്ന ലക്ഷണമാണത്.

വിചാരണത്തടവുകാരിയായി ജയിലിൽ കഴിയുകയായിരുന്ന പ്രഗ്യാ സിങ‌് താക്കൂറിനെ ആരോഗ്യപരമായ കാരണങ്ങൾ പറഞ്ഞ് പരോളിലിറക്കിയ ബിജെപി, അവരെ തങ്ങളുടെ ഭോപ്പാൽ മണ്ഡ‌ലത്തിലെ സ്ഥാനാർഥിയാക്കിയിരിക്കുകയാണ്. ഈ തീരുമാനത്തിന് മേലൊപ്പുവച്ചുകൊണ്ട് നരേന്ദ്ര മോഡി പ്രഗ്യാ സിങ‌് താക്കൂറിനെ സ‌്തുതിച്ചത‌് നമ്മുടെ "സാംസ‌്കാരിക പൈതൃകത്തിന്റെ പ്രതീകം' എന്നാണ്.

ഹിന്ദുക്കൾക്ക് ഒരിക്കലും അക്രമികളാകാൻ കഴിയില്ല എന്ന ആശ്ചര്യകരമായ പ്രസ‌്താവന നടത്താനും നരേന്ദ്ര മോഡിക്ക് കഴിഞ്ഞു. തന്റെ പ്രധാനമന്ത്രിപദവി നിലനിർത്താനുള്ള തിടുക്കത്തിൽ, അദ്ദേഹം ഇന്ത്യാ ചരിത്രത്തിലെ ബീഭത്സമായ പോരാട്ടങ്ങളെയും യുദ്ധങ്ങളെയും മായ്ച്ചുകളയുകയാണ്. സംഘട്ടനങ്ങളും  അക്രമാസക്തമായ യുദ്ധങ്ങളും നിറഞ്ഞ നമ്മുടെ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവുമാണ്, നമ്മുടെ ചരിത്രത്തിന്റെ ഏകസ്രോതസ്സ‌് എന്ന് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ആർഎസ്എസ് പ്രചാരകനിൽനിന്നാണ് ഇങ്ങനെയൊരു പ്രസ‌്താവന എന്നത് വിചിത്രംതന്നെ

മോഡിയുടെ ഈ സ‌്തുതിവചനത്തിൽനിന്ന് ധൈര്യം ശേഖരിച്ചുകൊണ്ട് പ്രഗ്യാ സിങ‌് തനിക്ക് ഒരുക്കിക്കിട്ടിയ രാഷ്ട്രീയ വേദിയെ തന്റെ ബ്രാൻഡ‌് വർഗീയ ഭ്രാന്ത് പ്രചരിപ്പിക്കാൻ ഉപയോഗപ്പെടുത്തുകയായിരുന്നു. മഹാരാഷ്ട്ര ഭീകരവിരുദ്ധ സ‌്ക്വാഡ‌് തലവനായിരുന്ന  ഐപിഎസ് ഓഫീസർ ഹേമന്ദ് കർക്കറെയുടെ രക്തസാക്ഷിത്വത്തെ അവർ നിന്ദിച്ചു. മലേഗാവ് ബോംബ് സഫോടനക്കേസിൽ അന്വേഷണം നടത്തിയ കർക്കറെ, പ്രഗ്യാ സിങ്ങിനെക്കുറിച്ച് വിശദാന്വേഷണം നടത്തി അവരെ ഭീകരവാദക്കേസിൽ പ്രതിചേർത്തു. കർക്കറെ മരണമടഞ്ഞത്, തന്റെ ശാപം കാരണമാണെന്നാണ് ഈ ബിജെപി സ്ഥാനാർഥി പറയുന്നത‌്. അവരുടെ ഭാഷയിൽ കർക്കറെ ദൈവകോപം ഏറ്റതുകൊണ്ടാണ്  കൊല്ലപ്പെട്ടത‌്. നവംബർ 26ന്റെ മുംബൈ അക്രമണവേളയിൽ ദേശവിരുദ്ധ ഭീകരരുടെ മുഖ്യലക്ഷ്യം കർക്കറെ ആയിരുന്നുവെന്നും അവിടെ വെടിയേറ്റാണ് അദ്ദേഹം വീരമൃത്യു വരിച്ചതെന്നുമുള്ള കാര്യം ഇത്തരം വർഗീയ ഭ്രാന്തന്മാർക്ക് ഒട്ടും പ്രസക്തമല്ല.

ഒരുസംഘം മുൻ സീനിയർ കേന്ദ്ര സിവിൽ സർവീസ് ഉദ്യോഗസ്ഥർ പ്രഗ്യാ സിങ‌് താക്കൂറിന്റെ  സ്ഥാനാർഥിത്വത്തിലും അതിനെ ആവേശപൂർവം സ്വാഗതം ചെയ്യാൻ  പ്രധാനമന്ത്രിയെപ്പോലെയുള്ള ഉന്നത സ്ഥാനീയനായ ഒരാൾ മുന്നിട്ടിറങ്ങിയതിലും അവിശ്വാസവും ഞെട്ടലും പ്രകടിപ്പിച്ചുകൊണ്ട് ഇന്ത്യൻ പ്രസിഡന്റിന് കത്തയക്കുകയുണ്ടായി. കത്തിന്റെ തലക്കെട്ട്, "നമ്മുടെ പൈതൃകം ഒരു ഭീകരവാദ പ്രവർത്തനവുമല്ല ’ എന്നാണ്. മോഡിക്കുനേരെ വേണ്ട നടപടി കൈക്കൊള്ളാൻ അത് ആവശ്യപ്പെടുന്നു.

ഹിന്ദുക്കൾക്ക് ഒരിക്കലും അക്രമികളാകാൻ കഴിയില്ല എന്ന ആശ്ചര്യകരമായ പ്രസ‌്താവന നടത്താനും നരേന്ദ്ര മോഡിക്ക് കഴിഞ്ഞു. തന്റെ പ്രധാനമന്ത്രിപദവി നിലനിർത്താനുള്ള തിടുക്കത്തിൽ, അദ്ദേഹം ഇന്ത്യാ ചരിത്രത്തിലെ ബീഭത്സമായ പോരാട്ടങ്ങളെയും യുദ്ധങ്ങളെയും മായ്ച്ചുകളയുകയാണ്. സംഘട്ടനങ്ങളും  അക്രമാസക്തമായ യുദ്ധങ്ങളും നിറഞ്ഞ നമ്മുടെ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവുമാണ്, നമ്മുടെ ചരിത്രത്തിന്റെ ഏകസ്രോതസ്സ‌് എന്ന് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ആർഎസ്എസ് പ്രചാരകനിൽനിന്നാണ് ഇങ്ങനെയൊരു പ്രസ‌്താവന എന്നത് വിചിത്രംതന്നെ. ഹിന്ദുകുഷ‌് മുതൽ ബംഗാൾ ഉൾക്കടൽവരെ വ്യാപിച്ചുകിടന്ന മൗര്യസാമ്രാജ്യത്തിലെ രാജാവായ  അശോകനാണ്, രക്തരൂക്ഷിതമായ തന്റെ കലിംഗാ ആക്രമണത്തിൽ പശ്ചാത്താപചിത്തനായി ബുദ്ധമതം സ്വീകരിച്ചത് എന്ന കാര്യം നാം ഓർക്കേണ്ടതുണ്ട്. ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചശേഷമാണ് സഹിഷ‌്ണുതയും  സഹാനുഭൂതിയും സമാധാനപരമായ സഹവർത്തിത്വവും വഴി ജീവിതത്തെ ആദരിക്കാനുള്ള സന്നദ്ധതയിലേക്ക്  അദ്ദേഹം  എത്തിയത്. "ജനങ്ങളെ ബലം പ്രയോഗിച്ച് കീഴടക്കുന്നതിലും ഏറെ നല്ലത് ധർമംവഴി വിജയിക്കുന്നതാണ്’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് തന്റെ സന്ദേശം  അനേകം സ‌്തൂപങ്ങളിലെ ശിലാശാസനങ്ങൾവഴി അദ്ദേഹം വ്യാപകമായി പ്രചരിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രതീകമായ ചക്രം നമ്മുടെ ദേശീയപതാകയിൽ അഭിമാനകരമായ സ്ഥാനമാണ് അലങ്കരിക്കുന്നത്. അദ്ദേഹത്തിന്റെ  ചതുർ സിംഹസ‌്തൂപമാണ‌് ഇന്ത്യയുടെ ഔദ്യോഗിക ചിഹ്നം. സ‌്തൂപത്തിലെ ഒരു ലിഖിതം പറയുന്നത് "തന്റെ മത ശാഖയോടുള്ള  ഭക്തികാരണം അതിനെ വാഴ‌്ത്തിക്കാട്ടാൻ ഉദ്ദേശിച്ചുകൊണ്ട് ഇതര വിഭാഗങ്ങളെ നിന്ദിക്കുന്നവർ  സ്വന്തം വിഭാഗത്തെത്തന്നെയാണ് കൂടുതൽ അപകടപ്പെടുത്തുന്നത്.’
ആ സ‌്തൂപങ്ങളിലെ ലിഖിതങ്ങൾക്ക‌് നേർവിപരീതമായാണ് ആർഎസ്എസും ബിജെപിയും ഇന്ന് പെരുമാറുന്നത്.

ഫാസിസ്റ്റ് പ്രത്യയശാസ്‌ത്രത്തിന്റെ സ്വാധീനം
2000 ജനുവരി 22ന്റെ ഇക്കണോമിക‌് ആൻഡ‌് പൊളിറ്റിക്കൽ വീക്കിലിയിൽ പ്രസിദ്ധപ്പെടുത്തിയ ഒരു മൗലിക പഠനത്തിൽ ആർക്കൈവ്സ് രേഖകളുടെ  പിൻബലത്തോടെ, മർസിയാ കസോളരി  തെളിയിച്ചുകാട്ടുന്നത് ഹിന്ദുത്വ ശക്തികളുടെ മേൽ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിനുള്ള സ്വാധീനമാണ്. ഇറ്റാലിയൻ ഫാസിസവും ജർമൻ നാസിസവും രണ്ടും തങ്ങളുടെ പ്രത്യയശാസ്ത്ര പദ്ധതികൾ രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. ലേഖകൻ പറയുന്നു: "1920 കളുടെ തുടക്കംമുതൽ രണ്ടാം ലോകമഹായുദ്ധംവരെ, ഹിന്ദു ദേശീയതാവാദികൾ ഫാസിസ്റ്റ് ഇറ്റലിയിലെയും പിന്നീട് നാസി ജർമനിയിലെയും രാഷ്ട്രീയ യാഥാർഥ്യത്തെ ഒരാവേശസ്രോതസ്സായാണ് നോക്കിക്കണ്ടത്. പ്രത്യയശാസ്ത്രതലത്തിൽ, ഫാസിസ്റ്റ് സ്വാധീനത്തിന്റെ ഏറ്റവും അർഥപൂർണമായ ഫലം വെളിപ്പെടുത്തിക്കാട്ടുന്നത് ഹിന്ദു ദേശീയത വൈവിധ്യത്തെപ്പറ്റിയുള്ള അതിന്റെ ആശയം വികസിപ്പിച്ചെടുത്തതിലാണ്. അത് വൈവിധ്യമുള്ള ജനങ്ങളെ ശത്രുക്കളാക്കി രൂപാന്തരപ്പെടുത്തിക്കൊണ്ടാണ് സാധിച്ചത്. ആഭ്യന്തര ശത്രുവിനെക്കുറിച്ചുള്ള ആശയം സവർക്കറുടെ ഹിന്ദുത്വത്തിൽത്തന്നെ അന്തർലീനമാണ്. എങ്കിലും, ജർമൻ വംശീയനയത്തെപ്പറ്റിയുള്ള നിരന്തരമായ പ്രസ‌്താവനകളും ജർമനിയിലെ ജൂതപ്രശ്നവും ഇന്ത്യയിലെ മുസ്ലിംവിഷയവും തമ്മിലുള്ള താരതമ്യവും വെളിപ്പെടുത്തുന്നത്, ആഭ്യന്തര ശത്രുവിനെപ്പറ്റിയുള്ള ആശയം ഫാസിസ്റ്റ് രീതിയിൽത്തന്നെ വികസിച്ചുവരുന്ന കാര്യമാണ്. ’

ഒരു ദേശം രൂപപ്പെടുത്തുന്നത് അവിടെ ജീവിക്കുന്നവരുടെ ഭൂരിപക്ഷമാണ്. ജൂതന്മാർ ജർമനിയിൽ എന്താണ് ചെയ‌്തത‌്? ന്യൂനപക്ഷമെന്ന നിലയ‌്ക്ക് അവർ ജർമനിയിൽനിന്ന് പിടിച്ച‌് പുറത്താക്കപ്പെട്ടു. ജർമനിയിൽ ജർമൻകാരുടെ പ്രസ്ഥാനമാണ് ദേശീയ പ്രസ്ഥാനം. പക്ഷേ, ജൂതന്മാരുടേത് വർഗീയമായ ഒന്നാണ്

ആർക്കൈവ്സിൽനിന്ന‌് ലഭിച്ച അമൂല്യ രേഖകളുടെ പിൻബലത്തോടെയാണ് ഈ നിഗമനത്തിലേക്കെത്തുന്നത്. ഹിന്ദുധർമശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ ഭാവി ഇന്ത്യയെ രൂപപ്പെടുത്തിയെടുക്കുന്ന കാര്യത്തിൽ മൂഞ്ചെ പറഞ്ഞ കാര്യം അദ്ദേഹം ഉദ്ധരിക്കുന്നു: "പക്ഷേ പ്രശ്നം, ഈ ആദർശം യാഥാർഥ്യമാക്കണമെങ്കിൽ, നമുക്ക് നമ്മുടെ ഒരു സ്വരാജും അതിനെ നയിക്കാൻ പഴയകാലത്തെ ശിവാജിയെപ്പോലെയോ വർത്തമാനകാല  ഇറ്റലിയിലും ജർമനിയിലുമുള്ള മുസോളിനിയെയും ഹിറ്റ്‌ലറെയും പോലുള്ള ഒരു ഹിന്ദു ഏകാധിപതിയും ഇല്ലാതെ  സാധിക്കുകയേ ഇല്ല എന്നതാണ്... പക്ഷേ ഇതിന‌് അർഥം, അത്തരമൊരു ഏകാധിപതി ഇന്ത്യയിൽ ഉദയം കൊള്ളുന്നതുവരെ നാം കൈകളും കൂപ്പി  തൊഴുതിരിക്കണമെന്നല്ല. നാം ഒരു ശാസ്ത്രീയപദ്ധതിക്ക് രൂപം കൊടുക്കണം. എന്നിട്ട് അതിന്മേൽ പ്രചാരണം നടത്തണം. ഇന്ന് ഫാസിസ്റ്റുകൾ ഇറ്റലിക്കും നാസികൾ ജർമനിക്കും എങ്ങനെയോ, ഭാവി ഇന്ത്യയിൽ അങ്ങനെയുള്ള ഒരവസ്ഥയിലേക്ക് സംഘം എത്തിച്ചേരുമെന്ന പ്രതീക്ഷ ഊന്നിപ്പറയുന്നത് ഒരുപക്ഷേ ഒട്ടും അതിശയോക്തിയാകില്ല. 1934ൽ മൂഞ്ചെ തന്റെ ഭോൺസ‌്‌ലാ മിലിട്ടറി സ‌്കൂൾ എന്ന സ്ഥാപനത്തിന്റെ അടിത്തറയിടാൻ തുടങ്ങി.  ഈ ഉദ്ദേശ്യത്തോടെ, അതേവർഷം സെൻട്രൽ ഹിന്ദു മിലിട്ടറി എജ്യൂക്കേഷൻ സൊസൈറ്റി സ്ഥാപിക്കാനും ശ്രമം തുടങ്ങി. ഹിന്ദുക്കളിൽ സൈനികമായ പുനരുജ്ജീവനം ഉണ്ടാക്കിയെടുക്കലും ഹിന്ദു യുവാക്കളെ മാതൃഭൂമിയുടെ പ്രതിരോധത്തിനുള്ള മുഴുവൻ ചുമതലയും ഏറ്റെടുക്കാൻ പ്രാപ്തമാക്കലുമാണ് അതിന്റെ ഉദ്ദേശ്യം.’

അന്ന് ഹിന്ദു മഹാസഭാ പ്രസിഡന്റായിരുന്ന സവർക്കർ, ഹിറ്റ‌്‌ലറുടെ ജൂതവിരുദ്ധ നയത്തിൽ ആകൃഷ്ടനായിരുന്നു എന്ന കാര്യം ആർക്കൈവ്സ് രേഖകൾ വെളിപ്പെടുത്തുന്നു. ആ രേഖ പറയുന്നത്, എല്ലാ പ്രസംഗങ്ങളിലും സവർക്കർ ജൂതവിരുദ്ധ നയത്തെ പിന്തുണച്ചു എന്നാണ്. ഇന്ത്യയിലെ മുസ്ലിം പ്രശ്നത്തിനുള്ള പരിഹാരമായി അദ്ദേഹം 1938 ഒക്ടോബർ 14 ന് ഇങ്ങനെയാണ് പറഞ്ഞത്:

"ഒരു ദേശം രൂപപ്പെടുത്തുന്നത് അവിടെ ജീവിക്കുന്നവരുടെ ഭൂരിപക്ഷമാണ്. ജൂതന്മാർ ജർമനിയിൽ എന്താണ് ചെയ‌്തത‌്? ന്യൂനപക്ഷമെന്ന നിലയ‌്ക്ക് അവർ ജർമനിയിൽനിന്ന് പിടിച്ച‌് പുറത്താക്കപ്പെട്ടു. ജർമനിയിൽ ജർമൻകാരുടെ പ്രസ്ഥാനമാണ് ദേശീയ പ്രസ്ഥാനം. പക്ഷേ, ജൂതന്മാരുടേത് വർഗീയമായ ഒന്നാണ്. "
പിന്നീട് സവർക്കർ ഇങ്ങനെ പറഞ്ഞതായാണ് ഉദ്ധരിക്കപ്പെടുന്നത്. "ചിന്താപരമായ ഐക്യം, മതം, ഭാഷ, സംസ‌്കാരം എന്നിവയെപ്പോലെ  ദേശീയത, ഭൂമിശാസ്ത്രപരമായ പ്രദേശത്തെ ആശ്രയിക്കുന്നേയില്ല. ഇക്കാരണത്താൽ, ജർമൻകാരെയും ജൂതരെയും ഒരു ദേശമായി കണക്കാക്കാനാകില്ല.'
ഇനിയും സംശയിക്കണോ നരേന്ദ്ര മോഡിയുടെ സമീപകാല ആക്രോശങ്ങൾ എവിടെനിന്ന് വരുന്നു എന്നറിയാൻ?

ഭീകരവാദികളെ ഹിന്ദുക്കളുടെ പേരിൽ സംരക്ഷിക്കാനുള്ള ഈ കുടിലതന്ത്രം, തെരഞ്ഞെടുപ്പ് നേട്ടത്തിനുവേണ്ടിയുള്ള ഒന്നാണ്. അത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഏറ്റവും തിന്മനിറഞ്ഞ ആവി‌ഷ‌്കരണമാണ‌്. ഇന്ത്യയെ സംരക്ഷിച്ചുനിർത്താനായി അതിനെ ചെറുത്തുതോൽപ്പിച്ചേ പറ്റൂ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top