06 June Saturday

നിർമല പഠിക്കേണ്ടത്

ജോർജ്‌ ജോസഫ്‌Updated: Saturday Feb 8, 2020

സംസ്ഥാനത്തിന്റെ ചരിത്രത്തിൽ അതിതീവ്രമായ പ്രതികൂലസാഹചര്യങ്ങളിലാണ് ധനമന്ത്രി തോമസ് ഐസക് തന്റെ പതിനൊന്നാമത്തെ ബജറ്റ് അവതരിപ്പിച്ചത്. പൊതുവെ സാമ്പത്തികമാന്ദ്യം പല കാരണങ്ങളാലും കേരളത്തെയാണ് ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ഒരു ഉപഭോക്തൃസംസ്ഥാനമാണ് കേരളം എന്നതാണ് മുഖ്യകാരണം.  തുടർച്ചയായ രണ്ടു പ്രളയങ്ങൾ കേരളസമ്പദ്ഘടനയ്‌ക്ക് ഏല്പിച്ച ആഘാതം ചെറുതല്ല. കാർഷികമേഖലയിലാണ് ഇത് പ്രകടമായി കണ്ടത്. വളർച്ച നെഗറ്റീവായി. ഇതിനൊപ്പമാണ് കേന്ദ്രത്തിന്റെ വൈരനിര്യാതന ബുദ്ധിയോടെയുള്ള സമീപനം. നികുതിവിഹിതത്തിൽ 2800 കോടി രൂപയുടെ കുറവാണ് ഈ വർഷം വരുത്തിയിരിക്കുന്നത്. ജനുവരി - മാർച്ച് കാലയളവിൽ കേന്ദ്രത്തിൽനിന്ന് വായ്പയടക്കമുള്ള മൊത്തം ധനസഹായത്തിൽ 8330 കോടിയുടെ കുറവ് വരുമെന്ന് ബജറ്റ് ചൂണ്ടിക്കാട്ടുന്നു. 2013–- -14നും 2018–- -19നുമിടയിൽ വരുമാനം 13 .26 ശതമാനം ഉയർന്നപ്പോൾ ചെലവുകൾ ഉയർന്നത് 16 .13 ശതമാനമാണ്. സാമ്പത്തികസ്ഥിതിയെ സത്യസന്ധമായി വിലയിരുത്തുന്ന ബജറ്റ് പ്രതിസന്ധിയുടെ ആഴം ബോധ്യപ്പെടുത്തുന്നു. ഈ സത്യസന്ധത കേന്ദ്രവും കേരളവും തമ്മിലെ സമീപനങ്ങളിലെ വ്യതിരിക്തത ബോധ്യപ്പെടുത്തുന്നതുമാണ്.

സർക്കാർ നിക്ഷേപ ചെലവുകൾ ഉയർത്തി കൂടുതൽ പൊതുനിക്ഷേപം നടത്തുക എന്ന തന്ത്രത്തിന് ബജറ്റ് ഊന്നൽ നൽകിയിരിക്കുന്നത്  ശ്രദ്ധേയമാണ്. സാമ്പത്തികമാന്ദ്യം മറികടക്കുന്നതിനുള്ള പരമ്പരാഗതസാമ്പത്തിക രീതിശാസ്ത്രത്തെ കരുതലോടെ പിൻപറ്റാൻ കഴിഞ്ഞിരിക്കുന്നു.  കിഫ്‌ബി വഴി  20,000  കോടിയുടെ നിർമാണപ്രവർത്തനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത് തൊഴിൽമേഖലയിലെ മുരടിപ്പ് മാറ്റും. മാന്ദ്യത്തെ മറികടക്കാൻ ഭാവനാപൂർണമായി ഇടപെടുമ്പോഴും സാമൂഹ്യസുരക്ഷയുടെ കാര്യത്തിൽ സൂക്ഷ്‌മമായും  ശ്രദ്ധിച്ചിരിക്കുന്നു. കേന്ദ്രബജറ്റും സംസ്ഥാനബജറ്റും തമ്മിലുള്ള പ്രകടമായ അന്തരവും ഇതുതന്നെയാണ്. രാജ്യത്തിന്റെ സാമ്പത്തികപ്രതിസന്ധിക്ക് മുമ്പിൽ പകച്ചുനിൽക്കുന്ന, അതിന് ഒരു ഉത്തരവും നല്കാൻ കഴിയാത്ത നിർമല സീതാരാമന്റെ ബജറ്റ് സാമാന്യജനങ്ങളുടെ സാമ്പത്തികദുരിതത്തെ പാടെ അവഗണിക്കുകയും ചെയ്യുന്നതാണ്.

ക്ഷേമത്തിലും ശ്രദ്ധ
വരുമാനം താഴ്ന്ന അവസ്ഥയിലും ക്ഷേമ പെൻഷൻ 100 രൂപ വർധിപ്പിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. കെഎഫ്സിയെ വിപണിയിൽനിന്ന്  2000 കോടി സമാഹരിക്കാൻ പ്രാപ്തമാക്കുന്ന വിധത്തിൽ 200 കോടി മൂലധനവിഹിതമായി നൽകുന്നത്  നല്ല നിർദേശമാണ്. മൂലധനവിപണിയെ സർക്കാരുകൾ കൂടുതൽ ശ്രദ്ധാപൂർവം ചൂഷണംചെയ്യേണ്ട ഒന്നാണ്.  തോമസ് ഐസക്‌ ധനമന്ത്രിയായതിനുശേഷം ഇക്കാര്യത്തിൽ നൽകുന്ന സവിശേഷ ഊന്നൽ ഇതിന് പിന്നിലുണ്ട്. കിഫ്ബിയുടെ മസാലബോണ്ടിന് ശേഷമുള്ള  ശക്തമായ ഒരു ഇടപെടലായി വിലയിരുത്താം.

ഇടുക്കി, വയനാട് ജില്ലകൾക്കുള്ള 3000 കോടിയുടെ പാക്കേജ് അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് പരിഹാരമാണ്. വിദ്യാഭ്യാസത്തെ ഭാവിയുടെ വൻ നിക്ഷേപമായി കണ്ടുള്ള പരിഗണനയും ശ്രദ്ധേയമാണ്. ഒരു പക്ഷേ കേരളചരിത്രത്തിൽത്തന്നെ  വിദ്യാഭ്യാസമേഖലയ്‌ക്കുള്ള ഏറ്റവും വലിയ കരുതലാകാം ഇത്. കുടുംബശ്രീക്ക് 250 കോടി വകയിരുത്തൽ സ്ത്രീകളെയും ക്ഷേമത്തെയും കരുതുന്നു. വ്യവസായ പാർക്കുകൾക്കുള്ള 14,275 കോടി, കൊച്ചിക്ക് നൽകിയിരിക്കുന്ന പ്രത്യേക പ്രാധാന്യം എന്നിവയും ശ്രദ്ധേയമാണ്. കേരളത്തിന്റെ റവന്യൂവരുമാനത്തിൽ നിർണായകപ്രാധാന്യമുള്ള നഗരമാണ് കൊച്ചി. പുതിയ നികുതിനിർദേശങ്ങളിൽ ചിലത്  സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മാറ്റിവയ്‌ക്കേണ്ടതായിരുന്നു. വാഹനങ്ങളുടെ നികുതി ഉയർത്തിയത് വാഹനവിപണിക്ക് ആഘാതമാകും. ഭൂമിയുടെ ന്യായവില ഉയർത്തിയതും ന്യായമായ നിർദേശം എന്ന് വിലയിരുത്താൻ കഴിയില്ല. ചില നിർദേശങ്ങളുടെ കാര്യത്തിലെങ്കിലും പുനർവായന പ്രതീക്ഷിക്കുന്നുണ്ട്. സാമ്പത്തിക സർവേയിൽ കാർഷികമേഖലയെക്കുറിച്ചുള്ള ആശങ്ക ശക്തമാണ്. 2000 കോടിയാണ് നീക്കിവച്ചിരിക്കുന്നത്. തകരുന്ന കാർഷികമേഖലയ്‌ക്ക് അർഹമായ പരിഗണന നൽകേണ്ടത് അനിവാര്യമാണ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top