21 March Thursday

പോരാട്ടം ഉദാരവൽക്കരണത്തിനെതിരെ

ഡോ. കെ ഹേമലതUpdated: Tuesday Jan 8, 2019


2019 പുതുവർഷത്തെ ഇന്ത്യൻ തൊഴിലാളിവർഗം സ്വാഗതം ചെയ്യുന്നത് ജനുവരി എട്ട‌്, ഒമ്പത‌് തീയതികളിലെ രാജ്യവ്യാപക പണിമുടക്കിനുള്ള സജീവമായ തയ്യാറെടുപ്പുകളോടെയാണ്. നവ ലിബറൽ നയങ്ങൾക്കെതിരെയുള്ള പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട് ഈ വർഷത്തെ സ‌്മരണീയമാക്കി മാറ്റാനുള്ള ദൃഢനിശ്ചയത്തിലാണ‌് അവർ. സമസ‌്ത മേഖലയിലുമുള്ള കോടിക്കണക്കിനു തൊഴിലാളികൾ, ആധുനിക ഹൈടെക് വ്യവസായത്തിലെ ജീവനക്കാരടക്കം, അസംഘടിതമേഖലയിലെ തൊഴിലാളികളും പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള തൊഴിലാളികളും സർക്കാർ ജീവനക്കാരും ഈ പണിമുടക്കിൽ അണിചേരും. വിവിധ മേഖലകളിലുള്ള തൊഴിലാളികൾ തങ്ങളുടെ മുതലാളിമാർക്കും തൊഴിൽവകുപ്പ‌് അധികൃതർക്കും പണിമുടക്ക് നോട്ടീസുകൾ നൽകുന്നതിന്റെ വാർത്തകളാണ് ദിനേനെ പ്രവഹിച്ചുകൊണ്ടിരിക്കുന്നത്. മിക്കവാറും എല്ലാ മേഖലയിലും വ്യവസായങ്ങളിലും പ്രാതിനിധ്യമുള്ള കേന്ദ്ര ട്രേഡ‌് യൂണിയനുകളുടെ സംയുക്ത വേദിയുടെയും സ്വതന്ത്ര ഫെഡറേഷനുകളുടെയും ആഭിമുഖ്യത്തിൽ നടന്ന തൊഴിലാളികളുടെ ദേശീയ കൺവൻഷനാണ് ഇങ്ങനെയൊരു പണിമുടക്കിന് ആഹ്വാനംചെയ‌്തത‌്.

രാജ്യത്ത‌് വർധിച്ചുവരുന്ന അസംതൃപ‌്തി
രാജ്യത്ത് നിയോലിബറൽ നയങ്ങൾ നടപ്പാക്കിത്തുടങ്ങിയതിനുശേഷം നടക്കുന്ന പതിനെട്ടാമത് അഖിലേന്ത്യാ പൊതുപണിമുടക്കാണിത്. ഇതിനുമുമ്പ് നടന്ന പണിമുടക്കുകളിലെല്ലാംതന്നെ, തൊഴിലാളികളുടെയും ജീവനക്കാരുടെയും പങ്കാളിത്തം ഏറിയേറിവരികയായിരുന്നു. പണിമുടക്കിയവരുടെ എണ്ണവും അതിന്റെ ആഘാതങ്ങൾ പ്രകടമായ മേഖലകളുടെ എണ്ണവും ഇങ്ങനെ പെരുകിവരുന്നത്, രാജ്യത്ത് വർധിച്ചുവരുന്ന അസംതൃപ്തിയും അസന്തുഷ്ടിയും കാരണമാണ്. നമ്മുടെ രാജ്യത്ത് സമ്പത്തുൽപ്പാദിപ്പിക്കുന്ന മുഴുവൻ വിഭാഗങ്ങളും, തൊഴിലാളികളാകട്ടെ, കർഷകരാകട്ടെ, കർഷകത്തൊഴിലാളികളാകട്ടെ, മറ്റുള്ളവരാകട്ടെ, എല്ലാവരുടെയുംതന്നെ ജീവിതനിലവാരവും തൊഴിൽസാഹചര്യങ്ങളും നിയോലിബറൽ നയങ്ങളുടെ പരുക്കുകൾ ഏറ്റുവാങ്ങിയിരുന്നു. ഈ ജനവിരുദ്ധനയങ്ങൾക്ക‌ുള്ള തിരിച്ചടി ലക്ഷ്യമാക്കിക്കൊണ്ടുള്ള ഉയർന്ന സമരരൂപങ്ങൾക്ക് പതിനെട്ടാമത് രാജ്യവ്യാപക പൊതുപണിമുടക്ക് വഴിതെളിക്കും.

പ്രധാനമന്ത്രി മോഡിക്കു കീഴിലുള്ള  ഇപ്പോഴത്തെ ബിജെപി  സർക്കാർ, ഈ നയങ്ങൾ കൂടുതൽ കടുപ്പിച്ച് നടപ്പാക്കുന്നത‌ുവഴി സ്ഥിതിഗതികൾ  വഷളാക്കിയിരിക്കുകയാണ്. ജനങ്ങളുടെ ജീവിതപ്രയാസങ്ങളെക്കുറിച്ച് അവർക്ക്‌ ഒരു നോട്ടവുമില്ല. വ്യത്യസ‌്ത വിഭാഗം ജനങ്ങൾ ട്രേഡ‌് യൂണിയനുകളിലൂടെയും കർഷക സംഘടനകളിലൂടെയും ഉന്നയിച്ചുപോന്ന ആവശ്യങ്ങളെ അവജ്ഞാപൂർവം അവഗണിക്കുകയാണ് സർക്കാർ. പകരം, ഏകാധിപത്യപരമായ നടപടികളിലൂടെ ആ എതിർശബ്ദങ്ങളെയാകെ ഞെരിച്ചടക്കാനാണ് ശ്രമം. ജനങ്ങളുടെ ജീവിതത്തെയും ജീവനോപാധികളെയും സംബന്ധിച്ച യഥാർഥ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതിന‌ു പകരം, ജീവിതപ്രശ്നങ്ങളിൽനിന്ന് അയഥാർഥ പ്രശ്നങ്ങളിലേക്ക് അവരുടെ ശ്രദ്ധ തിരിച്ചുവിടുന്നതിനുള്ള വഴികൾ അന്വേഷിക്കുകയാണ് സർക്കാർ. ബിജെപി നേതാക്കളും സർക്കാരുമാകട്ടെ, അധ്വാനിക്കുന്ന ജനങ്ങളെ, മതത്തിന്റെയും ജാതിയുടെയും പ്രാദേശികതയുടെയും പേരിൽ ഭിന്നിപ്പിക്കുന്നതിനായി പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ആർഎസ്എസിന്റെയും അതിന്റെ അനുബന്ധ സംഘടനകളുടെയും എല്ലാ തന്ത്രങ്ങളെയും പ്രോത്സാഹിപ്പിക്കുകയാണ്. ഇതുവഴി തൊഴിലാളിവർഗത്തിന്റെ യോജിച്ച പോരാട്ടങ്ങളെ ക്ഷീണിപ്പിക്കാനും അതുവഴി തങ്ങളുടെ കോർപറേറ്റ് യജമാനന്മാരെ സേവിക്കാനുമാണ് അവർ ശ്രമിക്കുന്നത്.

2014ൽ മോഡിക്ക് വോട്ട‌് ചെയ‌്തവരിൽ ഗണ്യമായ ഒരുവിഭാഗം തൊഴിലാളികൾക്കും ജീവനക്കാർക്കും പെട്ടെന്നുതന്നെ ബോധ്യപ്പെടാൻ തുടങ്ങി, സർക്കാർ നടപ്പാക്കുന്നത് കോൺഗ്രസ് നേതൃത്വത്തിൽ യുപിഎ നടപ്പാക്കിയ അതേ നയങ്ങൾതന്നെയാണെന്ന്! എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ, അത്, നടപ്പാക്കുന്നതിലെ വീറും വേഗവും കൂടുന്നു എന്നതുമാത്രമാണ്. തന്ത്രപ്രധാന മേഖലകളിലേതടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണവും ഓഹരിവിറ്റഴിക്കലും പൊളിച്ചടുക്കലും അതീവ വേഗത്തിലാണ‌് നടപ്പാക്കുന്നത‌്. പ്രതിരോധം, റെയിൽവേ, ഇൻഷുറൻസ്, ടെലികോം തുടങ്ങിയ തന്ത്രപ്രധാനമായ മേഖലകൾ നാടൻ - മറുനാടൻ സ്വകാര്യകുത്തകകൾക്ക് വെള്ളിത്താലത്തിൽവച്ച‌് നീട്ടുകയാണ്. തൊഴിലാളികളും ജീവനക്കാരും പൊരുതിനേടിയെടുത്ത അടിസ്ഥാന അവകാശങ്ങൾ തകർക്കുന്ന തരത്തിൽ മുതലാളി പക്ഷപാതിത്തത്തോടെയുള്ള നിയമഭേദഗതികൾ വേഗത്തിൽ നടത്താനാണ് നീക്കം. തൊഴിൽ നിയമങ്ങളെക്കുറിച്ച് (അവയാകട്ടെ, അസംഘടിതമേഖലയിൽപെട്ട 93 ശതമാനം തൊഴിലാളികൾക്കും ബാധകമല്ല, അവശേഷിച്ച ഏഴ‌് ശതമാനത്തിൽ മിക്കവർക്കും ബാധകമാക്കിയിട്ടുമില്ല) മോഡി വിശേഷിപ്പിക്കുന്നത് ജൂംഗേ രാജ് എന്നാണ്. അവ അനായാസമായ ബിസിനസ് നടത്തിപ്പിന് തടസ്സം സൃഷ്ടിക്കുന്നുവെന്നാണ്‌. കരാർവൽക്കരണം വ്യാപകമാവുകയാണ്.പുതുതായി തൊഴിലവസരം ഒട്ടും സൃഷ്ടിക്കപ്പെടുന്നേയില്ല. വിലകൾ കുത്തനെ കയറുകയാണ്. സാമൂഹ്യക്ഷേമച്ചെലവുകൾ വ്യാപകമായി വെട്ടിച്ചുരുക്കപ്പെടുകയാണ്.

അഖിലേന്ത്യാടിസ്ഥാനത്തിൽ കേന്ദ്ര ട്രേഡ‌് യൂണിയനുകളുടെ നേതൃത്വത്തിൽ നടന്ന സംയുക്ത പ്രക്ഷോഭങ്ങൾക്കു പുറമെ, തൊഴിലാളിവർഗത്തിലെ മിക്ക വിഭാഗങ്ങളും കേന്ദ്ര–-- സംസ്ഥാന സർക്കാർ ജീവനക്കാരും പ്രതിരോധം, ടെലികോം, ഇൻഷുറൻസ്, ബാങ്കിങ‌് മേഖലാ ജീവനക്കാരും മെഡിക്കൽ റെപ്രസന്റേറ്റീവ്സും തങ്ങളുടെ തൊഴിലിനും ജീവിതസാഹചര്യങ്ങൾക്കും നേരെയുള്ള കടന്നാക്രമണത്തിനെതിരെ സംയുക്ത പ്രക്ഷോഭത്തിലായിരുന്നു. ഇലക്ട്രിസിറ്റി, റോഡ് ട്രാൻസ്പോർട്ട്, മറ്റിതര പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിലെ സംഘടനകൾ സ്വകാര്യവൽക്കരണത്തിനെതിരെ സ്വതന്ത്രവും സംയുക്തവുമായ പ്രക്ഷോഭങ്ങൾ, പണിമുടക്കടക്കം ഏറ്റെടുത്തിട്ടുണ്ട്. അങ്കണവാടി ജീവനക്കാർ, ആശാമാർ, ഉച്ചഭക്ഷണത്തൊഴിലാളികൾ, മറ്റു വിഭാഗം പദ്ധതിത്തൊഴിലാളികൾ എന്നിവരും അഖിലേന്ത്യാടിസ്ഥാത്തിലും മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ഒറ്റയ‌്ക്കൊറ്റയ‌്ക്കും സംയുക്തമായും പ്രക്ഷോഭങ്ങളിലും പണിമുടക്കങ്ങളിലും അണിനിരന്നു.

തൊഴിലാളികളുടെയും കർഷകരുടെയും സംയുക്ത പ്രക്ഷോഭങ്ങൾ
ബിജെപി സർക്കാരിന്റെ നയങ്ങളിൽ അസംതൃപ്തരാകുന്നത്, തൊഴിലാളികൾമാത്രമല്ല. അനുസ്യൂതം തുടരുന്ന  കാർഷിക പ്രതിസന്ധിക്കും ഗ്രാമീണ ദുരിതങ്ങൾക്കുമെതിരെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി കർഷകർ തെരുവിലിറങ്ങുകയാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലും വമ്പിച്ച കർഷക പ്രക്ഷോഭങ്ങളാണ് നടന്നത്. മധ്യപ്രദേശിലെ ബിജെപി സർക്കാർ, മന്ദ് സോറിൽ ആറ‌് കർഷകരെയാണ് വെടിവച്ചുകൊന്നത്. ആദിവാസികളടക്കം ആയിരക്കണക്കിനു കർഷകർ നാസിക്കുമുതൽ മുംബൈവരെ നടത്തിയ ലോങ‌് മാർച്ച് വലിയ ബഹുജന ശ്രദ്ധ പിടിച്ചുപറ്റി. മറ്റു പല സംസ്ഥാനങ്ങളിലും കർഷകർ വൻതോതിൽ പ്രക്ഷോഭരംഗത്തേക്ക് കടന്നുവരുന്നുണ്ട്.

ലക്ഷക്കണക്കിനു തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും പങ്കെടുത്ത 2018 സെപ്തംബർ അഞ്ചിന്റെ മസ്ദൂർ കിസാൻ സംഘർഷ് റാലി   രാജ്യത്തെ അധ്വാനിക്കുന്ന ജനങ്ങളുടെ പ്രക്ഷോഭചരിത്രത്തിൽ ഒരു നാഴികക്കല്ലാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി രാജ്യത്തെ സമ്പത്തുൽപ്പാദിപ്പിക്കുന്ന മൂന്ന് അടിസ്ഥാനവർഗങ്ങൾ, തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും സിഐടിയു, അഖിലേന്ത്യാ കിസാൻ സഭ, അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ എന്നിവയുടെ നേതൃത്വത്തിൽ ഒന്നിച്ച് ഒരു റാലി നടത്തുകയുണ്ടായി. ബിജെപി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ, കർഷകവിരുദ്ധ, ജനവിരുദ്ധ, രാജ്യവിരുദ്ധ നയങ്ങളെ അതിശക്തമായി അപലപിച്ച റാലി, നിയോലിബറൽ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി ഈ മൂന്നുവിഭാഗങ്ങളുടെയും നേതൃത്വത്തിലുള്ള സംയുക്ത പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്താൻ ആഹ്വാനംചെയ‌്തു. നവലിബറൽ നയങ്ങൾക്കെതിരെയുള്ള സംയുക്ത പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ചുവടുവയ‌്പാണ് മോഡി സർക്കാരിനെ പരാജയപ്പെടുത്തുക എന്ന കാര്യം രാജ്യത്തെ ജനങ്ങളെ റാലി ഓർമിപ്പിച്ചു.

മോഡി ഭരണത്തിനും അതിന്റെ നയങ്ങൾക്കുമെതിരെ വളർന്നുവരുന്ന അസംതൃപ്തിയുടെയും നിരാശയുടെയും ഈ പശ്ചാത്തലത്തിലാണ്, 10 കേന്ദ്ര ട്രേഡ‌് യൂണിയനുകൾ ഒരഖിലേന്ത്യാ കൺവൻഷൻ ചേർന്ന്, രാജ്യവ്യാപക പ്രക്ഷോഭം നടത്താനും അതിന്റെ തുടർച്ചയായി രണ്ടു ദിവസത്തെ അഖിലേന്ത്യാ പണിമുടക്ക‌് നടത്താനും തീരുമാനിച്ചത്. തൊഴിലാളികൾ നേരത്തെ സമർപ്പിച്ച 12 ഇന ആവശ്യങ്ങളെ അവഗണിക്കുകമാത്രമല്ല, തൊഴിലാളികളെയും ജീവനക്കാരെയും ട്രേഡ‌് യൂണിയനുകളെയും  കടന്നാക്രമിക്കുകകൂടി ചെയ്യുന്ന സർക്കാർ നടപടിയെ അതിനിശിതമായി വിമർശിക്കുന്ന കൺവൻഷൻ പ്രഖ്യാപനം ഏകകണ്ഠമായാണ് പാസാക്കിയത്.

പ്രക്ഷോഭത്തിലേർപ്പെട്ട കർഷകർക്കും അധ്വാനിക്കുന്ന  മറ്റിതര ജനവിഭാഗങ്ങൾക്കും  ദേശീയ കൺവൻഷൻ പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സെപ‌്തംബർ അഞ്ചിന്റെ മസ്ദൂർ കിസാൻ സംഘർഷ റാലിയും അതിൽ ഉയർത്തിയ മുദ്രാവാക്യങ്ങൾക്ക്  ട്രേഡ‌് യൂണിയനുകളുടെ ഐക്യ കൺവൻഷൻ നൽകിയ പിന്തുണയും തൊഴിലാളി - കർഷക വർഗങ്ങളുടെ കൂടുതൽ വിപുലമായ ഐക്യത്തിന് വഴിതുറക്കുകതന്നെ ചെയ്യും. കീഴ‌്ത്തലംമുതൽ തുടങ്ങിയ ഈ ഐക്യം ശക്തിപ്പെടുത്തുന്നതിന് തൊഴിലാളിവർഗം മുൻകൈ എടുക്കണം. രണ്ടുദിവസത്തെ സംയുക്ത രാജ്യവ്യാപക പൊതുപണിമുടക്ക‌് വിജയിപ്പിക്കുന്നതിനുള്ള പ്രചാരണ പ്രവർത്തനങ്ങളുടെ മുഖ്യ ഊന്നൽ ഇക്കാര്യത്തിലാകണം.

നിയോലിബറൽ നയങ്ങളുടെ കെടുതിയിൽനിന്ന് രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കുന്നതിനും സർക്കാരിന്റെ വർഗീയ വിഘടനവാദപരമായ അജൻഡയും ജനങ്ങളുടെ അടിസ്ഥാനപരമായ ജനാധിപത്യാവകാശങ്ങൾക്കുനേരെ അവർ നടത്തുന്ന കടന്നാക്രമണങ്ങളെയും ചെറുത്ത‌് തോൽപ്പിക്കുന്നതിനും മോഡിയുടെ ബിജെപി സർക്കാരിനെ തോൽപ്പിച്ചേ പറ്റൂ. പക്ഷേ, ഇതുമാത്രംപോരാ. തൊഴിലാളികളുടെയും കർഷകരുടെയും ഐക്യപ്രക്ഷോഭത്തെ നിയോലിബറൽ നയങ്ങൾക്കും ചൂഷണാധിഷ്ഠിതമായ വ്യവസ്ഥയ‌്ക്കും എതിരെ തിരിച്ചുവിടേണ്ടതുണ്ട്. ഇതിനാകട്ടെ, തൊഴിലാളികളുടെയും കർഷകരുടെയും സംയുക്ത പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്തുകയും അവരുടെ വർഗ സഖ്യം വികസിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ശക്തമായ തൊഴിലാളി കർഷക സഖ്യം നയിക്കുന്ന പ്രക്ഷോഭങ്ങൾക്കുമാത്രമേ ജനവിരുദ്ധ ദേശവിരുദ്ധ നയങ്ങൾ തിരുത്താനും രാജ്യത്തിന്റെ പരമാധികാരം കാത്തുസൂക്ഷിക്കാനും ചൂഷണാധിഷ്ഠിതമായ സമൂഹത്തെ മാറ്റാനും കഴിയൂ.

(സിഐടിയു അഖിലേന്ത്യാ പ്രസിഡന്റാണ്‌ ലേഖിക)

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top