20 September Friday

സംഘപരിവാർ രാഷ്ട്രീയത്തിന് ബദൽ എന്ത്?

എളമരം കരീം Updated: Saturday Sep 7, 2019

രണ്ടാം മോഡി സർക്കാർ സംഘപരിവാർ അജൻഡകൾ ഒന്നൊന്നായി നടപ്പാക്കാനുള്ള വ്യഗ്രതയിലാണ്. ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും ഫെഡറൽ തത്വവും തകർക്കുന്ന മോഡി സർക്കാരിന്റെ നയങ്ങൾക്കെതിരെ ഉറച്ചുനിന്ന് പോരാടാൻ മുഖ്യ പ്രതിപക്ഷ പാർടിയായ കോൺഗ്രസ് സന്നദ്ധമാകുന്നില്ല എന്നത് ദൗർഭാഗ്യകരമാണ്. പാർലമെന്റിലെ പ്രതിപക്ഷ പാർടികളിൽ പലരും അവസരവാദ നിലപാടുകളാണ് സ്വീകരിക്കുന്നത്. സർക്കാരിന്റെ ജനവിരുദ്ധ‐വർഗീയ നിലപാടുകളെ ഉറച്ചുനിന്നെതിർക്കുന്നത് ഇടതുപക്ഷവും ഡിഎംകെയുംമാത്രമാണ്.

 

രാജ്യസഭയിലെ കക്ഷികളുടെ നിലപാടിലുണ്ടായ ചാഞ്ചാട്ടം
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടനപത്രികയിൽ സംഘപരിവാർ ദീർഘകാലമായി ഉയർത്തുന്ന ചില പ്രശ്നങ്ങൾ ഉൾക്കൊള്ളിച്ചിരുന്നു. കശ്മീരിന് ഭരണഘടനയുടെ 370–ാം വകുപ്പനുസരിച്ചുള്ള പ്രത്യേകപദവി എടുത്തുകളയും ഏക സിവിൽകോഡ് നടപ്പാക്കും, അയോധ്യയിൽ രാമക്ഷേത്രം പണിയും എന്നിവയായിരുന്നു അവ. വാജ്പേയി സർക്കാരും ഒന്നാം മോഡി സർക്കാരും ഉയർത്താൻ മടിച്ചുനിന്ന ഈ കാര്യങ്ങൾ നടപ്പാക്കാൻ ഇപ്പോൾ മോഡി സർക്കാർ തുനിഞ്ഞത് പാർലമെന്റ് തെരഞ്ഞെടുപ്പിലുണ്ടായ വലിയ വിജയത്തിന്റെ പശ്ചാത്തലത്തിലാണ്. ലോക്സഭയിൽ മാത്രമല്ല, രാജ്യസഭയിലും ഭൂരിപക്ഷം സംഘടിപ്പിക്കാൻ ബിജെപിക്ക് സാധിച്ചു. എഐഎഡിഎംകെയും  ബിഹാറിലെ  ജനതാദൾ യുണൈറ്റഡും ബിജെപി മുന്നണിയിലാണ്. തെലുഗുദേശം, ഒഡിഷയിലെ ബിജെഡി, തെലങ്കാന രാഷ്ട്രസമിതി, വൈഎസ്ആർ കോൺഗ്രസ് എന്നീ പാർടികൾ വിവാദ ബില്ലുകളിന്മേൽ നടന്ന വോട്ടെടുപ്പിൽ ബിജെപിയെ അനുകൂലിച്ചു. നിർണായകമായ വോട്ടെടുപ്പുകളിൽ എൻസിപി, ബിഎസ്പി, എഎപി, ടിഎംസി, സമാജ്വാദി പാർടി, ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നീ പാർടികൾ ബിജെപി സർക്കാരിനെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചു. ഇടതുപക്ഷത്തോടൊപ്പം ഉറച്ചനിലപാട് സ്വീകരിച്ചത് ഡിഎംകെയും ആർജെഡിയും മാത്രമാണ്. രാജ്യസഭയിലെ കക്ഷികളുടെ നിലപാടിലുണ്ടായ ഈ ചാഞ്ചാട്ടമാണ് സംഘപരിവാറിന് തുണയായത്.

മുത്തലാഖ് നിരോധന നിയമം ഒന്നാം മോഡി സർക്കാരിന്റെ കാലത്ത് രാജ്യസഭയിൽ അവതരിപ്പിക്കാൻ പ്രതിപക്ഷം അനുവദിച്ചില്ല. തുടർന്നാണ് കേന്ദ്ര സർക്കാർ ഓർഡിനൻസിറക്കിയത്. ഈ പാർലമെന്റിൽ പാസാകുമെന്ന് ഉറപ്പാക്കിയശേഷമാണ് പ്രസ്തുത ബിൽ അവതരിപ്പിച്ചത്. മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് 2017 ൽ സുപ്രീംകോടതി നിരോധിച്ചു. സുപ്രീംകോടതി വിധി രാജ്യത്തിന്റെ നിയമമാണെന്നിരിക്കെ പുതിയ നിയമം ഉണ്ടാക്കേണ്ട യാതൊരാവശ്യവുമില്ല. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടുമില്ല. മുത്തലാഖ് ചൊല്ലുന്ന മുസ്ലിം പുരുഷന്റെ പേരിൽ ക്രിമിനൽ കേസെടുക്കാനും മൂന്നുവർഷം തടവുശിക്ഷ നൽകാനും ബിൽ വ്യവസ്ഥ ചെയ്യുന്നു. വിവാഹമോചനം നടത്തുന്ന മറ്റ് സമുദായങ്ങളിലെ പുരുഷന്മാരുടെ പേരിൽ ക്രിമിനൽ കേസില്ല. ഈ നിയമം മുസ്ലിങ്ങളോട് വിവേചനം കാണിക്കുന്നു. ഈ ബില്ലിനെ പാർലമെന്റിൽ കോൺഗ്രസ് എതിർത്ത് വോട്ട് ചെയ്തില്ല. സംഘപരിവാറിന്റെ ഹിന്ദുത്വ നിലപാടിനെ എതിർക്കാൻ കോൺഗ്രസ്  തന്റേടം കാണിച്ചില്ല.

മറ്റൊരു വിവാദ ബിൽ യുഎപിഎ ഭേദഗതിയായിരുന്നു. 1967 ൽ കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന നിയമമാണിത്. ഈ കരിനിയമം ഉപയോഗിച്ച് പൊലീസ് അറസ്റ്റ് ചെയ്ത് കേസെടുത്ത് ജയിലിലടച്ചവരിൽ ഭുരിപക്ഷവും മുസ്ലിം, ദളിത് വിഭാഗത്തിൽപ്പെട്ടവരാണ്. വിചാരണ കൂടാതെ  ദീർഘകാലം ഇവരെ ജയിലിലടച്ചു. പ്രസ്തുത നിയമം കൂടുതൽ ഭീകരമാക്കുന്നതാണ് ഭേദഗതി. ഏത് പൗരനെയും ഭീകരനായി പ്രഖ്യാപിക്കാൻ എൻഐഎക്ക് പുതിയ ഭേദഗതി അവകാശം നൽകുന്നു. അവരെ അറസ്റ്റ് ചെയ്യാനും അവരുടെ സ്വത്ത് കണ്ടുകെട്ടാനും അവർ ജീവിക്കുന്ന സംസ്ഥാനത്തെ അറിയിക്കുകപോലും വേണ്ട. ഇങ്ങനെ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലേക്ക് അയക്കപ്പെടുന്ന ആൾ താൻ നിരപരാധിയാണെന്ന് സ്വയംതന്നെ തെളിയിക്കണം. ഭരണഘടന ഉറപ്പുനൽകുന്ന പൗരാവകാശം ലംഘിക്കുന്നതാണ് പുതിയ നിയമം. ഈ ബില്ലിനെ പാർലമെന്റിൽ കോൺഗ്രസ് അനുകൂലിച്ചു. "രാജ്യരക്ഷ' എന്ന മുദ്രാവാക്യം ഉയർത്തി ബിജെപി നടത്തുന്ന രാഷ്ട്രീയ കളിയിൽ കോൺഗ്രസും മറ്റു ചില സംസ്ഥാന പാർടികളും വീണുപോവുകയാണ്.

തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കുന്ന തൊഴിൽ നിയമഭേദഗതി നിയമത്തെയും പാർലമെന്റിൽ കോൺഗ്രസ് അനുകൂലിച്ചു. കോർപറേറ്റുകൾക്ക് തൊഴിലാളികളെ അടിമകളെപ്പോലെ ജോലി ചെയ്യിക്കാൻ അവസരം നൽകുന്നതാണ് പുതിയ നിയമം. നവ‐ഉദാരവൽക്കരണ നയങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം നിയമങ്ങൾ വരുന്നത്. ഈ കാര്യത്തിൽ കോൺഗ്രസും ബിജെപിയും ഒരേ നിലപാടിലാണ്.

ആഗസ്ത് അഞ്ചിനാണ് കശ്മീർ വിഭജന നിയമവും കശ്മീരിന് നൽകിയ പ്രത്യേകപദവി എടുത്തുകളയുന്ന പ്രമേയവും രാജ്യസഭ പാസാക്കിയത്. ആഗസ്ത് ആറിന് ലോക്സഭയും പാസാക്കി. ആഗസ്ത് അഞ്ചുവരെ ജമ്മു കശ്മീർ സംസ്ഥാനമായിരുന്നു. ആഗസ്ത് ഏഴിന് കശ്മീർ സംസ്ഥാനമല്ലാതായി. ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം 29 ൽനിന്ന് 28 ആയി കുറഞ്ഞു.

370–ാം വകുപ്പ് റദ്ദ് ചെയ്യുന്ന പ്രമേയവും സംസ്ഥാന വിഭജന ബില്ലും ആഗസ്ത് അഞ്ചിന് രാജ്യസഭയിൽ മുന്നറിയിപ്പില്ലാതെയാണ് അവതരിപ്പിച്ചത്. ആഗസ്ത് അഞ്ചിന് പകൽ 11ന് രാജ്യസഭയിലെത്തിയ ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റംഗങ്ങൾക്ക് കോപ്പിപോലും നൽകാതെ വിവാദബിൽ അവതരിപ്പിക്കുകയാണ് ചെയ്തത്.

കശ്മീരിനെ തോക്കിൻ മുനയിൽ നിർത്തുകയും രാഷ്ട്രീയ നേതാക്കളെ മുഴുവൻ തടങ്കലിലാക്കുകയും ചെയ്താണ് സർക്കാർ പാർലമെന്റിൽ ഈ നിയമം പാസാക്കിയെടുത്തത്. 370–ാം വകുപ്പ് റദ്ദ് ചെയ്യുന്ന പ്രമേയവും സംസ്ഥാന വിഭജന ബില്ലും ആഗസ്ത് അഞ്ചിന് രാജ്യസഭയിൽ മുന്നറിയിപ്പില്ലാതെയാണ് അവതരിപ്പിച്ചത്. സാധാരണ ഒരു ദിവസത്തെ സഭാനടപടികൾ തലേദിവസം മെമ്പർമാരെ അറിയിക്കും. ഈ കാര്യത്തിൽ അതുണ്ടായില്ല. ജൂലൈയിൽ കൂടുതൽ സായുധസേനയെ കശ്മീരിലേക്കയച്ച കേന്ദ്രസർക്കാർ ഈ കാര്യങ്ങൾ മുൻകൂട്ടി തീരുമാനിച്ചതായിരുന്നു. എന്നാൽ, പാർലമെന്റിൽ ഈ കാര്യം മറച്ചുവച്ചു. ആഗസ്ത് അഞ്ചിന് പകൽ 11ന് രാജ്യസഭയിലെത്തിയ ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റംഗങ്ങൾക്ക് കോപ്പിപോലും നൽകാതെ വിവാദബിൽ അവതരിപ്പിക്കുകയാണ് ചെയ്തത്. ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിൽ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത സംഭവമാണിത്.

സംസ്ഥാനങ്ങളുടെ വിഭജനം സംസ്ഥാന അസംബ്ലിയുടെ അംഗീകാരത്തോടെ വേണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബിഹാർ, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ വിഭജിച്ച് പുതിയ സംസ്ഥാനങ്ങൾ (ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ്, ജാർഖണ്ഡ്, തെലങ്കാന) രൂപീകരിച്ചത് ഭരണഘടന അനുശാസിക്കുന്ന വിധത്തിലാണ്. വിഭജനകാര്യം രാഷ്ട്രീയ കക്ഷികളുമായി ചർച്ചചെയ്യും. നാല് വർഷത്തോളം നീണ്ടുനിന്ന പ്രക്രിയയിലൂടെയാണ് മുമ്പ് സംസ്ഥാന വിഭജനം നടത്തിയത്. ബിജെപി സർക്കാർ എല്ലാ കീഴ്വഴക്കങ്ങളും കാറ്റിൽ പറത്തി.

2014 ൽ മോഡിസർക്കാർ അധികാരത്തിലേറിയതുമുതൽ ഭരണഘടനയും ഭരണഘടനാസ്ഥാപനങ്ങളും ദുർബലമാക്കൽ ആരംഭിച്ചു. തെരഞ്ഞെടുപ്പ് കമീഷന്റെ സ്വതന്ത്രസ്വഭാവം ഇല്ലാതാക്കി. സിബിഐ  ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളെ നിഷ്പക്ഷമായി പ്രവർത്തിക്കാതാക്കി. ആർഎസ്എസുകാരെ ഗവർണർമാരാക്കി, സംസ്ഥാനങ്ങളിൽ ജനാധിപത്യം അട്ടിമറിച്ചു. എംഎൽഎമാരെ കൂറുമാറ്റി, ബിജെപി ഇതര സർക്കാരുകളെ അട്ടിമറിക്കുകയും ചെയ്തു. ജുഡീഷ്യറിയിലും അസാധാരണമാംവിധം ഇടപെട്ടു.

ആർഎസ്എസ് നേതൃത്വത്തിൽ നടന്ന വർഗീയ കലാപങ്ങൾ, ആൾക്കൂട്ട കൊലപാതകങ്ങൾ, ആക്രമണങ്ങൾ തുടങ്ങിയവയിലെ പ്രതികൾക്കെതിരെ കോടതികളിൽ തെളിവ് ഹാജരാക്കാതെ അവർക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കി.  ഭരണഘടനയും നിയമങ്ങളും അനുശാസിക്കുന്ന നീതി എല്ലാ പൗരന്മാർക്കും കിട്ടാത്ത അവസ്ഥ സംജാതമായി.

കോൺഗ്രസിന്റെ അവസരവാദ‐ജനവിരുദ്ധ നിലപാടുകൾ
1947 ൽ ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാകണമെന്നായിരുന്നു ആർഎസ്എസ് വാദിച്ചത്. ദേശീയ പ്രസ്ഥാനം ഉയർത്തിപ്പിടിച്ച പാരമ്പര്യവും മതനിരപേക്ഷതയോട് ഇന്ത്യൻ ജനതയുടെ ഉറച്ചനിലപാടും ആർഎസ്എസ് അംഗീകരിച്ചില്ല.  ആർഎസ്എസിന് വളരാൻ അവസരമൊരുക്കുന്ന നിലപാടാണ് പലപ്പോഴും കോൺഗ്രസ് സ്വീകരിച്ചത്. ബാബ്റി മസ്ജിദ്, കശ്മീർ പ്രശ്നം തുടങ്ങിയവയിൽ ഭരണഘടനാ തത്വങ്ങൾ ലംഘിക്കുകയായിരുന്നു കോൺഗ്രസ്. സംഘപരിവാറിന്റെ തീവ്രഹിന്ദുത്വ നിലപാടിന് ബദലായി മൃദു ഹിന്ദുത്വ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചുപോന്നത്. ഇന്ത്യയെ ബിജെപിയുടെ ഭരണത്തിലേക്കെത്തിച്ചത് കോൺഗ്രസിന്റെ അവസരവാദ‐ജനവിരുദ്ധ നിലപാടുകളാണ്.

ഫാസിസ്റ്റ് രീതിയിൽ മുന്നോട്ടുപോകുന്ന ബിജെപി സർക്കാരിന്റെ നയങ്ങൾക്കെതിരെ ജനങ്ങളിൽ പ്രതിഷേധം പടരുന്നുണ്ട്. എന്നാൽ, കൃത്യമായ നിലപാടുകളുമായി ഇന്നത്തെ അവസ്ഥയെ  നേരിടാൻ ദേശീയ‐സംസ്ഥാന പാർടികളിൽ പലരും വിമുഖരാണ്. കേന്ദ്രഭരണത്തിലും സംസ്ഥാനസർക്കാരുകളിലും പങ്കാളികളായിരുന്ന കാലത്ത് പലരും നടത്തിയ അഴിമതി കേസുകളിൽ നടപടി ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി പല നേതാക്കളെയും പാർടികളെയും മോഡി സർക്കാർ കീഴ്പ്പെടുത്തിക്കഴിഞ്ഞു. ചിലർ ജയിലിലേക്ക് പോകുമ്പോൾ മറ്റ് ചിലർ നടുങ്ങുകയാണ്.

ഇടതുപക്ഷം ദേശീയതലത്തിൽ ദുർബലമാണെങ്കിലും ബിജെപി ഉയർത്തുന്ന വെല്ലുവിളികളെ നേരിടാനുറച്ച് നിലകൊള്ളുന്നു. മോഡി ഭരണകൂടം വീട്ടുതടങ്കലിലാക്കിയ സിപിഐ എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദർശിക്കാൻ ഉറച്ചനിലപാടെടുത്ത സീതാറാം യെച്ചൂരി ഈ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമാണ്. ""എന്തിനാണ് ഇനിയും സിപിഐ എമ്മിൽ തുടരുന്നത്'' എന്ന് ചോദിച്ച അമിത് ഷായോട് മുഖത്തടിച്ചപോലെ മറുപടി നൽകിയ സിപിഐ എം രാജ്യസഭാംഗം ജർണാദാസ്(ത്രിപുര) മറ്റൊരു ഉദാഹരണമാണ്. മതനിരപേക്ഷതയും ജനാധിപത്യവും ഫെഡറലിസവും സംരക്ഷിക്കണമെന്നാഗ്രഹിക്കുന്ന ജനങ്ങളുടെ വിപുലമായ ഐക്യമാണ് ഉയർന്നുവരേണ്ടത്. ജനങ്ങളുടെ മുന്നിൽ വിശ്വാസ്യതയുള്ള ബദൽ ഉയർത്താനാണ് നാം ആലോചിക്കേണ്ടത്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top