06 June Saturday

പുതു ധാർമികതയുടെ വിധി

എൻ പി ആഷ്‌ലിUpdated: Friday Sep 7, 2018

“ഭരണഘടന സംരക്ഷിക്കുക, ഭരണഘടനയെ പ്രതിരോധിക്കുക’ എന്ന മുദ്രാവാക്യത്തിൽ വലിയൊരു പ്രശ്നമുള്ളതായി തോന്നിയിട്ടുണ്ട്. 
ഇന്ത്യയിലെ ഏറ്റവും മുന്നിൽ നിൽക്കുന്ന, ഏറ്റവും ദയവുള്ള, ഏറ്റവും രാഷ്ട്രീയബോധമുള്ള രേഖയാണ് ഇന്ത്യൻ ഭരണഘടന. നമ്മുടെ സമൂഹം അതിൽനിന്ന‌് എത്രയോ പിറകിലാണ്. കൊളോണിയൽ വിരുദ്ധ ഇന്ത്യൻ ദേശീയതയുടെയും ലോകരാഷ്ട്രങ്ങളുടെ ഭരണഘടനയിൽനിന്ന് സ്വീകരിച്ച ആശയങ്ങളുടെയും  ഊർജമുൾക്കൊണ്ട‌് നിർമിച്ച നമ്മുടെ ജനതയെ ഓർമിപ്പിക്കുന്ന ഈ ഒറ്റ അടിസ്ഥാനത്തിലേക്ക് എത്തിച്ചേരാൻ നമ്മൾ ഇനിയുമെത്ര യാത്ര ചെയ്യണം? ഭരണഘടനയുടെ സാക്ഷാൽക്കാരത്തിനുവേണ്ടി ഇനിയും എത്ര പ്രയത്‌നിക്കാനിരിക്കുന്നു ഇന്ത്യക്കാർക്ക്? 
ഭരണഘടനാ സാക്ഷാൽക്കാരത്തിലേക്കുള്ള ഒരു വലിയ കുതിച്ചുച്ചാട്ടം എന്നാണ‌് സ്വലിംഗവർഗപ്രണയവും ബന്ധങ്ങളും കുറ്റകരമാണെന്ന ഭൂരിപക്ഷതാവാദവും ജനപ്രിയസദാചാരവും തള്ളിക്കളയേണ്ടതാണെന്നുപറഞ്ഞുകൊണ്ട് ഇവയെ അനുവദനീയമാക്കിയ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിയെ മനസ്സിലാക്കേണ്ടത്. ഐപിസി 377 ഒരു കൊളോണിയൽ അടിച്ചേൽപ്പിക്കലാണ് എന്ന കോടതിയുടെ ധാരണ നമ്മുടെ അധിനിവേശത്തിനുമുമ്പുള്ള സാമൂഹ്യക്രമങ്ങളെക്കുറിച്ച‌് ആലോചിപ്പിക്കാൻ  പര്യാപ്തമാണ്.
ഇന്ത്യ എന്ന ആശയത്തിന്റെ സത്തയെ ഭാവനാപരമായും ധാർമികമായും ഉയർത്തിപ്പിടിച്ചുകൊണ്ട് വന്ന വിധി നാമെന്ന ജനതയുടെ ധാർമികാതിർത്തികളെ വികസിപ്പിക്കുകയും കാലത്തിനനുസരിച്ച‌് പുതുക്കുകയും ചെയ്യുകയാണ്. ഇത്തരം സാധ്യതകളാണ് ഒരു റിപ്പബ്ലിക്കിനെ നിലനിർത്തുന്നതും വളർത്തുന്നതും. മനുഷ്യരുടെ തെരഞ്ഞെടുപ്പുകളെ മാനിക്കാനുള്ള കഴിവ് ഒൗദാര്യമല്ലെന്നും അത് ഭരണഘടനാപരമായ ഒരു ബാധ്യതയാണെന്നുംകൂടി ഈ വിധി പറഞ്ഞുവയ‌്ക്കുന്നു.
 “(ഇന്നോളമുള്ള അവഹേളനങ്ങൾക്കും പീഡനങ്ങൾക്കും) നാം ഗേലെസ്ബിയൻ ക്വിയർ ട്രാൻസ് കമ്യൂണിറ്റിയോട് ക്ഷമാപണം നടത്തേണ്ടിയിരിക്കുന്നു’ എന്ന ഇന്ദു മൽഹോത്രയുടെ നിരീക്ഷണം ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഒരു രോഗമോ തെറ്റോ കുറ്റമോ ആയിമാത്രം കണക്കാക്കപ്പെട്ടിരുന്ന ഒരു താല്പര്യമോ കാര്യമോ ഉണ്ടായിരുന്നവർ കാണാനും കേൾക്കാനും മാത്രമുള്ള ഒരു സാമൂഹ്യശക്തി ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു എന്നതും അവർ സ്വയം അടയാളപ്പെടുത്തിക്കഴിഞ്ഞു എന്നതും അവർ പൊതുബോധധാരയെ രാഷ്ട്രീയമായി മാറ്റിപ്പണിയാനുള്ള ശക്തി ശേഖരിച്ചുകൊണ്ടിരിക്കുന്നു എന്നതും പ്രധാനമാണ്.
ഈ ശേഷി കൈവരിച്ചത് ഈ ന്യൂനപക്ഷത്തിന്റെകൂടി തെരഞ്ഞെടുപ്പുകളെ മനസ്സിലാക്കി, അവരെക്കൂടി ഉൾക്കൊണ്ടുകൊണ്ടുള്ള ഒരു രീതി അത്യന്താപേക്ഷിതമാണ് എന്ന് വിചാരിക്കുന്ന പുതു തലമുറയുടെ ധാർമികബോധ്യങ്ങൾകൊണ്ടുകൂടിയാണ്. 20 വർഷംമുമ്പ് ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ഹൊഷാങ് മർച്ചന്റ് എന്ന കവിയായ ഇംഗ്ലീഷ് അധ്യാപകൻ സ്വലിംഗവർഗപ്രണയസാഹിത്യത്തെപ്പറ്റി ഒരു കോഴ്സ് എംഎ കുട്ടികൾക്ക് വാഗ‌്ദാനം ചെയ്തപ്പോൾ (ഇന്ത്യയിലെ അത്തരത്തിലുള്ള ആദ്യത്തെ കോഴ്സ്)  പഠിക്കാനെത്തിയത് 11 പെൺകുട്ടികൾ മാത്രമായിരുന്നു.  ഇന്ന് സ്വലിംഗപ്രണയത്തിനും സ്വലിംഗബന്ധങ്ങൾക്കും ഭരണഘടനാനുമതി നൽകുന്ന ഒരു നിയമത്തെ സോഷ്യൽ മീഡിയയിലും നിരത്തുകളിലും ആഘോഷിക്കുന്ന പുതുതലമുറ ശരീരത്തെയും സ്വകാര്യഇടങ്ങളെയും  ചർച്ചകളിൽനിന്ന് മാറ്റിനിർത്തുകയും പൊതുമണ്ഡലത്തെ തങ്ങൾക്ക‌് സൗകര്യപ്രദമായ രീതിയിൽമാത്രം അവതരിപ്പിക്കുകയും ചെയ്ത മുൻകാല പുരുഷാധിപത്യത്തെ തള്ളിക്കളയാനുള്ള ഒരു അവസരമായിത്തന്നെ ഈ അവകാശസമരത്തെ കാണുന്നുണ്ട്. ഈ തലമുറയുടെ രാഷ്ട്രീയാവിഷ്കാരംകൂടിയാണ് വിജയം കണ്ടിരിക്കുന്നത്.
ഈ പോരാട്ടങ്ങൾക്ക് വേദിയൊരുക്കുന്ന കംപ്യൂട്ടറുകളിൽ ആദ്യത്തേത് അലൻ ട്യൂറിങ‌് എന്ന ഗണിതവിദഗ്ധൻ മരിച്ചുപോയ ക്രിസ്റ്റഫർ എന്ന തന്റെ പങ്കാളിയുടെ പേരിൽ നിർമിച്ചുതുടങ്ങിയതാണ് എന്നത്, സ്വവർഗാനുരാഗത്തിന‌് നല്ലനടപ്പിന് ശിക്ഷിക്കപ്പെടുകയും ആ വ്യഥയിൽ  ആത്മഹത്യ ചെയ്യുകയും ചെയ്ത  ആ മനുഷ്യന്റേതാണ് കംപ്യൂട്ടറുകളുടെ സ്ഥാപക ബുദ്ധി എന്നത് കാവ്യനീതിയായിരിക്കാം!
(ലേഖകൻ ഡൽഹി സെന്റ‌് സ‌്റ്റീഫൻസ‌് കോളേജ‌് അധ്യാപകനാണ‌്)


പ്രധാന വാർത്തകൾ
 Top