18 February Tuesday

ആർഎസ്‌എസിന്റെ സൈനികവൽക്കരണം

കെ എൻ ഗണേശ്‌Updated: Wednesday Aug 7, 2019


മതങ്ങൾ മനുഷ്യമനസ്സുകളെയും മനുഷ്യരുടെ ധാർമിക നീതിബോധത്തെയുമാണ്‌ സ്വാധീനിക്കുകയെന്നു പറയാറുണ്ട്‌. എന്നാൽ, മതം രാഷ്‌ട്രീയമായി മാറുമ്പോൾ, രാഷ്‌ട്രീയാധികാരത്തിന്റെ യുക്തി മതബോധത്തിന്റെ ഭാഗമായി തീരുന്നു. അപ്പോഴാണ്‌ മതത്തിന്റെ സൈനികവൽക്കരണം നടക്കുന്നത്‌. സൈനികവൽക്കരണം എപ്പോഴും മറ്റു മതസമുദായങ്ങൾക്കും അവരെ നിലനിർത്തുന്ന ഭരണാധികാര രൂപങ്ങൾക്കും എതിരായിരിക്കും. മതനിരപേക്ഷ ജനാധിപത്യ ഭരണകൂടങ്ങൾക്കും ഇത്തരം സൈനികവൽക്കരണം ഭീഷണിയായി മാറും.

ഇത്രയും പറയാനുള്ള കാരണം ആർഎസ്‌എസ്‌ സൈനിക സ്‌കൂളുകൾ സ്ഥാപിക്കുന്നുവെന്ന പത്ര റിപ്പോർട്ടാണ്‌. ഇപ്പോൾ നിലവിലുള്ള സർക്കാർ സൈനിക സ്‌കൂളുകളുടെ മാതൃകയിലാണ്‌ അവർ സ്‌കൂളുകൾ സ്ഥാപിക്കുന്നത്‌. സൈനിക പരിശീലനം സർക്കാരിന്റെ ചുമതലയായിരിക്കെ, ആർഎസ്‌എസ്‌ എന്തിനാണ്‌ സൈനിക സ്‌കൂളുകൾ സ്ഥാപിക്കുന്നതെന്ന ചോദ്യം ആരും ചോദിച്ചിട്ടില്ല. ആർഎസ്‌എസ്‌ തന്നെ ഒരു അർധസൈനിക സംഘടനയാണ്‌ എന്നതായിരിക്കും അതിന്റെ ഉത്തരം.മതത്തിന്റെ സൈനികവൽക്കരണത്തെക്കുറിച്ചു പറയുമ്പോൾ അൽപ്പം പിറകിലോട്ടു പോകണം. ഇന്ത്യക്കാർക്ക്‌ ചാതുർവർണ്യമനുസരിച്ച്‌ ക്ഷത്രിയർ എന്നൊരു സൈനികവിഭാഗമുണ്ടായിരുന്നു. അതുകൊണ്ട്‌ അവർക്കൊരു പ്രത്യേക സൈന്യത്തെ സൃഷ്ടിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. പിന്നീട്‌ ഇന്ത്യയിൽ ക്ഷേത്രങ്ങൾ വളർന്നുവന്നപ്പോൾ  അവയുടെ സംരക്ഷണം ജന്മി‐നാടുവാഴിവർഗം ഏറ്റെടുത്തു. പലയിടത്തും അവർക്ക്‌ അധികാരം നിലനിർത്താൻ ആയുധപ്രയോഗംതന്നെ വേണ്ടിവന്നു. ക്രിസ്‌തുമതത്തിനോ ഇസ്ലാമിനോ ഇങ്ങനെയുള്ള പ്രത്യേക സേനകൾ ആദ്യം ഉണ്ടായിരുന്നില്ല. ആദ്യത്തെ മുസ്ലിങ്ങൾ അവരെ ആക്രമിച്ച തദ്ദേശീയ ജനവിഭാഗങ്ങളെ നേരിടാനായി ഒരു സൈന്യത്തെ രൂപീകരിച്ചു. അതിനുശേഷം ഗാസികൾ എന്ന വിശുദ്ധ യോദ്ധാക്കൾ പ്രത്യക്ഷപ്പെടുകയും അവരെക്കുറിച്ചുള്ള വീരസാഹസിക കഥകൾ പ്രചരിക്കുകയും ചെയ്‌തു. ക്രിസ്‌തുമതത്തിന്‌ ഇത്തരമൊരു സൈന്യമുണ്ടായത്‌ കുരിശുയുദ്ധങ്ങൾ എന്നറിയപ്പെടുന്ന യുദ്ധങ്ങളിലാണ്‌. അന്ന്‌ നിരവധി യോദ്ധാക്കൾ കുരിശും കൈയിലേന്തി മുസ്ലിങ്ങൾക്കെതിരെ യുദ്ധത്തിനു പുറപ്പെട്ടു.

മധ്യകാലത്ത്‌ ഇത്തരം യുദ്ധങ്ങളെല്ലാം രാഷ്‌ട്രീയാധികാരത്തിനു വേണ്ടിയായിരുന്നു. മതപരിവർത്തനങ്ങൾ  പ്രത്യേക മതവിശ്വാസികളുടെ രാഷ്‌ട്രീയാധികാരത്തെ നിലനിർത്താനുള്ള ഉപാധികളുമായിരുന്നു. പശ്ചിമേഷ്യയിൽ കുരിശുയുദ്ധക്കാർ സ്ഥാപിച്ച ക്രിസ്‌ത്യൻ രാഷ്‌ട്രങ്ങൾ ഉദാഹരണമാണ്‌. പിന്നീട്‌ ഓട്ടോമാൻ സുൽത്താൻമാർ ക്രിസ്‌ത്യൻ കുടുംബങ്ങളിൽനിന്ന്‌ കുട്ടികളെ കൊണ്ടുപോയി മതപരിവർത്തനം ചെയ്‌ത്‌ യാനിസാരികൾ എന്ന ചാവേർപടയെ സൃഷ്ടിച്ചു. മറ്റൊരു വിശുദ്ധയോദ്ധാക്കളുടെ സംഘമാണ്‌ ഇറാനിൽ ഒരു ഇസ്ലാമിക രാഷ്ട്രം സ്ഥാപിച്ചത്‌. ഇന്ത്യയിൽ ഇസ്ലാമിക രാഷ്ട്രങ്ങൾ സ്ഥാപിച്ചത്‌ ഇത്തരം വിശുദ്ധയോദ്ധാക്കളായിരുന്നില്ല, ഇസ്ലാംമതം സ്വീകരിച്ച അഫ്‌ഗാൻ, തുർക്കി വിഭാഗങ്ങളായിരുന്നു.

ഇന്ത്യയിൽ ഹിന്ദുക്കളുടെ ഏതെങ്കിലും വിഭാഗം പ്രത്യേക സൈന്യങ്ങളെ സൃഷ്ടിച്ചതായി കാണുന്നില്ല. പ്രത്യേക ആരാധനാവിഭാഗങ്ങളുണ്ടായിരുന്ന അവരിൽ ചിലർ ആയുധ ധാരികളുമായിരുന്നു. പക്ഷേ, ക്ഷേത്രസംരക്ഷണത്തിനായിരുന്നു വിനിയോഗിക്കപ്പെട്ടിരുന്നത്‌. സാധാരണ യോദ്ധാക്കളെല്ലാവരും ഏതെങ്കിലും നാടുവാഴിയുടെ സൈന്യമായി മാറുകയാണ്‌ ചെയ്‌തത്‌. അവരിൽ രജപുത്രന്മാരെ പോലെയുള്ള ചിലർ ചണ്ഡിയുടെയും ദുർഗയുടെയും വിഗ്രഹങ്ങൾ യുദ്ധക്കളത്തിൽത്തന്നെ ഉപയോഗിച്ചിരുന്നു. പ്രത്യേകിച്ച്‌ ഇസ്ലാമിക ഭരണാധികാരികളുമായുള്ള യുദ്ധങ്ങളിലാണ്‌ ദുർഗയുടെയും ശിവന്റെയും ചിഹ്നങ്ങൾ ഉപയോഗിച്ചത്‌. പിന്നീട്‌ ബ്രിട്ടീഷുകാരുമായുള്ള ഇന്ത്യൻ നാടുവാഴികളുടെ യുദ്ധത്തിലും ഇത്തരം ചിഹ്നങ്ങൾ ഉപയോഗിക്കുന്നുണ്ട്‌.

മതബോധത്തിന്റെ ഉപയോഗം ഇത്തരത്തിൽ നാടുവാഴിത്ത രാഷ്ട്രീയാധികാരത്തിന്റെ പ്രയോഗമായിരുന്നു. ആധുനിക മുതലാളിത്ത രാഷ്ട്രം വളർന്നുവരികയും സൈനികവൃത്തി മതരൂപങ്ങളിൽനിന്നുമാറി മതനിരപേക്ഷ സ്വഭാവമുള്ള നശീകരണ മർദനരൂപമായി തീരുകയും ചെയ്‌തതോടെ മതസൈന്യങ്ങൾക്ക്‌ പ്രസക്തിയില്ലാതെയായി. പഴയ മതസൈന്യങ്ങൾ പിരിച്ചുവിടപ്പെട്ടു. മറ്റു ചിലത്‌ ഒരു പൊതുസൈന്യത്തിന്റെ ബറ്റാലിയനുകളായി. ഇന്ത്യൻ സൈന്യത്തിലുണ്ടായിരുന്ന സിഖ്‌ റെജിമെന്റും ഗൂർഖാ റെജിമെന്റും രജ്‌പുതാനാ റൈഫിൾസും മറാത്താ ലൈറ്റ്‌ ഇൻഫാൻട്രിയും ഉദാഹരണമാണ്‌. ഇവയിൽ സിഖുകാരും ഗൂർഖകളുമൊഴികെ മറ്റാരും ഒരു പ്രത്യേക സമുദായത്തിന്റെ പേരിൽ അറിയപ്പെട്ടില്ല.
ആധുനികകാലത്തെ മതസംഘാടനത്തിന്‌ നേരിട്ട്‌ സൈനികസ്വഭാവമുണ്ടായിരുന്നില്ല. 1906ൽ സ്ഥാപിക്കപ്പെട്ട അഖിലേന്ത്യാ മുസ്ലിംലീഗും ലാൽചന്ദിന്റെ ഹിന്ദുസഭയും സവർക്കറിന്റെ ഹിന്ദുമഹാസഭയും മതസംഘടനകളായിരുന്നു. എങ്കിലും മതസൈന്യങ്ങളെ സൃഷ്ടിക്കാൻ അവർ മുതിർന്നില്ല.

മതസൈന്യങ്ങൾ സൃഷ്ടിക്കാനുള്ള ആദ്യശ്രമം 1920കളിൽ മഹാരാഷ്ട്രയിലും ഗുജറാത്തിലും (പഴയ ബോംബെ പ്രസിഡൻസിയിൽ) രൂപംകൊണ്ട ഹിന്ദുസംരക്ഷണസമിതികളുടേതായിരുന്നു. 1921ലെ മലബാർ കലാപത്തിനുശേഷം മുസ്ലിങ്ങൾ സായുധകലാപം നടത്തി ഹിന്ദുക്കളെ വധിക്കുന്നുവെന്ന പ്രചാരണം വ്യാപകമായി. ഇതിനെതിരെ പ്രതിരോധിക്കുന്നതിനാണ്‌ ഹിന്ദുസംരക്ഷണസമിതികൾ ഉണ്ടായത്‌. ഹിന്ദുസംരക്ഷണസമിതികൾ ചേർന്ന്‌ ഒരു സന്നദ്ധ സൈനികസംഘം രൂപീകരിക്കാൻ തീരുമാനിച്ചു. അതാണ്‌ 1925ൽ നാഗ്‌പുരിൽവച്ച്‌ രാഷ്ട്രീയ സ്വയം സേവക്‌ സംഘമായി തീർന്നത്‌.

ആർഎസ്‌എസ്‌ ആദ്യഘട്ടം മുതൽതന്നെ സൈനിക‐പ്രതിരോധപരിശീലനം നടത്തിയ സംഘടനയായിരുന്നു. ബ്രിട്ടീഷുകാരോടുള്ള പ്രതിരോധം മാത്രമായിരുന്നില്ല അവരുടെ ലക്ഷ്യം. മുസ്ലിങ്ങളടക്കമുള്ള മറ്റു മതക്കാരോടും കമ്യൂണിസ്റ്റുകാരടക്കമുള്ളവരോടുമുള്ള പ്രതിരോധം അവരുടെ ലക്ഷ്യമായിരുന്നു. ഇതിനായി ജർമനിയിലെ തവിട്ടുകുപ്പായക്കാരുടെയും  ഇറ്റലിയിലെ കരിം കുപ്പായക്കാരുടെയും പരിശീലനവും പ്രവർത്തനശൈലിയുമായിരുന്നു അവരെ കൂടുതൽ ആകർഷിച്ചത്‌. ജർമനിയിലും ഇറ്റലിയിലും ഫാസിസ്റ്റുവിരുദ്ധരായ കമ്യൂണിസ്റ്റുകാരുടെയും ജൂതന്മാരുടെയും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളുടെയും ആസ്ഥാനങ്ങൾ അടിച്ചുതകർക്കുന്നതിനും അവരെ സ്വന്തം ഭവനങ്ങളിൽനിന്നും ആട്ടിപ്പായിക്കുന്നതിനും പ്രത്യേകം പ്രാവീണ്യം ഇവർ നേടിയിരുന്നു. ആർഎസ്‌എസിന്റെ ‘സാംസ്‌കാരിക’ പ്രവർത്തനത്തിനും മാതൃക ഇത്തരം സംഘങ്ങളായിരുന്നു.

ആർഎസ്‌എസ്‌ രണ്ടു ദശകമായി നടത്തിയ സായുധപരിശീലനത്തിന്റെ ഫലങ്ങൾ പ്രത്യക്ഷമായത്‌ സ്വാതന്ത്ര്യത്തിനുശേഷമാണ്‌. ഇന്ത്യാ വിഭജനത്തിനുശേഷം നടന്ന ഹിന്ദു–-മുസ്ലിം കലാപങ്ങളിൽ സായുധ ആർഎസ്‌എസ്‌ സംഘങ്ങളാണ്‌ ഇന്ത്യയിൽനിന്നും മുസ്ലിങ്ങളെ പാകിസ്ഥാനിലേക്ക്‌ കടത്തിയത്‌. പാകിസ്ഥാനിൽ ഹിന്ദുക്കളെ ഓടിക്കുന്നതിൽ അബു അലാ മൗദൂദിയുടെ ജമാ അത്ത്‌ ഇസ്ലാമിക്കും നല്ല പങ്കുണ്ടായിരുന്നു. ഇന്ത്യയിലെ ആർഎസ്‌എസിന്റെ സൈനികവൽക്കരണം ശക്തിപ്പെടുകയും പാകിസ്ഥാൻ സൈനികരിൽ തന്നെ ഒരുവിഭാഗം മതസൈന്യമായി മാറുകയും ചെയ്‌തത്‌ ഇതിന്റെ പശ്ചാത്തലത്തിലാണ്‌.

1950കളിൽ രാഷ്ട്രീയമായി ആർഎസ്‌എസ്‌ രൂപംനൽകിയ ജനസംഘം ദുർബലമായിരുന്നുവെങ്കിലും ആർഎസ്‌എസിന്റെ പ്രവർത്തനം സജീവമായിരുന്നു. 1959നുശേഷം തിബറ്റൻ പ്രശ്‌നത്തിലും പിന്നീട്‌ ഇന്ത്യ‐ചൈനാ യുദ്ധത്തിലും അർധസൈനിക സ്വഭാവമുള്ള സന്നദ്ധസംഘടനയായി ആർഎസ്‌എസുകാർ പ്രവർത്തിച്ചു.

പിന്നീടുള്ള ദശകങ്ങളിൽ ആർഎസ്‌എസിന്റെ ദേശസ്‌നേഹം മുസ്ലിം ന്യൂനപക്ഷവിരുദ്ധവികാരമായി മാറുന്ന കാഴ്‌ചയായിരുന്നു. 1970കൾ മുതൽ 1990കളിലെ ബോംബെ‐സൂറത്ത്‌ കലാപങ്ങളും 2003ലെ ഗുജറാത്തിലെ വംശഹത്യയുമടക്കം മുസ്ലിം ന്യൂനപക്ഷവിരുദ്ധകലാപങ്ങൾ സൃഷ്ടിക്കുന്നതിലായിരുന്നു ആർഎസ്‌എസിന്റെ അർധസൈനിക പ്രവർത്തനം പ്രത്യക്ഷപ്പെട്ടത്‌. ഇക്കാലത്ത്‌ ബജ്‌രംഗ്‌ദൾ, ശ്രീറാംസേന മുതലായ അവാന്തരവിഭാഗങ്ങളും വളർന്നുവന്നു. ആർഎസ്‌എസിന്റെ അർധസൈനികസ്വഭാവമുള്ള പഥസഞ്ചലനങ്ങളും ശിബിരങ്ങളും നാടൊട്ടുക്കു വ്യാപിച്ചതും ഇക്കാലത്താണ്‌. ഇവയുടെയെല്ലാം ഏതെങ്കിലുംവിധത്തിലുള്ള ദേശസ്‌നേഹവും ദേശത്തിനുവേണ്ടി പ്രവർത്തിക്കുന്നതിനുള്ള അർപ്പണബോധവും ജനങ്ങളിൽ പകരാനായിരുന്നില്ല, ന്യൂനപക്ഷങ്ങൾക്കെതിരെയും കേരളംപോലുള്ള സംസ്ഥാനങ്ങളിൽ കമ്യൂണിസ്റ്റുകാർക്കെതിരെയുമുള്ള പകയ്‌ക്ക്‌ ആയോധനരൂപം നൽകുന്നതിനു മാത്രമായിരുന്നു.

ഇപ്പോൾ അഞ്ചുവർഷമായി ആർഎസ്‌എസിന്റെ നേതൃത്വത്തിലുള്ള സർക്കാരാണ്‌ കേന്ദ്രം ഭരിക്കുന്നത്‌. ആധുനിക ഇന്ത്യാ ചരിത്രത്തിലാദ്യമായി നാടുവാഴിത്ത സംസ്‌കൃതിയുടെ ഉൽപ്പന്നമായ ഒരു രാഷ്ട്രീയകക്ഷി ഒരു ബൂർഷ്വ‐ജന്മി ഭരണകൂടത്തിന്റെ സാരഥ്യം ദീർഘകാലത്തേക്ക്‌ ഏറ്റെടുത്തിരിക്കുന്നു. യുദ്ധങ്ങളിൽ നടത്തുന്ന സന്നദ്ധപ്രവർത്തനങ്ങളിൽനിന്നും മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരെ നടത്തുന്ന വർഗീയസംഘട്ടനങ്ങളിൽനിന്നും ഭിന്നമായി സ്വന്തം മത സൈനിക രാഷ്‌ട്രത്തെയും  ഭരണകൂടത്തിന്റെ ദേശരക്ഷാസങ്കൽപ്പത്തെയുംകൂടി യോജിപ്പിക്കാനുള്ള അവസരം ആർഎസ്‌എസിനു ലഭിച്ചിരിക്കുകയാണ്‌. പുൽവാമയും മറ്റും മോഡി ഭരണകൂടത്തിന്റെ ‘ദേശസ്‌നേഹ’ത്തെ ഉയർത്തിയിരിക്കുന്നു. ഈ സന്ദർഭത്തിൽ ഇന്നത്തെ സൈന്യത്തെ പിന്തുണയ്‌ക്കുന്നതിനും വേണമെങ്കിൽ മാറ്റുന്നതിനും കഴിവുള്ള സൈനികവിഭാഗമായി ആർഎസ്‌എസ്‌ സ്വയം പ്രതിഷ്‌ഠിക്കുകയാണ്‌. ഇന്ത്യൻ സൈന്യത്തെ വെല്ലുവിളിച്ചു കൊണ്ടുള്ള മോഹൻ ഭാഗവതിന്റെ പ്രസ്‌താവനകൾ ഇതിന്റെ സൂചനകളാണ്‌.

യുദ്ധവും സമാധാനവും രാഷ്ട്രത്തെയാകെ ബാധിക്കുന്ന, ജനങ്ങൾക്ക്‌ മുഴുവനും നിലപാട്‌ എടുക്കേണ്ടിവരുന്ന മേഖലയാണ്‌. ഒരു ജനാധിപത്യ രാഷ്ട്രത്തിൽ അത്തരത്തിലുള്ള നിയമസഭയും ഭരണനിർവഹണസമിതികളുമാണ്‌ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്‌. ഏതെങ്കിലുംവിധത്തിലുള്ള സ്വകാര്യസേനകൾക്ക്‌ വിട്ടുകൊടുക്കേണ്ട ഏർപ്പാടല്ല ഇത്‌. ആർഎസ്‌എസോ ഐഎസോ മറ്റേതെങ്കിലും  വിധത്തിലുള്ള സ്വകാര്യസേനകളോ ഏതെങ്കിലും രാഷ്ട്രത്തിന്റെ സംരക്ഷണം ഏറ്റെടുക്കാൻ ശ്രമിച്ചാൽ പിന്നെ നടക്കുന്നത്‌ ജനാധിപത്യസ്വഭാവമുള്ള വിദേശനയമല്ല, അമിതാധികാരസ്വഭാവമുള്ള നാടുവാഴിത്ത ആശയസംഹിതയനുസരിച്ചുള്ള വർഗീയാധിപത്യമാണ്‌. ആർഎസ്‌എസ്‌ ലക്ഷ്യമിടുന്നതും അത്തരത്തിലുള്ള ആധിപത്യമാണ്‌. തെരഞ്ഞെടുപ്പുകളിലെ ജയപരാജയങ്ങൾ മാത്രമല്ല, ആർഎസ്‌എസിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്‌. അവർക്കു വേണ്ടത്‌ ഇന്ത്യയുടെമേൽ ഹൈന്ദവ ആശയസംഹിതയുടെയും പ്രയോഗരൂപങ്ങളുടെയും സമഗ്രാധിപത്യമാണ്‌. ഭരണകൂടത്തിന്റെ എല്ലാ നിർവഹണരൂപങ്ങളിലും പ്രയോഗമേഖലകളിലും കടന്നുപറ്റാനുള്ള അവരുടെ ശ്രമങ്ങൾക്കുള്ള പ്രത്യക്ഷമായ തെളിവാണ്‌ ഇപ്പോൾ അവർ സ്ഥാപിക്കാനുദ്ദേശിക്കുന്ന സൈനിക വിദ്യാലയങ്ങൾ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top