24 June Monday

മന്ദ‌്സോറിൽനിന്നു പടരുന്ന സമരജ്വാല

പി കൃഷ്ണപ്രസാദ്Updated: Thursday Jun 7, 2018


ബിജെപി നേതൃത്വം നൽകുന്ന മധ്യപ്രദേശിലെ ശിവരാജ് സിങ‌് ചൗഹാൻ സർക്കാർ മന്ദ‌്സോറിൽ ആറ‌് കർഷകരെ വെടിവച്ചുകൊന്നതിന്റെ ഒന്നാം വാർഷികമാണ് 2018 ജൂൺ 6. വെടിവയ്പിനെത്തുടർന്ന‌്  പ്രഖ്യാപിച്ച അന്വേഷണ കമീഷൻ ഒരുവർഷമായിട്ടും റിപ്പോർട്ട‌് നൽകിയിട്ടില്ല.   നാലുതവണയാണ് കമീഷന് സംസ്ഥാനസർക്കാർ സമയം നീട്ടിനൽകിയത്‌. വെടിവയ‌്പിന‌് ഉത്തരവാദികളായ കുറ്റവാളികളെ സംരക്ഷിക്കാനാണ് സർക്കാർ തയ്യാറായത്.

2017 ജൂൺ ഒന്നിന‌് മഹാരാഷ്ട്രയിലെ കർഷകർ പച്ചക്കറികളും പാലും തെരുവിൽ വിതറി ആരംഭിച്ച പ്രക്ഷോഭത്തിൽ ആവേശംകൊണ്ടാണ് അതിർത്തി ജില്ലയായ മധ്യപ്രദേശിലെ മന്ദ‌്സോറിൽ കർഷകർ ചന്ത ഉപരോധിച്ചത്. ഈ കർഷകരെയാണ് ചില കച്ചവടക്കാരുടെ മുൻകൈയിൽ പൊലീസ് കടന്നാക്രമിച്ചത്. അഭിഷേക് പാട്ടിൽ (19), ചെയിൻ റാം (23), പൂനം ചന്ദ് (23), സത്യനാരായണൻ (30) കനയ്യാലാൽ (44) എന്നിവരാണ് കൊല്ലപ്പെട്ടത്. പിറ്റേദിവസം ഘനശ്യാം ജ്ഝക്കട് എന്ന 17 വയസ്സുകാരനെ പൊലീസുകാർ വീട്ടിനടുത്ത് പിടികൂടി തല്ലിച്ചതച്ച‌് ആശുപത്രിയിലാക്കി. പിറ്റേന്ന് മരിച്ചു. 

കാർഷികോൽപ്പന്നങ്ങൾക്ക‌് 50ശതമാനം അധികവില ലഭ്യമാക്കുമെന്ന വാഗ്ദാനം നരേന്ദ്ര മോഡി സർക്കാർ പാലിക്കുക, കർഷകരെ കടത്തിൽനിന്ന് മോചിപ്പിക്കുക എന്നിങ്ങനെ തികച്ചും ന്യായമായ ആവശ്യങ്ങളാണ് കർഷകർ സമരത്തിൽ ഉന്നയിച്ചത്. കൂട്ടക്കൊലയ‌്ക്കുശേഷം രാഷ്ട്രീയപാർടി നേതാക്കൾ, കർഷക നേതാക്കൾ എന്നിവരെയൊന്നും മന്ദ‌്സോർ സന്ദർശിക്കാൻ ബിജെപി സർക്കാർ അനുവദിച്ചില്ല.

തികഞ്ഞ ഭീകരാവസ്ഥയെ ചോദ്യംചെയ്തു കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ആദ്യം സന്ദർശിച്ചത് അഖിലേന്ത്യാ കിസാൻസഭ നേതാക്കളായിരുന്നു. ഹന്നൻ മോള്ള, അമ്രാറാം, വിജൂ കൃഷ്ണൻ, കേരളത്തിൽനിന്ന് രാജ്യസഭയിലെ അംഗമായ സോമപ്രസാദ്‌, ഈ ലേഖകൻ എന്നിവരാണ്.

മന്ദ‌്സോർ കൂട്ടക്കൊല കർഷകപ്രക്ഷോഭത്തെ കൂടുതൽ ശക്തിപ്പെടുത്തി. ജൂൺ 16 ന‌് രാജ്യവ്യാപകമായി നടന്ന പ്രതിഷേധസമരം അഞ്ഞൂറിലേറെ ജില്ലകളിൽ നടന്നു. രാജ്യത്താകെ 170 കർഷകസംഘടന ഒരുമിച്ചു ജൂൺ17 ന‌് അഖിലേന്ത്യാ കോ‐ഓർഡിനേഷൻ കമ്മിറ്റി രൂപികരിച്ചു. മന്ദ‌്സോറിൽനിന്ന‌ാരംഭിച്ച കിസാൻ സംഘർഷ ജാഥ രാജ്യത്തെ എല്ലാ സംസ്ഥാനവും സന്ദർശിച്ചു.

2017 നവംബർ 20നും 21 നും ന്യൂ ഡൽഹിയിൽ രാജ്യത്തെ ആദ്യത്തെ കർഷക പാർലമെന്റ്  ചേർന്നപ്പോൾ ആയിരക്കണക്കിനു കർഷകർ പങ്കാളികളായി. കടത്തിൽനിന്ന് കർഷകരെ മോചിപ്പിക്കാനും ഓരോ വിളയ‌്ക്കും 50ശതമാനം ആദായവില ഉറപ്പാക്കാനും രണ്ട‌് കരടു ബില്ല‌് അംഗീകരിച്ചു. 2019 ലെ തെരഞ്ഞെടുപ്പിൽ ഈ ബില്ലുകൾക്ക‌് പിന്തുണ നൽകുന്ന രാഷ്ട്രീയ പാർടികളുടെ സ്ഥാനാർഥികളെ പിന്തുണയ‌്ക്കാൻ കർഷകർ ആഹ്വാനം ചെയ്തു.

മന്ദ‌്സോർ കൂട്ടക്കൊലയ‌്ക്ക് ശേഷമാണ് മഹാരാഷ്ട്രയിലെയും രാജസ്ഥാനിലെയും കർഷകരുടെ സമരം വിജയകരമായി നടന്നത്. രാജ്യത്തെ കർഷകരെ മാത്രമല്ല അധ്വാനിക്കുന്ന എല്ലാ ജനവിഭാഗങ്ങളെയും ആവേശംകൊള്ളിച്ച മഹാരാഷ്ട്രയിലെ പതിനായിരക്കണക്കിനു കർഷകർ അണിനിരന്ന ലോങ‌്മാർച്ച‌് ‌ കർഷക സമരങ്ങളുടെ ചരിത്രത്തിൽ ഉജ്വലസംഭവമായി.

കർഷകരും തൊഴിലാളികളും ഒരുമിച്ച‌് മറ്റെല്ലാ ജനവിഭാഗങ്ങളെയും അണിനിരത്തി രൂപംകൊണ്ട ജന ഏകത ജന അധികാർ ആന്ദോളൻ 2018 മെയ്‌ 23നു നടത്തിയ ‘മോഡി സർക്കാരിന്റെ  നാലുവർഷം തുറന്നുകാട്ടൂ പ്രതിഷേധിക്കൂ’ എന്ന പ്രചാരണപരിപാടി രാജ്യത്തെ 23 സംസ്ഥാനങ്ങളിൽ വിജയകരമായി നടന്നു.

മന്ദ‌്സോർ കൂട്ടക്കൊലയുടെ അനുഭവത്തിൽനിന്ന് പാഠംപഠിക്കാനും ജനവിരുദ്ധനയങ്ങൾ തിരുത്താനും ബിജെപി, ആർഎസ‌്എസ‌് നേതൃത്വം തയ്യാറല്ല. കാർഷികമേഖലയിലും ചില്ലറ വിപണനമേഖലയിലും 100ശതമാനം വിദേശനിക്ഷേപം, കരാർ കൃഷി നടത്താൻ ബഹുരാഷ്ട്ര കമ്പനികൾക്ക‌്  അംഗീകാരം, ഇ‐പ്ലാറ്റ‌്ഫോമിലൂടെ കാർഷികവിപണിയിൽ വൻകിട വ്യാപാരവ്യവസായ കമ്പനികൾക്ക‌്  മേധാവിത്വം നൽകൽ തുടങ്ങിയ അത്യന്തം കർഷകദ്രോഹനയങ്ങളാണ് മോഡിസർക്കാർ നടപ്പാക്കുന്നത്.

മറുഭാഗത്ത് തൂത്തുക്കുടിയിലെ സ‌്റ്റെർലൈറ്റ‌് കമ്പനിയുടെ ഖനനത്തിനും പരിസ്ഥിതി ചൂഷണത്തിനുമെതിരെ സമരം ചെയ്ത 13 പ്രക്ഷോഭകാരികളെ കൂട്ടക്കൊല നടത്തിയതുൾപ്പെടെ ബഹുജനസമരങ്ങളെ ചോരയിൽ മുക്കികൊല്ലാനുള്ള പ്രവണത രാജ്യത്താകെ ശക്തിപ്പെടുകയാണ്.

നാലുവർഷം പിന്നിട്ട ബിജെപി, ആർഎസ‌്എസ് കൂട്ടുകെട്ട് നയിക്കുന്ന നരേന്ദ്ര മോഡി സർക്കാരിനെ അധികാരഭ്രഷ്ടമാക്കുന്നതിൽ നിർണായക പങ്കുവഹിക്കുക, രാജ്യത്താകെ പടർന്നുപിടിക്കുന്ന കർഷക സമരങ്ങളാകുമെന്ന് കൂടുതൽ കൂടുതൽ അംഗീകരിക്കപ്പെടുന്ന സാഹചര്യത്തിലാണ് മന്ദ‌്സോർ കൂട്ടക്കൊലയുടെ ഒന്നാം വാർഷികം ആചരിക്കുന്നത്.

പ്രധാന വാർത്തകൾ
 Top