17 June Monday

നിപാ: ദുരന്തവും താക്കീതും

കെ പ്രേമനാഥ‌്Updated: Thursday Jun 7, 2018


നിപാ ഭീതിയിൽനിന്ന‌് കരകയറാനുള്ള ശ്രമത്തിലാണിപ്പോൾ കോഴിക്കോട‌്. നിപായെ തിരിച്ചറിഞ്ഞത‌ുമുതൽ  ഭയമായിരുന്നു  ഈ നാടിന്റെ മുഖം. ആളുകൾ പുറത്തിറങ്ങാൻ മടിച്ചു. ഇറങ്ങിയവരാകട്ടെ മാസ‌്ക‌് ധരിച്ച‌് മുഖംമറച്ചായിരുന്നു നടപ്പ‌്. കോഴിക്കോട‌് നഗരത്തിൽപ്പോലും വാഹനങ്ങൾ കുറഞ്ഞു. സർക്കാരിന്റേതുൾപ്പെടെ  എല്ലാ പൊതുചടങ്ങും മാറ്റി. സ‌്കൂൾ തുറക്കുന്നത‌് നീട്ടി.  വിവാഹം, ഗൃഹപ്രവേശം തുടങ്ങിയവപോലും നിർത്തിവച്ചു. റമദാൻ കാലമായതിനാൽ നിത്യേന പലയിടത്തും ഇഫ‌്താർവിരുന്നുണ്ടാകാറുണ്ട‌്. കൂടാതെ നോമ്പ‌് തുറക്കാൻ  കുടുംബങ്ങളിലേക്കുള്ള യാത്രകളും പതിവുള്ളതാണ‌്. ഇതെല്ലാം ആരുടെയും നിർബന്ധമില്ലാതെ ഒഴിവായി. മാമോദീസ, വീട‌്  വെഞ്ചിരിപ്പ‌്, വിവാഹം തുടങ്ങിയവ നിർത്തിവയ‌്ക്കാൻ ബിഷപ്പുമാർതന്നെ ആഹ്വാനംചെയ‌്തു.

നിപാ വൈറസ‌് അത്രയേറെ പ്രത്യാഘാതമാണ‌് ജില്ലയ‌്ക്ക‌് വരുത്തിവച്ചത‌്.  ഈ വരികൾ കുറിക്കുമ്പോൾ പതിനേഴാണ‌് മരണസംഖ്യ. നിപാ ബാധിച്ച‌് രക്ഷപ്പെട്ട രണ്ട‌ുപേർ ഉൾപ്പെടെ വിരലിലെണ്ണാവുന്നവർമാത്രമാണ‌് ഇപ്പോൾ ആശുപത്രിയിൽ  നിരീക്ഷണത്തിലുള്ളത‌്. ഇവരുമായി സമ്പർക്കം പുലർത്തിയെന്ന‌് കരുതുന്നവരുടെ പട്ടികയിൽ 2507 പേർ. ഇവരെ നിത്യേനയെന്നോണം വിളിച്ച‌് വിവരങ്ങൾ ശേഖരിക്കുകയും ധൈര്യം നൽകുകയുമാണ‌് ആരോഗ്യപ്രവർത്തകർ.

മെയ‌് 20നാണ‌് നിപായുടെ സ്ഥിരീകരണമുണ്ടാകുന്നത‌്. അന്ന‌് കോഴിക്കോട‌് മെഡിക്കൽ കോളേജിലെ 48 വാർഡിലായുള്ള 1600 കിടക്കയിൽ ഏതാണ്ട‌്  2000 രോഗികളായിരുന്നു കിടപ്പ‌്. ഇതിന്റെ ഒരു ഇരട്ടിയിലേറെ കൂട്ടിരിപ്പുകാർ.  അന്ന‌് ഡോക്ടർമാരെ കണ്ട‌് ചികിത്സ തേടിയവർ 2300.  എന്നാൽ, ജൂൺ നാലിന‌്  എല്ലാ വാർഡിലുമായി കിടപ്പ‌ുരോഗികളുടെ എണ്ണം 277. ചികിത്സതേടി വന്നവർ 340. രോഗികളില്ലാത്തതിനാൽ ആറ‌് വാർഡ‌് പൂട്ടി.

ഇതേ അവസ്ഥയാണ‌് ഏഷ്യയിൽ ഏറ്റവും കൂടുതൽ പ്രസവം നടക്കുന്ന മെഡിക്കൽ കോളേജിലെ കുട്ടികളുടെയും അമ്മമാരുടെയും ആശുപത്രിയിലും സൂപ്പർ സ‌്പെഷ്യാലിറ്റിയിലും. ഐഎംസിഎച്ചിൽ മെയ‌് 20ന‌് ആകെയുള്ള 900 കിടക്കയിൽ  1050 പേരുണ്ടായിരുന്നു.  സൂപ്പർ സ‌്പെഷ്യാലിറ്റിയിലെ 500 കിടക്കയിൽ മുഴുവനും രോഗികൾ. ഈ രണ്ടിടത്തും തിങ്കളാഴ‌്ചയിലെ കിടപ്പ‌ുരോഗികൾ യഥാക്രമം 150ഉം 327മാണ‌്. 1500 സ‌്ത്രീകൾ നിത്യേനയെത്തുന്ന  ഇവിടെ തിങ്കളാഴ‌്ച വന്നത‌് 180 പേർ.

ഇതേ അവസ്ഥതന്നെയാണ‌് മറ്റു ഗവ. ആശുപത്രികളിലും സ്വകാര്യ ആശുപത്രിക‌ളിലും. പനിബാധിതരെ ഭയന്ന‌് ഡോക്ടർമാർ പ്രൈവറ്റ‌് പ്രാക്ടീസ‌്  നിർത്തി. നേഴ‌്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ കയറുന്ന വാഹനങ്ങളിൽ കയറാനും നാട്ടുകാർ ഭയന്നു. ഇത്തരം കാര്യങ്ങൾ അപലപനീയമാണെന്ന‌് പറഞ്ഞുള്ള സ്വകാര്യ ആശുപത്രികളുടെ പ്രസ‌്താവനകൾ പത്രങ്ങളിൽ വന്നു. തങ്ങളെ ‘മാലാഖ’മാരെന്ന‌് വിളിക്കേണ്ട; മാന്യമായി പെരുമാറൂ എന്ന‌് അഭ്യർഥിച്ചുള്ള നേഴ‌്സുമാരുടെ ഫെയ‌്സ‌്ബുക്ക‌് പോസ്റ്റുകളും വൈറലായി.

കൃഷി, വ്യാപാരം, ഹോട്ടൽ, ടൂറിസം തുടങ്ങി എല്ലാ മേഖലയെയും നിപാ  പ്രതികൂലമായി ബാധിച്ചു. വവ്വാലുകളെ ഭയന്ന‌് വാഴക്കുലക്കച്ചവടം ഉൾപ്പെടെ എല്ലാവിധ പഴക്കച്ചവടവും നിലച്ചു. ഹോട്ടലുകൾ പലയിടത്തും അടച്ചു. വയനാട‌് ഉൾപ്പെടെ ഒരിടത്തേക്കും ടൂറിസ്റ്റുകൾ വരാതായി. ടൂറിസ്റ്റ‌് ടാക‌്സിക്കാരും ഓട്ടോതൊഴിലാളികളും പട്ടിണിയിലായി. ബസുകളിൽ ആളില്ലാത്തതിനാൽ പല സർവീസും നിർത്തലാക്കി. കെഎസ‌്ആർടിസിക്ക‌ുമാത്രം ദിവസേന 12 ലക്ഷം രൂപയുടെ വരുമാനനഷ്ടമുണ്ടായെന്ന‌് കോഴിക്കോട‌് സോണൽ മാനേജർ ജോഷി മാത്യൂ പറയുന്നു. റെയിൽവേക്കും വൻനഷ്ടമുണ്ട‌്. വിദേശനാടുകളിൽനിന്ന‌് ലീവിന‌് വന്നവർ യാത്രാഉപരോധം ഭയന്ന‌് ഉടൻ മടങ്ങി. പെരുന്നാൾ കാലമായിട്ടും ഗൾഫ‌് നാടുകളിൽനിന്ന‌് വളരെ അപൂർവമായേ യാത്രക്കാരെത്തുന്നുള്ളൂ. ഇത‌ുവഴി വിമാനക്കമ്പനികൾക്കും കോടികളുടെ നഷ്ടമാണുള്ളത‌്. ദിനംപ്രതി 70 ടൺ പഴം‐പച്ചക്കറിയാണ‌് കരിപ്പൂരിൽനിന്ന‌് കയറ്റുമതി ചെയ‌്തിരുന്നത‌്. വിദേശരാജ്യങ്ങളിൽ നിരോധനം വന്നതോടെ ഇത‌് നിലച്ചു. 

നിപായെ നേരിടാൻ  ജാഗ്രത്തായ ഇടപെടലുകളാണ‌് സർക്കാർ നടത്തുന്നത‌്. രണ്ടാമത്തെ രോഗി മരിച്ച‌് 24 മണിക്കൂറിനകം മാരകവൈറസിനെ തിരിച്ചറിയാൻ നമുക്കായി. അടുത്ത 18 മണിക്കൂറിനകം നിപായുടെ പേര‌് പ്രഖ്യാപിക്കാൻ കേന്ദ്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനുമായി. മെഡിക്കൽ സയൻസിന‌് ഇത‌ുവരെ ചെയ്യാനാകാത്ത ധീരമായ നടപടിയാണിത‌്. കേരളത്തിലെ ആരോഗ്യരംഗം എത്രമാത്രം മികച്ചതാണെന്ന‌് ലോകത്തോട‌് വിളിച്ച‌ുപറയാൻ നമുക്ക‌് ഇത‌ുവഴി സാധിച്ചു.അതേസമയം, നമ്മുടെ ചില പൊങ്ങച്ചങ്ങളും നിപാ തുറന്ന‌ുകാട്ടുന്നു. ഇല്ലാത്ത രോഗത്തിന്റെ പേരിൽ അനാവശ്യമായി നാം ആശുപത്രിയിലേക്കും ഡോക്ടർമാരിലേക്കും ഓടുന്നതാണ‌് അതിലൊന്ന‌്.

ആഘോഷങ്ങളും ധൂർത്തും നമുക്ക‌് ഒരുപാടുണ്ടെന്നും നിപാ കാണിച്ച‌ുതന്നു. ഒപ്പം ചില മുന്നറിയിപ്പുകളുമുണ്ട‌് . ആശുപത്രി രോഗികൾക്കുള്ളതാണെന്നും കൂട്ടിരിപ്പുകാർക്കുള്ളതല്ലെന്നും. ബന്ധുക്കൾ എന്ത‌് വിചാരിക്കുമെന്നു കരുതി തീർഥയാത്രപോലെ പോകാനുള്ള ഇടമല്ല ആശുപത്രിയെന്നും നിപാ നമുക്ക‌് താക്കീത‌് തന്നു. മറ്റൊന്നുകൂടി... നിസ്സാര കാര്യങ്ങളുടെ പേരിൽ കുതിരകയറാനുള്ളവരല്ല നേഴ‌്സുമാരും ആശുപത്രി ജീവനക്കാരുമെന്നും നിപാ നമ്മെ പഠിപ്പിച്ചു. സർക്കാരിനുമുണ്ട‌് ചില നിർദേശം: ചികിത്സാസമയത്ത‌് ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക‌് നൽകേണ്ട സുരക്ഷിതത്വമാണ‌് ഒന്ന‌്. പൊതു‐സ്വകാര്യ ആശുപത്രികളെ പൊതുജന നന്മയ‌്ക്കായി എങ്ങനെ കണ്ണിചേർക്കുമെന്നും സർക്കാർ ചർച്ച ചെയ്യേണ്ടതുണ്ട‌്.

പ്രധാന വാർത്തകൾ
 Top