23 March Saturday

വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്‌ സ്ഥാപിക്കുമ്പോൾ

ടി എ അരവിന്ദ്Updated: Thursday Jun 7, 2018


കേരളം നിപാ വൈറസ് ഭീതിയിൽ അമർന്നിട്ട് ദിവസങ്ങളായി.  17 പേരുടെ മരണത്തിനിടയാക്കിയ നിപാ വൈറസ് കൂടുതൽ പടർന്നുപിടിക്കാതിരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിലാണ‌് സർക്കാർ ഉണർന്നുപ്രവർത്തിച്ചത്. വൈറസ്ബാധമൂലമുള്ള രണ്ടാമത്തെ മരണം നടന്ന സമയത്തുതന്നെ രോഗകാരണം സ്ഥിരീകരിക്കാൻ സാധിച്ചത് വൈറസ്ബാധ നിയന്ത്രണവിധേയമാക്കുന്നതിന‌് ഏറെ സഹായകമായി.

1999ൽ മലേഷ്യയിലെ കംപുങ് സുൻഘായി നിപാ എന്ന പ്രദേശത്ത‌് തിരിച്ചറിയപ്പെട്ട ഒരു പാരാമൈക്സൊവൈറസാണ് നിപാ വൈറസ്.  ലോകാരോഗ്യസംഘടനയുടെ അതീവശ്രദ്ധ ആവശ്യപ്പെടുന്ന അസുഖങ്ങളുടെ ബ്ലൂ പ്രിന്റ് പ്രയോരിറ്റിലിസ്റ്റിൽ എബോള, സിക തുടങ്ങിയവയ‌്ക്കൊപ്പമാണ് നിപാ വൈറസും ഉൾപ്പെട്ടിരിക്കുന്നത്. 

നിപാപോലുള്ള മാരകവൈറസുകളെ തിരിച്ചറിയാനും കൈകാര്യംചെയ്യാനും പറ്റുന്ന ലാബുകളെ BSL1, BSL2, BSL3, BSL4 എന്നിങ്ങനെ നാലായി തിരിച്ചിട്ടുണ്ട്. അപകടകരമായ രോഗങ്ങളെയും രോഗാണുക്കളെയും കൈകാര്യം ചെയ്യുമ്പോൾ കെട്ടുറപ്പുള്ള ലാബുകളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട സുരക്ഷാസംവിധാനങ്ങളുടെയും സ്വീകരിക്കേണ്ട മുൻകരുതലുകളുടെയും നടപടികളുടെയും അടിസ്ഥാനത്തിൽ നിർണയിക്കപ്പെടുന്നതാണ് ബയോസേഫ്റ്റിലെവൽ ലാബുകൾ. ഏറ്റവും കുറഞ്ഞ മുൻകരുതലുകൾ മതിയാകുന്നവയാണ്  BSL1ൽ ഉൾപ്പെട്ടിരിക്കുന്നത്.   BSL  വിഭാഗത്തിലെ ഹയർലെവൽ രോഗങ്ങളെയും രോഗാണുക്കളെയും കൈകാര്യം ചെയ്യുമ്പോൾ രോഗാണുക്കൾ പടരാതിരിക്കാനുള്ള എല്ലാ നടപടിക്രമവും പ്രത്യേകം രൂപകൽപ്പനചെയ്ത സുരക്ഷാ ഉപകരണങ്ങളും നിർബന്ധമാണ്.  എയർ ഫ്ളോസിസ്റ്റം, മൾട്ടിപ്പിൾ കണ്ടയ്സ്മെന്റ്റൂംസ്, പോസിറ്റീവ് പ്രഷർ പേഴ്സണൽ സ്യൂട്ട്, കൃത്യമായ നടപടിക്രമങ്ങൾ, കൈകാര്യംചെയ്യുന്നവർക്കുള്ള സമഗ്രപരിശീലനം, ഉന്നത സുരക്ഷാസംവിധാനങ്ങൾ തുടങ്ങിയവ ചേർന്നതാണ് ണ് BSL3, BSL4  ലാബുകൾ.

ലാബുകളിൽ കുറഞ്ഞ മുൻകരുതലുകൾ മതിയാവുന്ന “ഇ.കോളി’പോലുള്ള രോഗാണുക്കളാണ് ആടഘ1ൽ ഉൾപ്പെട്ടിരിക്കുന്നത്.  നമ്മൾ ഏറ്റവും ഭീതിയോടെ കാണുന്ന HIV, ഡെങ്കി വൈറസ് എന്നിവ ആടഘ2ൽ ഉൾപ്പെട്ടിരിക്കുന്ന രോഗാണുക്കളാണ്.  ആടഘ3ലാണ് ചിക്കുൻ ഗുനിയ വൈറസ്  ഉൾപ്പെട്ടിരിക്കുന്നത്.  കഴിഞ്ഞവർഷം ലോകത്തെ നടുക്കിയ എബോള വൈറസും ഇപ്പോൾ കേരളത്തിൽ റിപ്പോർട്ട് ചെയ‌്ത നിപാ വൈറസും ആടഘ4ലാണ് ഉൾപ്പെട്ടിരിക്കുന്നത്.

ഇന്ത്യയിൽ മൂന്ന് BSL4  ലാബുകൾ മാത്രമാണുള്ളത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പുണെ, സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലർ ബയോളജി ഹൈദരാബാദ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി അനിമൽ ഡിസീസ് ഭോപാൽ എന്നിവയാണവ.

കുറച്ചുവർഷങ്ങളായിട്ട് കേരളത്തിൽ ഡെങ്കി വൈറസ്, ചിക്കുൻ ഗുനിയ, മുണ്ടിനീര്, മീസൽസ് തുടങ്ങിയ അസുഖങ്ങൾ കാണപ്പെടുകയും അസുഖബാധിതരുടെ എണ്ണം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ തിരുവനന്തപുരം തോന്നയ‌്ക്കലിൽ ഒരു BSL3 ലാബും എട്ട‌്  BSL2 ലാബും ഉൾപ്പെടുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി കെഎസ്ഐഡിസിയുടെ ലൈഫ് സയൻസ് പാർക്കിൽ സ്ഥാപിക്കാനുള്ള പദ്ധതിരേഖ 2017 ഡിസംബറിൽ നടന്ന അന്താരാഷ്ട്ര വൈറോളജി സമ്മേളനത്തിൽ പ്രകാശനം ചെയ്യുകയും അടുത്തവർഷത്തിനകം  പ്രവർത്തനസജ്ജമാക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു.  എന്നാൽ, നിപാ വൈറസ് പടർന്നുപിടിച്ച സാഹചര്യത്തിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമാണപ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കാൻ തീരുമാനിക്കുകയും മെയ് 30ന‌് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടുകയും ചെയ്തു.

ഇന്ന് കേരളത്തിൽനിന്ന‌് രോഗനിർണയത്തിനാവശ്യമായ സാമ്പിളുകൾ മണിപ്പാലിലെയും പുണെയിലെയും ലാബുകളിലാണ് പരിശോധനയ‌്ക്ക് അയക്കുന്നത്.  തോന്നയ‌്ക്കലിലെ ലൈഫ് സയൻസ് പാർക്കിൽ നിർദിഷ്ട  BSL2, BSL3 ലാബുകൾക്കുപുറമെ ആടഘ4 ലാബുകൂടി യാഥാർഥ്യമാക്കാനായാൽ കേരളത്തിൽതന്നെ ഇത്തരം പകർച്ചവ്യാധികളെ നേരിടുന്നതിനായി പരിശോധനകൾ നടത്താനും രോഗകാരണങ്ങൾ കണ്ടെത്താനും ഗവേഷണപ്രവർത്തനങ്ങൾ നടത്താനും സാധ്യമാകും.

2016‐17 കാലയളവിൽ ബ്രസീലിലെ റിയോയിൽ “സിക’ വൈറസ് പടർന്നുപിടിച്ച സാഹചര്യത്തിൽ ഏറ്റവും നൂതനവും ഫലപ്രദവും ചെലവ് കുറഞ്ഞതുമായ സാങ്കേതികവിദ്യകളാണ‌് രോഗനിർണയത്തിനും നിരീക്ഷണത്തിനും ലോകാരോഗ്യസംഘടന ഉപയോഗപ്പെടുത്തിയത്.  “മിൻ അയോൺ’ (MinIoN) എന്ന ഡിഎൻഎ, ആർഎൻഎ സീക്യുൻസർ  ഉപയോഗിക്കുകയാണെങ്കിൽ ഒരു ലാപ്ടോപ്പും ഇന്റർനെറ്റ് കണക‌്ഷനും ഉപയോഗിച്ച് ഫീൽഡിൽനിന്നുതന്നെ പെട്ടെന്ന് ജീനുകളെ ക്രോഡീകരിക്കാൻ (Sequence) സാധിക്കും.  സാംക്രമികരോഗങ്ങൾ പടർന്നുപിടിക്കുന്നയിടങ്ങളിൽ മിനി പിസിആർപോലുള്ള സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്താറുണ്ട്.  താൽക്കാലിക നിയന്ത്രണം, മറ്റ‌് സംവിധാനങ്ങൾ, ലാബുകൾ എന്നിവ ഇത്തരം സാഹചര്യങ്ങളിൽ ഉപയോഗിക്കാറുണ്ട്.

ചൈനയിൽ നടപ്പാക്കിയ “ആയിരം സസ്യ‐ജന്തുസൂചക പദ്ധതി’ (1000 Plants and Animals Reference Project) യും പതിനായിരം സൂക്ഷ്മാണു ജനിതകഘടനാപദ്ധതി  (10000 Microbe Genome Plan) യും നമുക്കും മാതൃകയാക്കാവുന്നതാണ്.  ആയിരത്തോളം ജീവിവർഗത്തിന്റെ ജനിതകഘടന “സ്വീക്വൻസ്’ ചെയ്ത് അവർ വിപുലമായ ഒരു ഡാറ്റാ ബാങ്ക് ഉണ്ടാക്കിയിരിക്കുന്നു. അതിനാൽ നിപാപോലുള്ള വൈറൽബാധയുണ്ടായാൽ, അതിന്റെ ഉറവിടം കണ്ടെത്താനും പരിശോധനാകിറ്റുകൾ നിർമിക്കാനും “ആന്റിവൈറസ്’ ഉൽപ്പാദിപ്പിക്കാനും അവർക്ക് എളുപ്പത്തിൽ സാധിക്കും.  ഉദാഹരണമായി ചൈനയിൽ “സാർസ്’ വൈറസ് ബാധയുണ്ടായപ്പോൾ, അതിന്റെ ജനിതകഘടന എളുപ്പത്തിൽ കണ്ടെത്താനും ആവശ്യമായ പരിശോധനാകിറ്റുകൾ നിർമിക്കാനും  സാധിച്ചത് മേൽപ്പറഞ്ഞ ഗവേഷണത്തിന്റെ ഫലമായാണ്.  ഇത്തരം ഗവേഷണങ്ങൾ ഇന്ത്യയിൽ ഇനിയും പുരോഗമിക്കേണ്ടതുണ്ട്.

പൊതു ആരോഗ്യപ്രവർത്തകർ, ഡോക്ടർമാർ, നേഴ്സുമാർ എന്നിവർക്ക‌് കൃത്യമായ പരിശീലനം നൽകിയും ചെലവ് കുറഞ്ഞ ഫലപ്രദമായ ഉപകരണങ്ങൾ പ്രദാനംചെയ്തും നടപടിക്രമങ്ങൾ ലോകാരോഗ്യസംഘടന മുന്നോട്ടുവയ‌്ക്കുന്ന നിലവാരത്തിലേക്ക് പരിഷ്കരിച്ചും സംസ്ഥാന ദുരന്തനിവാരണസമിതി അതിന്റെ ബയോളജിക്കൽ ഡിസാസ്റ്റർ മാനേജ്മെന്റ് ഗ്രൂപ്പിനെ ശക്തിപ്പെടുത്തിയാൽമാത്രമേ ഏതുതരത്തിലുള്ള പൊതു ആരോഗ്യ അടിയന്തരാവസ്ഥയും നേരിടാനുള്ള തയ്യാറെടുപ്പ‌് നടത്താൻ സാധിക്കുകയുള്ളൂ.

മുപ്പതാമത‌് കേരള സയൻസ് കോൺഗ്രസിലെ കേന്ദ്രപ്രമേയം “വൈറസും പകർച്ചവ്യാധികളും’ എന്നതായിരുന്നു.  രോഗാണുവിനെ തിരിച്ചറിയൽ, നിയന്ത്രിക്കൽ തുടങ്ങിയ മേഖലകളിലെ ഗവേഷണത്തിന് അക്കാദമിക്, സയന്റിഫിക് സമൂഹത്തിന‌് സഹായിക്കാൻ സാധിക്കും.  പൊതുജനബോധവൽക്കരണത്തിന്റെ ഭാഗമായി കേരള ആരോഗ്യ സർവകലാശാലയുടെ നേതൃത്വത്തിൽ ഡോക്ടർമാർ, നേഴ്സുമാർ, ആരോഗ്യപ്രവർത്തകർ, വളന്റിയർമാർ എന്നിവർക്കുവേണ്ടി വിവിധ പകർച്ചവ്യാധികളെപ്പറ്റിയുള്ള പരിശീലനക്കളരികളും പ്രത്യേക കോഴ്സുകളും സംഘടിപ്പിക്കണം. രോഗാണുവാഹകരായ ജീവികളെപ്പറ്റിയുള്ള വിവരങ്ങൾ, ജൈവദുരന്തനിവാരണം എന്നിവയെപ്പറ്റിയുള്ള ക്ലാസുകൾ, പൊതുജനാരോഗ്യപ്രവർത്തകരുടെയും താൽപ്പര്യമുള്ള വളന്റിയർമാരുടെയും പരിശീലനം, ശാസ്ത്രീയവും കൃത്യമായി ആസൂത്രണംചെയ‌്ത‌് നടപ്പാക്കപ്പെട്ടതുമായ ഒരു പൊതു ആരോഗ്യസംരക്ഷണ മുന്നൊരുക്കം എന്നിവ ഭാവിയിൽ പകർച്ചവ്യാധികൾമൂലമുള്ള ദുരന്തങ്ങളിൽനിന്ന് സമൂഹത്തെ സംരക്ഷിക്കാൻ അനിവാര്യമാണെന്ന ബോധ്യത്തോടുകൂടി ആരോഗ്യ നയരൂപീകരണം നടത്തേണ്ടതുണ്ട്.

(വടകര മടപ്പള്ളി ഗവ. കോളേജിലെ സുവോളജി വിഭാഗത്തിൽ ഗവേഷണവിദ്യാർഥിയാണ‌് ലേഖകൻ)

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top