23 May Thursday

ത്രിവർണപതാക എന്നാണ് സംഘപരിവാറിന് പ്രിയങ്കരമായത്?

എ എം ഷിനാസ്Updated: Wednesday Mar 7, 2018


ചൈനീസ് കമ്യൂണിസ്റ്റ് പാർടി മാവോയുടെ നേതൃത്വത്തിൽ 1930കളുടെ മധ്യത്തിൽ നടത്തിയ ലോങ്മാർച്ചിനെക്കുറിച്ചും 1930ൽ ഗാന്ധിജി നടത്തിയ ദണ്ഡിയാത്രയെക്കുറിച്ചും 1965ൽ മാർട്ടിൻ ലൂതർ കിങ് ജൂനിയർ കറുത്തവർഗക്കാരുടെ വോട്ടവകാശത്തിനുവേണ്ടി നയിച്ച മോണ്ട്ഗോമറി മാർച്ചിനെക്കുറിച്ചും നമുക്കറിയാം. അവയെല്ലാം താന്താങ്ങളുടെ സമൂഹത്തെ അപമാനത്തിൽനിന്നും അപമാനവീകരണത്തിൽനിന്നും അടിച്ചമർത്തലിൽനിന്നും വിമോചിപ്പിക്കാൻ നടത്തിയ ഐതിഹാസികമായ യാത്രകളായിരുന്നു. ചരിത്രത്തെ മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു ഈ യാത്രകളെല്ലാം നിർവഹിച്ച ദൗത്യം.

എന്നാൽ, ഇന്ത്യയിലെ വർഗീയ രാഷ്ട്രീയ സ്വരൂപങ്ങൾ, വിശിഷ്യാ സംഘപരിവാർ എൺപതുകളുടെ തുടക്കംമുതൽ നടത്തിവരുന്ന 'ഏകാത്മ യജ്ഞ' യാത്രയും 'രഥ'യാത്രയും 'ജന ആദേശ' യാത്രയും 'ഗൗരവ'യാത്രയും 'തിരംഗ'യാത്രയും 'ഏക്താ' യാത്രയും 'ഗണേശോത്സവജാഥ'യും ശിവജയന്തിജാഥ'യും 'ജനരക്ഷാ'യാത്രയും മറ്റും താന്താങ്ങൾ അപരരായി കണക്കാക്കുന്ന ഇന്ത്യൻ പൗരന്മാരുടെ നരമേധത്തിലും സമൂഹഗാത്രത്തിന്റെ വിഭജനത്തിലും രണോത്സുക വർഗീയതയിലുമാണ് കലാശിച്ചത്/കലാശിക്കുന്നത്.

ഇത്തരം യാത്രകൾ/ജാഥകൾ ഉണ്ടാക്കുന്ന മാരകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഗഹനമായി പഠിച്ച സമൂഹശാസ്ത്രജ്ഞയാണ് രത്ന നായിഡു. അവരുടെ 1992ൽ പ്രസിദ്ധീകരിച്ച'Old Cities, New Predicaments' (Sage, New Delhi) എന്ന ഗ്രന്ഥത്തിൽ ഹൈദരാബാദ് നഗരത്തിൽ നടന്നുവന്നിട്ടുള്ള മൂന്ന് പ്രധാന ജാഥകളെ ആഴത്തിൽ പരിശോധിക്കുന്നു. ഒന്ന്, 20‐ാം നൂറ്റാണ്ടിന്റെ പ്രഥമപാദത്തിൽ തുടങ്ങിയ ഗണേശോത്സവജാഥ. രണ്ട്, 'ബോണലു' ഉത്സവജാഥ. മൂന്ന്, മുഹറത്തോടനുബന്ധിച്ച് നടക്കുന്ന 'ബീബി കാല ആലം ജുലൂസ്' ജാഥ. 1980കൾക്കുശേഷം ഗണേശോത്സവജാഥയും ബോണലു ജാഥയും ഹിംസാത്മകമായി മാറിയെന്ന് രത്ന നിരീക്ഷിക്കുന്നു. 'ശത്രു'ക്കളുടെ നേർക്ക് അണികളെ യുദ്ധോത്സുകമായി അണിനിരത്താനും അവരവരുടെ പേശീബല പ്രകടനത്തിനുള്ള അരങ്ങായും ഈ ജാഥകൾ മാറിയെന്നും ജാഥാവഴികൾ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലൂടെയാണ് ആസൂത്രണം ചെയ്യപ്പെട്ടിട്ടുള്ളതെന്നും ഇത് പരമാവധി പ്രകോപനം സൃഷ്ടിക്കാനുള്ള ഹീനതന്ത്രമാണെന്നും രത്ന നായിഡു എഴുതുന്നു. തന്റെ ഗവേഷണത്തിന് സഹായികളായി പ്രവർത്തിച്ച ചിലരെക്കുറിച്ച് രത്ന പറയുന്നകാര്യം നടുക്കമുളവാക്കുന്നതാണ്: 'ഈ സഹായികൾ ഗണേശോത്സവജാഥയിൽ പങ്കുചേരുന്നവരാണ്. ജാഥയ്ക്ക് പോകുമ്പോൾ ഒരു കത്തി എപ്പോഴും കരുതുമെന്നാണ് അവർ പറയുന്നത്.' (വിശദാംശങ്ങൾക്ക് 2014ൽ ശാസ്ത്രസാഹിത്യ പരിഷത്ത് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ച സതീശ് ദേശ്പാണ്ഡെയുടെ 'സമകാലിക ഇന്ത്യ: ഒരു സമൂഹശാസ്ത്രവീക്ഷണം' എന്ന ഗ്രന്ഥം കാണുക).

ഇത്രയും ആമുഖമായി കുറിച്ചത് സംഘപരിവാർ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന ഏതാനും 'യാത്ര'കളെക്കുറിച്ചുള്ള വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതുകൊണ്ടാണ്. ഒന്നാമത്തേത്, കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കലാപാന്തരീക്ഷം സൃഷ്ടിക്കാൻ തുടക്കമിട്ട രണ്ട് രഥയാത്രകളാണ്‐ജനസുരക്ഷായാത്ര, മംഗളൂരു ചലോ എന്നിവ. മുമ്പ് വർഗീയസംഘർഷങ്ങൾ നടന്ന മേഖലകളിലൂടെ മാത്രമാണ് ഇവ ആസൂത്രണം ചെയ്യപ്പെട്ടിട്ടുള്ളത്. രണ്ടാമത്തേത്, ഫെബ്രുവരി 13ന് അയോധ്യയിൽനിന്ന് തുടങ്ങി മാർച്ച് 23ന് രാമേശ്വരത്ത് അവസാനിക്കുന്ന 'രാമരാജ്യ രഥയാത്ര'. വിഎച്ച്പിയുടെ നേതൃത്വത്തിൽ രാമക്ഷേത്ര നിർമാണാവശ്യവുമായി നടത്തുന്ന ഈ രഥയാത്ര കേരളമുൾപ്പെടെ ആറ് സംസ്ഥാനങ്ങളിലൂടെ കടന്നുപോയാണ് രാമേശ്വരത്ത് സമാപിക്കുക. രണ്ടിന്റെയും ഉദ്ഘാടന‐സമാപനസമ്മേളനങ്ങളിൽ യോഗി ആദിത്യനാഥിന്റെ സാന്നിധ്യമുണ്ട്.കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ ഉത്തർപ്രദേശിലെ മുസ്ലിം ഭൂരിപക്ഷ പട്ടണമായ കസ്ഗഞ്ചിലുണ്ടായ സംഘർഷം എബിവിപിക്കാർ നടത്തിയ തിരംഗയാത്രയുടെ (ത്രിവർണപതാകാ യാത്ര) ബാക്കിപത്രമായിരുന്നു. നാൽപ്പതോളം ബൈക്കിൽ ത്രിവർണ പതാകയുമേന്തി വന്ന എബിവിപിക്കാർ കസ്ഗഞ്ചിലെ ബദ്ദുനഗറിൽ ദേശീയപതാക ഉയർത്താൻ തയ്യാറെടുത്തിരുന്ന മുസ്ലിങ്ങളുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും പിന്നീടുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. ഇവിടെ വളരെ കൗതുകകരമായ ഒരു വിരോധാഭാസമുണ്ട്; ത്രിവർണ ദേശീയപതാകയെ മുൻകാലങ്ങളിൽ ഒരിക്കലും അംഗീകരിക്കാനും ബഹുമാനിക്കാനും തയ്യാറാകാതിരുന്ന സംഘടനയാണ് ആർഎസ്എസ്. ആ 'പാവം' പരിവാർ പയ്യന്മാർക്ക് പക്ഷേ, ചരിത്രമറിയില്ലല്ലോ. എം എസ് ഗോൾവാൾക്കർ 'Bunch of Thoughts' എന്ന ഗ്രന്ഥത്തിൽ ദേശീയപതാകയെക്കുറിച്ച് ഇങ്ങനെ എഴുതി: 'ഇവിടത്തെ നേതാക്കൾ രാജ്യത്തിനുവേണ്ടി പുതിയൊരു പതാക ഉണ്ടാക്കിയിരിക്കുന്നു. എന്തിനാണ് അവർ അങ്ങനെ ചെയ്തത്? ഇത് വെറും അനുകരണവും വ്യതിചലനവുമാണ്. മഹത്തായ ഭൂതകാലമുള്ള ശ്രേഷ്ഠമായ ഒരു പുരാതന ദേശമാണ് നമ്മുടേത്. അപ്പോൾ, നമുക്ക് നമ്മുടേതായ പതാകയില്ലേ? സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള നമുക്ക് നമ്മുടേതായ ചിഹ്നമില്ലേ?' മാത്രമോ സ്വാതന്ത്ര്യത്തിന്റെ തലേന്നാൾ ആർഎസ്എസിന്റെ ജിഹ്വയായ 'ഓർഗനൈസർ' എഴുതിയത് 'ത്രിവർണപതാകയെ ഹിന്ദുക്കൾ സ്വന്തമെന്ന് കരുതുകയോ ബഹുമാനിക്കുകയോ ചെയ്യില്ലെന്നും ത്രിവർണം തന്നെ തിന്മ'യാണെന്നുമാണ്. 1947 ജൂലൈ 17നും 22നും ഓർഗനൈസർ ദേശീയപതാകയെ ഇതേപോലെ ഭർത്സിച്ചിരുന്നു.

ദേശീയ പ്രസ്ഥാനത്തിന്റെ ആശയാദർശങ്ങളുടെയും ഇന്ത്യയുടെ സമന്വയ സംസ്കാരത്തിന്റെയും പ്രതീകമായ ത്രിവർണപതാകയും സ്വാതന്ത്ര്യസമരത്തിൽ നായകത്വം വഹിച്ച ചിലരും സ്വാതന്ത്ര്യസമരത്തിന്റെ ഏഴയലത്തുകൂടി പോയിട്ടില്ലാത്ത ആർഎസ്എസിന് എന്നാണ് പ്രിയങ്കരമായിത്തീർന്നത്? ചില സ്വാതന്ത്ര്യസമര നേതാക്കളെയും സ്വാതന്ത്ര്യസമര പ്രതീകങ്ങളെയും അതിവിദഗ്ധമായി തെരഞ്ഞെടുത്ത് സ്വന്തമാക്കുകയാണ് ഇപ്പോൾ പരിവാർ പ്രഭൃതികളുടെ പണി.

1991ൽ മുരളി മനോഹർ ജോഷി കന്യാകുമാരിയിൽനിന്ന് ശ്രീനഗറിലെ ലാൽചൗക്കിലേക്ക് ഒരു തിരംഗയാത്ര നടത്തിയിരുന്നു. 1994 ഓഗസ്ത് 15ന് വടക്കൻ കർണാടകത്തിലെ ഹൂബ്ലി നഗരത്തിൽ അഞ്ചുമൻ‐എ‐ഇസ്ലാം എന്ന മുസിം സാംസ്കാരിക സംഘടനയ്ക്ക് ബ്രിട്ടീഷ് ഭരണകാലത്തുതന്നെ (1922ൽ) ദീർഘകാലത്തേക്ക് പാട്ടവ്യവസ്ഥയിൽ നൽകിയിരുന്ന ഈദ്ഗാഹ് മൈതാനത്തിൽ ത്രിവർണ പതാക ഉയർത്താനുള്ള സംഘപരിവാർ ശ്രമം പൊലീസ് വെടിവയ്പിൽ കലാശിക്കുകയും അഞ്ചുപേർ മരണമടയുകയും ചെയ്തു.ഒരുകാലത്ത് തങ്ങൾ പുച്ഛിച്ചിരുന്ന ത്രിവർണപതാക, തിരംഗയാത്രകളുടെ മറവിൽ ന്യൂനപക്ഷങ്ങളെ വിരട്ടാനും ഒതുക്കാനും ഭയപ്പെടുത്താനും കീഴ്പ്പെടുത്താനുമുള്ള ഉപകരണമായിത്തീർന്നിരിക്കുന്നു ഇപ്പോൾ സംഘപരിവാറിന്‌്.

ദേശീയപതാകയ്ക്ക് ത്രിവർണം നെഹ്റു നിർദേശിച്ചപ്പോൾ പറഞ്ഞ മർമപ്രധാനമായ ഒരു കാര്യമുണ്ട്: 'ഞാൻ നിങ്ങൾക്കുമുമ്പിൽ മതിപ്പോടെ അവതരിപ്പിക്കുന്ന ഈ പതാക ഒരു സാമ്രാജ്യത്തിന്റെയും സാമ്രാജ്യത്വത്തിന്റേതുമല്ല. ഈ പതാക ആർക്കുമേലും മേധാവിത്വം സ്ഥാപിക്കാനുള്ളതല്ല. മറിച്ച്, ഇത് സ്വാതന്ത്ര്യത്തിന്റെ പതാകയാണ്. നമ്മുടെ മാത്രം സ്വാതന്ത്ര്യത്തിന്റേതല്ല. ഈ പതാക കാണുന്ന ഏവരുടെയും സ്വാതന്ത്ര്യത്തിന്റെ പ്രതീകംകൂടിയാണിത്.'

പ്രധാന വാർത്തകൾ
 Top