27 January Friday

ഇ എം എസ്‌ പറഞ്ഞു, 
പാട്ടബാക്കി പിറന്നു

കെ ഗിരീഷ്‌Updated: Tuesday Dec 6, 2022

പാട്ടബാക്കി കേവലം നാടകമല്ല, ഏറെ മൂർച്ചയുള്ള ഒരു ചരിത്രമാണ്‌. മലയാളത്തിലെ ആദ്യ രാഷ്ട്രീയനാടകമായ, കെ ദാമോദരന്റെ പാട്ടബാക്കി അതുവരെ മലയാള നാടകവേദി പറയാത്ത കുടിയൊഴിപ്പിക്കൽ, പാട്ടം പിരിവ് എന്നിവയ്ക്കു പുറമേ വ്യവസായ വിപ്ലവത്തിന്റെ ഭാഗമായി രൂപംകൊണ്ട ഫാക്ടറിത്തൊഴിലാളിയുടെ ജീവിതവും വെളിച്ചത്തെത്തിച്ചു. 1937ൽ ഗുരുവായൂരിനടുത്ത വൈലത്തൂരിൽ നടന്ന കർഷകസംഘം പൊന്നാനി താലൂക്ക് സമ്മേളനത്തിലാണ് നാടകം ആദ്യം അരങ്ങേറിയത്. കർഷക പ്രസ്ഥാനത്തിന്റെ മഹാസംഗമത്തിന് വീണ്ടും തൃശൂർ വേദിയാകുമ്പോൾ കേരളത്തിലെ കർഷക മുന്നേറ്റത്തിന് ഊർജം പകർന്ന കലാകാരന്മാരെയും കലാസൃഷ്ടികളും മറക്കാനാകില്ല.

കർഷകസമ്മേളന സ്ഥലത്തിന് രണ്ടുകിലോമീറ്റർ അപ്പുറം ഇപ്പോഴത്തെ വടക്കേക്കാട് പഞ്ചായത്തിൽ ഞമനേങ്ങാട്ടെ കടലായി മനയിൽ നേതാക്കൾ ഒത്തുകൂടി ചർച്ച ചെയ്യുന്നതിനിടെ കെ ദാമോദരനാണ്‌ കലാപരിപാടിയോ നാടകമോ വേണമെന്ന നിർദേശം വച്ചത്. ഇ എം എസ് അതേറ്റുപിടിച്ചു. ‘എന്തെങ്കിലും നാടകമായാൽപ്പോരാ. കൃഷിക്കാരുടെ ജീവിതം ചിത്രീകരിക്കുന്ന നാടകമാകണം. പക്ഷേ, അത്തരം നാടകം മലയാളത്തിലാരും ഇതുവരെ എഴുതിയിട്ടില്ല. താൻതന്നെ ഒന്നെഴുത്’. ഇ എം എസിന്റെ നിർബന്ധത്തിനു വഴങ്ങി രണ്ടു ദിവസംകൊണ്ട് ദാമോദരൻ നാടകമെഴുതി. രണ്ടോ മൂന്നോ ദിവസത്തെ പരിശീലനം. കെ പി ആർ, ദാമോദരൻ, പെരച്ചുട്ടി, പി ശേഖരൻ, എ കെ ജി തുടങ്ങിയവരാണ് അഭിനയിച്ചത്. നാടകത്തിൽ അമ്മവേഷം ചെയ്തതും രചയിതാവായിരുന്നു. പതിനാലുരംഗങ്ങളും പതിനെട്ടിലേറെ കഥാപാത്രങ്ങളുമുള്ളതായിരുന്നു നാടകം. പ്രേംജി, പരിയാനംപറ്റ, എം എസ് നമ്പൂതിരി തുടങ്ങി നിരവധിപേർ നൂറുകണക്കിനു വേദികളിൽ നാടകം കളിച്ചു. ഭേദഗതികളും വരുത്തി. കാർഷിക പ്രശ്നങ്ങളും സംഘർഷങ്ങളും പറയുന്ന ശക്തമായ നാടകമായി മാറി.

പാട്ടബാക്കി പുസ്തകമാക്കിയതും ചരിത്രം. എഴുതിയ പേജുകളാണ് നടന്മാർക്കു കൊടുത്തത്. പിന്നീട് ഇവ തിരികെ വാങ്ങി തുന്നിച്ചേർത്ത് പകർപ്പെടുത്ത് മാതൃഭൂമിക്ക്‌ അയക്കുകയായിരുന്നു. മൂന്നു ലക്കത്തിൽ വാരികയിൽ പ്രസിദ്ധീകരിച്ചു. 1938ൽ ആണ് പാട്ടബാക്കി പുസ്തകമാകുന്നത്. തൃശൂരിലെ വി എസ് പ്രസ് നാടകം പുസ്തകമാക്കാൻ കെ ദാമോദരനോട് അനുവാദം വാങ്ങി. അച്ചടിച്ചുവന്നത് കടലായി മനയ്ക്കൽ വച്ചെഴുതിയ പഴയ നാടകമാണ്. പിന്നീട് ടി എൻ നമ്പൂതിരിയുടെയും പി ഭാസ്കരന്റെയും സഹായത്തോടെ ഇരിങ്ങാലക്കുടയിലെ ശ്രീകണ്ഠവാര്യരുടെ വിജയ പ്രസിലാണ് പാട്ടബാക്കി അച്ചടിച്ചത്. പ്രസുടമ നാടകകൃത്തിന്‌ അയച്ച രണ്ടുപകർപ്പ് ഒഴികെ മറ്റുള്ളവയും പ്രസും കൊച്ചി സർക്കാർ കണ്ടുകെട്ടി. വർഷങ്ങൾക്കുശേഷം നിരവധി സംവിധായകർ നവ വ്യാഖ്യാനത്തോടെ പാട്ടബാക്കി അരങ്ങിലെത്തിച്ചു. ജീവൽസാഹിത്യ പ്രസ്ഥാനത്തിന്റെ ആദ്യസന്തതിയെന്ന് ഇ എം എസ് വിശേഷിപ്പിച്ച പാട്ടബാക്കി ഇന്നും ആവേശസ്മരണയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top