27 January Monday

അമിത് ഷായുടെ അരിശം

കോടിയേരി ബാലകൃഷ്ണൻUpdated: Friday Dec 6, 2019

കേന്ദ്രസർക്കാർ കേരളത്തോട് കാട്ടുന്ന വിവേചനം എല്ലാ പരിധികളും കടക്കുകയാണ്. അതുകൊണ്ട് സംസ്ഥാനം കടുത്ത സാമ്പത്തിക പ്രയാസവും അഭിമുഖീകരിക്കുകയാണ്. സാമ്പത്തികം, രാഷ്ട്രീയം എന്നീ മേഖലകളിൽമാത്രമല്ല, സാംസ്കാരികമായും ആശയപരമായും കേരളത്തെ മോഡിഭരണവും സംഘപരിവാറും കടന്നാക്രമിക്കുകയാണ്. ഇതിനൊന്നും ന്യായമോ നീതിയോ ഇല്ല. നരേന്ദ്ര മോഡി നയിക്കുന്ന രണ്ടാം സർക്കാർ ആറുമാസം പിന്നിടുമ്പോൾ രാജ്യത്തിന്റെ പൊതുസ്ഥിതി കൂടുതൽ വഷളായിരിക്കുകയാണ്. പ്രത്യേകിച്ച് സമ്പദ് വ്യവസ്ഥ. ഇതിനു മധ്യേയാണ് കേരളത്തോടുള്ള രാഷ്ട്രീയശത്രുത വർധിപ്പിച്ചിരിക്കുന്നത്.

സാമ്പത്തികമായി കേരളത്തെ ശ്വാസംമുട്ടിക്കുന്നു
ഖജനാവ് ഇപ്പോൾ നേരിടുന്ന പ്രയാസങ്ങൾക്ക് മുഖ്യകാരണം സംസ്ഥാനത്തിന് കേന്ദ്രസർക്കാർ നൽകേണ്ട നികുതിവരുമാനം കൈമാറുന്നില്ല എന്നതാണ്. ചരക്ക് ‐ സേവനനികുതി (ജിഎസ്ടി) നടപ്പാക്കിയതോടെ വരുമാനം വീതംവയ്ക്കേണ്ടതിന്റെ വൻ മേധാവിത്വം  കേന്ദ്രസർക്കാരിന് കിട്ടി. അതുപ്രകാരം സംസ്ഥാനത്തിന് കിട്ടേണ്ട നികുതിവിഹിതം സമയത്ത് ലഭിക്കുന്നില്ല. ജിഎസ്ടി നടപ്പാക്കുമ്പോൾ നഷ്ടമുണ്ടാകുന്ന സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ പാർലമെന്റ് നിയമം പാസാക്കിയിരുന്നു. ജിഎസ്ടി നിലവിൽവരുമ്പോൾ 14 ശതമാനം വരുമാനവർധന അല്ലെങ്കിൽ നഷ്ടപരിഹാരം നൽകും എന്നായിരുന്നു വ്യവസ്ഥ. ഇതുപ്രകാരം കേരളത്തിന് ലഭിക്കേണ്ട 3000 കോടി രൂപയിലധികം കേന്ദ്രം പിടിച്ചുവച്ചിരിക്കുകയാണ്. ഇതിനുംപുറമെ കേന്ദ്രവിഹിതത്തിൽ ഏകപക്ഷീയമായ കുറവും വരുത്തി. അതിനുമപ്പുറം വായ്പാപരിധി കുറയ്ക്കുകയും ചെയ്തു.

ഇങ്ങനെ സാമ്പത്തികമായി കേരളത്തെ ശ്വാസംമുട്ടിക്കുകയാണ് കേന്ദ്രസർക്കാർ. കേരളം നേരിട്ട പ്രളയം, വരൾച്ച തുടങ്ങിയവയ്ക്ക് നൽകേണ്ട കേന്ദ്രസഹായത്തിലും വലിയ വിവേചനമുണ്ടായി. പ്രളയവേളയിൽ കേരളത്തെ സഹായിക്കാനുള്ള വിദേശരാജ്യങ്ങളുടെ കാരുണ്യകരങ്ങൾക്ക് കേന്ദ്രം വിലക്കേർപ്പെടുത്തി. ഇതിന് ഒരു ന്യായവുമില്ലായിരുന്നു. കേന്ദ്രസർക്കാർ പണം നൽകാത്തതിനാൽ കൂലി കിട്ടാതെ പത്തുലക്ഷത്തിലേറെ തൊഴിലുറപ്പു തൊഴിലാളികൾ സംസ്ഥാനത്ത് ദുരിതത്തിലാണ്. ജൂലൈമുതലുള്ള കൂലി കിട്ടിയിട്ടില്ല. 815.64 കോടി രൂപ കുടിശ്ശികയുണ്ട്. വിദഗ്ധ തൊഴിലാളികളുടെ വേതന കുടിശ്ശികയാകട്ടെ 38 കോടി. ഉപകരണങ്ങൾ വാങ്ങിയ ഇനത്തിൽ 114 കോടി രൂപ. പലതവണ സംസ്ഥാനസർക്കാർ ആവശ്യപ്പെട്ടിട്ടും കേന്ദ്രം തുക നൽകിയിട്ടില്ല.


 

ഇത്തരം ദ്രോഹനടപടികൾ തുടരുന്നതിനു മധ്യേയാണ് സംസ്ഥാനത്ത് മുമ്പ് പ്രഖ്യാപിക്കുകയും പ്രവർത്തനപരിപാടികൾക്ക് തുടക്കം കുറിക്കുകയും ചെയ്ത പദ്ധതികൾപോലും കേന്ദ്രസർക്കാർ ഉപേക്ഷിക്കുന്നത്. കണ്ണൂർ അഴീക്കലിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് അക്കാദമി സ്ഥാപിക്കുന്നതിൽനിന്ന് കേന്ദ്രം പിന്മാറിയെന്ന് സിപിഐ എം നേതാവായ എളമരം കരീമിനെ രാജ്യസഭയിൽ ഔദ്യോഗികമായി അറിയിച്ചു. കേന്ദ്രനടപടി കേരളത്തോടുള്ള കടുത്ത അവഗണനയാണ്. ഇവിടെനിന്ന് കോസ്റ്റ് ഗാർഡ് അക്കാദമി കർണാടകത്തിലേക്ക് കടത്തുന്നുവെന്നാണ് വാർത്തകൾ. ഇതിനെ ന്യായീകരിക്കാൻ മലയാളിയായ കേന്ദ്രമന്ത്രി വി മുരളീധരൻ തയ്യാറായത് ആർഎസ്എസ് നിലപാടിന്റെ ഭാഗമാണ്. ഏറ്റവുമനുയോജ്യമായ ഇടമാണ് അഴീക്കലെന്ന് കേന്ദ്ര വിദഗ്ധസംഘം പരിശോധിച്ച് വിലയിരുത്തിയിരുന്നു. എന്നിട്ടാണ്  സംസ്ഥാന സർക്കാരിനെ പഴിചാരാൻ മുരളീധരൻ ശ്രമിക്കുന്നത്. ചതുപ്പുനിലം സംസ്ഥാന സർക്കാർ കൊടുത്തതുകൊണ്ടാണ് അക്കാദമി കിട്ടാത്തതെന്ന കേന്ദ്രമന്ത്രിയുടെ വാദം അസംബന്ധമാണ്. ഇത്തരം അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾകൊണ്ട് കേന്ദ്രത്തിന്റെ കേരളദ്രോഹത്തെ മറച്ചുപിടിക്കാനാകില്ല. ഈ വിധമുള്ള നടപടികളിലൂടെ കേരളീയരെയാകെ ശിക്ഷിക്കുകയാണ് കേന്ദ്രസർക്കാർ.

സംസ്ഥാന സർക്കാർ 164 ഏക്കർ ഭൂമി കൈമാറുകയും അന്നത്തെ കേന്ദ്രപ്രതിരോധമന്ത്രി തറക്കല്ലിടുകയും ചെയ്തതാണ്. 65.56 കോടി രൂപ അക്കാദമി സ്ഥാപിക്കുന്നതിനുവേണ്ടി ചെലവഴിച്ചതുമാണ്. പദ്ധതി പൂർത്തിയാക്കുന്നതിനുപകരം അത് ഉപേക്ഷിച്ചത് കേരളത്തോടുള്ള ബിജെപിയുടെ സങ്കുചിതരാഷ്ട്രീയമാണ്. കേരളം ബാലികേറാമലയായി തുടരുന്നതിലുള്ള ബിജെപിയുടെ വിരോധം തീർക്കുന്നത് കേരള വികസനത്തെ അട്ടിമറിച്ചുകൊണ്ടാണ്. ഈ അസഹിഷ്ണുതയുടെ മറ്റൊരു മുഖമാണ് രാജ്യസഭയിൽ എസ്പിജി നിയമഭേദഗതിക്കിടെ കേന്ദ്രമന്ത്രി അമിത് ഷാ കേരളത്തെയും സിപിഐ എമ്മിനെയും അവഹേളിച്ച് നടത്തിയ പ്രസ്താവന.

സംസ്ഥാനത്ത് രാഷ്ട്രീയ ഏറ്റുമുട്ടലിൽ സംഘപരിപാറുകാർ കൊല്ലപ്പെടുന്നുവെന്നും 120 ബിജെപിക്കാരെ സിപിഐ എമ്മുകാർ കൊലപ്പെടുത്തിയെന്നുമാണ് അമിത് ഷാ ആരോപിച്ചത്. സംസ്ഥാനത്ത് ക്രമസമാധാനമില്ലെന്നും സിപിഐ എം അക്രമരാഷ്ട്രീയം നടപ്പാക്കുന്ന പ്രസ്ഥാനമാണെന്നുമുള്ള ധ്വനിയാണ് കേന്ദ്രമന്ത്രിയിൽനിന്നുമുണ്ടായത്. ഈ പ്രസ്താവനയിൽ കെ കെ രാഗേഷും കെ സോമപ്രസാദും നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു. പിന്നീട് ഇടതുപക്ഷാംഗങ്ങൾ ഇറങ്ങിപ്പോക്കും നടത്തി.

എസ്പിജി സുരക്ഷ പ്രധാനമന്ത്രിക്കുമാത്രമായി പരിമിതപ്പെടുത്തുന്ന നിയമഭേദഗതിബില്ലിന്റെ കാര്യത്തിൽ പരാമർശവിഷയമാകേണ്ട ഒന്നായിരുന്നില്ല ഇത്. എന്നിട്ടും എൽഡിഎഫ് ഭരണം നടക്കുന്ന കേരളത്തിലെ ക്രമസമാധാനത്തെയും ഭരണത്തിന് നേതൃത്വം നൽകുന്ന സിപിഐ എമ്മിനെയും പ്രതിക്കൂട്ടിൽ നിർത്താൻ രാജ്യസഭാവേദിയെ ദുരുപയോഗപ്പെടുത്തുകയായിരുന്നു അമിത് ഷാ. ഇതിൽ തെളിയുന്നത് മോഡി സർക്കാരിന്റെ ബോധപൂർവമായ കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയമാണ്. കേരളത്തിന്റെ സാമൂഹ്യവികസനത്തിന് ഒരു സംഭാവനയും നൽകാത്തവരാണ് ആർഎസ്എസുകാർ. അതേസമയം, സംസ്ഥാനത്തുടനീളം വർഗീയക്കുഴപ്പം സൃഷ്ടിച്ച് സ്വാധീനം വളർത്താൻ ഇറങ്ങിയിരിക്കുന്ന കൂട്ടരുമാണ്. കേരള സംസ്ഥാന രൂപീകരണത്തെ എതിർക്കുന്നതിലും വിമോചനസമരത്തെ പിന്തുണയ്ക്കുന്നതിലും ആർഎസ്എസ് മുൻപന്തിയിലായിരുന്നു. 1971ലെ തലശേരി വർഗീയകലാപത്തിലും നിലയ്ക്കൽ പ്രശ്നത്തിലുമെല്ലാം പ്രതിക്കൂട്ടിൽ നിൽക്കുന്ന സംഘടനയാണ് ആർഎസ്എസ്. പൂന്തുറ കലാപം ഉൾപ്പെടെ കേരളത്തിൽ നടന്ന വർഗീയക്കുഴപ്പങ്ങളിൽ ആർഎസ്എസിന്റെ പങ്ക് ചെറുതല്ല.

ക്രമസമാധാനനില ഏറ്റവും മികച്ചത് കേരളത്തിൽ
എൽഡിഎഫ് ഭരണത്തിൽ കേരളത്തിൽ വർഗീയലഹളകൾ ഉണ്ടാകാറില്ല. അതിനുകാരണം ആർഎസ്എസ് ഉൾപ്പെടെ എല്ലാ വർഗീയശക്തികളെയും ഒറ്റപ്പെടുത്തുന്നതിൽ നിയമപരവും രാഷ്ട്രീയപരവുമായ വിട്ടുവീഴ്ചയില്ലാത്ത നടപടി എൽഡിഎഫ് സർക്കാർ സ്വീകരിക്കുന്നതുകൊണ്ടാണ്. കേരളത്തിലെ മതനിരപേക്ഷ അടിത്തറയെ തകർക്കുക എന്നതാണ് സംഘപരിവാറിന്റെ ലക്ഷ്യം. പിണറായി സർക്കാരുള്ളതുകൊണ്ടും എൽഡിഎഫിന് ബഹുജനപിന്തുണയുള്ളതിനാലും അത് നടത്തിയെടുക്കാൻ അവർക്ക് കഴിയുന്നില്ല. അതായത്, വർഗീയക്കുഴപ്പമുണ്ടാക്കി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള സംഘപരിവാർ അജൻഡ എൽഡിഎഫ് ഭരണമുള്ളതുകൊണ്ട് കഴിയുന്നില്ല. ബിജെപിയുടെയും ആർഎസ്എസിന്റെയും ഇക്കാര്യത്തിലുള്ള നിരാശയിൽനിന്ന് ഉടലെടുത്ത വിദ്വേഷമാണ് അമിത് ഷായുടെ രാജ്യസഭയിലെ കേരളവിരുദ്ധ‐ സിപിഐ എം വിരുദ്ധ പരാമർശത്തിൽ തിളയ്ക്കുന്നത്.

ദേശീയമായി നോക്കിയാൽ ക്രമസമാധാനനില ഏറ്റവും മികച്ചത് കേരളത്തിലാണ്. എന്നിട്ടും എന്തിനാണ് ക്രമസമാധാനനിലയെപ്പറ്റി മോശപ്പെട്ട പ്രതികരണം ബിജെപി അധ്യക്ഷനായ കേന്ദ്ര ആഭ്യന്തരമന്ത്രി നടത്തിയത്? മറ്റു പല സംസ്ഥാനങ്ങളിലും സ്ത്രീകളുടെ ജീവനും മാനവും സുരക്ഷിതമല്ല. കൊള്ളയും അക്രമവും വ്യാപകമാണ്. വർഗീയക്കുഴപ്പവുമുണ്ട്. ശാന്തിയും സമാധാനവും നിലനിൽക്കുന്ന നാടായി കേരളം മാറിയതിൽ ഈ സംസ്ഥാനത്തെ അഭിനന്ദിക്കുകയല്ലേ നീതിബോധമുണ്ടെങ്കിൽ കേന്ദ്രഭരണാധികാരികൾ ചെയ്യേണ്ടത്? ഭരണഘടന അനുശാസിക്കുന്ന ഫെഡറൽ തത്വങ്ങളെ കാറ്റിൽ പറത്തുകയാണ് മോഡി ഭരണം. നീതിയും ന്യായവും ധർമവും കൈവെടിഞ്ഞതാണല്ലോ മോഡി സർക്കാരിന്റെ മുഖമുദ്ര. 1970 മുതൽ ആർഎസ്എസ് കേരളത്തിൽ കൊന്നുതള്ളിയത് 217 പച്ചമനുഷ്യരെയാണ്. ഈ വസ്തുതയ്ക്കു മുന്നിൽ കണ്ണടച്ചാണ് ഇവിടെ സിപിഐ എം അക്രമം നടത്തുന്നു എന്ന ദുരാരോപണം അമിത് ഷാ നടത്തിയത്. ചോരയിറ്റുവീഴുന്ന കൊലക്കത്തി കൈയിലേന്തിയ ആർഎസ്എസിന്റെ ക്രൂരതയെ നുണകൊണ്ട് മറയ്ക്കാനാകില്ല. അക്രമാസക്തമായി ഹിന്ദുത്വം പ്രചരിപ്പിക്കാൻ ആർഎസ്എസ് സൃഷ്ടിച്ചിട്ടുള്ള പാർടിയാണ് ബിജെപി. സഹസ്രാബ്ദമായി ഇന്ത്യയിൽ നിലനിൽക്കുന്ന ഹിന്ദുമതത്തിന്റെ ആദർശങ്ങളല്ല ഇവരെ നയിക്കുന്നത്. ഈശോയും അള്ളാഹുവും ഈശ്വരനും ഒന്നിന്റെ പര്യായമാണെന്ന് വിശ്വസിക്കുന്നവരെ കൊന്നുതള്ളുന്നതാണ് ഇവരുടെ ക്രമസമാധനപരിപാലനം. കേരളത്തെയും കേരളീയരെയും അവഹേളിക്കുകയും ആക്ഷേപിക്കുകയും അവഗണിക്കുകയും ചെയ്യുന്ന നയം എത്രയുംവേഗം തിരുത്താൻ കേന്ദ്രസർക്കാർ തയ്യാറാകണം. അതിനുവേണ്ടി ശക്തമായ ശബ്ദമുയർത്താൻ ഓരോ കേരളീയനും മുന്നോട്ടുവരണം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top