17 February Sunday

ടെലിവിഷന്‍ വാര്‍ത്ത സ്റ്റുഡിയോയില്‍ കേന്ദ്രീകരിക്കുമ്പോള്‍...

എന്‍ കെ രവീന്ദ്രന്‍Updated: Wednesday Dec 6, 2017

വാര്‍ത്തയുടെ ഉറവിടങ്ങള്‍ സ്റ്റുഡിയോ മുറിയും ഡിജിറ്റല്‍ മാധ്യമങ്ങളും  ആവുന്നതോടെ   ന്യൂസ് ബ്യൂറോകളുടെ പ്രസക്തി ഇല്ലാതാവുകയാണ്. ഇത്  മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ തൊഴില്‍ സംബന്ധിയായ ഒരു ഭീഷണി ഉയര്‍ത്തുന്ന കാര്യം അവരൊന്നും ഗൌരവത്തില്‍
എടുത്തിട്ടില്ലെന്ന് തോന്നുന്നു. വാര്‍ത്താശേഖരണത്തിനുള്ള ഭാരിച്ച ചെലവ് ഗണ്യമായി കുറയ്ക്കുന്നതാണ് ഈ മാറ്റം എന്നതിനാല്‍ മാധ്യമ മാനേജ്മെന്റുകള്‍ ഈ മാറ്റത്തെ സ്വാഗതം ചെയ്തു- മുതിര്‍ന്ന ടെലിവിഷന്‍ ജേര്‍ണലിസ്റ്റായ ലേഖകന്‍ മലയാള ദൃശ്യമാധ്യമരംഗത്തെ
വികാസ പരിണാമങ്ങളെ വിശകലനം ചെയ്യുന്നു...

'ന്യൂസ് എന്നത് കേവലം വിവരങ്ങള്‍ എന്നതിനപ്പുറം സംഭാഷണങ്ങള്‍ രൂപപ്പെടുത്തല്‍ കൂടിയാണ്.'
'ന്യൂസ് എന്നത് വിവരങ്ങള്‍ അറിയിക്കല്‍ (Reportage)  എന്നതിനേക്കാള്‍, കടുത്ത ചോദ്യങ്ങള്‍ ചോദിക്കുക കൂടിയാണ്.'
'ന്യൂസ് എന്നത് സംഭവങ്ങള്‍ കണ്ടെത്തല്‍ മാത്രമല്ല, ചില പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുക കൂടിയാണ്.'
'ന്യൂസ് എന്നത് കാഴ്ചകള്‍ മാത്രമല്ല, ചരിത്രത്തിനു സാക്ഷ്യം വഹിക്കുക കൂടിയാണ്.'

ടൈംസ് നൌ എന്ന ഇംഗ്ളീഷ് 'ദേശീയ' ചാനല്‍ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന അവരുടെ ഏറ്റവും പുതിയ 'ന്യൂസ് പ്രോമോ' വിളംബരം ചെയ്യുന്ന, വാര്‍ത്തയെക്കുറിച്ചുള്ള ഈ നിര്‍വചനങ്ങള്‍ ടെലിവിഷന്‍ വാര്‍ത്തയുടെ സമകാലിക പരിണാമത്തെ വ്യക്തമാക്കുന്നതാണ്. വാര്‍ത്തയുടെ ഗതിവിഗതികളിലും ചമയങ്ങളിലും അവതരണത്തിലും ചര്‍ച്ചകളിലും 'ദേശീയ' ചാനലുകളെയും അത് സൃഷ്ടിക്കുന്ന താരങ്ങളെയും അനുകരിച്ചുപോരുന്ന മലയാള വാര്‍ത്താ ചാനലുകള്‍ക്ക് മാര്‍ഗദര്‍ശി ആവുന്നതും ഈ നിര്‍വചനങ്ങള്‍ തന്നെ. ഇങ്ങനെ 'ദേശീയ' ചാനലുകളുടെ ചുവടുപിടിച്ച് നമ്മുടെയും വാര്‍ത്താചാനലുകള്‍ വാര്‍ത്താശേഖരണം എന്ന പരമ്പരാഗത മാധ്യമ രീതി കൈവെടിഞ്ഞ്, വാര്‍ത്തയെ സ്റ്റുഡിയോ മുറിയുടെ ഉല്‍പ്പന്നമാക്കി മാറ്റുകയാണ്. കടുത്ത ചോദ്യങ്ങള്‍കൊണ്ടും അലറുന്ന സംഭാഷണങ്ങള്‍കൊണ്ടും സ്റ്റുഡിയോ മുറികള്‍ തന്നെ വാര്‍ത്തയാവുകയാണ്.

പരമാവധി പ്രേക്ഷകരെ (eye balls) താന്താങ്ങളുടെ ചാനലുകള്‍ക്ക് മുന്നില്‍ പിടിച്ചിരുത്തി  വിപണിയിലെ മത്സരത്തില്‍ മുന്നിലെത്തുക മാത്രമായിരിക്കുന്നു വാര്‍ത്താ ചാനലുകളുടെ ലക്ഷ്യം. ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ എംപി മറയൊന്നുമില്ലാതെ ഈ സത്യം വെളിപ്പെടുത്തുന്നുണ്ട്: ....'വിപണിയുടെ വലിയ ഒരു ഭാഗം നമ്മുടേതായിരിക്കണം. ആ വന്‍ ഓഹരി മുഴുവന്‍ നമ്മുടേതാകുന്നതിനു വേണ്ടതെല്ലാം ചെയ്യണം. എന്റെ നിലപാട് ഇത് മാത്രമാണ്. വിപണിയിലെ ആധിപത്യത്തിന് ഇടതുപക്ഷ ആഭിമുഖ്യമാണ് ഗുണകരമെങ്കില്‍ അതാവാം. മറ്റൊരു വിപണിയില്‍ മറ്റൊരു കൂട്ടരോടുള്ള ചായ്വാണ് വേണ്ടതെങ്കില്‍ അതുമാവാം' (Scroll.in എന്ന ന്യൂസ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖം. 11 ആഗസ്ത് 2017). ഏഷ്യാനെറ്റ് ന്യൂസിന് കേരളത്തില്‍ ഇടതിനോടും 'ദേശീയ' വിപണിയില്‍ റിപ്പബ്ളിക് ചാനലിലൂടെ ബിജെപിയോടും അനുഭാവം ഉണ്ടെന്ന് തോന്നുന്നുവെങ്കില്‍ അതിനുള്ള കാരണം മാര്‍ക്കറ്റ് ഷെയര്‍ മാത്രമാണ് എന്ന് കരുതിയാല്‍ മതി. ഇടതിനാണ് മാര്‍ക്കറ്റെങ്കില്‍ അങ്ങും ബിജെപിക്കാനെങ്കില്‍ ഇങ്ങും. കേരളത്തിലെ ബിജെപി സഖ്യത്തിന്റെ വൈസ് ചെയര്‍മാന്‍ കൂടിയായ ഈ ചാനല്‍ മേധാവിയെപ്പോലെ മറ്റു ചാനല്‍ മേധാവികള്‍ ആരുംതന്നെ തങ്ങളുടെ കച്ചവട താല്‍പ്പര്യം തുറന്നുപറഞ്ഞിട്ടില്ലെങ്കില്‍പോലും അവര്‍ക്കാര്‍ക്കും ഇതില്‍ താത്വികവിയോജിപ്പുകള്‍ ഉണ്ടാവില്ല. 

വിപണിയുടെ പ്രലോഭനം നിര്‍ണായകമായതോടെ, ജനങ്ങളുടെ അവകാശങ്ങളുടെയും താല്‍പ്പര്യങ്ങളുടെയും പ്രാതിനിധ്യം വാര്‍ത്താചാനലുകള്‍ക്ക് കൈവെടിയേണ്ടിവന്നു. അധികാരത്തോട്, 'ഇവിടേക്ക് നോക്കൂ, ഇതാണ് സത്യം' എന്ന് വിളിച്ചുപറയാന്‍ ഇന്ന് വാര്‍ത്താചാനലുകള്‍ക്ക് കെല്‍പ്പില്ലാതായി. ഭരണകൂടത്തെ ചോദ്യം ചെയ്യുകയല്ല അതിന്റെ അരികുപറ്റി അതിന്റെതന്നെ പ്രചാരകരാവുകയാണ്. നല്ലൊരു മാതൃകയാണ് റിപ്പബ്ളിക് ടിവി. സംപ്രേഷണം തുടങ്ങി ആറുമാസമാവാറായിട്ടും ഇന്നേവരെ ഭരണകേന്ദ്രത്തിനെതിരെ ആ വാര്‍ത്താചാനല്‍ ഒന്ന് പരിഭവിക്കുക പോലും ചെയ്തിട്ടില്ല! മറുവശത്ത് ഭരണത്തെ വിമര്‍ശിക്കാന്‍ ഒരുങ്ങുന്നവരെ അധികാരത്തിന്റെ ഭീകരതകള്‍ എടുത്തുകാട്ടി വരുതിയില്‍ നിര്‍ത്തുകയാണ് അധികാരികള്‍. എന്‍ഡിടിവി ചാനലിന് ഉണ്ടായ ഭീഷണി മറ്റു ചാനലുകള്‍ക്കും ഉള്ള മുന്നറിയിപ്പാവുന്നു.

ഒരു ജനകീയ വിഷയം വാര്‍ത്തയില്‍ ഇടം നേടണമെങ്കില്‍ നാടകീയ പ്രദര്‍ശനമോ അക്രമമോ വേണമെന്നായി. സെക്രട്ടറിയറ്റിന് മുമ്പിലെ റോഡില്‍ ശയനപ്രദക്ഷിണവും കഞ്ഞിവയ്പ്പും ശീര്‍ഷാസനത്തില്‍ നില്‍ക്കലും മരത്തില്‍ കയറി കുരുക്കിടലും അവതരിപ്പിക്കുന്നത് മാധ്യമങ്ങളെ അങ്ങോട്ട് വരവേല്‍ക്കാനാണ്. സാധാരണ മനുഷ്യരുടെ ജീവല്‍പ്രശ്നങ്ങള്‍പോലും വാര്‍ത്താ പ്രാധാന്യമില്ലാതെ അവഗണിക്കപ്പെടുന്നു. ചെന്നൈയിലെ കര്‍ഷകര്‍ ഡല്‍ഹിയില്‍ നടത്തിയ അതിജീവന സമരത്തെ ദിവസങ്ങളോളം തിരിഞ്ഞുനോക്കാതിരുന്ന മാധ്യമങ്ങള്‍ക്ക് ആ സമരം വാര്‍ത്തയാവുന്നത് സമരക്കാര്‍ മൂത്രം കുടിക്കാനും സ്വയം ജീവനൊടുക്കിയ കര്‍ഷകരുടെ തലയോട്ടികള്‍ പ്രദര്‍ശിപ്പിക്കാനും തുടങ്ങിയതോടെയായിരുന്നു.

കേവലം വാര്‍ത്താറിപ്പോര്‍ട്ടിങ്ങിന്റെ കാലം കഴിഞ്ഞുവെന്നും തങ്ങളുടെ അഭിപ്രായങ്ങളും നിലപാടുകളും വിമര്‍ശനങ്ങളും കൂടിക്കലര്‍ത്തുന്നopinionated reporting  ന്റെ കാലമാണിത് എന്നും മാധ്യമ വക്താക്കള്‍തന്നെ അവകാശപ്പെടാന്‍ തുടങ്ങി. അങ്ങനെയാണ സാധാരണ ജനങ്ങളുടെ ജീവിതാവസ്ഥയെ വെളിപ്പെടുത്തുന്ന, ജനങ്ങളില്‍നിന്നുള്ള വാര്‍ത്ത ഇല്ലാതാവുകയും പകരം വാര്‍ത്തയുടെ ഉല്‍പ്പാദനം സ്റ്റുഡിയോക്കകത്ത് അവതാരകരെ കേന്ദ്രീകരിച്ചു ചുവടുമാറുന്നതും.

പതിനഞ്ചു വര്‍ഷം മുമ്പ് 2002 നവംബര്‍ പത്തിനാണ് ഏഷ്യാനെറ്റില്‍ ഒരു മണിക്കൂര്‍ വാര്‍ത്താപരിപാടി ആയി 'ന്യൂസ് അവര്‍' സംപ്രേഷണം തുടങ്ങുന്നത്. പില്‍ക്കാലത്ത് ഏഷ്യാനെറ്റ് ന്യൂസ് ആയി പരിണമിച്ച ഏഷ്യാനെറ്റ് ഗ്ളോബല്‍ എന്ന ചാനലിലാണ് ന്യൂസ് അവറിന്റെ ജന്മം. വാര്‍ത്താരംഗത്തെ വലിയൊരു മുന്നേറ്റമായിരുന്നു അത്. അന്നുണ്ടായിരുന്ന ടെലിവ്യൂ എന്ന മാസിക എഴുതി,   'ദേശീയ തലത്തില്‍ സ്റ്റാര്‍ ന്യൂസ് മാത്രമേ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വാര്‍ത്താപരിപാടി ഇതിനുമുമ്പ് തുടങ്ങിയിട്ടുള്ളൂ' (പുറം 41).

മലയാളം വാര്‍ത്താ ടെലിവിഷനില്‍ രാത്രി ഒമ്പതുമണി ചര്‍ച്ചക്ക് തുടക്കമിടുന്നത് ഈ ന്യൂസ് അവര്‍ ആണ്. ഒരു ദിവസത്തെ മുഴുവന്‍ വാര്‍ത്തയും സമഗ്രമായി അവതരിപ്പിക്കുക എന്നതായിരുന്നു സങ്കല്‍പ്പം. ആദ്യത്തെ ന്യൂസ് അവറിന്റെ അവതാരകനായിരുന്ന ഞാന്‍ ആമുഖമായി ഇങ്ങനെ പറഞ്ഞു, 'മലയാളത്തില്‍ ആദ്യമായാണ് ഇങ്ങനെ വാര്‍ത്തകള്‍ക്ക് വേണ്ടി മാത്രമായി ഒരു മണിക്കൂര്‍ മാറ്റിവയ്ക്കുന്നത്. ഇതിനൊരു കാരണമുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രധാനപ്പെട്ട പല വാര്‍ത്തകളും ഉള്‍പ്പെടുത്താന്‍ ഏഷ്യാനെറ്റിന്റെ വാര്‍ത്താബുള്ളറ്റിനില്‍ സാധിക്കാറില്ല, സമയം തികയാത്തതുകൊണ്ട്. ഇതിന്റെ പേരില്‍ വളരെയേറെ പരാതികള്‍ ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്. അതിനാല്‍ ഇന്ന് മുതല്‍ വാര്‍ത്തകള്‍ സമഗ്രമായി അവതരിപ്പിക്കാനും വിശകലനം ചെയ്യാനും ന്യൂസ് അവറിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്...'

ഊര്‍ജ്വസ്വലരായ റിപ്പോര്‍ട്ടര്‍മാരാല്‍ ബ്യൂറോകളെല്ലാം കര്‍മോത്സുകമായിരുന്ന കാലമാണ്. വാര്‍ത്ത കൂടുതലും സമയം കുറവും ആയിരുന്നു. തങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വാര്‍ത്താബുള്ളറ്റിനില്‍ വന്നുകിട്ടാന്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് ന്യൂസ് ഡസ്ക്കിലെ ചേട്ടന്മാരുമായി ലോബിയിങ് വേണ്ടിയിരുന്ന കാലം. ചര്‍ച്ച എന്നത് റെക്കോര്‍ഡ് ചെയ്ത അഭിമുഖങ്ങള്‍ മാത്രമായിരുന്നു. ആദ്യത്തെ ന്യൂസ് അവറില്‍ കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍, സിപിഐ എം നേതാവ് ഇ കെ നായനാര്‍, സിഎംപി നേതാവ് എം വി രാഘവന്‍ എന്നിവരായിരുന്നു അതിഥികള്‍. വി എം സുധീരന്‍ വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാകുന്നത് സംബന്ധിച്ച് അന്നത്തെ കെപിസിസി പ്രസിഡന്റ ് കെ മുരളീധരന്‍ തുടങ്ങിവച്ച വിവാദത്തെക്കുറിച്ചായിരുന്നു സുധീരനുമായുള്ള അഭിമുഖം. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടികോണ്‍ഗ്രസ്സില്‍ നടന്ന ചര്‍ച്ചയില്‍, മുതലാളിമാരെയും ബിസിനസ്സുകാരെയും പാര്‍ടിയില്‍ ചേര്‍ക്കണമെന്ന നിര്‍ദേശത്തെക്കുറിച്ച് നായനാരും എം വി ആറും സംസാരിച്ചു. ഓരോന്നിന്റെയും ദൈര്‍ഘ്യം അഞ്ചു മിനിറ്റ്.

പകല്‍ ജോലിക്ക് പോകുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഒറ്റയിരുപ്പില്‍ നാട്ടില്‍ നടന്ന സകല കാര്യങ്ങളും അറിഞ്ഞ് രാത്രി പത്തുമണിയോടെ 'സ്വസ്ഥരായി' ഉറങ്ങാന്‍ പാകത്തിലായിരുന്നു ഇതിന്റെ പാക്കേജിങ്. അന്നന്നത്തെ വാര്‍ത്തയ്ക്ക് പുറമെ സാംസ്കാരികം, സാമ്പത്തികം, കായികം, സിനിമ തുടങ്ങിയ വിഭാഗങ്ങളിലായി വിശദമായ റിപ്പോര്‍ട്ടുകളും നേരത്തെ പറഞ്ഞതരത്തിലുള്ള റെക്കാര്‍ഡുചെയ്ത അഭിമുഖങ്ങളും ചേര്‍ന്നതായിരുന്നു ആ ഒരു മണിക്കൂര്‍. പുരുഷന്മാരായിരുന്നു പ്രേക്ഷക ഭൂരിപക്ഷം. ഇന്നും അതെ.

ഏഷ്യാനെറ്റിന്റെ വാര്‍ത്താസംപ്രേഷണം, തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോര്‍ക്കി ഭവനില്‍നിന്നും പുളിയറക്കോണത്തെ വലിയ സ്റ്റുഡിയോവിലേക്ക് മാറുന്നതോടെ കൈവന്ന സാങ്കേതിക മികവിന്റെ പിന്‍ബലത്തോടെയാണ് ന്യൂസ് അവറില്‍ തത്സമയ ചര്‍ച്ച സാധ്യമാവുന്നത്. അലര്‍ച്ചയോ അട്ടഹാസമോ അതിഥിയെ ഇറക്കിവിടുകയോ ചെയ്യുന്ന സംസ്കാരം അന്ന് നടപ്പില്‍ വന്നിരുന്നില്ല.

അപ്പോഴും വിദൂര സ്ഥലങ്ങളില്‍നിന്നോ കേരളത്തില്‍ തന്നെയുള്ള ന്യൂസ് ബ്യൂറോകളില്‍നിന്ന് പോലുമോ പരസ്പരം സംസാരിക്കാനുള്ള തത്സമയ വിനിമയ ബന്ധം ഏറെക്കാലം അപ്രാപ്യമായിരുന്നു.

ഏഷ്യാനെറ്റിന്റെ ന്യൂസ് അവര്‍ എട്ടുമാസം പൂര്‍ത്തിയാക്കുമ്പോഴാണ്, എവിടെയും സഞ്ചരിച്ച് വാര്‍ത്ത ശേഖരിക്കാനും സംപ്രേഷണം ചെയ്യാനും പ്രാപ്തരായി മുഴുവന്‍ സമയ വാര്‍ത്താചാനല്‍ എന്ന പ്രഖ്യാപനവുമായി ഇന്ത്യാവിഷന്‍ വരുന്നത്, 2003 ജൂലൈയില്‍. വാര്‍ത്താചാനല്‍ രംഗത്ത് മത്സരം തുടങ്ങുന്നത് ഇതോടെയാണ്. എല്ലാ ജില്ലാ ആസ്ഥാനങ്ങളെയും ന്യൂസ് സെന്ററുമായി ബന്ധിപ്പിക്കാനും ദൃശ്യങ്ങള്‍ അയക്കാനും സാധിച്ച ഇന്ത്യാവിഷന്‍, ഏഷ്യാനെറ്റ് ന്യൂസ് അവറിന്റെ അതേസമയത്തുതന്നെ ന്യൂസ് നൈറ്റ് എന്ന പേരില്‍ ഒരു മണിക്കൂര്‍ വാര്‍ത്താ പരിപാടി തുടങ്ങി. വാര്‍ത്താ വിനിമയത്തില്‍ സാങ്കേതികമായി ഒരുപടി മുന്നില്‍നിന്ന ഇന്ത്യാവിഷന്റെ ന്യൂസ് നൈറ്റ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സംഭവങ്ങളെയും വ്യക്തികളെയും ചര്‍ച്ചയെയും തത്സമയം മലയാളി കുടുംബങ്ങളില്‍ എത്തിച്ചു. ന്യൂസ് അവറില്‍ നിന്ന് വ്യത്യസ്തമായി ന്യൂസ് നൈറ്റ്ചര്‍ച്ചയ്ക്കും അഭിമുഖങ്ങള്‍ക്കും കൂടുതല്‍ സമയം മാറ്റിവച്ചു. ചര്‍ച്ചകള്‍ തുറന്ന ഏറ്റുമുട്ടലുകളും വെല്ലുവിളികളുംകൊണ്ട് പ്രേക്ഷകര്‍ക്ക് ആസ്വാദ്യമായി.   

ഫീല്‍ഡില്‍നിന്ന് സ്റ്റുഡിയോവിലേക്കുള്ള വാര്‍ത്തയുടെ പരിണാമം പൂര്‍ണമാവുന്നത് ഏതാണ്ട് എട്ടുവര്‍ഷം മുമ്പാണ്. ന്യൂസ് അവറിലെ ചര്‍ച്ചയുടെ ദൈര്‍ഘ്യം കൂടിക്കൂടി വന്ന് അത് ഒരു മണിക്കൂറായി പരിണമിക്കുകയായിരുന്നു. അതിനുമുമ്പ്, ഞങ്ങള്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് നല്‍കിയ നിര്‍ദേശം, ജനങ്ങളിലേക്ക് ചെന്ന് അവരുടെയും നാടിന്റെയും പ്രശ്നങ്ങള്‍ കണ്ടെത്താനായിരുന്നു. അത്തരം റിപ്പോര്‍ട്ടുകള്‍ സമൂഹത്തില്‍ സംസാരവിഷയമാവണമെന്ന് ഞങ്ങള്‍ യുവ റിപ്പോര്‍ട്ടര്‍മാരെ പ്രചോദിപ്പിച്ചുപോന്നു. അവ അധികാരികളെ അലോസരപ്പെടുത്തണം, സങ്കടങ്ങള്‍ക്ക് പരിഹാരം ഉണ്ടാവണം. അപ്പോള്‍ ചാനലിന്റെ പ്രൊഫൈല്‍ ഉയരുന്നു, റേറ്റിങ് ഉയരുന്നു (അക്കാലത്ത്, മികച്ച റിപ്പോര്‍ട്ടുകള്‍ക്ക് ഏഷ്യാനെറ്റ് ന്യൂസ് മാനേജ്മെന്റ ് വലിയ തുക സമ്മാനവും നല്‍കിയിരുന്നു).
അന്നത്തെ മിടുക്കരായ പലരും പിന്നീട് ടിവി മാധ്യമ രംഗം ഉപേക്ഷിച്ചുപോയി. പകരം, ഗ്ളാമറും മെച്ചപ്പെട്ട ശമ്പളവും സമൂഹത്തില്‍ കിട്ടുന്ന ദൃശ്യതയും മോഹിച്ച് സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും ദീര്‍ഘകാല അവധിയില്‍ പുറത്തുചാടി ഒരു കൂട്ടം 'ഗുമസ്താ'ക്കളും എത്തി. ടിവി വാര്‍ത്താമാധ്യമത്തില്‍ വര്‍ഗീയ വാദികളും സ്വാര്‍ഥതാല്‍പ്പര്യക്കാരും ബ്യൂറോക്രാറ്റിക്ക് സംസ്കാരവും കയറിക്കൂടിയ ഒരു വഴി ഇതായിരുന്നു. ഇരിപ്പിടം കൊള്ളാമെന്ന് ഉറപ്പായതോടെ പലരും സര്‍ക്കാര്‍ പണി കൈയൊഴിഞ്ഞു.

ഒരു സ്റ്റുഡിയോ ചര്‍ച്ചക്ക് പത്തുതലയെങ്കിലും അണിനിരത്താവുന്ന സാങ്കേതിക മികവ് ചെറുചാനലുകള്‍ക്കുപോലും ഇന്നുണ്ട്. രാവിലെ പത്തുമണിക്കുതന്നെ ചര്‍ച്ച തുടങ്ങുന്നതാണ് ഇപ്പോഴത്തെ പതിവ്. രാവിലെ പത്തുമണി മുതലുള്ള വാര്‍ത്താബുള്ളറ്റിനുകള്‍ പല പേരുകളില്‍ അറിയപ്പെടുന്ന     'ബ്രാന്‍ഡുകള്‍' ആണ്. അവ സ്പോണ്‍സര്‍മാര്‍ക്ക് വില്‍ക്കാം. രാവിലെ ചര്‍ച്ച തുടങ്ങാന്‍ പാകത്തിന് ഒരു റിപ്പോര്‍ട്ട് തലേദിവസംതന്നെ കരുതിവയ്ക്കണം. വേറെ സംഭവങ്ങള്‍ ഒന്നുമില്ലെങ്കില്‍ തയ്യാറാക്കിവച്ച വാര്‍ത്തയെ ആധാരമാക്കി ചര്‍ച്ച തുടങ്ങാം. അതല്ലെങ്കില്‍ അന്നന്നത്തെ ഒരു വിഷയത്തില്‍ പിടിക്കാം. അതിനുള്ള വിഷയങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ എന്ന് വിളിക്കുന്ന ഡിജിറ്റല്‍ മാധ്യമത്തില്‍നിന്ന് എളുപ്പത്തില്‍ ചൂണ്ടാം. ഇന്ന് ടിവി വാര്‍ത്താമാധ്യമങ്ങളുടെ പ്രധാന വാര്‍ത്താ ഉറവിടം സമൂഹ മാധ്യമങ്ങളാണ്; അവരവരുടെ ഫീല്‍ഡ് റിപ്പോര്‍ട്ടര്‍മാര്‍ അല്ല. ന്യൂസ് ഡെസ്കില്‍ത്തന്നെ ഡിജിറ്റല്‍ മാധ്യമങ്ങള്‍ നിരന്തരം നിരീക്ഷിക്കുന്നത് പതിവാക്കിയിരിക്കുന്നു. ചെലവൊന്നുമില്ലാതെ വാര്‍ത്തവരുന്ന വഴി അങ്ങനെ തുറന്നുകിട്ടി. ഡിജിറ്റല്‍ മാധ്യമങ്ങളില്‍ നിന്ന് കവര്‍ന്നെടുക്കുന്ന വാര്‍ത്ത, തങ്ങള്‍ ആദ്യമായി പുറത്തുവിട്ടതെന്ന പ്രഖ്യാപനവുമായി ചാനലില്‍ കാണിക്കും. ഇവിടെ വാക്ചാതുരിയുള്ള ഒരു അവതാരകയുടെയോ അവതാരകന്റെയോ സാന്നിധ്യം മാത്രമാണ് ചാനലിന്റെ  മൂലധനം.

ചര്‍ച്ചാവിഷയം ഏതായാലും നേതാക്കള്‍ ഒരുങ്ങി കാത്തുനില്‍പ്പുണ്ടാവും. പ്രതിഫലമില്ലാതെ ചര്‍ച്ചയ്ക്ക് ഹാജരാവുന്നു നേതാക്കള്‍. കാരണം, ചെറുകിട പാര്‍ടികളിലും ആളില്ലാപ്പാര്‍ടികളിലും അടക്കം ഒട്ടേറെ പുതുനേതാക്കള്‍ക്ക് ജന്മംനല്‍കിയത് ഈ ചാനല്‍ ചര്‍ച്ചകളാണ്. സ്റ്റുഡിയോയിലെ ചര്‍ച്ചക്കിടെ ഏതെങ്കിലും നേതാവ് തട്ടിവിടുന്ന ഒരു വാചകം ഉടനെ 'ബ്രേക്കിങ് ന്യൂസ്' ആയി സ്ക്രീനില്‍ ഓടിക്കളിക്കും. അടുത്ത വാര്‍ത്താബുള്ളറ്റിനില്‍ അത് പ്രധാനവാര്‍ത്തയാവും! അതുകൊണ്ടാണ് വാര്‍ത്ത സ്റ്റുഡിയോ മുറിയില്‍ പെറ്റുവീഴുന്നു എന്ന് പറയേണ്ടിവരുന്നത്.

വാര്‍ത്തയുടെ ഉറവിടങ്ങള്‍ സ്റ്റുഡിയോ മുറിയും ഡിജിറ്റല്‍ മാധ്യമങ്ങളും ആവുന്നതോടെ ന്യൂസ് ബ്യൂറോകളുടെ പ്രസക്തി ഇല്ലാതാവുകയാണ്. ഇത്  മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ തൊഴില്‍ സംബന്ധിയായ ഒരു ഭീഷണി ഉയര്‍ത്തുന്ന കാര്യം അവരൊന്നും ഗൌരവത്തില്‍ എടുത്തിട്ടില്ലെന്ന് തോന്നുന്നു. വാര്‍ത്താശേഖരണത്തിനുള്ള ഭാരിച്ച ചെലവ് ഗണ്യമായി കുറയ്ക്കുന്നതാണ് ഈ മാറ്റം എന്നതിനാല്‍ മാധ്യമ മാനേജ്മെന്റുകള്‍ ഇതിനെ സ്വാഗതംചെയ്തു. 'ദേശീയ ചാനലു'കളില്‍ ഇത് നടപ്പായി കഴിഞ്ഞിരിക്കുന്നുവെന്ന് സ്വകാര്യ ടെലിവിഷനിലെ തുടക്കക്കാരില്‍ ഒരാളും ഇപ്പോള്‍ ഇന്ത്യ ടുഡേ ചാനലിന്റെ കണ്‍സല്‍ട്ടിങ് എഡിറ്ററുമായ രാജ്ദീപ് സര്‍ദേശായി പറയുന്നു. 'ദേശീയ ചാനലുകള്‍ ന്യൂസ് ബ്യൂറോകളുടെ പ്രാധാന്യം കുറച്ചുകൊണ്ടുവരികയാണെന്നും ജനങ്ങളിലേക്ക് ചെന്നുള്ള വാര്‍ത്താശേഖരണത്തിനായി അത്രയൊന്നും പണം മുടക്കേണ്ടതില്ല എന്നുമാണ് അവിടത്തെ തീരുമാനമെന്നും' അദ്ദേഹം പറയുന്നു. (രാജ്ദീപ് സര്‍ദേശായി, വെങ്കിടേഷ് ചപല്‍ഗോംകര്‍ സ്മാരക പ്രഭാഷണം, പുണെ, 8 ഏപ്രില്‍ 2017). വാര്‍ത്താബുള്ളറ്റിനുകള്‍ക്ക് വേണ്ട ഉള്ളടക്കം സ്റ്റുഡിയോ തന്നെ ഉല്‍പ്പാദിപ്പിക്കുമെങ്കില്‍ ബ്യൂറോകളെയും അവിടത്തെ വമ്പിച്ച സന്നാഹങ്ങളെയും തീറ്റിപ്പോറ്റണമോ? കേരളത്തില്‍ത്തന്നെ പല ചാനലുകളിലെയും പുതിയ നിയമനങ്ങളില്‍ വന്ന കുറവ്, കൂട്ടത്തോടെയും അല്ലാതെയും ഉള്ള പിരിച്ചുവിടല്‍, തുച്ഛമായ വേതനം എന്നിവ ഈ വിപത്തിന്റെ സൂചകങ്ങളാണ്.

ന്യൂസ് ബുള്ളറ്റിനുകള്‍ ചര്‍ച്ചാസമ്പന്നമായതോടെ ന്യൂസ് ബ്യൂറോകളില്‍ വാര്‍ത്താന്വേഷണവും വാര്‍ത്താശേഖരണവും പരിമിതമായി. ബ്യൂറോ ചീഫുമാരുടെയും റിപ്പോര്‍ട്ടര്‍മാരുടെയും മുഖ്യചുമതല, രാജ്ദീപ് സര്‍ദേശായി വ്യക്തമാക്കിയപോലെ, രാവിലെ മുതലുള്ള  സ്റ്റുഡിയോ ചര്‍ച്ചകള്‍ക്ക് അനുയോജ്യരായവരെ വിളിച്ച് സമ്മതിപ്പിച്ച് കൊണ്ടുവരിക, ചാനലിലെ മറ്റു പരിപാടികള്‍ക്ക് ആവശ്യമുള്ള വ്യക്തികളുടെ 'ബൈറ്റ്' എടുക്കുക, മാനേജ്മെന്റ ് സംബന്ധിയായ പലതരം ഏകോപന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുക എന്നിങ്ങനെയായി പരിണമിച്ചിരിക്കുന്നു.

ജനങ്ങള്‍ക്ക് ഇനിയുള്ള പ്രതീക്ഷ ഡിജിറ്റല്‍ മാധ്യമങ്ങളും കുറെയൊക്കെ അച്ചടി മാധ്യമങ്ങളും മാത്രമായിരിക്കും. ബിജെപി നേതാവിന്റെ മകന്‍ ഭരണത്തിന്റെ പിന്‍ബലത്തില്‍ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തുന്ന വാര്‍ത്ത ചാനലുകളില്‍ പൊട്ടിപ്പുറപ്പെടുക (യൃലമസശിഴ) യില്ല. അത് വിളിച്ചുപറയാന്‍ ഡിജിറ്റല്‍ മാധ്യമത്തിനേ നാവുണ്ടാവൂ. വാര്‍ത്താചാനലുകള്‍ക്ക് സുരക്ഷിതമായി അവ പിന്തുടരാമെന്നു മാത്രം. 'എനിക്ക് ചുറ്റും കാണുന്ന മട്ടിലുള്ള റിപ്പോര്‍ട്ടിങ് ആണ് ചെയ്യേണ്ടിവരിക എങ്കില്‍ ഞാന്‍ ജേര്‍ണലിസം തന്നെ ഉപേക്ഷിക്കും'- ബിജെപിയുടെ അത്യുന്നത നേതാവിന്റെ മകന്റെ കച്ചവടത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്ന രോഹിണി സിങ്ങിനെപ്പോലെ ഇങ്ങനെ വിളിച്ചുപറയാന്‍ നെഞ്ചുറപ്പുള്ള ഒരാളെ ടെലിവിഷന്‍ ജേര്‍ണലിസത്തില്‍ നാം ഇനി പ്രതീക്ഷിക്കുകയേ വേണ്ട.

'പുറത്തറിയാതെ അടിച്ചമര്‍ത്തിവയ്ക്കണമെന്ന് ചിലര്‍ താല്‍പ്പര്യപ്പെടുന്നതെന്തോ അതാണ് വാര്‍ത്ത. മറ്റുള്ളതെല്ലാം വെറും പരസ്യങ്ങളാണ്'- മലയാള ടെലിവിഷനിലും പരിണാമം ആ ദിശയിലാണ്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top