28 September Monday

മതവും രാഷ്ട്രീയവും: ഗാന്ധിജിയുടെ വഴികൾ

സുനിൽ പി ഇളയിടംUpdated: Monday Oct 7, 2019


1943 ജൂലൈ 15നു ബ്രിട്ടീഷ് ഇന്ത്യയിലെ ആഭ്യന്തരവകുപ്പ് അഡീഷണൽ സെക്രട്ടറിക്ക് എഴുതിയ കത്തിൽ മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഗാന്ധി ഇങ്ങനെ എഴുതി: “മതം തീർത്തും വ്യക്തിപരമായ കാര്യമാണ്. അതിന് രാഷ്ട്രീയത്തിൽ ഒരു സ്ഥാനവും ഉണ്ടാകരുത്. വിദേശാധിപത്യം എന്ന അസ്വാഭാവികസ്ഥിതിമൂലമാണ് മതാടിസ്ഥാനത്തിൽ വിഭജിക്കപ്പെടുന്ന അസ്വാഭാവികസ്ഥിതി നമുക്കുണ്ടായത്.”

1920കൾ മുതൽ ഇന്ത്യയിലെ ദേശീയരാഷ്ട്രീയവുമായുള്ള നിരന്തരമായ അഭിമുഖീകരണമാണ് ഗാന്ധിയെ ഈ നിലപാടിലേക്ക് കൊണ്ടുവന്നത്. മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ എക്കാലത്തെയും നിലപാട് ഇതായിരുന്നില്ല. നമ്മുടെ വലിയ ചിന്തകരിലൊരാൾ എഴുതിയതുപോലെ, ജീവിതത്തിന്റെ മുഖത്തുനോക്കി കാണുന്ന സത്യം വിളിച്ചുപറയാനാണ് ഗാന്ധിജി ശ്രമിച്ചത്. അതുകൊണ്ട് അദ്ദേഹം പറഞ്ഞതുതന്നെ പറഞ്ഞുകൊണ്ടിരുന്നില്ല.

മഹാത്മാഗാന്ധിയുടെ 150–ാം ജന്മവാർഷികം കടന്നുപോകുകയാണ്. ഗാന്ധിയെ കൊലചെയ്ത ഒരു പ്രത്യയശാസ്ത്രത്തിന്റെ രാജ്യഭരണത്തിന്റെ സന്ദർഭത്തിലാണ് ഈ വാർഷികസ്മരണയിലൂടെ ഇന്ത്യ കടന്നുപോകുന്നത്. ഗാന്ധിയുടെ വഴിയിലൂടെയാണ് തങ്ങൾ സഞ്ചരിക്കുന്നതെന്ന് ഭരണാധിപന്മാർ പലയിടത്തും ആവർത്തിക്കുന്നു. രക്തസ്നാതമായ ഒരു ഭരണപാരമ്പര്യത്തെയും സമഗ്രാധിപത്യത്തിലേക്ക് നീങ്ങുന്ന ഭരണക്രമത്തെയും ഗാന്ധിജിയുടെ ഓർമകൾകൊണ്ട് പൊതിയാനുള്ള ശ്രമം ആസൂത്രിതമായി അരങ്ങേറുന്നു.

‘രാമരാജ്യം’ എന്ന ഗാന്ധിയുടെ ആശയമാണ് ഇതിനുള്ള ഏറ്റവും വലിയ ന്യായീകരണമായി ഉപയോഗിക്കപ്പെടുന്നത്. ഹിന്ദുത്വപ്രത്യയശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന മതരാഷ്ട്രവാദത്തിന്റെ ഉള്ളടക്കം തന്നെയാണ് അതിലുള്ളതെന്ന് വർഗീയഫാസിസ്റ്റുകൾ ആവർത്തിക്കുന്നു. രാഷ്ട്രപിതാവിന്റെ സ്വപ്നസാക്ഷാൽക്കാരത്തിന്റെ വഴിയിലൂടെയാണ് തങ്ങൾ സഞ്ചരിക്കുന്നതെന്ന്, അദ്ദേഹത്തെ കൊലചെയ്ത പാരമ്പര്യംതന്നെ പ്രഘോഷിക്കുന്നു!

മതദർശനം
എന്തായിരുന്നു ഗാന്ധിജിയുടെ മതദർശനം? രാഷ്ട്രശരീരത്തിൽ മതത്തിനുള്ള സ്ഥാനത്തെ ഗാന്ധിജി എങ്ങനെയാണ് വീക്ഷിച്ചത്? ഹൈന്ദവ വർഗീയവാദികൾ അവകാശപ്പെടുന്നതുപോലെ ‘രാമരാജ്യം’ എന്നത് അവരുടെ ഭ്രാന്തമായ മതരാഷ്ട്രവാദത്തിന്റെ പൂർവമാതൃകയാണോ? ‘രാമരാജ്യം’ എന്ന സങ്കൽപ്പനത്തിലൂടെ രാജ്യത്തിന്റെ മതവൽക്കരണത്തിന് ഗാന്ധി അറിഞ്ഞോ അറിയാതെയോ വഴിതുറക്കുകയായിരുന്നുവോ?

ഇത്തരം ചോദ്യങ്ങളിലേക്ക് കടക്കുന്നതിനുമുമ്പേ ഗാന്ധിയെ മനസ്സിലാക്കേണ്ടത് എങ്ങനെയാണെന്ന കാര്യത്തിൽ വ്യക്തതയുണ്ടാകേണ്ടതുണ്ട്. പ്രമുഖ ചിന്തകനായ അകീൽ ബിൽഗ്രാമി അദ്ദേഹത്തിന്റെ പഠനങ്ങളിലൊന്നിൽ പറയുന്നതുപോലെ, ഗാന്ധിജി പരമ്പരാഗത അർഥത്തിലുള്ള ഒരു തത്ത്വചിന്തകനല്ല. ആദിമധ്യാന്തപ്പൊരുത്തമുള്ള ആശയാവലികളായി തന്റെ വീക്ഷണങ്ങൾ രേഖപ്പെടുത്തിവയ്ക്കാൻ അദ്ദേഹം തുനിഞ്ഞിട്ടില്ല. മറിച്ച് ജീവിത യാഥാർഥ്യങ്ങളെ നിരന്തരം അഭിമുഖീകരിക്കുകയും അതു നൽകുന്ന തിരിച്ചറിവുകളെ മുൻനിർത്തി സ്വയം പുതുക്കിപ്പണിയുകയുമാണ് അദ്ദേഹം ചെയ്തത്. അതുകൊണ്ടുതന്നെ തന്റെ നിലപാടുകളെ ഗാന്ധിജി നിരന്തരം നവീകരിച്ചുപോരുകയും ചെയ്തിട്ടുണ്ട്. അവയിലേതെങ്കിലുമൊരു സന്ദർഭത്തെ മുൻനിർത്തി ഗാന്ധിയെ വിലയിരുത്തുന്നത് അങ്ങേയറ്റം തെറ്റായ നിലപാടിലേക്കേ നമ്മെ നയിക്കൂ.


 

മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഗാന്ധിജിയുടെ വീക്ഷണങ്ങളും ഇത്തരത്തിൽ നിരന്തര പരിണാമിയായ ഒന്നാണ്. ഏറ്റവും ചുരുങ്ങിയത് മൂന്ന് വ്യത്യസ്ത നിലപാടുകളെങ്കിലും അദ്ദേഹം ഇക്കാര്യത്തിൽ കൈക്കൊണ്ടിട്ടുണ്ട്. ഗാന്ധിജി തന്നെ വ്യക്തമാക്കിയിട്ടുള്ളത് ഒരു കാര്യത്തിൽ താൻ പല അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കിൽ അതിൽ ഏറ്റവുമൊടുവിൽ പറഞ്ഞതേ തന്റെ അഭിപ്രായമായി പരിഗണിക്കാവൂ എന്നാണ്.

1915ൽ ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതിനുശേഷമാണ് ഗാന്ധിജി ഇന്ത്യയുടെ പൊതുജീവിതത്തിൽ നിർണായകമായി ഇടപെടാൻ തുടങ്ങുന്നത്. ഇക്കാലത്ത് മതം രാഷ്ട്രീയത്തിന്റെ അവിഭാജ്യഭാഗമാണെന്ന നിലപാടാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ഒരു കാരണവശാലും മതത്തെ രാഷ്ട്രീയത്തിൽനിന്ന് വേർപെടുത്തരുതെന്ന് 1915 മാർച്ച് 31നു കൽക്കത്ത സ്റ്റുഡന്റ്സ് ഹാൾ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തെ മതത്തിൽനിന്ന് വേർപെടുത്തിയാൽ അത് രാഷ്ട്രീയത്തെ തരംതാഴ്ന്നതാക്കി മാറ്റും. ആധുനികരാഷ്ട്രീയവും ആധുനികനാഗരികതയും ഇത്തരത്തിൽ തരംതാഴ്ന്നുപോയതായി 1915 ഏപ്രിൽ ഏഴിനു നടത്തിയ പ്രസംഗത്തിൽ ഗാന്ധി അഭിപ്രായപ്പെടുന്നു. 1919 ജൂൺ 21നു യങ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ, മതത്തിൽനിന്നും വേർപെടുത്തപ്പെട്ട രാഷ്ട്രീയം ഒരു മൃതശരീരം മാത്രമാണെന്നും അത് സംസ്കരിക്കപ്പെടാൻ മാത്രം യോഗ്യതയുള്ള ഒന്നാണെന്നും ഗാന്ധിജി എഴുതി.

മതരാഷ്ട്രവാദത്തിനും വർഗീയതയ്ക്കും അങ്ങേയറ്റം സ്വീകാര്യമായി തോന്നാനിടയുള്ള ഈ നിലപാടിൽത്തന്നെ മതത്തെക്കുറിച്ചുള്ള അത്യന്തം വ്യത്യസ്തമായ ഒരു ഉള്ളടക്കമുണ്ട്.

മതവർഗീയവാദികൾക്ക് ഏറ്റവും സ്വീകാര്യമായി തോന്നാവുന്നനിലയിൽ, താൻ നിശ്ചയമായും മതത്തെ രാഷ്ട്രീയവുമായി കൂട്ടിയിണക്കുമെന്ന് അക്കാലത്ത് ഗാന്ധിജി പ്രഖ്യാപിക്കുന്നുണ്ട്. ഒരാളുടെ മത താൽപ്പര്യങ്ങളും അയാളുടെ രാജ്യസ്നേഹവും തമ്മിൽ അടിസ്ഥാനപരമായി ഒരു വൈരുധ്യവുമില്ലെന്നും ഗാന്ധിജി അഭിപ്രായപ്പെട്ടു.
മതരാഷ്ട്രവാദത്തിനും വർഗീയതയ്ക്കും അങ്ങേയറ്റം സ്വീകാര്യമായി തോന്നാനിടയുള്ള ഈ നിലപാടിൽത്തന്നെ മതത്തെക്കുറിച്ചുള്ള അത്യന്തം വ്യത്യസ്തമായ ഒരു ഉള്ളടക്കമുണ്ട്. ആദ്യഘട്ടത്തിൽ അക്കാര്യം ഗാന്ധിജി ഊന്നിപ്പറഞ്ഞിരുന്നില്ല. എന്നാൽ, 1930കൾക്കുശേഷം മതം എന്നതുകൊണ്ട് താൻ അർഥമാക്കുന്നത് ഔപചാരിക മതത്തെയല്ലെന്നും മറിച്ച് ധാർമികവും നൈതികവുമായ മൂല്യങ്ങളെയാണെന്നും അദ്ദേഹം ഊന്നിപ്പറയുന്നതു കാണാം. ഇത് തീർത്തും പുതിയൊരു നിലപാടല്ല.

എങ്കിലും ഇക്കാര്യം ഗാന്ധിജി അതിശക്തമായി ഊന്നിപ്പറയുന്നുവെന്നത് പ്രധാനമാണ്. മതമെന്നത് പ്രപഞ്ചത്തെ നയിക്കുന്ന ധാർമികക്രമമാണെന്നും അത് ഹിന്ദുമതം, ഇസ്ലാം, ക്രിസ്തുമതം തുടങ്ങിയവയൊക്കെ മറികടന്നുപോകുന്നതും അവയിലെ മൂല്യങ്ങളെ സംയോജിപ്പിക്കുന്നതുമാണെന്നും ഗാന്ധിജി വ്യക്തമാക്കി. 1939 നവംബർ 11നു ഹരിജനിൽ എഴുതിയ ലേഖനത്തിൽ മതം ദേശീയതയുടെ അടിസ്ഥാനമല്ലെന്ന് അദ്ദേഹം ഖണ്ഡിതമായി പറഞ്ഞു. മുസ്ലിം ഭരണാധികാരികൾ മതാടിസ്ഥാനത്തിൽ ഇന്ത്യയെ വിഭജിച്ചില്ല. അക്ബർ അടക്കമുള്ളവർ മതസംയോജനത്തിനായാണ് നിലകൊണ്ടതെന്നും ഗാന്ധിജി അവിടെ വ്യക്തമാക്കുന്നുണ്ട്. താൻ തന്റെ രാഷ്ട്രീയനിലപാടുകൾ രൂപപ്പെടുത്തുന്നത് നൈതികതയിൽ (അഥവാ മതത്തിൽ)നിന്നാണെന്ന് ഗാന്ധിജി പറയുന്നു. മതത്തെ നൈതികതയായി നിർവചിക്കുകയാണ് ഇവിടെ ഗാന്ധിജി ചെയ്യുന്നത്. ഈ നൈതികതയെ ഏതെങ്കിലുമൊരു മതവുമായി കൂട്ടിയിണക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാനപരമായ നൈതികത എല്ലാ മതങ്ങൾക്കും ഒരുപോലെയുള്ളതാണ്. ഇങ്ങനെ മതത്തെ ധാർമികമൂല്യമായി കാണുകയും അത് നിലനിൽക്കുന്ന ഔപചാരിക മതങ്ങൾക്കപ്പുറം പോകുന്ന ഒന്നാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്ന നിലപാട് 1930കൾ മുതൽ ഗാന്ധിജി ആവർത്തിച്ചുറപ്പിക്കുന്നുണ്ട്. മതം രാഷ്ട്രീയത്തിന്റെ അവിഭാജ്യമായ അടിസ്ഥാനമാണെന്ന നിലപാടിൽനിന്നുള്ള നിർണായകമായ വഴിമാറൽ ഇവിടെയുണ്ട്.

വീക്ഷണങ്ങൾ വീണ്ടും പുതുക്കിപ്പണിതു 
1940കളോടെ ഗാന്ധിജി ഇതുസംബന്ധിച്ച തന്റെ വീക്ഷണങ്ങൾ വീണ്ടും പുതുക്കിപ്പണിതു. നാൽപ്പതുകളിൽ ഇന്ത്യ അഭിമുഖീകരിച്ച വിഭജനഭീഷണിയും മതരാഷ്ട്രവാദവും വർഗീയതയുടെ പടർന്നുപിടിക്കലുമാകണം അദ്ദേഹത്തെ മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പുനരാലോചനകളിലേക്ക് നയിച്ചത്. മതം തീർത്തും വ്യക്തിപരമായ കാര്യമാണെന്നും അതിന് രാഷ്ട്രീയത്തിലോ ഭരണകൂടത്തിലോ ഒരു പങ്കും ഉണ്ടാകരുതെന്ന നിലപാടാണ് ഗാന്ധിജി ഈ ഘട്ടത്തിൽ ഉയർത്തിപ്പിടിക്കുന്നത്. നാൽപ്പതുകളിലെ എഴുത്തുകളിലും പ്രസംഗങ്ങളിലും ഉടനീളം മതം വ്യക്തിപരമായ കാര്യമാണെന്ന് ഗാന്ധിജി ആവർത്തിക്കുന്നത് കാണാനാകും. 1941 മെയ് നാലിന് കോൺഗ്രസ് ബുള്ളറ്റിനിൽ എഴുതിയ കത്തിൽ മുതൽ ഇത് പ്രകടമാണ്. മതം വ്യക്തിപരമായ കാര്യമാണെന്നും അത് രാഷ്ട്രീയജീവിതത്തെ ബാധിക്കരുതെന്നും അദ്ദേഹമവിടെ വ്യക്തമാക്കുന്നുണ്ട്. 1947 ആഗസ്ത് 22നു കൽക്കത്തയിൽ ചേർന്ന പ്രാർഥനായോഗത്തിൽ മതം വ്യക്തിപരമായ കാര്യം മാത്രമാണെന്നും ഇത് നിലനിർത്താനായാൽ നമ്മുടെ രാഷ്ട്രീയജീവിതത്തിൽ എല്ലാം ശുഭകരമാകുമെന്നും ഗാന്ധിജി പറയുന്നുണ്ട്. ഭരണാധികാരികളും ഉദ്യോഗസ്ഥരും ഒരു മതനിരപേക്ഷരാഷ്ട്രത്തിനായി ആത്മാർഥമായി ശ്രമിച്ചാൽ, ലോകത്തിന്റെ തന്നെ പ്രകാശമാകാൻ പോന്ന ഒരു രാഷ്ട്രം പണിതുയർത്താൻ കഴിയുമെന്ന് അദ്ദേഹം തുടർന്നുപറയുന്നുണ്ട്. ഒരു രാജ്യത്തിലെ മുഴുവൻ ആളുകളും ഒരു മതത്തിൽ വിശ്വസിച്ചാലും രാഷ്ട്രത്തിന് മതം ആവശ്യമില്ലെന്ന് ഗാന്ധിജി അക്കാലത്ത് പറയുന്നുണ്ട്. താൻ ഒരു സർവാധിപതിയാണെങ്കിൽ മതത്തെയും ഭരണകൂടത്തെയും വേർപെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മതം തന്റെ സ്വകാര്യ കാര്യമാണ്. ഭരണകൂടത്തിന് അതിൽ യാതൊന്നും ചെയ്യാനില്ല. ഭരണകൂടം സംശയരഹിതമായും മതനിരപേക്ഷമായിരിക്കണമെന്ന്, സ്വാതന്ത്ര്യപ്രാപ്തിക്ക് തൊട്ടുപിന്നാലെ, 1947 ആഗസ്ത് 16ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. മതത്തെയും വ്യക്തിജീവിതത്തെയും സംബന്ധിക്കുന്ന ആധുനിക‐മതനിരപേക്ഷ വീക്ഷണങ്ങളെ തൊട്ടുനിൽക്കുന്ന നിലപാടാണ് തന്റെ ജീവിതത്തിന്റെ അവസാനവർഷങ്ങളിൽ ഗാന്ധിജി ഉയർത്തിപ്പിടിച്ചത്. വിഭജനത്തിന്റെയും വർഗീയഭ്രാന്തിന്റെയും കൂട്ടക്കൊലകളുടെയും പശ്ചാത്തലത്തിൽ അദ്ദേഹം എത്തിച്ചേർന്നതാണ് ആ സമീപനം.

ഇങ്ങനെ രാഷ്ട്രീയത്തിന്റെ അവിഭാജ്യമായ അടിത്തറയാണ് മതം എന്നതിൽനിന്ന് മതം തീർത്തും വ്യക്തിപരമായ കാര്യമാണെന്നും അതിന് രാഷ്ട്രീയത്തിലോ ഭരണകൂടത്തിലോ യാതൊരിടവും ഉണ്ടാകരുത് എന്നിടത്തേക്കാണ് ഗാന്ധിജിയുടെ നിലപാട് പരിണമിച്ചെത്തുന്നത്. ആധുനികമായ മതനിരപേക്ഷ വീക്ഷണമാണ് അവസാനഘട്ടത്തിൽ അദ്ദേഹം ഇക്കാര്യത്തിൽ കൈക്കൊള്ളുന്നത്. ഇത് മറച്ചുവച്ച് ‘രാമരാജ്യം’ വഴി ഗാന്ധിജിയെ മതരാഷ്ട്രവാദത്തിന്റെ പ്രതീകമാക്കാനാണ് മതവർഗീയവാദികൾ ഇപ്പോൾ ശ്രമിക്കുന്നത്. ഒരു നിലയ്ക്കും നാം അതനുവദിച്ചുകൂടാ.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top