23 February Saturday

പ്രളയം: യുഡിഎഫ് വാദം പരിഹാസ്യം; എന്‍ കെ പ്രേമചന്ദ്രന്‍ എഴുതിയ ലേഖനത്തിന് മറുപടി

എം ജി സുരേഷ് കുമാര്‍Updated: Thursday Sep 6, 2018


പ്രേമചന്ദ്രൻ ചോദിക്കുന്ന മറ്റൊരു ചോദ്യം രണ്ടടി വെള്ളം  കൂടിയാൽ 15 അടി തുറന്നുവിടണോ എന്നതാണ്. റിസർവോയറിൽ വെള്ളം എത്ര അടി ഉയർന്നുവോ അത്രയും വെള്ളം പുറത്തുപോകാൻ അത്ര ഉയരത്തിൽ ഷട്ടർ തുറന്നാൽ മതിയാകും എന്നും അതിലേറെ ഷട്ടർ തുറന്നതിനാൽ വലിയതോതിൽ വെള്ളം പുറത്തുവന്നു എന്നുമുള്ള ധാരണ സൃഷ്ടിക്കാനുള്ള കുതന്ത്രമാണ് ഈ വാദം. ഷട്ടർ എത്ര അടി ഉയർത്തി എന്നതു മാത്രമല്ല എത്ര ഷട്ടർ, ഓരോ ഷട്ടറിന്റെയും വീതി, ഡാമിലുള്ള വെള്ളത്തിന്റെ ആകെ ഉയരം എന്നിങ്ങനെ വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് പുറത്തേക്ക് വെള്ളം ഒഴുകുക. മുൻ ജലവിഭവമന്ത്രിക്ക് ഇതൊന്നും അറിയാത്തതാകില്ല. എങ്കിലും സാധാരണക്കാർക്ക് തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാൻ വിശദീകരിക്കാം.

റിസർവോയറിൽ വെള്ളം നിറയുന്നത് വലിയ പ്രദേശത്താണ്. ഇടുക്കി റിസർവോയറിന്റെ വെള്ളം നിറയുന്ന പ്രദേശത്തിന്റെ വിസ്താരം 59.83 ചതുരശ്ര കിലോമീറ്ററാണ്. ഇത്രയും വിസ്താരത്തിൽ ദിവസം രണ്ടടിവച്ച് ഉയരുന്ന വെള്ളമാണ് ചെറുതോണി ഡാമിന്റെ അഞ്ച‌് ഷട്ടറിൽക്കൂടി പുറത്തേക്ക് ഒഴുക്കുന്നത്. ഷട്ടറുകളുടെ വീതി എട്ടടിയാണ്. അതായത്, അഞ്ച് ഷട്ടറിനുംകൂടി ആകെ വീതി 40 അടി. 60 ചതുരശ്ര കിലോമീറ്ററോളം വിസ്തൃതിയിൽ ദിവസം രണ്ടടി ഉയരത്തിൽ ഉയരുന്ന വെള്ളം പുറത്തേക്ക് ഒഴുക്കാൻ 40 അടിമാത്രം വീതിയുള്ള ഷട്ടർ എത്ര ഉയരത്തിൽ തുറക്കേണ്ടിവരും? ഷട്ടർ പൂർണമായും തുറന്നാൽ 36 അടി വരും. ഇതിന്റെ പകുതിയിൽ താഴെമാത്രമേ തുറന്നിട്ടുള്ളൂ. നേരത്തെ ചൂണ്ടിക്കാണിച്ചതുപോലെ ഇടുക്കിയിൽനിന്ന‌് പരമാവധി പുറത്തുവിട്ട വെള്ളം സെക്കൻഡിൽ 1500 ഘനമീറ്റർമാത്രമാണ്. അതാണ് 15 അടി തുറന്നു എന്നൊക്കെ എഴുതി തെറ്റിദ്ധാരണ സൃഷ്ടിക്കാൻ നോക്കുന്നത്.മുൻ മന്ത്രി എൻ കെ പ്രേമചന്ദ്രൻ മാതൃഭൂമി പത്രത്തിൽ എഴുതിയ ലേഖനത്തിൽ പറയുന്നു:  “സ്വാഭാവികമായി ഒഴുകുന്ന വെള്ളവും അണക്കെട്ടിലെ വെള്ളവും തമ്മിൽ തുലനം ചെയ്യാൻ പാടില്ല. സംഭരിച്ചു വെച്ചിട്ടുള്ള വെള്ളം തുറന്നുവിടുമ്പോഴുണ്ടാകുന്ന സമ്മർദ്ദമാണ് പ്രളയത്തിന്റെ കാരണം. മറിച്ച് താരതമ്യം ചെയ്ത് ന്യായീകരിക്കാനുള്ള ശ്രമം കേരളീയരുടെ സാമാന്യ യുക്തിയെ വെല്ലുവിളിക്കുന്നതാണ്.” ഈ വാദത്തിൽ അടങ്ങിയിരിക്കുന്ന ഒന്നാമത്തെ തെറ്റിദ്ധരിപ്പിക്കൽ 'സംഭരിച്ചു വെച്ച  വെള്ളം തുറന്നുവിടുമ്പോഴുണ്ടാകുന്ന’ എന്ന പദമാണ്. കേരളത്തിലെ ഒരു ഡാമിൽനിന്ന‌് ഡാമിൽ സംഭരിച്ചുവച്ച തുള്ളിവെള്ളംപോലും തുറന്നുവിട്ടിട്ടില്ല. പ്രളയമുണ്ടായ സമയത്ത് പെയ്ത മഴയുടെ ഭാഗമായി ഡാമിലേക്ക് ഒഴുകിവന്ന വെള്ളത്തിന്റെ ഒരു ഭാഗം ഒഴുക്കിവിടുകമാത്രമേ ഉണ്ടായിട്ടുള്ളൂ. പെയ്തുവന്ന വെള്ളംപോലും പൂർണമായി ഒഴുക്കിവിട്ടിട്ടില്ല. കുറെ ഭാഗം അണകളിൽത്തന്നെ തടഞ്ഞുനിർത്തി താഴേക്കു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ച് പ്രളയത്തിന്റെ കാഠിന്യം കുറയ‌്ക്കാനാണ്
ഡാമുകൾ പ്രയോജനപ്പെട്ടത്. എന്നാൽ, ഇക്കാര്യം മറച്ചുവയ‌്ക്കാനാണ് ശ്രമിക്കുന്നത്.

സംഭരിച്ചുവച്ചിട്ടുള്ള വെള്ളം തുറന്നുവിട്ടിട്ടില്ല എന്നത് മറച്ചുവച്ചതുപോലെതന്നെ വസ്തുതയുമായി ഒരു ബന്ധവുമില്ലാത്ത ലളിത യുക്തിയാണ് 'സ്വാഭാവികമായി ഒഴുകുന്ന വെള്ളവും അണക്കെട്ടിലെ വെള്ളവും തമ്മിൽ തുലനം ചെയ്യാൻ പാടില്ല’ എന്ന വാദം. ഡാമിലെ വെള്ളത്തിന് സമ്മർദം കൂടുതലാണ് എന്നു പറഞ്ഞാണ് ഈ വാദത്തെ സാധൂകരിക്കാൻ ശ്രമിക്കുന്നത്. ഈ വാദം കേൾക്കുമ്പോൾ ഓർമ വരുന്നത് ജലവൈദ്യുതി പദ്ധതികൾക്കെതിരായി കേട്ട മറ്റൊരു വാദമാണ്. 'ജലവൈദ്യുതി പദ്ധതികളിൽനിന്നു വരുന്ന വെള്ളം കൃഷിക്കും കുടിവെള്ളത്തിനുമൊന്നും പറ്റില്ല. ജനറേറ്ററിൽ കറക്കി വൈദ്യുതി എടുക്കുന്നതോടെ തൈരിൽനിന്ന് നെയ്യ് എടുക്കുന്നതുപോലെ സത്ത് മുഴുവൻ പോയി വെള്ളം ഒരു ഗുണവുമില്ലാത്തതാകും’ എന്നതാണത്. ഇക്കാലത്ത് ഈ വാദം ആരും വിശ്വസിക്കില്ല. വൈദ്യുതി ഉണ്ടാക്കുന്നതുകൊണ്ട് വെള്ളത്തിന് മാറ്റമൊന്നും വരുന്നില്ലെന്ന് ഇന്ന് എല്ലാവർക്കും അറിയാം. പക്ഷേ, ഇങ്ങനെ വിശ്വസിച്ചിരുന്ന ചിലർ ഉണ്ടായിരുന്നു. ഈ വാദംപോലെതന്നെ വിചിത്രമാണ് മഴപെയ്ത് നദികളിലൂടെ ഒലിച്ചുവരുന്ന വെള്ളവും ഡാമിൽനിന്ന് പുറത്തുവരുന്ന വെള്ളവും തമ്മിൽ വെള്ളപ്പൊക്കമുണ്ടാക്കുന്നതിൽ വ്യത്യാസമുണ്ട് എന്നത്. സാമാന്യ ശാസ്ത്രബോധമെങ്കിലും ഉള്ള ഒരാൾക്കും ഇങ്ങനെ പറയാൻ കഴിയില്ല. ഇക്കാര്യം കുറച്ചൊന്നു വിശദീകരിക്കേണ്ടതുണ്ട്.

അണക്കെട്ടിനുള്ളിലെ വെള്ളത്തിലുള്ള ഊർജം എത്ര ഉയരത്തിൽ വെള്ളമുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും. ഷട്ടർ മുഖാന്തരം പുറത്തുവരുന്ന വെള്ളം ഡാം ഡാംടോയിൽ (ഡാമിന്റെ തൊട്ടുതാഴെ) വന്നുവീഴുമ്പോഴേക്കും ഈ വെള്ളത്തിലുള്ള സ്ഥാനികോർജം പൂർണമായും ഗതികോർജമായി മാറിയിട്ടുണ്ടാകും. അങ്ങനെ വെള്ളം വന്ന‌് പതിക്കുന്ന ഭാഗത്ത് ഈ വെള്ളം നല്ല ആഘാതം ഏൽപ്പിക്കുകയും ചെയ്യും. ഈ ആഘാതം ഏറ്റുവാങ്ങാനാണ് ഡാമിൽനിന്ന‌് വെള്ളം വന്നു പതിക്കുന്ന ഭാഗം കോൺക്രീറ്റ് ചെയ്ത് കുഴിഞ്ഞ രൂപത്തിൽ നിർമിച്ചിട്ടുള്ളത്. ഇവിടെ വന്നുപതിക്കുന്ന വെള്ളം പിന്നീട് ഒഴുകുന്നത് നദി എങ്ങോട്ട് ചരിഞ്ഞിരിക്കുന്നു എന്നതിനനുസരിച്ച് ചരിവിന്റെ അളവ് അനുസരിച്ചുമാത്രമാണ്. നദിയിൽ ചുറ്റുപാടും മഴപെയ്ത് വന്നുചേരുന്ന വെള്ളവും അണയിൽനിന്ന് വരുന്ന വെള്ളവും ഒഴുകുന്നതിൽ ഒന്നും വേർതിരിച്ച് കാണാൻ കഴിയില്ല. എല്ലാ വെള്ളത്തിനും ഒരേ ഒഴുക്കും ഒരേ ശക്തിയുമായിരിക്കും. നദിക്ക് ചരിവ് കൂടുതലുള്ള ഇടത്ത് കുത്തൊഴുക്ക് കൂടും. അവിടങ്ങളിൽ ഈ കുത്തൊഴുക്കിൽ മണ്ണും പാറയുമെല്ലാം കൂട്ടത്തിൽ ഒഴുകും. ഭൂതലം നിരപ്പായിത്തുടങ്ങുന്നതോടെ വെള്ളവും ശാന്തമായി ഒഴുകും.

വെള്ളപ്പൊക്കം ഉണ്ടാക്കുന്നതിൽ വെള്ളത്തിന്റെ അളവാണ് പ്രധാനപ്പെട്ടത്. എത്ര വെള്ളം എത്ര സമയം കൊണ്ടുവന്നു എന്നതാണ് ഓരോ പ്രദേശത്തും എത്ര ഉയരത്തിൽ വെള്ളം കയറി എന്നതിനെ നിർണയിക്കുന്നത്. ഒരു പ്രദേശത്തേക്ക് ആകെ ഒഴുകിവരുന്ന വെള്ളവും ആ പ്രദേശത്തുനിന്ന് ഒഴുകിപ്പോകാൻ കഴിയുന്ന വെള്ളവും തമ്മിലുള്ള വ്യത്യാസം അവിടെ കെട്ടിക്കിടന്ന് വെള്ളപ്പൊക്കം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ നദികളുടെ വീതി കുറഞ്ഞ് ജലനിർഗമന മാർഗം ചെറുതായതാണ് യഥാർഥത്തിൽ പ്രളയം രൂക്ഷമാക്കാൻ കാരണം. ഓരോ പ്രദേശത്തും നദികളിലൂടെയും സ്വാഭാവികമായി മഴപെയ്ത് ചെറിയ അരുവികളിലൂടെയുമൊക്കെ എത്തിച്ചേരുന്ന ആകെ വെള്ളമാണ് പൊങ്ങുന്നത്. ഇതിൽ ഡാമിൽനിന്നുള്ള വെള്ളത്തിനും അല്ലാതെ വരുന്ന വെള്ളത്തിനും എത്ര അളവ് വീതം വന്നു എന്നതനുസരിച്ചുള്ള പങ്കാണുള്ളത്. അല്ലാതെ ഡാമിൽനിന്ന‌് സമ്മർദം കൂടിയ വെള്ളം വന്ന് വെള്ളപ്പൊക്കത്തിന്റെ ഉയരം വർധിപ്പിക്കുകയില്ല.

നേരത്തെ ചൂണ്ടിക്കാണിച്ചപോലെ കേരളത്തിലെ ഒരു ഡാമിൽനിന്ന‌് പ്രളയകാലത്ത് ഡാമിൽ മഴകൊണ്ട് ഒഴുകിയെത്തിയ വെള്ളത്തേക്കാൾ കൂടിയ അളവിൽ വെള്ളം തുറന്നുവിട്ടിട്ടില്ല. ഉദാഹരണത്തിന് 2018 ആഗസ‌്ത‌് ഒമ്പതുമുതൽ  20 വരെ ഇടുക്കി റിസർവോയറിൽ ആകെ ഒഴുകി എത്തിയത് 999 എംസിഎം വെള്ളമാണ്. എന്നാൽ, ഇതേ കാലയളവിൽ ഇടുക്കി റിസർവോയറിൽനിന്ന‌് ചെറുതോണി ഡാമിന്റെ ഷട്ടർവഴി പുറത്തേക്ക് ഒഴുകിയ വെള്ളം ആകെ 827 എംസിഎം വെള്ളംമാത്രമാണ്. അതായത്, ഇടുക്കിയുടെ വൃഷ്ടിപ്രദേശത്ത് പെയ്തമഴയിൽ 172 എംസിഎം വെള്ളം റിസർവോയറിൽത്തന്നെ തടഞ്ഞുനിർത്തി ബാക്കിമാത്രമേ താഴേക്ക് ഒഴുക്കിയിട്ടുള്ളൂ. ആകെ കണക്കിൽ മാത്രമല്ല ഈ സമയത്ത് സെക്കൻഡിൽ ഒഴുകിയെത്തിയ പരമാവധി വെള്ളത്തിന്റെ കണക്ക് പരിശോധിച്ചാലും ഇതുതന്നെയാണ് മനസ്സിലാകുക. ഇടുക്കി റിസർവോയറിലേക്ക് സെക്കൻഡിൽ 30 ലക്ഷം ലിറ്ററിലേറെ വെള്ളം ഒഴുകി എത്തിയ സന്ദർഭങ്ങളുണ്ട്. എന്നാൽ, റിസർവോയറിൽനിന്ന് പരമാവധി പുറത്തേക്ക് ഒഴുക്കിയ വെള്ളം 15 ലക്ഷം ലിറ്റർമാത്രമായിരുന്നു. ഇടമലയാർ, കക്കി, പമ്പ തുടങ്ങി കേരളത്തിലെ മറ്റു ഡാമുകളിലെ കണക്കുകളും സമാനമാണ്. ഇതൊക്കെ കാണിക്കുന്നത് വെള്ളപ്പൊക്കത്തിന്റെ കാഠിന്യം കുറയ‌്ക്കുകയാണ് ഡാമുകൾ ചെയ്തിട്ടുള്ളത് എന്നും ഡാം മാനേജ്മെന്റിൽ എന്തെങ്കിലും പിശക് സംഭവിച്ചിട്ടില്ല എന്നുമാണ്.

രണ്ടടിയും 15 അടിയും

പ്രേമചന്ദ്രൻ ചോദിക്കുന്ന മറ്റൊരു ചോദ്യം രണ്ടടി കൂടിയാൽ 15 അടി തുറന്നുവിടണോ എന്നതാണ്. റിസർവോയറിൽ വെള്ളം എത്ര അടി ഉയർന്നുവോ അത്രയും വെള്ളം പുറത്തുപോകാൻ അത്ര ഉയരത്തിൽ ഷട്ടർ തുറന്നാൽ മതിയാകും എന്നും അതിലേറെ ഷട്ടർ തുറന്നതിനാൽ വലിയതോതിൽ വെള്ളം പുറത്തുവന്നു എന്നുമുള്ള ധാരണ സൃഷ്ടിക്കാനുള്ള കുതന്ത്രമാണ് ഈ വാദം. ഷട്ടർ എത്ര അടി ഉയർത്തി എന്നതു മാത്രമല്ല എത്ര ഷട്ടർ, ഓരോ ഷട്ടറിന്റെയും വീതി, ഡാമിലുള്ള വെള്ളത്തിന്റെ ആകെ ഉയരം എന്നിങ്ങനെ വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് പുറത്തേക്ക് വെള്ളം ഒഴുകുക. മുൻ ജലവിഭവമന്ത്രിക്ക് ഇതൊന്നും അറിയാത്തതാകില്ല. എങ്കിലും സാധാരണക്കാർക്ക് തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാൻ വിശദീകരിക്കാം.

റിസർവോയറിൽ വെള്ളം നിറയുന്നത് വലിയ പ്രദേശത്താണ്. ഇടുക്കി റിസർവോയറിന്റെ വെള്ളം നിറയുന്ന പ്രദേശത്തിന്റെ വിസ്താരം 59.83 ചതുരശ്ര കിലോമീറ്ററാണ്. ഇത്രയും വിസ്താരത്തിൽ ദിവസം രണ്ടടിവച്ച് ഉയരുന്ന വെള്ളമാണ് ചെറുതോണി ഡാമിന്റെ അഞ്ച‌് ഷട്ടറിൽക്കൂടി പുറത്തേക്ക് ഒഴുക്കുന്നത്. ഷട്ടറുകളുടെ വീതി എട്ടടിയാണ്. അതായത്, അഞ്ച് ഷട്ടറിനുംകൂടി ആകെ വീതി 40 അടി. 60 ചതുരശ്ര കിലോമീറ്ററോളം വിസ്തൃതിയിൽ ദിവസം രണ്ടടി ഉയരത്തിൽ ഉയരുന്ന വെള്ളം പുറത്തേക്ക് ഒഴുക്കാൻ 40 അടിമാത്രം വീതിയുള്ള ഷട്ടർ എത്ര ഉയരത്തിൽ തുറക്കേണ്ടിവരും? ഷട്ടർ പൂർണമായും തുറന്നാൽ 36 അടി വരും. ഇതിന്റെ പകുതിയിൽ താഴെമാത്രമേ തുറന്നിട്ടുള്ളൂ. നേരത്തെ ചൂണ്ടിക്കാണിച്ചതുപോലെ ഇടുക്കിയിൽനിന്ന‌് പരമാവധി പുറത്തുവിട്ട വെള്ളം സെക്കൻഡിൽ 1500 ഘനമീറ്റർമാത്രമാണ്. അതാണ് 15 അടി തുറന്നു എന്നൊക്കെ എഴുതി തെറ്റിദ്ധാരണ സൃഷ്ടിക്കാൻ നോക്കുന്നത്.

എമർജൻസി ആക‌്ഷൻ പ്ലാൻ


കേരളത്തിൽ അണക്കെട്ടുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് എമർജൻസി ആക‌്ഷൻ പ്ലാൻ ഇല്ലാത്തതാണ് കുഴപ്പമായത് എന്നതാണ് മറ്റൊരാരോപണം. ഇതും മറ്റൊരു തെറ്റിദ്ധരിപ്പിക്കലാണ്. കേരളത്തിലെ ഡാമുകളുടെ എമർജൻസി ആക‌്ഷൻ പ്ലാൻ തയ്യാറാക്കി വരികയാണ്.  രണ്ടോ മൂന്നോ മാസംകൊണ്ട് തയ്യാറാക്കാൻ കഴിയുന്ന ഒന്നല്ല എമർജൻസി ആക‌്ഷൻപ്ലാൻ. ഉദാഹരണത്തിന് ഇടമലയാർ, പൊരിങ്ങൽക്കുത്ത്, ഷോളയാർ ഡാമുകളുടെ എമർജൻസി ആക‌്ഷൻപ്ലാൻ തയ്യാറാക്കുന്നതിന് നടന്നിട്ടുള്ള നടപടി പരിശോധിക്കാം. ഇതിനുള്ള ആർഎഫ്പി തയ്യാറാക്കി കേന്ദ്ര ജലകമീഷന്റെ എൻഒസിക്ക് സമർപ്പിക്കുന്നത് 2016 ആഗസ‌്ത‌് ഒന്നിനാണ്. അവർ വിശദമായ പരിശോധനയ‌്ക്കുശേഷം എൻഒസി നൽകുന്നത് 2017 ജനുവരി നാലിനാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ടേംസ് ഓഫ് റഫറൻസ് തയ്യാറാക്കി 2017 ജനുവരി ഒമ്പതിന് വീണ്ടും ജലകമീഷന് സമർപ്പിച്ചു. അവർ അതിൽ തിരുത്തലുകൾ വരുത്തി തിരികെ തന്നത് 2017 മെയ‌് 20നാണ്. എൻഒസി ലഭിച്ചതാകട്ടെ 2017 ഡിസംബറിലും. ആ മാസംതന്നെ ടെൻഡർ വിളിക്കുകയും 2018 ഫെബ്രുവരിയിൽ സാങ്കേതിക ബിഡ് തുറക്കുകയും ചെയ്തു. 2018 മാർച്ചിൽ ഇവാലുവേഷൻ റിപ്പോർട്ട് ജലകമീഷന് സമർപ്പിച്ചു. 2018 ജൂൺ എട്ടിനാണ് ഇതിന് എൻഒസി ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ 2018 ജൂൺ 20ന് ഫിനാൻഷ്യൽ ബിഡ് തുറന്നു. ഇത് ഇവാലുവേറ്റ് ചെയ്ത് 2018 ജൂലൈ മൂന്നിന് കേന്ദ്ര ജലകമീഷന് കരട് കരാർ സമർപ്പിച്ചു. ഇതിന് ആഗസ‌്ത‌് 30ന് അനുമതി കിട്ടിയിട്ടുണ്ട്.

 ഇനി കുറഞ്ഞ തുക ക്വാട്ട് ചെയ്ത കമ്പനിയുമായി കരാർവച്ച് പഠനം നടത്തി പ്ലാൻ ഉണ്ടാക്കേണ്ടതുണ്ട്. ഇത്രയും പറഞ്ഞതിൽനിന്ന‌് ഓരോ ഡാമിന്റെയും എമർജൻസി ആക‌്ഷൻ പ്ലാൻ തയ്യാറാക്കാൻ വേണ്ടിവരുന്ന നടപടിക്രമങ്ങൾ വ്യക്തമാണല്ലോ. അണക്കെട്ട‌് തകർന്നാൽ ഉണ്ടാകുന്നതടക്കമുള്ള സാധ്യതകൾ മാതൃകകൾ തയ്യാറാക്കി പഠിക്കുകയും ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ സംഭവിക്കാനിടയുള്ള കാര്യങ്ങൾ തിട്ടപ്പെടുത്തി ചെയ്യാവുന്ന മുൻകരുതലുകൾ നിശ്ചയിക്കുകയുമാണ് എമർജൻസി ആക‌്ഷൻ പ്ലാനിന്റെ ഭാഗമായി ഉണ്ടാകേണ്ടത്. ഡാമുകളുടെ ഷട്ടറുകൾ തുറന്നാൽ പുറത്തുവരുന്ന അളവ് സംബന്ധിച്ച് ഇപ്പോൾത്തന്നെ നമുക്ക് കൃത്യമായ കണക്കുണ്ട്. ഇടുക്കി ഡാമിന്റെ ഓരോ ഷട്ടറും തുറന്നാൽ എവിടെവരെ വെള്ളം കയറും എന്നതൊക്കെ സംബന്ധിച്ച് 1976ൽതന്നെ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ ബോർഡുകളൊക്കെ ഇപ്പോഴും അവിടങ്ങളിലൊക്കെ ഉള്ളത് മാധ്യമങ്ങളിൽ ചിത്രം സഹിതം വന്നതാണ‌്. ഇങ്ങനെ ഓരോ ഡാമിന്റെയും ഷട്ടറുകൾ തുറക്കുമ്പോൾ എവിടെയൊക്കെവരെ വെള്ളം കയറും എന്നത് കണക്കിലെടുത്ത് മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്. കേരളത്തിൽ ഒരു ഡാമും തകർന്നിട്ടില്ല. അത്തരത്തിൽ ഡാമുകളുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളൊന്നും ഉണ്ടായിട്ടുമില്ല. ഉണ്ടായത് അപ്രതീക്ഷിതമായ മഴയാണ്. ഇതുമൂലം നദികളിലൊക്കെ വെള്ളം കുമിയുന്നതിനും വെള്ളപ്പൊക്കം സൃഷ്ടിക്കുന്നതിനും കാരണമായി.

ഡാമുകളിൽനിന്നു വന്ന വെള്ളത്തിന്റെ പത്തിരട്ടിയോളം വെള്ളമാണ് പല നദികളിലും വന്നത്. ഡാമുകളുടെ എമർജൻസി ആക‌്ഷൻ പ്ലാൻ ഉണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിൽ വ്യത്യാസമുണ്ടാകുമായിരുന്നില്ല. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പുകൾ അപ്രതീക്ഷിതമായി മഴയുണ്ടായി എന്നത് സംബന്ധിച്ചും എൻ കെ പ്രേമചന്ദ്രന്റെ ലേഖനം എതിർപ്പ് രേഖപ്പെടുത്തുന്നുണ്ട്. മഴ സംബന്ധിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം കൃത്യമായി മുന്നറിയിപ്പ് നൽകിയിരുന്നു എന്നാണ് അദ്ദേഹത്തിന്റെ വാദം.

കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നൽകുന്ന കണക്കുകൾ സംബന്ധിച്ച‌് സാമാന്യധാരണ ഉണ്ടെങ്കിൽ ഇങ്ങനെയൊരു വാദം ഉയർത്താൻ ഇടയില്ല. കാലാവസ്ഥാവകുപ്പിന്റെ മാനദണ്ഡം അനുസരിച്ച് മഴയ‌്ക്ക് ശക്തമായ മഴ (heavy rain) അതിശക്തമായ മഴ (very havy rain), അതിതീവ്ര മഴ (extremely heavy rain) എന്നിങ്ങനെ മൂന്നു വിഭാഗമുണ്ട്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ ആഗസ‌്തിലെ പ്രതിവാര പ്രവചനത്തിലൊന്നും അതിതീവ്ര മഴ ഉണ്ടാകുമെന്ന സൂചന നൽകിയിട്ടില്ല. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രതിവാര ബുള്ളറ്റിനിൽ ആഗസ‌്ത‌് ഒന്നുമുതൽ എട്ടുവരെ ശക്തമായ മഴയുടെ സാധ്യതയാണ് പ്രവചിച്ചത്. ആഗസ‌്ത‌് ഒമ്പതുമുതൽ 15 വരെ അതിശക്തമായ മഴയും. എന്നാൽ, യഥാർഥത്തിൽ ഉണ്ടായത് എന്താണ്? അതിശക്തമായ മഴ പ്രവചിക്കപ്പെട്ടിടത്ത് പെയ്തത് അതിതീവ്രമഴയാണ്. അതിശക്തമായ മഴ എന്നത് സംബന്ധിച്ച് കൃത്യമായ കണക്കൊന്നും ഇല്ലായിരുന്നെങ്കിൽ മുന്നറിയിപ്പ് ഉണ്ടായിട്ടും അവഗണിച്ചു എന്ന വാദത്തിന് അർഥമുണ്ട്. പക്ഷേ, അതിശക്തമായ മഴ എന്നത് കേരളത്തിൽ എല്ലാ വർഷവും പെയ്യാറുള്ളതാണ്. അതനുസരിച്ചുള്ള മുന്നൊരുക്കം ഉണ്ടായിട്ടുമുണ്ട്. എന്നാൽ, അതിതീവ്രമഴ നാം പ്രതീക്ഷിച്ചതല്ല. പ്രവചനത്തിൽ പറഞ്ഞതുമല്ല.

റെഡ് അലർട്ട്


കേന്ദ്ര കാലവസ്ഥാ നിരീക്ഷണകേന്ദ്രം ആഗസ‌്ത‌് 12ന് സംസ്ഥാനത്തിന് അതിതീവ്ര മഴയെ സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു എന്ന പത്രവാർത്തകളുണ്ട്. ആഗസ‌്ത‌് 14നും 15നും അതിതീവ്രമഴയുണ്ടാകും എന്ന മുന്നറിയിപ്പ് (റെഡ് അലർട്ട്) നൽകിയിട്ടുണ്ടായിരുന്നു എന്നും ഇത് അവഗണിച്ചു എന്നുമാണ് വാർത്ത. ഇടമലയാർ, ഇടുക്കി, പമ്പ, കക്കി, ബാണാസുര സാഗർ തുടങ്ങിയ ഡാമുകളൊക്കെ ഇതിനുമുമ്പുതന്നെ തുറന്നുകഴിഞ്ഞിരുന്നു. എല്ലാ ഡാമുകളും തുറന്ന് വെള്ളം പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കേ ഇങ്ങനെ ഒരു മുന്നറിയിപ്പിന് എന്താണ് പ്രസക്തി?
ഡാം തുറന്നതുകൊണ്ടല്ല പ്രളയമുണ്ടായത് എന്ന വാദം മുല്ലപ്പെരിയാറിനെ ബാധിക്കുമോ?
മുല്ലപ്പെരിയാർ ഡാം സംബന്ധിച്ച് കേരളം സ്വീകരിച്ചിട്ടുള്ള നിലപാടിന് ഡാം തുറന്നതല്ല പ്രളയത്തിന് കാരണമായതെന്ന നിഗമനം തിരിച്ചടിയാണെന്നതാണ്  മറ്റൊരു വാദം.

മുല്ലപ്പെരിയാർ ഡാമിന് ബലക്ഷയമുണ്ടെന്നും ഈ ഡാമിൽ കൂടുതൽ ഉയരത്തിൽ വെള്ളം സംഭരിക്കുന്നത് ഡാം തകരുന്നതിന് കാരണമാകുമെന്നും അങ്ങനെ സംഭവിച്ചാൽ അതിൽനിന്നുള്ള വെള്ളം ഉൾക്കൊള്ളാൻ ഇടുക്കി ഡാമിനുപോലും കഴിയാത്ത സ്ഥിതി ഉണ്ടാകുമെന്നുമാണ് കേരളം മുന്നോട്ടുവയ‌്ക്കുന്ന വാദം. പെരിയാർ നദീതടത്തിന്റെ മാതൃക തയ്യാറാക്കി മുല്ലപ്പെരിയാർ ഡാം തകർന്നാൽ ഉണ്ടാകുന്ന ആഘാതം സംബന്ധിച്ചാണ് റൂർക്കി ഐഐടി പഠിച്ചത്. അതായത്, ഡാം ബ്രേക്ക് അനാലിസിസിന്റെ അടിസ്ഥാനത്തിലുള്ള പഠനം. ആ റിപ്പോർട്ടുവച്ചാണ് കേരളം കോടതികളിൽ വാദിച്ചത്. ഇത്തവണ മുല്ലപ്പെരിയാറിൽ 142 അടിയോളമാണ് വെള്ളം സംഭരിക്കപ്പെട്ടത്. അതിനുശേഷം വന്ന വെള്ളം ഇടുക്കി റിസർവോയറിലേക്ക് തുറന്നുവിട്ടു. മുല്ലപ്പെരിയാറിൽനിന്നുള്ള വെള്ളം വന്നപ്പോഴും 1500 ഘനമീറ്റർ വെള്ളംമാത്രമാണ് ഇടുക്കി ഡാമിൽനിന്ന് നാം പുറത്തേക്ക് ഒഴുക്കിയത്. അതുമൂലം പ്രത്യേകിച്ച് അത്യാഹിതമൊന്നും ഉണ്ടായിട്ടില്ല. മുല്ലപ്പെരിയാർ ഡാം തകർന്നിട്ടില്ല.ഇതുകൊണ്ടുതന്നെ തകർന്നിരുന്നെങ്കിൽ എന്തു സംഭവിക്കുമെന്ന കാര്യത്തിലുള്ള പഠനറിപ്പോർട്ടിൽ മാറ്റമൊന്നും വരുത്തേണ്ട സാഹചര്യം നിലവിലില്ല. 

അക്കാര്യം കൃത്യമായി സുപ്രീംകോടതിയെ ധരിപ്പിക്കാൻ ഇത്തവണത്തെ മഴയുടെ സ്ഥിതികൂടി വച്ചുകൊണ്ട് കേരളത്തിന് കഴിഞ്ഞു. അതിനാലാണ് ജലനിരപ്പ് 139 അടിയിൽ കൂടരുതെന്ന വിധി നേടിയെടുക്കാൻ നമുക്ക് കഴിഞ്ഞത്. പ്രളയം ഉണ്ടാകുന്നതിൽ ഡാമുകൾ തുറക്കേണ്ടിവന്നതോ ഡാം മാനേജ്മെന്റിൽ വന്ന പിശകോ അല്ലെന്ന വസ്തുത മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട കേരളത്തിന്റെ വാദങ്ങൾക്ക് ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല.
മുല്ലപ്പെരിയാർ ഡാമിന്റെ ബലം സംബന്ധിച്ച് കേന്ദ്ര ജലകമീഷന്റെ നിലപാടും കേരളത്തിന്റെ നിലപാടും തമ്മിൽ വൈരുധ്യമുണ്ടെന്നത് സത്യമാണ്. ഡാം തുറന്നതുകൊണ്ടാണ് പ്രളയം ഉണ്ടായത് എന്ന് കേന്ദ്ര ജലകമീഷൻ കണ്ടെത്തി എന്നിരിക്കട്ടെ, അതുകൊണ്ട് ഡാമിന് ബലം കുറവാണ് എന്ന അർഥമുണ്ടാകുമോ? ഡാമിന് ബലമുണ്ടോ ഇല്ലയോ എന്നതും ഡാം തുറന്നതുകൊണ്ടാണോ പ്രളയം ഉണ്ടായത് എന്നതും വ്യത്യസ‌്തമായ രണ്ട് ചോദ്യമാണ്. അത് കൂട്ടിക്കെട്ടുന്നത് ദുരുദ്ദേശ്യപരമാണ്.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കാലിക്കറ്റ് മുന്‍ വിദ്യാര്‍ഥിയാണ് ലേഖകന്‍

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top