21 September Saturday

ബംഗ്ലാദേശ് നൽകുന്ന പാഠങ്ങൾ

വി ബി പരമേശ്വരന്‍Updated: Wednesday Aug 7, 2024

ബംഗ്ലാദേശിൽ 15 വർഷമായി തുടരുന്ന ഷെയ്‌ഖ്‌ ഹസീന സർക്കാർ ചരിത്രത്തിന്റെ ഭാഗമായി. സർക്കാർവിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് തിങ്കളാഴ്ചയാണ് ഷെയ്‌ഖ്‌ ഹസീനയും ബ്രിട്ടീഷ് പൗരത്വമുള്ള സഹോദരി ഷെയ്ഖ് റഹാനയും ഇന്ത്യയിൽ അഭയംതേടിയത്. അയൽരാജ്യമായ ശ്രീലങ്കയിൽ 2022–-ൽ സമാനമായ സർക്കാർവിരുദ്ധ പ്രക്ഷോഭം കാരണം പ്രസിഡന്റ്‌ ഗോതബായ രജപക്‌സെയ്‌ക്ക് മാലദ്വീപിലേക്ക് രക്ഷപ്പെടേണ്ടി വന്നിരുന്നു. രജപക്സെയും ഹസീനയും തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം അധികാരം ഉറപ്പിച്ചെന്ന് കരുതിയ വേളയിലാണ് രാജിവച്ച് രാജ്യംതന്നെ വിടേണ്ടി വന്നത്. കടുത്ത സാമ്പത്തികപ്രതിസന്ധിയാണ് ശ്രീലങ്കൻ പ്രസിഡന്റിന്റെ അധികാരക്കസേര തെറിപ്പിച്ചതെങ്കിൽ സംവരണവിരുദ്ധ പ്രക്ഷോഭത്തിനൊടുവിലാണ് ഹസീനയ്‌ക്ക് അധികാരം നഷ്ടമായത്.

ഹസീനയ്‌ക്ക് ഭരണം നഷ്ടമാകാൻ പ്രധാനകാരണം ജനാധിപത്യസ്വഭാവം അവർ കൈവിട്ടതിനാലാണ്. അഞ്ചാം തവണയും (1996-– -2001 വരെയും 2009 മുതൽ തുടർച്ചയായും) അധികാരമേറിയതോടെ "താനാണ് രാഷ്ട്രം’ എന്ന അബദ്ധധാരണയിലേക്ക് ‘ബംഗ്ലാദേശിന്റെ ഉരുക്കുവനിത'യും വീണു. ഒന്നാമതായി അവർ പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കി. പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർടി (ബിഎൻപി) നേതാക്കളെ വേട്ടയാടി. അഴിമതിക്കേസിൽ ബിഎൻപി ചെയർമാൻ ഖാലിദ സിയയെ 2018 മുതൽ ജയിലിലടച്ചു. പ്രതിപക്ഷ നേതാക്കൾക്കെതിരെ 40 ലക്ഷം കേസാണ് ചാർജ് ചെയ്തത്. നൊബേൽ സമ്മാന ജേതാവും ഗ്രാമീൺ ബാങ്കിന്റെ ശിൽപ്പിയുമായ മുഹമ്മദ് യൂനുസിനെതിരെപ്പോലും 171 കേസാണ് ചാർജ് ചെയ്തത്. എഴുത്തുകാർ, ബുദ്ധിജീവികൾ എന്നിവരെയും വെറുതെ വിട്ടില്ല. അവരിൽ പലരും വിദേശത്തേക്ക് രക്ഷപ്പെട്ടു. മാധ്യമങ്ങളെ സെൻസർഷിപ്പിന് വിധേയമാക്കി.

തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തകർത്തു. ഇടക്കാല സർക്കാരിനുകീഴിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന പ്രതിപക്ഷ ആവശ്യം നിരാകരിക്കപ്പെട്ടു. (തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂർവകവുമായി നടത്തുമെന്ന് ഉറപ്പുവരുത്താൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്നു മാസം ഇടക്കാല സർക്കാർ രൂപീകരിക്കാൻ ഭരണഘടനയിൽ വ്യവസ്ഥയുണ്ടായിരുന്നു. ഇത് ഭരണഘടനാ ഭേദഗതിയിലൂടെ നീക്കിയത് ഷെയ്ഖ് ഹസീനയുടെ കാലത്താണ്). അവസാനമായി ജനുവരി ഏഴിന് നടന്ന തെരഞ്ഞെടുപ്പ് ഇടക്കാല സർക്കാരിനു കീഴിൽ നടത്തണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ലെന്നു മാത്രമല്ല, അതിനായി പ്രക്ഷോഭം നടത്തിയ ബിഎൻപി ജനറൽ സെക്രട്ടറി മിർസ ഫക്രൂൽ ഇസ്ലാം ആലംഗീർ ഉൾപ്പെടെ 150 പേർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്‌തു.

ഈ സാഹചര്യത്തിലാണ് ബിഎൻപി ഉൾപ്പെടെ 14 രാഷ്ട്രീയ പാർടികൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത്. ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിയെ നേരത്തേ നിരോധിച്ചതിനാൽ അവർക്കും തെരഞ്ഞെടുപ്പിൽ പങ്കെടുക്കാനായില്ല. പ്രതിപക്ഷം പങ്കെടുക്കാത്ത തെരഞ്ഞെടുപ്പിലൂടെ നേടിയ വിജയത്തിന് സ്വാഭാവികമായും പൊതുസമൂഹത്തിന്റെ അംഗീകാരം ഉണ്ടായിരുന്നില്ല. സംവരണവിരുദ്ധ വികാരത്തേക്കാൾ  ഈ ജനാധിപത്യവിരുദ്ധ നീക്കങ്ങളാണ് ഷെയ്ഖ് ഹസീന സർക്കാരിനെ ജനങ്ങളിൽനിന്ന്‌ അകറ്റിയത്.

അതോടൊപ്പം ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കാട്ടിയ അലംഭാവവും അവരുടെ വീഴ്ചയ്‌ക്ക് കാരണമായി. ബംഗ്ലാദേശിനെ സാമ്പത്തികമായി കൈപിടിച്ചുയർത്തിയത് ഷെയ്ഖ് ഹസീനയാണെന്നതിൽ തർക്കമില്ല. ശ്രീലങ്കയിൽനിന്ന്‌ വ്യത്യസ്തമായ സാഹചര്യമാണ് ബംഗ്ലാദേശിലേത്. ആളോഹരി വരുമാനം, മനുഷ്യവികസന സൂചിക, സാമ്പത്തിക വളർച്ച എന്നിവയിലെല്ലാം ഇന്ത്യയേക്കാൾ മെച്ചപ്പെട്ട നിലയിലാണ് ബംഗ്ലാദേശ്. ടെക്സ്റ്റൈൽ മേഖലയിലുണ്ടായ കുതിപ്പ് അഭൂതപൂർവമാണ്. എങ്കിലും ജനസംഖ്യയിൽ (17 കോടി) 20 ശതമാനം പേരും തൊഴിലില്ലാതെ അലയുന്ന രാജ്യമാണ് ബംഗ്ലാദേശ്. ജനസംഖ്യയിൽ വലിയ വിഭാഗം യുവജനങ്ങളാണ്‌. ഇത്തരം വിഷയങ്ങൾ പരിഹരിക്കുന്നതിൽ ഷെയ്ഖ് ഹസീന കാട്ടിയ അലംഭാവം സ്വാഭാവികമായും ജമാഅത്തെ ഇസ്ലാമിപോലുള്ള സംഘടനകൾ സമർഥമായി ഉപയോഗിച്ചു. മതനിരപേക്ഷ സ്വഭാവമുള്ള, ഹിന്ദു ന്യൂനപക്ഷത്തെ പൊതുധാരയോടൊപ്പം നിർത്തുന്ന ഷെയ്ഖ് ഹസീന സർക്കാരിനെ താഴെ ഇറക്കേണ്ടത് ബംഗ്ലാദേശ് വിമോചനത്തെ എതിർത്ത, മതനിരപേക്ഷതയെ എതിർക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെയും അവരെ പിന്തുണയ്‌ക്കുന്ന അമേരിക്കയുടെയും ആവശ്യമായിരുന്നു. ഇടക്കാല സർക്കാരിൽ ഈ ശക്തികൾക്കാണ് പ്രാമുഖ്യം ലഭിക്കുന്നതെങ്കിൽ അത് ഇന്ത്യയുമായുള്ള സൗഹൃദബന്ധത്തെയും വഷളാക്കും.


ഷെയ്ഖ് ഹസീനയെ താഴെ ഇറക്കിയത് സംവരണവിരുദ്ധ പ്രക്ഷോഭമാണെന്ന പൊതുആഖ്യാനത്തിൽ ചിലരെങ്കിലും  സംശയം പ്രകടിപ്പിക്കുന്നത് ഈ സാഹചര്യത്തിലാണ്. 1972ൽ നടപ്പാക്കുകയും 2010ൽ ചെറുമക്കളിലേക്ക് വ്യാപിക്കുകയും ചെയ്ത സ്വാതന്ത്ര്യസമരസേനാനി കുടുംബങ്ങൾക്കുള്ള 30 ശതമാനം സംവരണം 2018 മുതൽ നിലവിലില്ല. ഇത്‌ പുനഃസ്ഥാപിക്കുന്നതിന് വഴിതെളിക്കുന്ന ഹൈക്കോടതി വിധിയാണ് വിദ്യാർഥി പ്രക്ഷോഭം വിളിച്ചുവരുത്തിയത്. എന്നാൽ, വിദ്യാർഥികൾ ഉന്നയിച്ച മുദ്രാവാക്യം സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബങ്ങൾക്ക് സംവരണമേ നൽകേണ്ട എന്നല്ല. അത്‌ പരിഷ്കരിക്കണമെന്നാണ് അവർ ആവശ്യപ്പെട്ടത്. ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി ചെയ്തതും അതാണ്. 30 ശതമാനം സംവരണം അഞ്ചു ശതമാനമാക്കി കുറച്ചു. മൊത്തം സംവരണം 56 ശതമാനത്തിൽനിന്ന് ഏഴു ശതമാനമാക്കുകയും ചെയ്തു. ഇതോടെ വിദ്യാർഥികൾ ക്യാമ്പസുകളിലേക്ക് പിൻവാങ്ങിയതാണ്.
എന്നാൽ, ഷെയ്ഖ് ഹസീനയുടെ രാജി പ്രധാന ആവശ്യമായി ഉയർത്തി ഞായറാഴ്ച പൊടുന്നനേ സമരം വീണ്ടും ശക്തമാക്കുന്നതാണ് കണ്ടത്. ഇതിൽ പങ്കെടുത്തവരിൽ  ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിനെതിരായി നിലകൊണ്ട  ശക്തികളുമുണ്ടെന്ന്‌ പറയപ്പെടുന്നു. ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകൾ സമരത്തിൽ നുഴഞ്ഞുകയറിയതായും നിരീക്ഷണങ്ങളുണ്ട്‌.

ബംഗ്ലാദേശ് വിമോചനത്തെ പാകിസ്ഥാനൊപ്പം ചേർന്ന് എതിർത്തത് ജമാഅത്തെ ഇസ്ലാമിയാണ്. ഇസ്ലാമികഭരണം ലക്ഷ്യമാക്കുന്നവർക്ക് ജനാധിപത്യത്തോടും പ്രതിപത്തിയുണ്ടാകില്ലല്ലോ. ഷെയ്‌ഖ്‌ ഹസീനയ്‌ക്ക് ഇന്ത്യയിലേക്ക് സുരക്ഷിതമാർഗം ഒരുക്കിയ സൈനികമേധാവി വഖാർ ഉസ്‌ സമാൻ തിങ്കളാഴ്ച വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ ബിഎൻപി, നിരോധിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി, ജാതിയ പാർടി (എച്ച്എം എർഷാദിന്റെ പാർടി ) എന്നിവരെയാണ് പ്രധാനമായും ക്ഷണിച്ചത്. ഇടതുപക്ഷ പുരോഗമന സ്വഭാവമുള്ള വർക്കേഴ്സ് പാർടി, കമ്യൂണിസ്റ്റ് പാർടി എന്നിവയെ ക്ഷണിക്കുകയുണ്ടായില്ല. ബിഎൻപി നേതാവ് ഖാലിദ സിയയെ ജയിൽമോചിതയാക്കുമെന്നും  സൈനിക മേധാവി പ്രഖ്യാപിച്ചു. ഇതെല്ലാം വിരൽചൂണ്ടുന്നത് രൂപീകരിക്കുമെന്നു പറയുന്ന ഇടക്കാല സർക്കാരിൽ  ജമാഅത്തെ ഇസ്ലാമിക്ക് മേൽക്കൈ  ലഭിക്കുമെന്നാണ്. അമേരിക്കയും ഇവർക്കൊപ്പമാണ്. ജനുവരിയിലെ തെരഞ്ഞെടുപ്പിനുമുമ്പ് അമേരിക്കൻ നയതന്ത്ര പ്രതിനിധികൾ ജമാഅത്തെ ഇസ്ലാമി നേതാക്കളുമായി ചർച്ച നടത്തി. ഇസ്ലാമിക രാഷ്ട്രവാദികളുമായി അമേരിക്കൻ പ്രതിനിധികൾ നടത്തിയ ചർച്ച ചെറിയ സംഭവമായി തള്ളിക്കളയാനാകില്ല.

ഇന്ത്യയുമായും ചൈനയുമായും റഷ്യയുമായും ഒരുപോലെ സൗഹൃദം പുലർത്തുന്ന ഷെയ്‌ഖ്‌ ഹസീനയെ താഴെ ഇറക്കി തങ്ങൾക്ക് വഴങ്ങുന്ന സർക്കാരിനെ പ്രതിഷ്ഠിക്കാനാണ് അമേരിക്ക ചരടുവലിച്ചിരുന്നത്.  ഇടക്കാല സർക്കാരിന്റെ ഉപദേശകനായി ഡോ. മുഹമ്മദ് യൂനുസ് വരുന്നതിനു പിന്നിലും അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യശക്തികളുടെ സ്വാധീനം കാണാം. അമേരിക്ക സംഘടിപ്പിച്ച ജനാധിപത്യ ഉച്ചകോടിയിലേക്ക് ഹസീനയെ ക്ഷണിക്കാതിരുന്നതും വാർത്തയായിരുന്നു. ബംഗ്ലാദേശ് വിമോചനസമരകാലത്ത് ഏഴാം കപ്പൽപ്പടയെ അയച്ച് തങ്ങൾ പാകിസ്ഥാൻ പക്ഷത്താണെന്നു പറഞ്ഞ അമേരിക്കയും പാകിസ്ഥാനും ജമാഅത്തെ ഇസ്ലാമിയും ധാക്കയിൽ പിടിമുറുക്കുന്നത് ഇന്ത്യൻ താൽപ്പര്യങ്ങളെ ഹനിക്കും. അങ്ങനെവന്നാൽ അത് ഇന്ത്യൻ വിദേശനയത്തിന്റെ പരാജയമായി വിലയിരുത്തപ്പെടും. അമരിക്കയുടേയും ജമാഅത്തെ ഇസ്ലാമിയുടെയും ഇടപെടലുകളും നുഴഞ്ഞുകയറ്റവുമൊക്കെ ഉണ്ടായെങ്കിലും ഷെയ്‌ഖ്‌ ഹസീനയുടെ ജനാധിപത്യവിരുദ്ധവും അഴിമതി നിറഞ്ഞതുമായ ഭരണത്തിനെതിരായ ജനകീയപ്രക്ഷോഭം തന്നെയാണ്‌ അവരെ ഭരണത്തിൽനിന്ന്‌ തുരത്തിയോടിച്ചത്‌. ബംഗ്ലാദേശിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ മതനിരപേക്ഷ ശക്‌തികൾ ഒരുമിച്ച്‌ നിൽക്കേണ്ട സാഹചര്യമാണിത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top