25 September Friday

ഷിക്കാഗോയിലെ അട്ടിമറിയും ഹിരോഷിമയിൽ പൊട്ടിയ ‘പയ്യനും’

എ ശ്യാം Updated: Thursday Aug 6, 2020

ഫ്രാങ്ക്‌ളിൻ റൂസ്‌വെൽറ്റ്‌, ഹാരി ട്രൂമാൻ, ഹെൻറി വാലസ്‌ എന്നിവർ

പക്വമതിയായിരുന്ന പ്രസിഡന്റ്‌ ഫ്രാങ്ക്‌ളിൻ റൂസ്‌വെൽറ്റിന്റെ മരണത്തെ തുടർന്ന്‌ മാസങ്ങൾക്ക്‌ മുമ്പ്‌ മാത്രം പ്രസിഡന്റായ ഹാരി ട്രൂമാനാണ്‌ ശതസഹസ്രങ്ങളെ ഒറ്റയടിക്ക്‌ കൊല്ലാൻ ശേഷിയുള്ള പുതിയ സംഹാരായുധങ്ങൾ ജപ്പാനിൽ ആദ്യമായി പ്രയോഗിക്കാൻ ഉത്തരവിട്ടത്‌.

1945 ഓസ്‌റ്റ്‌ 6. മുസോളിനിയെ ജനങ്ങൾ തൂക്കിലേറ്റുകയും ഹിറ്റ്‌ലർ വെപ്പാട്ടിക്കൊപ്പം ജീവനൊടുക്കുകയും ചെയ്‌തിട്ട്‌ മാസങ്ങളായി. രണ്ടാംലോകയുദ്ധം ഏറെക്കുറേ സമാപിച്ചു. ജപ്പാന്റെ ഔപചാരികമായ കീഴടങ്ങൽ മാത്രമാണ്‌ അവശേഷിക്കുന്നത്‌. കോടിക്കണക്കിനാളുകളുടെ ദാരുണമരണം കണ്ട ലോകം സമാധാനം സമാഗതമാവുന്നു എന്ന പ്രതീക്ഷയിൽ ആശ്വസിച്ചിരിക്കുമ്പോഴാണ്‌ ഹിരോഷിമയിൽ അമേരിക്ക ‘ലിറ്റിൽ ബോയ്‌’ എന്ന്‌ പേരിട്ട അണുബോംബിട്ടത്‌. മൂന്നാം നാൾ നാഗസാക്കിയിൽ ‘ഫാറ്റ്‌ മാൻ’ എന്ന അടുത്ത അണുബോംബുമിട്ടു. മൂന്ന്‌ പതിറ്റാണ്ടിനിടെ രണ്ട്‌ ആഗോള യുദ്ധങ്ങളുടെ ദുരിതം അനുഭവിച്ച ലോകത്തിന്റെ സമാധാന പ്രതീക്ഷകളെയാണ്‌ അമേരിക്ക ചുട്ടെരിച്ചത്‌. ലോകാധിപത്യത്തിലേക്ക്‌ അമേരിക്ക സ്വയം പ്രതിഷ്ഠിക്കുകയായിരുന്നു.

ഇതിന്‌ വഴിയൊരുക്കിയത്‌ അമേരിക്കൻ ഭരണരാഷ്‌ട്രീയത്തിലുണ്ടായ ഒരു ഭീകരചതിയും അട്ടിമറിയുമാണ്‌. പക്വമതിയായിരുന്ന പ്രസിഡന്റ്‌ ഫ്രാങ്ക്‌ളിൻ റൂസ്‌വെൽറ്റിന്റെ മരണത്തെ തുടർന്ന്‌ മാസങ്ങൾക്ക്‌ മുമ്പ്‌ മാത്രം പ്രസിഡന്റായ ഹാരി ട്രൂമാനാണ്‌ ശതസഹസ്രങ്ങളെ ഒറ്റയടിക്ക്‌ കൊല്ലാൻ ശേഷിയുള്ള പുതിയ സംഹാരായുധങ്ങൾ ജപ്പാനിൽ ആദ്യമായി പ്രയോഗിക്കാൻ ഉത്തരവിട്ടത്‌. ലോകത്തിന്‌, വിശേഷിച്ച്‌ സോവ്യറ്റ്‌ യൂണിയന്‌ മുന്നറിയിപ്പ്‌ നൽകാൻ മാത്രമായിരുന്നു നിഷ്ഠുരമായ ഈ കൂട്ടക്കുരുതി.

റുസ്‌വെൽറ്റിന്റെ പിൻഗാമി ആവേണ്ടിയിരുന്ന സമാധാനവാദിയും പുരോഗമനവാദിയും ആയ ഹെൻറി വാലസിനെ ഡെമോക്രാറ്റിക്‌പാർട്ടി നേതൃത്വത്തിന്റെ ഉപജാപത്തിലൂടെ അട്ടിമറിച്ചാണ്‌ ട്രൂമാൻ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ പാർടിയുടെ സ്ഥാനാർത്ഥി ആയത്‌.

ഹെൻറി വാലസ്‌ ഫ്രാങ്കളിൻ റൂസ്‌വെൽറ്റുമൊത്ത്‌

ഹെൻറി വാലസ്‌ ഫ്രാങ്കളിൻ റൂസ്‌വെൽറ്റുമൊത്ത്‌

1929ൽ ആരംഭിച്ച മഹാമാന്ദ്യത്തിന്റെ കാലത്ത്‌ അമേരിക്കയുടെ പ്രസിഡന്റ്‌ ആയിരുന്ന ഹെർബെർട്ട്‌ ഹൂവറിനെ പരാജയപ്പെടുത്തിയാണ്‌ 1933ൽ റൂസ്‌വെൽറ്റ്‌ ആദ്യമായി പ്രസിഡന്റായത്‌. റൂസ്‌വെൽറ്റിന്റെ ആദ്യമന്ത്രിസഭയിൽ തന്നെ കൃഷി മന്ത്രിയായി(സെക്രട്ടറി ഓഫ്‌ അഗ്രികൾച്ചർ) നിയമിതനായ വാലസ്‌ സ്വീകരിച്ച നടപടികൾ ഗ്രാമീണ കാർഷിക മേഖലയ്‌ക്ക്‌ ഉണർവുണ്ടാക്കി.

റിപബ്ലിക്കൻ പാർടി കുടുംബത്തിൽ നിന്നുള്ള ഹെൻറി വാലസ്‌(വാലസിന്റെ അച്ഛൻ ഹാരി വാലസ്‌ മുൻ പ്രസിഡന്റുമാരായ വാറൻ ഹാർഡിങ്ങിന്റെയും കാൽവിൻ കൂളിജിന്റെയും സർക്കാരുകളിൽ കൃഷിമന്ത്രി ആയിരുന്നു) തുടക്കം മുതൽ ഡെമോക്രാറ്റിക്‌ പാർടിയിലെ അധികാരകേന്ദ്രങ്ങൾക്ക്‌ അനഭിമതനായിരുന്നു. റൂസ്‌വെൽറ്റിന്റെ സ്വാഭാവിക പിൻഗാമി എന്ന വിശേഷണത്തോടെ 1938ൽ ‘ടൈം’ വാരിക വാലസിന്റെ കവർ ചിത്രത്തോടെ ലേഖനം പ്രസിദ്ധീകരിച്ചു. അതോടെ  ശത്രുക്കൾ കൂടി. എന്നാൽ ഭരണമികവ്‌ കൊണ്ട്‌ റൂസ്‌വെൽറ്റിന്റെ പ്രിയങ്കരനായ വാലസിനെ അദ്ദേഹം മൂന്നാംതവണയു മത്സരിച്ചപ്പോൾ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാർത്ഥിയാക്കി(ജോർജ്‌ വാഷിങ്‌ടൺ മുതലുള്ള കീഴവക്കത്തിന്‌ വിരുദ്ധമായി ആദ്യമായാണ്‌ ഒരു അമേരിക്കൻ പ്രസിഡന്റ്‌ മൂന്നാമതും മത്സരിച്ചത്‌ തുടർന്ന്‌ നാലാമതും റൂസ്‌വെൽറ്റ്‌ പ്രസിഡന്റായി ചരിത്രം കുറിച്ചു.1947ൽ പ്രസിഡന്റ്‌ സ്ഥാനം രണ്ട്‌ തവണ മാത്രമാക്കി യുഎസ്‌ കോൺഗ്രസ്‌ പരിമിതപ്പെടുത്തി).


1940ലെ തെരഞ്ഞെടുപ്പിൽ വാലസിനെ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ റൂസ്‌വെൽറ്റ്‌ നിർദേശിച്ചപ്പോൾ അദ്ദേഹത്തിന്റെ പുരോഗമന വീക്ഷണങ്ങളെ ഭയത്തോടെ കണ്ട പാർടി നേതൃത്വത്തിൽ നിന്ന്‌ എതിർപ്പുയർന്നിരുന്നു. വാലസല്ല വൈസ്‌ പ്രസിഡന്റെങ്കിൽ താൻ മത്സരിക്കുന്നില്ല എന്ന്‌ റൂസ്‌വെൽറ്റ്‌ പ്രഖ്യാപിച്ചത്‌ നാടകീയ രംഗങ്ങൾക്കിടയാക്കി. പാർടി നേതൃത്വം മാനുഷിക മൂല്യങ്ങൾക്ക്‌ പകരം ഡോളറുകളുടെ അടിസ്ഥാനത്തിലാണ്‌ ചിന്തിക്കുന്നതെന്ന്‌ തുറന്നടിച്ച്‌ റൂസ്‌വെൽറ്റ്‌ സമ്മേളനപ്രതിനിധികൾക്ക്‌ എഴുതി. ഒടുവിൽ പ്രഥമവനിത എലിനോർ റൂസ്‌വെലറ്റ്‌ ഇടപെട്ടാണ്‌ രംഗം തണുപ്പിച്ചത്‌. ആദ്യമായാണ്‌ അമേരിക്കയിൽ ഒരു പാർടിയുടെ ദേശീയ കൺവെൻഷനിൽ പ്രഥമ വനിത സംസാരിച്ചത്‌.

അമേരിക്കയിലെ ഏറ്റവും വലിയ തദ്ദേശ ഗോത്രമായ നേവഹോയുടെ വിശ്വാസങ്ങളിൽ ആകൃഷ്‌ടനായ വാലസ്‌ ബുദ്ധദർശനവും സൊരാസ്‌ട്രിയനിസവും പഠിച്ചിട്ടുള്ളയാളാണ്‌. സാധാരണ അമേരിക്കൻ രാഷ്‌ട്രീയക്കാരിൽ നിന്ന്‌ വ്യത്യസ്ഥനായിരുന്ന അദ്ദേഹം മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്‌തിരുന്നില്ല. സായാഹ്നങ്ങളിൽ ടെന്നീസ്‌ കളിക്കാനും വായിക്കാനും മറ്റുമാണ്‌ ഇഷ്ടപ്പെട്ടിരുന്നത്‌.

ചുരുങ്ങിയ കാലം കൊണ്ട്‌ വാലസിന്റെ ജനസമ്മതി കുതിച്ചുയർന്നു. വംശീതയ്‌ക്കും സാമ്രാജ്യത്വവാദത്തിനും എതിരെ ഉറച്ച നിലപാടെടുത്ത വാലസ്‌ ശാസ്‌ത്രസമൂഹത്തിനും തൊഴിലാളികൾക്കുമിടയിൽ ഏറ്റവും അംഗീകാരമുള്ള നേതാവായി വാലസ്‌ മാറി. യുദ്ധത്തിന്‌ ശേഷം ഉയർന്നുവരേണ്ടത്‌ അമേരിക്കൻ നൂറ്റാണ്ട്‌ എന്ന വാദത്തിന്‌ ബദലായി സാധാരണക്കാരന്റെ നൂറ്റാണ്ടാണ്‌ വരേണ്ടതെന്ന്‌ പരസ്യമായി പറയാൻ അദ്ദേഹം ധൈര്യം കാണിച്ചു. ഡെമോക്രാറ്റിക്‌ വോട്ടർമാർക്കിടയിൽ നടത്തിയ സർവേയിൽ 57 ശതമാനം പേരുടെ പിന്തുണ വാലസിനായിരുന്നു. രണ്ടാംലോകയുദ്ധം നിർണായക ഘട്ടത്തിലായിരിക്കെ 1944ലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിലും സ്ഥാനാർത്ഥിയായി റുസ്‌വെൽറ്റ്‌ നാമനിർദേശം ചെയ്യപ്പെട്ടു.

വൈസ്‌ പ്രസിഡന്റായി വാലസ്‌ തന്നെ വരണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. എന്നാൽ വാലസാണ്‌ സ്ഥാനാർത്ഥിയെങ്കിൽ ഡെമോക്രാറ്റിക്‌ പാർടിയെ പിളർത്തുമെന്ന്‌ യാഥാസ്ഥിതിക വിഭാഗം ഭീഷണിപ്പെടുത്തി. വാലസ്‌ തുടക്കം മുതൽ റൂസവെൽറ്റിനൊപ്പം ഉറച്ചുനിൽക്കുന്ന, സമാന ആശയങ്ങൾ പങ്കിടുന്നയാളാണ്‌ എന്ന്‌ എലിനോർ ഭർത്താവിനെ ഓർമിപ്പിച്ചു. അനാരോഗ്യം അലട്ടിയിരുന്ന റൂസ്‌വെൽറ്റ്‌ ധർമസങ്കടത്തിലായി. ഒടുവിൽ 44 ജൂലൈയിൽ ഷിക്കാഗോയിൽ ചേർന്ന പാർടി ദേശീയ കൺവെനഷനിൽ അദ്ദേഹം സംബന്ധിച്ചില്ല. എന്നാൽ സാൻ ഡീഗോയിൽ തങ്ങുകയായിരുന്ന റൂസ്‌വെൽറ്റ്‌ അവിടെ നിന്ന്‌ പാർടിക്ക്‌ അയച്ച കുറിപ്പിൽ വാലസിനാണ്‌ തന്റെ പിന്തുണ എന്ന്‌ വ്യക്തമാക്കി.

എന്നാൽ കൺവെൻഷനിൽ അട്ടിമറിക്ക്‌ ഒരുങ്ങിയാണ്‌ പാർടി നേതൃത്വം എത്തിയത്‌. റൂസ്‌വെൽറ്റിന്റെ അസാന്നിധ്യം അവർക്ക്‌ സൗകര്യമായി. പ്രതിനിധികൾക്കിടയിൽ വാലസിനുള്ള പിന്തുണ ആദ്യദിനത്തിൽ തന്നെ വ്യക്തമായി. 65 ശതമാനം പേർ വാലസിനെ പിന്തുണക്കുന്നതായാണ്‌ ഗാലപ്‌ പോളിൽ കണ്ടത്‌. രണ്ട്‌ ശതമാനം മാത്രം പിന്തുണയോടെ എട്ടാമനായിരുന്നു ട്രൂമാൻ. ആദ്യദിവസം വോട്ടെടുപ്പ്‌ നടത്തുന്നത്‌ അധ്യക്ഷൻ അവസാന നിമിഷം മാറ്റിവച്ചു. തുടർന്ന്‌ നടത്തിയ അണിയറക്കളികളിൽ വാലസ്‌ വിരുദ്ധർ ട്രൂമാന്‌ പിന്നിൽ ഒന്നിച്ചു. എതിർപക്ഷത്തെ മറ്റുള്ളവരെക്കാൾ ശത്രുക്കൾ കുറവാണ്‌ എന്നതായിരുന്നു ട്രൂമാന്‌ ഗുണമായത്‌. ട്രൂമാൻ പ്രസിഡന്റാവണം എന്നാണ്‌ റൂസ്‌വെൽറ്റ്‌ ആഗ്രഹിക്കുന്നതെന്ന്‌ ദേശീയ നേതൃത്വം ഡെമോക്രാറ്റിക്‌ പാർടിയുടെ സംസ്ഥാന അധ്യക്ഷന്മാരെ വിളിച്ച്‌ അറിയിച്ചു. പിറ്റേന്ന്‌ കൺവൻഷൻ സമ്മേളിച്ചപ്പോൾ പാർടി നേതൃത്വം ഒരുക്കിയ 16 പേരുടെ പത്രിക കൂടി വന്നു. ആദ്യ റൗണ്ട്‌ വോട്ടെടുപ്പിൽ ട്രൂമാന്റെ 319നെതിരെ വാലസിന്‌ 429 പേരുടെ പിന്തുണ ലഭിച്ചു. എന്നാൽ നേതൃത്വം രംഗത്തിറക്കിയ 16 പുതിയ സ്ഥാനാർത്ഥികളും രണ്ടാം വട്ടത്തിൽ തങ്ങൾക്ക്‌ കിട്ടിയ പിന്തുണ ട്രൂമാന്‌ മറിച്ചു.

പിന്നെയെല്ലാം ചരിത്രം. റൂസ്‌വെൽറ്റ്‌ വീണ്ടും പ്രസിഡന്റായി. 82ാം ദിവസം അദ്ദേഹം മരിച്ചു. ഡെമോക്രാറ്റിക്‌ പാർടിയിലെ അധികാരകേന്ദ്രങ്ങൾ കാത്തിരുന്നപോലെ ട്രൂമാൻ അധികാരമേറ്റു. ജർമനിയെ തറപറ്റിച്ച സോവ്യറ്റ്‌ യൂണിയൻ കരാർ പ്രകാരം ജപ്പാനിൽ ഇടപെടാൻ രണ്ട്‌ ദിവസം അവശേഷിക്കെ അമേരിക്ക ഹിരോഷിമയിൽ ആദ്യ അണുബോംബിട്ടു. അമേരിക്കൻ ഭരണവർഗം ഇപ്പോഴും കളികൾ തുടരുന്നു എന്ന്‌ ഡെമോക്രാറ്റിക്‌ പാർടിയിലെ സോഷ്യലിസ്‌റ്റായ ബേണി സാൻഡേഴ്‌സിന്റെ അനുഭവം ലോകത്തെ ഓർമിപ്പിക്കുന്നു.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top