29 July Thursday

മതനിരപേക്ഷത, ജനകീയവിദ്യാഭ്യാസം: കേരളം മാതൃക

കെ സി ഹരികൃഷ്‌ണൻUpdated: Friday Feb 7, 2020


കേരളത്തിലെ അധ്യാപകരുടെ അവകാശസമരങ്ങളിലും രാജ്യത്തിന്റെ നിലനിൽപ്പിനായുള്ള പോരാട്ടങ്ങളിലും സജീവസാന്നിധ്യമാണ് കെഎസ്ടിഎ എന്ന കരുത്തുറ്റ അധ്യാപക പ്രസ്ഥാനം. ഈ പ്രസ്ഥാനത്തിന്റെ പോരാട്ടങ്ങൾക്കും വളർച്ചയ്‌ക്കും നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. അധ്യാപകരുടെ അവകാശ പോരാട്ടങ്ങൾക്കൊപ്പം സാമ്രാജ്യത്വത്തിനും ജൻമിത്വത്തിനുമെതിരെ  വിട്ടുവീഴ്ചയില്ലാതെ പോരാടി. സ്വാതന്ത്ര്യാനന്തരകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയെ രാജ്യം നേരിടുന്ന ഈ ഘട്ടത്തിലാണ് നിരവധിയായ കർഷകസമരങ്ങൾക്കും പോരാട്ടങ്ങൾക്കും വേദിയായ ആലപ്പുഴയുടെ മണ്ണിൽ കെഎസ്ടിഎയുടെ 29–-ാം സംസ്ഥാന സമ്മേളനം എന്നത് ഏറെ ആവേശകരമാണ്.  

സമ്മേളനം ഏറ്റെടുത്ത‘മതനിരപേക്ഷത, ജനകീയവിദ്യാഭ്യാസം; ബദലാകുന്ന കേരളം’ എന്ന മുദ്രാവാക്യം കാലികവും അതീവ പ്രാധാന്യം ഉള്ളതുമാണ്. രാജ്യത്തിന്റെ അടിസ്ഥാനശിലകൾ ഓരോന്നായി നശിപ്പിക്കുന്നതിന്റെ തിരക്കിലാണ് കേന്ദ്രസർക്കാർ. നവ ഉദാരവൽക്കരണ നയങ്ങളാണ്  ഈ സ്ഥിതിയിലേക്ക് എത്തിച്ചത്. ഈ നയങ്ങളുടെ നേട്ടം കൊയ്യുന്നത് സ്വദേശിയും വിദേശിയുമായ കോർപറേറ്റുകളാണ്. അന്തർദേശീയ പണം മൂലധന, കോർപറേറ്റ് കമ്പനികളുടെ താൽപ്പര്യം സംരക്ഷിക്കാൻ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെ അവകാശങ്ങളും സമ്പത്തും നഷ്ടപ്പെടുത്തുകയാണ്. 

വിലക്കയറ്റവും തൊഴിൽ നഷ്ടവും കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുകയാണ്‌.  ജിഡിപി നിരക്ക് അഞ്ച് ശതമാനമായി കുറഞ്ഞു. 15 വർഷത്തിനിടയിലെ ഏറ്റവും താഴ്‌ന്ന നിരക്കാണിത്. തൊഴിലില്ലായ്മ അരനൂറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. കാർഷികമേഖലയിൽ വർഷംതോറും 45 ലക്ഷംവീതം തൊഴിലുകൾ നഷ്ടപ്പെടുന്നു. മിനിമം വേതനം എന്ന തത്വംതന്നെ കേന്ദ്രസർക്കാർ അട്ടിമറിക്കുകയാണ്. കോർപറേറ്റുകളുടെ താൽപ്പര്യംമാത്രം സംരക്ഷിക്കുന്ന സർക്കാർ ബഹുഭൂരിപക്ഷത്തിന്റെ ഒരു താൽപ്പര്യവും സംരക്ഷിക്കാൻ തയ്യാറല്ല. പൊതുമേഖലാസ്ഥാപനങ്ങളെല്ലാം വിൽക്കാൻ തീരുമാനിച്ചിരിക്കുന്നു. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറച്ചുപിടിക്കാൻ  കണക്കുകളിൽ കൃത്രിമം കാട്ടിയാണ് ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. 2018–-19 ലെ യഥാർഥ വരുമാനത്തിൽ ബജറ്റിനേക്കാൾ 2.98 ലക്ഷം കോടിയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. 2019–-20 ൽ കോർപറേറ്റുകൾക്ക് ഇളവുനൽകിയത് 1.45 ലക്ഷം കോടിയാണെങ്കിൽ ഈ വർഷം വീണ്ടും ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. സുപ്രധാനമായ പൊതുമേഖലാ സ്ഥാപനമായ എൽഐസിയുടെ ഓഹരി 100 ശതമാനവും വിറ്റഴിക്കാനും തീരുമാനിച്ചിരിക്കുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതത്തിലും കാർഷികമേഖലയിലും വൻതോതിൽ വെട്ടിക്കുറവും വരുത്തിയിരിക്കുന്നു.

വർഗീയത പരത്തി നേട്ടമുണ്ടാക്കൽ
സർക്കാർ നയങ്ങൾക്കെതിരെ വലിയ സമരങ്ങൾക്ക് വഴിതുറക്കുകയാണ്. ഈ സാഹചര്യത്തെ നേരിടാനും ജനങ്ങളുടെ ഐക്യം തകർക്കാനും ആണ് വർഗീയത ആളിക്കത്തിക്കുന്ന അയോധ്യ, ഗോ സംരക്ഷണം, കശ്മീർ വിഭജനം, പൗരത്വഭേദഗതി നിയമം തുടങ്ങിയ പ്രശ്നങ്ങൾ ഉയർത്തുന്നത്‌.  ഭരണഘടനാ മൂല്യങ്ങളെ തകർത്ത് ഭരണഘടനയെത്തന്നെ ഇല്ലാതാക്കലാണ് ഇതിനായി അവർ കണ്ട മാർഗം. ഇന്ത്യയിൽ ഹിന്ദുരാഷ്ട്രം സ്ഥാപിച്ചെടുക്കാനുള്ള സംഘപരിവാർ ആർഎസ്എസ് പരിശ്രമങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അതിനായി അവർ കേന്ദ്രഭരണസംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നു. ഭൂരിപക്ഷത്തിന്റെ ഹുങ്കിൽ പാർലമെന്റിനെയും നിയമസഭകളെയും നോക്കുകുത്തിയാക്കുന്നു. വർധിച്ചുവരുന്ന സാമ്പത്തിക പ്രതിസന്ധി മറച്ചുവയ്‌ക്കാൻ ഇന്ത്യൻ ഭരണഘടനയെത്തന്നെ അട്ടിമറിക്കാനാണ് ശ്രമം.  ബ്രിട്ടീഷ് ഭരണത്തിനും അടിമത്തത്തിനും നാടുവാഴിത്തത്തിനും എതിരെ ജാതി, മതി, വർണ വ്യത്യാസമില്ലാതെ നടത്തിയ പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയിൽ ജനിച്ചവർക്ക് പൗരത്വം നൽകാൻ ഭരണഘടന വിഭാവനം ചെയ്തത്. അതുകൊണ്ടാണ്  ഭരണഘടനയുടെ ആമുഖത്തിൽ ""ഇന്ത്യയിലെ ജനങ്ങളായ നാം അംഗീകരിച്ച് ഇന്ത്യയിലെ ജനങ്ങൾക്കായി നൽകിയത്'' എന്ന് ചേർത്തിട്ടുള്ളത്.  ഇന്ത്യ ഒരു രാജ്യം എന്ന നിലയിൽ മുന്നോട്ടുനീങ്ങുന്നത് അതിന്റെ വൈരുദ്ധ്യങ്ങൾക്കപ്പുറം സുസ്ഥിരവും സമഗ്രവുമായ ജനങ്ങളുടെ ഐക്യത്തിന്റെ ഉറപ്പിലാണ്.

നവലിബറൽ വിദ്യാഭ്യാസനയത്തിന് അനുപൂരകമായിട്ടാണ് കേന്ദ്രവിദ്യാഭ്യാസനയവും പ്രഖ്യാപിച്ചിട്ടുള്ളത്. വർഗീയതയും തീവ്രഹിന്ദുത്വവും വിദ്യാഭ്യാസത്തിൽ അടിച്ചേൽപ്പിക്കാനാണ്  ശ്രമം. ഇതിനായി ചരിത്രത്തെ തെളിവുകൾ അവഗണിച്ചുകൊണ്ട് വളച്ചൊടിക്കാനാണ്  ശ്രമിക്കുന്നത്. സിന്ധുനദീതട സംസ്കാരത്തെ സരസ്വതീ സംസ്കാരമെന്ന് കേന്ദ്രമന്ത്രിമാർപോലും വിശേഷിപ്പിക്കുന്നതും ഇതിന്റെ ഭാഗമായാണ്.  രാജ്യത്തിന്റെ ബഹുസ്വരതയെയും അഖണ്ഡതയെയും അവഗണിക്കുന്ന നയമാണ് കേന്ദ്രവിദ്യാഭ്യാസ നയത്തിലൂം പ്രകടമാകുന്നത്. കൺകറന്റ് ലിസ്റ്റിൽപ്പെട്ട വിദ്യാഭ്യാസത്തിൽ പാഠ്യപദ്ധതി, പാഠപുസ്തകം, പരീക്ഷ എന്നിങ്ങനെയെല്ലാം കേന്ദ്രീകൃതമാകണം എന്ന നിർദേശം ആധുനികസിദ്ധാന്തങ്ങളോട് യോജിക്കുന്നതല്ല. ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കാൻ ജിഡിപിയുടെ 10 ശതമാനം നീക്കിവയ്‌ക്കണമെന്ന് രേഖ നിർദേശിക്കുമ്പോഴും ഈ വർഷത്തെ ബജറ്റിൽ 1 ശതമാനംപോലും നീക്കിയിരിപ്പില്ല. ആകെ റവന്യൂ ചെലവിന്റെ  .351 ശതമാനമായിരുന്നു കഴിഞ്ഞ വർഷം വിദ്യാഭ്യാസത്തിന് നീക്കിവച്ചത്. ഈവർഷം അത് 3.26 ശതമാനം മാത്രമാണ്. വിദ്യാഭ്യാസ മേഖലയിൽനിന്ന് സർക്കാർ പിൻവാങ്ങി കോർപറേറ്റുകൾക്കും കച്ചവടക്കാർക്കും യഥേഷ്ടം വിഹരിക്കാൻ അവസരം നൽകാനുള്ള ശ്രമമാണിത്.

കേരളമാണ്‌ ശരി
സ്വാഭാവികമായും ഉയർന്നുവരാവുന്ന ഒരു ചോദ്യമാണ് ഇതിനൊരു ബദലുണ്ടോ എന്നത്. നിസ്സംശയം നമുക്ക് പറയാൻ കഴിയും കേരളമാണ് ബദലെന്ന്‌.  ഇടതുപക്ഷ ബദൽ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് കേരളം മുന്നോട്ടുപോകുന്നത്. ജാതിയുടെയോ മതത്തിന്റെയോ പേരിലുള്ള വിവേചനമില്ലാതെ ജനങ്ങൾ ജീവിക്കുന്നു. തൊഴിലാളികളുടെ എല്ലാ ആനുകൂല്യങ്ങളും നൽകുമെന്ന് സർക്കാർ ഉറപ്പുനൽകുന്നു. ഒരു പൊതുമേഖലാ സ്ഥാപനവും അടച്ചുപൂട്ടിയില്ലെന്നു മാത്രമല്ല നഷ്ടത്തിലായിരുന്നവ ലാഭത്തിലാക്കുന്നതിനും തൊഴിലാളികൾക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങൾ നൽകുന്നതിനും സർക്കാരിന് സാധിക്കുന്നു. അഞ്ചുവർഷത്തെ ഇടതുപക്ഷ ഭരണം പൂർത്തിയാകുമ്പോൾ കേരളത്തിൽ വീട് ഇല്ലാത്തവരായി ആരും ഉണ്ടാകില്ല എന്ന് സർക്കാർ ഉറപ്പിച്ചുപറയുന്നു. ആരോഗ്യമേഖലയിലും വലിയ മുന്നേറ്റം സൃഷ്ടിക്കുന്നു.

സർക്കാർ ആശുപത്രികളിൽ എല്ലാ ആധുനിക സൗകര്യങ്ങളും ഉറപ്പാക്കുന്നു.  പ്രകൃതിക്ക് ഒരു കോട്ടവും തട്ടാത്ത വികസനനയം നടപ്പാക്കിക്കൊണ്ട് മുന്നോട്ടുപോകുന്നു. സ്ത്രീകളുടെ സുരക്ഷയ്‌ക്കും ശാക്തീകരണത്തിനും മുന്തിയ പരിഗണനയാണ് നൽകുന്നത്. പൊതുവിദ്യാഭ്യാസമേഖല ചരിത്രപരമായ നേട്ടമാണ് കൈവരിച്ചത്. അഞ്ചര ലക്ഷത്തിലധികം കുട്ടികൾ പുതുതായി പൊതുവിദ്യാഭ്യാസ മേഖലയിൽ വന്നുചേർന്നു.  ക്ലാസുകൾ മുഴുവൻ ഹൈടെക്കാക്കിയ ആദ്യ സംസ്ഥാനം എന്ന ബഹുമതി കേരളത്തിന് സ്വന്തമായി. നിതി ആയോഗിന്റെ 2019ലെ റിപ്പോർട്ട് അനുസരിച്ച് കേരളം വിദ്യാഭ്യാസ ഗുണതാ സൂചികയിൽ നൂറിൽ 82.17 ശതമാനം മാർക്ക് നേടി ഒന്നാം സ്ഥാനത്തെത്തി. കേരളമാണ് ബദൽ എന്ന് ഉറപ്പിച്ചുപറയാൻ കഴിയുന്നതോടൊപ്പം ഇന്ത്യൻ ഭരണഘടനയും മതേതരത്വവും സംരക്ഷിക്കാൻ  ഉറച്ചനിലപാട് സ്വീകരിക്കുകയും ചെയ്യുന്നു. കേന്ദ്ര നയങ്ങൾക്കെതിരായി ശക്തമായ നിലപാട് സ്വീകരിക്കുന്ന ഒരേയൊരു സംസ്ഥാനം കേരളമാണ്.  മതത്തിന്റെ പേരിൽ ജനങ്ങളുടെ പൗരത്വം നിഷേധിക്കുന്ന സിഎഎ, ജനസംഖ്യാ രജിസ്റ്റർ എന്നിവ നടപ്പാക്കില്ല എന്ന് വ്യക്തമാക്കുകയും ഇതിനെതിരായി നിയമനിർമാണസഭ ഏകകണ്ഠമായി  പ്രമേയം പാസാക്കിയതും സുപ്രീംകോടതിയെ സമീപിച്ചതും കേരളം ആർജവത്തോടെ സ്വീകരിച്ച നടപടികളാണ്.

അധ്യാപകസമൂഹം മുന്നിട്ടിറങ്ങണം
നിലനിൽക്കുന്ന ഫെഡറൽ സംവിധാനം തകർക്കുന്നതിന് എതിരായി ശക്തമായ നിലപാട് സ്വീകരിച്ച സംസ്ഥാനം കേരളം മാത്രമാണ്. ഇതിൽ വിറളിപൂണ്ട കേന്ദ്രം സംസ്ഥാനത്തെ  പ്രതിസന്ധിയിലാക്കാൻ ശ്രമിക്കുകയാണ്. ന്യായമായ വില ലഭിക്കേണ്ട സമ്പത്ത് നൽകുന്നില്ല. ജിഎസ്ടിയുടെ വിഹിതമായി ലഭിക്കേണ്ട നികുതിപ്പണം നൽകാതിരിക്കാൻ  ശ്രമിക്കുന്നു. കേന്ദ്രവിഹിതവും വായ്പാപരിധിയും വെട്ടിക്കുറയ്ക്കുന്നു. ഏറ്റവും കൂടുതൽ പ്രളയക്കെടുതി  നേരിട്ട സംസ്ഥാനമാണ് കേരളം എന്ന് കേന്ദ്ര വിദഗ്ധസമിതി കണ്ടെത്തിയിട്ടും ഒരു ചില്ലിക്കാശുപോലും കേന്ദ്രസർക്കാർ അനുവദിക്കുന്നില്ല. താൽപ്പര്യമുള്ള സംസ്ഥാനങ്ങൾക്ക് വാരിക്കോരി നൽകുന്നു. റിപ്പബ്ലിക് ദിനത്തിൽ കേരളത്തിന്റെ പ്ലോട്ട്പോലും അവതരിപ്പിക്കാൻ അനുവദിച്ചില്ല. തങ്ങളുടെ ഇംഗിതത്തിന് വഴങ്ങാത്തവരെയെല്ലാം ഇല്ലാതാക്കുക എന്ന ആർഎസ്എസ് നയമാണ് കേന്ദ്രം  സ്വീകരിക്കുന്നത്. ഇത്തരം നിലപാടുകൾക്കെതിരെ അധ്യാപക സമൂഹം ഒറ്റക്കെട്ടായ പോരാട്ടത്തിന് തയ്യാറാകണം.

വിദ്യാലയങ്ങളുടെ ശാക്തീകരണം തന്നെയാണ് ഭരണഘടന സംരക്ഷിക്കാനുള്ള ഏറ്റവും നല്ല മാർഗം. ശരിയായ ചരിത്രം പഠിപ്പിക്കാനും ഭരണഘടനാമൂല്യങ്ങൾ സമൂഹത്തിൽ എത്തിക്കാനും അധ്യാപകർക്ക് കഴിയും. തന്റെ മുന്നിലിരിക്കുന്ന ഓരോ കുട്ടിയെയും തന്റെ കുട്ടി ആണെന്നുകണ്ട്‌ അവനെ ഒരു യഥാർഥ മനുഷ്യനായി വളർത്താനുള്ള പ്രവർത്തനങ്ങളിൽ കൂടുതൽ വ്യാപൃതരാകണം. മതനിരപേക്ഷത കാത്തുസൂക്ഷിക്കാൻ ശക്തമായ നിലപാടെടുത്തുപോകുന്ന കേരള സർക്കാരിന്റെ കരങ്ങൾക്ക്  ശക്തിപകരാനും കേരളബദൽ ഉയർത്തിപ്പിടിക്കാനും അധ്യാപകസമൂഹം മുൻനിരയിലുണ്ടാകണം.

(കെഎസ്ടിഎ ജനറൽ സെക്രട്ടറിയാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top