08 July Wednesday

എൻആർഐക്കൊരു നോ എൻട്രി

ജോൺ ബ്രിട്ടാസ്‌Updated: Thursday Feb 6, 2020

ലോകത്തിന് തിളങ്ങുന്ന മാതൃകകൾ സൃഷ്ടിച്ച വിദേശ ഇന്ത്യൻ സമൂഹങ്ങൾ സ്വദേശത്തിന്റെ അതിജീവനത്തിനും അഭിവൃദ്ധിക്കും അനിവാര്യമാണ്”– പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാക്കുകളാണിത്. ഇനി കേന്ദ്രബജറ്റ് മുന്നോട്ട് വയ്ക്കുന്ന ദർശനം എന്താണെന്ന് നോക്കാം. വിദേശ ഇന്ത്യക്കാരിൽ പലരും ആ പദവി ഉപയോഗിച്ച് നികുതിവെട്ടിപ്പ് നടത്തുന്ന സ്ഥിതിക്ക് ഒരു രാജ്യത്തും നികുതി കൊടുക്കാത്ത ഇന്ത്യക്കാരെ നികുതിവലയിൽ ഉൾപ്പെടുത്തും. അതുപോലെ അവർക്ക് സ്വദേശത്ത് താമസിക്കാൻ അനുവദിച്ചിട്ടുള്ള പരിധി പ്രതിവർഷം 180 ദിവസത്തിൽനിന്ന്‌ 120 ലേക്ക് വെട്ടിച്ചുരുക്കും. മോഡിയുടെ വാക്കുകളും നിർമല സീതാരാമന്റെ ബജറ്റ് നിർദേശങ്ങളും തമ്മിലുള്ള വൈരുധ്യങ്ങൾ ഇ‍ഴകീറിയാൽ പ്രത്യാഘാതങ്ങളുടെ അവസാനിക്കാത്ത ഹെയർപിൻ വളവുകളാണ് തെളിഞ്ഞുവരിക. വിദേശത്ത് ആദായനികുതി നൽകാത്ത വിദേശ ഇന്ത്യക്കാരൻ (എൻആർഐ) അവിടെ സൃഷ്ടിക്കുന്ന സമ്പത്തിന് സ്വദേശത്ത് നികുതി നൽകണമെന്ന വ്യവസ്ഥ നടപ്പാക്കില്ലെന്ന വിശദീകരണം വന്നിട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ച ആശയക്കുഴപ്പങ്ങൾക്ക് പൂർണവിരാമമായിട്ടില്ല. കേന്ദ്രധനമന്ത്രാലയം പുറപ്പെടുവിച്ച വിശദീകരണത്തിന്റെ സാംഗത്യം അംഗീകരിച്ചാൽത്തന്നെ അവശേഷിക്കുന്ന നിബന്ധനകൾ ദൂരവ്യാപകമായ ഭവിഷ്യത്തുകളിലേക്കാണ്‌ വിരൽചൂണ്ടുന്നത്‌.

നാ‍ഴികയ്‌ക്ക്‌ നാൽപ്പതുവട്ടം നരേന്ദ്ര മോഡി എടുത്തുപയോഗിക്കുന്ന പദമാണ് “സമ്പത്ത് ഉണ്ടാക്കൽ”എന്നത്. ബജറ്റിനു മുന്നോടിയായി വച്ച സാമ്പത്തിക സർവേയിൽ അർഥശാസ്ത്രവും തിരുക്കുറലും ഉദ്ധരിച്ചുകൊണ്ട് കേന്ദ്ര സർക്കാർ സമ്പത്ത് ഉണ്ടാക്കലിന്റെ മഹത്വത്തെ വർണിച്ചിരുന്നു. വിദേശ ഇന്ത്യക്കാർ സ്വദേശത്ത് താമസിച്ച് സമ്പത്ത് ഉണ്ടാക്കി രാഷ്ട്രനിർമാണത്തെ ത്വരിതപ്പെടുത്തിയാൽ എന്ത് തകരാറാണ് സംഭവിക്കുക എന്ന് മോഡിയോട് തിരിച്ചുചോദിക്കേണ്ട ഘട്ടമാണിത്.

നാടിനുവേണ്ടി രക്തം വിയർപ്പാക്കിയവർ
ബജറ്റ് നിർദേശം സൃഷ്ടിക്കുന്ന ആഘാതങ്ങൾക്ക് ബഹുതല സ്വഭാവമാണുള്ളത്. അതിന്റെ സാമ്പത്തികപ്രതലം നമുക്ക് ആദ്യം പരിശോധിക്കാം. വിദേശത്ത് ഏറെക്കാലം ജോലിചെയ്തും സംരംഭങ്ങൾ നടത്തിയും നേടുന്ന സമ്പത്തും വൈദഗ്ധ്യവുമാണ് ഇവർ തങ്ങളുടെ സാന്നിധ്യത്തോടൊപ്പം സ്വദേശത്തേക്ക് കൊണ്ടുവരുന്നത്. കേരളവുമായി പൊക്കിൾക്കൊടിബന്ധമുള്ള ഗൾഫ് മലയാളികൾ ഇക്കാര്യത്തിൽ മുമ്പന്തിയിൽ വരും. കേരളത്തിന് പ്രതിവർഷം ഒന്നരലക്ഷം കോടി രൂപയുടെ വിദേശനാണ്യമാണ് ലഭിക്കുന്നത്. ഇതിന്റെ 90 ശതമാനം ഗൾഫ് രാജ്യങ്ങളിൽനിന്നാണ്. അന്താരാഷ്ട്രതലങ്ങളിൽ ഇടപെട്ടും ഇടപഴകിയും സ്വായത്തമാക്കുന്ന ക‍ഴിവുകൾ നല്ലൊരു ശതമാനം ഗൾഫുകാരും സ്വദേശത്തിന്റെ സാമ്പത്തികപുരോഗതിക്കാണ് വിനിയോഗിക്കുന്നത്. ഇന്നത്തെ അന്താരാഷ്ട്ര ലോകക്രമത്തിൽ ഏതൊരു രാജ്യവും വിദേശത്തുള്ള തങ്ങളുടെ ജനതയുടെ വൈദഗ്ധ്യവും മൂലധനവും സ്വദേശത്തേക്ക്‌ കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നു. കേരള സർക്കാർ ക‍ഴിഞ്ഞ ഏതാനും വർഷമായി അത്തരത്തിലുള്ള ശ്രമങ്ങളുമായി മുന്നേറുകയാണ്. ഈ ഘട്ടത്തിലാണ് വിദേശ ഇന്ത്യക്കാരിൽനിന്നുള്ള നിക്ഷേപവും വൈദഗ്ധ്യവും ഗണ്യമായി കുറയാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോകുന്നത്.

പ്രമുഖ വ്യവസായിയായ ലുലുഗ്രൂപ്പിന്റെ മേധാവി ഡോ. എം എ യൂസഫലിയുടെ കാര്യമെടുക്കാം. അദ്ദേഹം ഏ‍ഴ് കൂറ്റൻ മാളാണ് ഇന്ത്യയിൽ പണിതുകൊണ്ടിരിക്കുന്നത്. 4000 പേർക്ക് നേരിട്ടും 10,000 പേർക്ക് പരോക്ഷമായും തൊ‍ഴിൽ കൊടുക്കാൻ ഓരോ മാളിനും ശേഷിയുണ്ട്. യൂസഫലി എന്ന വ്യവസായ പ്രമുഖന്റെ ഇന്ത്യയിലെ സാന്നിധ്യം കുറയ്‌ക്കുന്നതുകൊണ്ട് ഭാവിനിക്ഷേപങ്ങൾ കുറയ്‌ക്കാമെന്നല്ലാതെ എന്ത് നേട്ടമാണ് ഇന്ത്യക്ക് ഉണ്ടാക്കിക്കൊടുക്കുക? ആസ്റ്റർ ഗ്രൂപ്പ് മേധാവി ഡോ. ആസാദ് മൂപ്പൻ പറഞ്ഞത് പ്രസക്തമാണ്. താനെന്ന സംരംഭകനെ സൃഷ്ടിച്ചത് ഗൾഫാണ്. എന്നാൽ, ഗൾഫിനേക്കാൾ കൂടുതൽ ആൾക്കാർക്ക് തൊ‍ഴിൽ കൊടുക്കുന്നത് ഇന്ത്യയിൽത്തന്നെയാണ്. വിദേശത്തുനിന്ന്, പ്രത്യേകിച്ച് ഗൾഫിൽനിന്ന്, സമ്പാദിക്കുന്ന തുകയുടെ നല്ലൊരുപങ്ക്, സ്വദേശത്താണ് വിനിയോഗിക്കപ്പെടുന്നത്. കേരളത്തിന്റെ വ്യാപാരമേഖലയെ പിടിച്ചുനിർത്തുന്നത് നമ്മുടെ പ്രവാസികളുടെ സന്ദർശനങ്ങളാണ്. ഇവരുടെ സാന്നിധ്യം ചുരുങ്ങുമ്പോൾ വിനിയോഗത്തിൽ ഉണ്ടാകുന്ന കുറവ് ആയിരക്കണക്കിനു കോടി രൂപയ്‌ക്കുമേൽ വരും. സാമ്പത്തികമാന്ദ്യംകൊണ്ട് പ്രതിസന്ധിയിലായ നമ്മുടെ വാണിജ്യവ്യാപാരമേഖലയ്‌ക്ക്‌ ഇത് ഏൽപ്പിക്കാൻ പോകുന്ന ക്ഷതം ചെറുതല്ല.

നികുതിവെട്ടിപ്പുകാരല്ല
എൻആർഐക്കു മുന്നിൽ ‘നോ എൻട്രി’ ബോർഡ് വയ്‌ക്കുന്നതിലെ മാനുഷിക വൈകാരികപ്രതലങ്ങൾ കേവലമായ അളവുകോലുകൾക്ക് വ‍ഴങ്ങുന്നതല്ല. ബഹുഭൂരിപക്ഷം ഗൾഫ് മലയാളികളും ഉറ്റവരെയും ഉടയവരെയും വിട്ടാണ് വിദേശത്ത് ക‍ഴിയുന്നത്. ചെറുകിട സംരംഭങ്ങളുമായി വിദേശത്തും സ്വദേശത്തും ക‍ഴിയുന്ന പതിനായിരങ്ങൾ ഉണ്ട്. കുടുംബത്തിന് ഇവരുടെ തുണയില്ലാതാകുന്ന അവസ്ഥയുടെ വൈകാരികതലത്തെക്കുറിച്ച് കേന്ദ്രസർക്കാർ ചിന്തിച്ചിട്ടുണ്ടാകുമോ? കേരളത്തെ ശിക്ഷിക്കാനുള്ള മാർഗങ്ങൾ ഗവേഷണം ചെയ്‌ത്‌ കണ്ടുപിടിക്കുമ്പോൾ ഇതും അത്തരത്തിലുള്ള ഒന്നാണെന്ന് ആരെങ്കിലും പ്രധാനമന്ത്രിക്ക് ഓതിക്കൊടുത്തിട്ടുണ്ടാകും.


 

 

മോഡി മറന്നാലും ജനം മറക്കില്ല
നോട്ട് നിരോധനംപോലുള്ള ഹിമാലയൻ മണ്ടത്തരത്തിനു തുല്യമായ നടപടിയാണ് വിദേശ ഇന്ത്യക്കാരുടെ കാര്യത്തിലും കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. പാകിസ്ഥാനിൽ അച്ചടിച്ച കള്ളനോട്ട് കണ്ടുപിടിക്കാനെന്ന വ്യാജേനയായിരുന്നല്ലോ നോട്ട് നിരോധനം ആദ്യം പ്രഖ്യാപിച്ചത്. പിന്നീടത് കള്ളപ്പണത്തിന്റെ കണക്കിലാക്കി. അതും ശരിയാകുന്നില്ലെന്ന് കണ്ടപ്പോൾ ‘ഡിജിറ്റൽ സമ്പദ്ഘടന’ എന്ന പുകമറയിൽ മോഡി അഭയം കണ്ടെത്തി. എൻആർഐ പദവി ഉപയോഗിച്ച് നികുതിവെട്ടിക്കുന്നവരെ പിടികൂടാനെന്ന വ്യാജേനയാണ് പുതിയ നടപടി പ്രഖ്യാപിച്ചിട്ടുള്ളത്. ലക്ഷക്കണക്കിനു കോടി രൂപ ഇന്ത്യയിൽനിന്ന് കടത്തിക്കൊണ്ടുപോയത് പ്രമുഖവ്യവസായ ഗ്രൂപ്പുകളാണെന്ന് പണ്ട് പറഞ്ഞ കാര്യം മോഡി എന്തുകൊണ്ട് ഇപ്പോൾ മറക്കുന്നു? വിദേശബാങ്കുകളിൽ കിടക്കുന്ന കള്ളപ്പണം എടുത്ത്‌ ഓരോ ഇന്ത്യക്കാരന്റെ അക്കൗണ്ടിലും 15 ലക്ഷം രൂപ ഇട്ടുകൊടുക്കുമെന്നു പറഞ്ഞത് വി‍ഴുങ്ങിയപോലെ നികുതിവെട്ടിപ്പിന്റെ ഭ്രമണപഥങ്ങളും അദ്ദേഹം വിസ്മരിക്കുകയാണ്. ഏതൊരു വിദേശഇന്ത്യക്കാരനും ഇന്ത്യയിൽ ഉണ്ടാക്കുന്ന പണത്തിന് ഇപ്പോൾത്തന്നെ നികുതി കൊടുക്കുന്നുണ്ട്. ഇന്ത്യൻ സമ്പദ്ഘടന ചലിപ്പിക്കുന്ന അനേകധാരകളിൽ ഇതും ഉ‍ൾപ്പെടുന്നു. അവർ ഇവിടെ വരുന്നത്‌ നിരുത്സാഹപ്പെടുത്തുമ്പോൾ നമ്മുടെ സമ്പദ്ഘടനയിലെ അവരുടെ സംഭാവനക‍ളാണ് ശുഷ്‌കിച്ചുപോകുന്നത്. അതിലൂടെ ഉണ്ടാകുന്ന നഷ്ടം നമ്മുടെ രാജ്യത്തിനുതന്നെയല്ലേ? നോട്ട് നിരോധനത്തിലൂടെ പതിനായിരക്കണക്കിനു ചെറുകിട–- ഇടത്തരം സംരംഭങ്ങളെ കൊന്നൊടുക്കിയതിനു തുല്യമാണ് ഈ നടപടിയെന്ന് അനുമാനിക്കണം.

ഏവരിലും ഭയാശങ്കകൾ
പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ പട്ടികയും ജനസംഖ്യാ രജിസ്റ്ററും ഒക്കെ സൃഷ്ടിച്ചിരിക്കുന്ന അനിശ്ചിതത്വത്തിനിടയ്‌ക്കാണ് വിദേശ ഇന്ത്യക്കാരെ ബുദ്ധിമുട്ടിക്കുന്ന ഈ നടപടിയും പെയ്തിറങ്ങുന്നത്. നമ്മുടെ നാട്ടിലെ വലിയൊരു വിഭാഗം ജനങ്ങൾക്ക് ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ കനപ്പെട്ടുവരികയാണ്. ഗൾഫിൽനിന്ന് സ്വദേശത്തേക്ക് മടങ്ങി സ്ഥിരതാമസമാക്കാൻ ആഗ്രഹിച്ചിരുന്ന എത്രയോപേർ പുനർചിന്തനത്തിന് ഒരുങ്ങുന്ന കാര്യം ഈ ലേഖകന് അറിയാം. കേരളത്തിന്റെ സാമൂഹ്യ–-സാംസ്കാരിക ധാരയുമായി അടുത്ത ബന്ധം പുലർത്തുന്ന നോർക്ക ഡയറക്ടർ ബോർഡ് അംഗം ഒ വി മുസ്തഫ ഇതിനൊരു ഉദാഹരണമാണ്. കലുഷിതമായ സാമൂഹ്യ അന്തരീക്ഷത്തിനു പുറമെ നിരാശാജനകമായ സാമ്പത്തിക സമവാക്യങ്ങൾകൂടി നമ്മൾ നെയ്തുകൂട്ടുമ്പോൾ മുസ്തഫമാരുടെ വിഹ്വലതകൾ ഏറിവരുന്നത് സ്വാഭാവികം. നിരവധി വികസിത രാജ്യങ്ങൾ മൂലധനവും വിദ്യയുമുള്ള വ്യക്തികളെ തങ്ങളുടെ നാടുകളിലേക്ക് മാടിവിളിച്ചുകൊണ്ടിരിക്കുകയാണ്. ഒരുവശത്ത് വിദേശ ഇന്ത്യക്കാർ തങ്ങളുടെ ആസ്‌തിയാണ്‌ എന്ന്‌ മോഡി പ്രഖ്യാപിക്കുമ്പോ‍ഴാണ് ബജറ്റിലൂടെ അവരെ നമ്മൾ ബാധ്യതാപട്ടികയിൽ ഉൾപ്പെടുത്തുന്നത്. വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം എക്സ്പ്രസ് പാതപോലെ നീണ്ടുപരന്ന് കിടക്കുന്നിടത്താണ് നമ്മുടെ രാജ്യത്തിന്റെ ദുരവസ്ഥ തുടങ്ങുന്നത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top