06 December Tuesday

കേരളത്തിലെ 
ജനകീയ മാധ്യമം

യൂഹാനോൻ മോർ 
മിലിത്തോസ് മെത്രാപ്പോലീത്താUpdated: Monday Sep 5, 2022

മലയാള ഭാഷയിൽ ദിനപത്രങ്ങൾ പലതുണ്ട്. അവ ഓരോന്നിനും അവരുടേതായ താൽപ്പര്യങ്ങളുമുണ്ട്. ചിലതിന് സമുദായ താൽപ്പര്യമാണെങ്കിൽ മറ്റു ചിലതിന് കച്ചവട–-കോർപറേറ്റ് താൽപ്പര്യങ്ങളാണ്. ഇനിയും ചിലതിന് വിവാദപ്രചാരണമാണ് താൽപ്പര്യം. വേറെ ചിലതിന് നീല വാർത്തകളോടാണ് പ്രിയം. ഇവയുടെ എല്ലാം മധ്യത്തിൽ ജനതാൽപ്പര്യവും ജനകീയ സമരങ്ങളോടുള്ള പ്രതിബദ്ധതയും മിക്കവാറും പ്രതിനിധാനംചെയ്യപ്പെടാതെയോ തമസ്കരിക്കപ്പെട്ടോ പോകുന്നു മാധ്യമലോകത്ത്.

ഈ ദയനീയ സാഹചര്യത്തിലാണ് കഴിഞ്ഞ എൺപത് വർഷത്തെ ‘ദേശാഭിമാനി’യുടെ ജനസാന്നിധ്യത്തിലെ പ്രസക്തി നിർണായകമാകുന്നത്. കഴിഞ്ഞ കാലങ്ങളിൽ കേരളം  സമരങ്ങളലൂടെ ആയിരുന്നു മുന്നേറിയത്‌.  തൊഴിലാളികൾ, ഭൂരഹിതർ, പാർശ്വവൽക്കരിക്കപ്പെട്ടവർ, സ്ത്രീകൾ തുടങ്ങിയ ജനസമൂഹങ്ങൾ തങ്ങളുടെ അധ്വാനത്തിന് തക്കവേതനം ലഭിക്കാൻ, സമൂഹത്തിൽ അർഹമായ അംഗീകാരം ലഭിക്കാൻ, അന്ധമായ ജാതി ഭ്രാന്തിനെതിരെ, എന്നുവേണ്ട മനുഷ്യത്വരഹിതവും പ്രതിലോമപരവുമായ എല്ലാ സാഹചര്യങ്ങൾക്കുമെതിരെ കേരളം പോരാടി. അവകാശത്തിനു വേണ്ടി എണ്ണമറ്റ പോരാട്ടങ്ങൾ നടന്ന മണ്ണാണിത്.

ഇടതുപക്ഷം എന്നാൽ അകറ്റിനിർത്തപ്പെടേണ്ടവർ, രാജ്യദ്രോഹികൾ, വിശ്വാസരഹിതർ എന്നെല്ലാം മുദ്രകുത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു ഇവിടെ.  ഇവയുടെയൊക്കെ അവശേഷിപ്പുകൾ നമുക്കിടയിലുണ്ട്. അതോടൊപ്പമാണ് മതത്തെയും ജാതിയെയും ഉപയോഗിച്ച് സാമ്രാജ്യം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ പുതുയുഗ പ്രവേശം. ഈ പശ്ചാത്തലത്തിലാണ്‌ ദേശാഭിമാനിയുടെ ജനാഭിമുഖ്യത്തിന്റെ എൺപതു വർഷത്തെ ചരിത്രം നമ്മെ ഉത്സുകരാക്കുന്നത്. അവകാശങ്ങൾക്കു വേണ്ടിയുള്ള സമരപ്പന്തലുകളിൽ നിത്യസാന്നിധ്യമായി, അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളുടെ നീണ്ട വർഷങ്ങളിലെ പോരാട്ടങ്ങളിൽ പങ്കാളിയായി, മനുഷ്യന്റെ ശബ്ദമായി ഈ മാധ്യമം. ഈ പത്രം ഉയർത്തിയ അവബോധം ജനപക്ഷ ചിന്തകളെയും നിലപാടുകളെയും അവയുടെ ശരികളെയും ജനമധ്യത്തിലെത്തിച്ചു.  ഈ പോരാട്ടങ്ങളും സമരങ്ങളും അവർക്ക്‌ ദേശാഭിമാനിയിലൂടെ ലഭിച്ച പിന്തുണയും ഇല്ലാതെ ഇന്ന് കാണുന്ന വിധത്തിലുള്ള വിവിധ മേഖലകളിലെ വിമോചനം ഈ സമൂഹം നേടുമായിരുന്നില്ല. ഇതോടൊപ്പം സാംസ്കാരികമായും അനേകം മുന്നേറ്റങ്ങളുണ്ട്.

ആരോഗ്യപരിപാലനം, പൊതു വിദ്യാഭ്യാസം എന്നീ രംഗങ്ങളിൽ കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഈ സംസ്ഥാനത്ത് ചരിത്രതാളുകളിലേക്ക് പിൻവാങ്ങി. അവിടെയും ദേശാഭിമാനിയുടെ ജനപക്ഷ നിലപാടുകൾ നിർണായകമായിട്ടുണ്ട്. ഈ നാട് നേരിട്ട അനർഥങ്ങളിലും ജനത്തിനുവേണ്ടി ഈ മാധ്യമം സംസാരിച്ചു. അതിൽ ഏറ്റവും അവസാനത്തേതായ കോവിഡ് വ്യാപനകാലത്ത് അതിനെ നേരിടാൻ അഹോരാത്രം പരിശ്രമിച്ച സംസ്ഥാന സർക്കാരിനെ പിന്നാലെ ചെന്ന് വിമർശിച്ചുകൊണ്ടിരുന്ന മുൻനിര മാധ്യമങ്ങളുടെ ഇടയിൽ ദുരിത ദൂരീകരണത്തിനുള്ള ഇടപെടലുകളുടെ യഥാർഥ ചിത്രം ജനമധ്യത്തിൽ കൊണ്ടുവന്ന ദേശാഭിമാനി വലിയൊരു പരിധിവരെ ഭരണത്തുടർച്ചയ്‌ക്ക് കളമൊരുക്കിയിട്ടുണ്ട്. മറ്റ് മാധ്യമങ്ങളിലെ വാർത്തകളിലെ പൊളി തിരിച്ചറിയാൻ ദേശാഭിമാനി പ്രഭാതങ്ങളിൽ എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. എൺപതുകളുടെ ആവർത്തനങ്ങളിലൂടെ ദേശാഭിമാനി ജനകീയ പോരാട്ടങ്ങളിലും മുന്നേറ്റങ്ങളിലും ജനത്തിന്റെ ശബ്ദത്തെ പ്രതിഫലിപ്പിച്ചുകൊണ്ടേയിരിക്കട്ടെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top