23 January Thursday

രാമന്റെ പേരിൽ

കെ ഇ എൻUpdated: Monday Aug 5, 2019


വാല്മീകിരാമായണം യാഥാർഥ്യവും ആദർശവും തമ്മിലുള്ള സമന്വയവും സംഘർഷവുമാണ് ആവിഷ്കരിക്കുന്നത്. നാരദമഹർഷിയോടുള്ള വാല്മീകിയുടെ ചോദ്യം എക്കാലത്തുമുള്ള മനുഷ്യാവസ്ഥ ഹൃദയനൊമ്പരങ്ങളോടെ തേടുന്ന ഒരു തീക്കിനാവാണ്. ഗുണവാനും വീര്യവാനും ധർമജ്ഞനും കൃതജ്ഞനും സത്യവാനും ദൃഢവ്രതനുമായി ഈ ലോകത്ത് ഇപ്പോൾ ആരാണുള്ളതെന്ന, വാല്മീകിയുടെ ആ ചോദ്യം, ഒരു ചോദ്യോത്തരത്തിലും ഒതുങ്ങാത്ത, മഹത്തായൊരാദർശം തേടുന്ന, വിവരണം അസാധ്യമായൊരു അസ്വസ്ഥതയുടെ സംഘർഷ സംഗ്രഹമാണ്.
സ്വന്തം ഭൂതകാലത്തിൽ "വീര്യ'ത്തെയും വർത്തമാനത്തിൽ "ഗുണ'ത്തെയും ആവോളം അനുഭവിച്ച വാല്മീകി നാരദനോട് തിരക്കിയത്, ഇത് രണ്ടുമല്ല, എന്നാൽ "ഇത് രണ്ടും ചേർന്ന' വേറൊന്നാണ്. അതാണ് മുമ്പേ വ്യക്തമാക്കിയ "ഉത്തമ മനുഷ്യ സങ്കൽപ്പം' അല്ലെങ്കിൽ ഏതവസ്ഥയെയും ധീരതയോടെ അഭിമുഖീകരിക്കുന്ന "ഉത്തമ മനുഷ്യൻ' ആരെന്ന അസ്വസ്ഥ ചോദ്യം. അതിനുള്ള നാരദമുനിയുടെ ഉത്തരമാണ് ഇക്ഷ്വാകുവംശത്തിൽ പിറന്ന മഹാവീരനും പണ്ഡിതനും ധൈര്യശാലിയും ജിതേന്ദ്രിയനുമായ രാമൻ എന്നുള്ളത്. പൊളിക്കുന്നവനല്ല, ചേർക്കുന്നവൻ എന്നാണ് ആ രാമശബ്ദത്തിന്നർഥം. സർവം തകർക്കുന്ന "അന്ധവീര്യത്തിനും' സംഘർഷനിർഭരമായ അവസ്ഥകളിൽ നിസ്സഹായമായിത്തീരുന്ന നിഷ്ക്രിയ ഗുണത്തിനും അപ്പുറം, വീര്യവും ഗുണവും ഒന്നിച്ചുചേരുന്ന; ആ വീര്യം ഗുണകേന്ദ്രിതവും ആ ഗുണം വീര്യകേന്ദ്രിതവുമാകുന്ന ഒരാദർശാത്മക അവസ്ഥയെയാണ് രാമൻ പ്രതിനിധാനംചെയ്യുന്നത്. കവർച്ചക്കാരുടെയും ഗുണ്ടകളുടെയും വെളിച്ചമന്യമായ വീര്യമല്ല, ഒളിച്ചോട്ടക്കാരുടെയും അരാഷ്ട്രീയവാദികളുടെയും ഒഴിഞ്ഞുമാറുന്ന ഗുണവുമല്ല, യാഥാർഥ്യത്തെയും ആദർശത്തെയും സമന്വയിപ്പിക്കുന്ന നൈതികധീരതയെയാണ് വാല്മീകി ശ്രീരാമനിൽ സ്വപ്നംകണ്ടത്.

ഒന്നിച്ചിരിക്കേണ്ട വീര്യഗുണങ്ങളെ വിഭജിച്ച് എതിർചേരിയിലാക്കുന്ന "അധികാരത്തെ' എവിധം പ്രതിരോധിക്കുമെന്ന കലങ്ങിമറിഞ്ഞ ചിന്തയുടെ ഒരസ്വസ്ഥ രൂപകമെന്ന നിലയിലാണ്, "ശ്രീരാമൻ' നമ്മുടെ സാഹിത്യലോകത്ത് ശ്രദ്ധേയമാകുന്നത്. സി എൻ ശ്രീകണ്ഠൻനായരുടെ "സാകേതം'എന്ന നാടകം അധികാരവിരുദ്ധമായ ശ്രീരാമശക്തിയുടെ വീര്യവും ഗുണവുമാണ് ഗംഭീരമായി ആവിഷ്കരിക്കുന്നത്. അർഹമായ അധികാരം "ചതി'യിൽ നഷ്ടപ്പെട്ട് തന്നിമിത്തം കാട്ടിൽ കഴിയേണ്ടിവന്ന അവസ്ഥയെ അടിസ്ഥാനപ്പെടുത്തി സാകേതം നാടകത്തിലെ സീത രാമനോട്, "വിധി അതിന്റെ നിയതമായ പാതയിൽക്കൂടി ചരിക്കുകയാണ്. വിഷാദിച്ചാൽ എന്തു ഫലം?' എന്നു ചോദിക്കുന്നൊരു സന്ദർഭമുണ്ട്. അതിനോടുള്ള പ്രതികരണമായി രാമൻ പറയുന്നു: "വിഷാദമോ? എനിക്കോ? അയോധ്യയും ഈ പൃഥ്വിയും കീഴടക്കാനുള്ള അസ്ത്രങ്ങൾ എന്റെ ആവനാഴിയിലുണ്ട്. എന്നെ അഭിഷേചിക്കാൻ ഞാൻ മാത്രംപോരും. പക്ഷേ, ഞാനതാഗ്രഹിക്കുന്നില്ല. കളങ്കിതമായ രാജ്യലക്ഷ്മി എനിക്കെന്തിന്? എനിക്ക് കാടുമതി. അരുവികൾ ചിരിച്ചും പൂമരങ്ങൾ സത്കരിച്ചും ശൈലങ്ങൾ ബ്രഹ്മജ്ഞാനം ഉപദേശിച്ചും എന്നെ സ്വീകരിക്കും. സിംഹങ്ങൾ എന്റെ സാന്നിധ്യം വിളിച്ചറിയിക്കും. പ്രകൃതി എനിക്കൊരുക്കുന്ന പള്ളിയറയിൽ ഉഷസ്സും മൂവന്തിയും കൈവിളക്കുമേന്തി കാവൽ നിൽക്കും‐ ഒരു വ്യഥമാത്രമേയുള്ളൂ; ആ പള്ളിയറയിൽ ഞാൻ ഏകനായിരിക്കും...' അധികാരനഷ്ടമൊരുക്കിയ കാട്ടിലെ പ്രതിസന്ധികളോടുള്ള കൂസലില്ലായ്മ ആ വീര്യത്തിന്റെയും, ഏകാന്തതയെക്കുറിച്ചുള്ള സങ്കടം ആ സ്നേഹഗുണാഭിമുഖ്യത്തിന്റെയും ഹൃദ്യമായൊരാവിഷ്കാരമാകുമ്പോഴാണ്, നമുക്കൊരു ശ്രീ "രാമനു'ണ്ടാകുന്നത്.

നിസ്സഹായനായ മനുഷ്യന്റെ ചോദ്യം
ആ ശ്രീരാമനെ നിങ്ങൾ കൊലവിളികളിലൂടെയും കൊലകളിലൂടെയും കളങ്കപ്പെടുത്തരുതെന്നു മാത്രമാണ്, പ്രശസ്ത സംവിധായകൻ അടൂരുൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടത്. അവർക്കൊപ്പമാണ് കേരളമെന്നതിന്, ഇളകിമറിയുന്ന തെരുവുകൾ സാക്ഷി. കക്ഷി രാഷ്ട്രീയ– മത– ജാതിഭേദമെന്യേ പ്രതികരിക്കുന്ന മലയാളി സമൂഹം മുഴുവൻ സാക്ഷി. പക്ഷേ, അപ്പോഴും ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരിൽ കൊലചെയ്യപ്പെട്ട സ്വന്തം മകന്റെ മൃതദേഹത്തിനുമുമ്പിൽ സഹായത്തിന്നൊരാൾപോലുമില്ലാതെ ഒറ്റയായിപ്പോയ ആ സുൽഫിക്കർ അൻസാരിയുടെ, സങ്കടചിത്രം നീതിക്കുവേണ്ടിയുള്ള സമരങ്ങൾക്കിടയിലും വല്ലാത്തൊരസ്വസ്ഥതയായി നമ്മെ പിന്തുടരും.

ചില പടങ്ങൾ നമ്മുടെ ചങ്ക് പൊള്ളിക്കും. അത്തരമൊരു പടമായിരുന്നു ജയ്ശ്രീറാം വിളിക്കാത്തതിന്റെ പേരിൽ കൊല്ലപ്പെട്ട ഉത്തർപ്രദേശിലെ മുഹമ്മദ് ഖാലിദിന്റേത്. സ്വന്തം പുത്രന്റെ മൃതദേഹം കയറ്റിയ മിനിലോറിയിൽ, നിസ്സഹായനായി മുഖംതാഴ്ത്തിയിരിക്കുകയാണ് മുഹമ്മദ് ഖാലിദിന്റെ അച്ഛൻ സുൽഫിക്കർ  അൻസാരി. ‘എന്റെ പൊന്നുമോനെ അവരെന്തിനാണ് കൊന്നുകളഞ്ഞതെന്ന’ കണ്ണീരിൽക്കുതിർന്ന ആ നിസ്സഹായനായ മനുഷ്യന്റെ ചോദ്യം വാരാണസിയിലെ കബീർചൗര ആശുപത്രിയിലെ മോർച്ചറിക്കുമുമ്പിൽ വിതുമ്പിയപ്പോൾ, ഒരു ജനത മുഴുവൻ നിഷേധിക്കപ്പെട്ട ആ നീതിക്കൊപ്പം നിവർന്ന് നിൽക്കേണ്ടതായിരുന്നു. പക്ഷേ, കൊല്ലപ്പെട്ട മകന്റെ മൃതദേഹം ഏറ്റുവാങ്ങാൻ അവിടെ ഒരു അച്ഛൻമാത്രം ഒറ്റയ്ക്കാവുന്ന, അവസ്ഥയാണ്, കൊലയോടൊപ്പം, നമ്മെ കിടിലംകൊള്ളിക്കേണ്ടത്. സാന്ത്വനത്തിന്റെ ഒരു സ്പർശംപോലും കിട്ടാതെ നിസ്സഹായനായി കൂനിയിരിക്കുന്ന ആ അച്ഛനുമുമ്പിൽ ‘നമ്മുടെ ജനാധിപത്യവും രാഷ്ട്രവും’ കുറ്റബോധത്തോടെ തലകുനിക്കണം. ഒരു ജനപ്രതിനിധിപോലും ആ മനുഷ്യനെ കാണാൻ ചെന്നില്ല. ആരും ആ കൊടും അനീതിക്കെതിരെ വാരാണസിയിലെ തെരുവുകളിൽ മുഷ്ടിചുരുട്ടിയില്ല. ചുമരുകളിൽ പോസ്റ്റർ പതിച്ചില്ല. കരുത്തരുടെ കൊലവിളികൾക്കും നിസ്സഹായരുടെ വിതുമ്പലുകൾക്കുമിടയിൽ, മനുഷ്യത്വം വിറങ്ങലിച്ചുപോവുകയായിരുന്നു. ഒന്നുറക്കെ പൊട്ടിക്കരയാൻപോലുമാകാതെ, നീതി ഭീതിക്കുമുമ്പിൽ നിഷ്പ്രഭമാകുകയായിരുന്നു. ഒരു ഭാഗത്ത് ജയ് ശ്രീറാമിന്റെ ഇരമ്പുന്ന ഒച്ചയും ചിരിയും മറുഭാഗത്ത് നിസ്സഹായരുടെ ഇരിപ്പും ഗദ്ഗദവും മൗനവും. ‘ഈ ലോകത്തെ ഇങ്ങനെതന്നെ നിലനിൽക്കാൻ വിട്ടാൽപിന്നെ എന്തു സമാധാനം’ എന്ന ഏതോ കവിവാക്യം ഓർത്തുപോകുന്നു.

 

‘ജയ് ശ്രീറാം പാടിക്കോ, ഇല്ലെങ്കിൽ കബറിസ്ഥാനിലേക്ക് പോകാനൊരുങ്ങിക്കോ’ എന്ന കൊലവിളിപാട്ടിന് ഉത്തരേന്ത്യയിലാകെ പ്രിയമേറുകയാണ്. ജാർഖണ്ഡിൽ കഴിഞ്ഞ ദിവസം സി പി സിങ് എന്ന മന്ത്രിയാണ്, ഇർഫാൻ അൻസാരിയെന്ന എംഎൽഎയോട്, കഴുത്തിൽ സൗഹൃദപൂർവം കൈയിട്ട് ‘വിളിക്കെടാ ജയ് ശ്രീറാം’ എന്നാവശ്യപ്പെട്ടത്. സി പി സിങ് ആരുമറിയാതെ ആരെയുമറിയിക്കാതെ പെട്ടെന്നൊരു ‘ജയ് ശ്രീറാം വകുപ്പുമന്ത്രിയായി’. സത്യത്തിൽ അദ്ദേഹത്തിന് ആഴത്തിൽ രാമഭക്തിയുണ്ടെങ്കിൽ സ്വയം ആരുമറിയാതെ നിരന്തരം രാമനാമം ഉച്ചരിക്കുകയാണ് വേണ്ടിയിരുന്നത്. ഒരു വിശ്വാസവും ആർക്കും ആരിലും അടിച്ചേൽപ്പിക്കാനാകില്ലെന്ന്, തിരിച്ചറിയാത്തൊരു മനുഷ്യനെങ്ങനെ യഥാർഥ രാമഭക്തനാകാൻ കഴിയും.

ശ്രീരാമൻ ഒരഗാധ വിശ്വാസമായി, നാമജപമായി, വൈവിധ്യമാർന്ന ആരാധനയായി, ഹൃദയസ്പർശിയായ ഭക്തികാവ്യമായി, വ്യത്യസ്ത രാമവായനകളായി സഹസ്രാബ്ദങ്ങളായി ഇന്ത്യയിൽ നിലനിന്നുവരികയാണ്. തുളസീദാസ്, കബീർദാസ്, എഴുത്തച്ഛൻവരെയുള്ള ഭക്തിപ്രസ്ഥാന നായകർ രാമനാമം ഉള്ളിലേറ്റ് കോരിത്തരിച്ചവരാണ്. മഹാത്മാഗാന്ധി സ്വന്തം സ്വപ്ന റിപ്പബ്ലിക്കിനെ ‘രാമരാജ്യം’ എന്ന് വിളിച്ചു. രാമരാജ്യം എന്നതുകൊണ്ട് ഹിന്ദുരാജ് എന്നല്ല ഞാൻ അർഥമാക്കുന്നതെന്ന് അദ്ദേഹവും അർഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കി. രാമരാജ്യംകൊണ്ട് ഞാൻ അർഥമാക്കുന്നത് ദൈവീകമായ രാജ്യമാണ്. ദൈവത്തിന്റെ സാമ്രാജ്യം. എന്നെ സംബന്ധിച്ചിടത്തോളം രാമനും റഹീമും ഒരേ ആരാധനാമൂർത്തികളാണ്. സത്യത്തിന്റെയും നന്മയുടെയും ദൈവത്തിൽ കവിഞ്ഞ് മറ്റൊന്നിനെയും ഞാൻ അംഗീകരിക്കുന്നില്ല. എന്നാൽ, ഇപ്പോൾ ഇന്ത്യയിലുയരുന്നത് ‘രാമനാമജപമല്ല’, രാമഭക്തിയല്ല, ജയ്ശ്രീറാം എന്ന ആക്രോശവും ആക്രമണവുംമാത്രമല്ല; അതിനൊക്കെ പിറകിൽ പത്തിവിടർത്തി പതിയിരിക്കുന്നത് കോർപറേറ്റ്‐ ജാതിമേൽക്കോയ്മാ പ്രത്യയശാസ്ത്രമാണ്. ന്യൂനപക്ഷ ദളിത് കുരുതിയിൽ ഇന്ത്യയെയാകെ നിശ്ശബ്ദമാക്കാനുള്ള ശ്രമമാണ്.

സ്നേഹപൂർണമായൊരപേക്ഷ
1925ൽ ആർഎസ്എസ് ആവിർഭവിച്ചതോടെയാണ്, ശ്രീരാമൻ ഇന്ത്യയിൽ രാഷ്ട്രീയ പ്രതീകമാകുന്നത്. ഒരടി നടത്താൻവേണ്ടി ‘രാമനാമം’ ഉപയോഗിക്കുന്നതിനെക്കുറിച്ച്, അതുവരെയില്ലാത്ത ഒരു പുതിയ ചോദ്യം മഹാത്മാഗാന്ധി അഭിമുഖീകരിച്ചതും ആ സമയത്താണ്. അത് മഹത്തായൊരു ലക്ഷ്യത്തെ അതായത് രാമതത്വത്തെതന്നെ തകർക്കുമെന്ന് അന്നുതന്നെ ഗാന്ധിജി താക്കീത് നൽകി. പിന്നെ നാം കാണുന്നത് ആ രാഷ്ട്രീയ രാമൻ, നാഥുറാം ഗോഡ്സെയിലൂടെ ഗാന്ധിയെ കൊല്ലുന്നതാണ്. ആ രാഷ്ട്രീയ രാമനെ മുൻനിർത്തിയാണ് സംഘപരിവാർ ശക്തികൾ ബാബ്റി മസ്ജിദ് പൊളിച്ചത്, വംശഹത്യകൾ നടത്തിയത്, തെരഞ്ഞെടുപ്പിൽ ജയിച്ചത്. ഇപ്പോൾ ആ രാഷ്ട്രീയ പ്രതീകത്തെതന്നെ ഉപയോഗപ്പെടുത്തി നേടിയ വിജയം ഉറപ്പിക്കാനും, ഒരു രാഷ്ട്രമെന്ന നിലയിൽ സ്വയമനുഭവിക്കുന്ന പ്രശ്നങ്ങൾ മറച്ചുവയ്ക്കാനുമുള്ള ശ്രമമാണ് ‘ജയ്ശ്രീറാം’ ആക്രോശത്തിൽ കൊഴുക്കുന്നത്. പാർലമെന്റിൽ, അസംബ്ലിയിൽ, തെരുവിൽ പ്രത്യക്ഷപ്പെട്ട, പുതിയ രാഷ്ട്രീയ രാമന് യഥാർഥ ശ്രീരാമനുമായി ഒരു ബന്ധവുമില്ലെന്നാണ് ഇന്ത്യക്കാർ ആദ്യം തിരിച്ചറിയേണ്ടത്. അത് ശരിക്കും തിരിച്ചറിഞ്ഞു എന്നുള്ളതിലാണ് അടൂരടക്കമുള്ള, ഇന്ത്യയിലെ ലോകമറിയുന്ന പ്രതിഭകളുടെ പ്രതികരണത്തിന്റെ വീര്യം നിറയുന്നത്. സംഘപരിവാർ ശക്തികൾ ഏറെ പ്രകോപിതരാകാനുള്ള കാരണം അവരിപ്പോൾ ചെയ്യുന്ന പ്രവൃത്തി ‘ശ്രീരാമതത്വത്തിന്’ എതിരാണെന്ന് കൃത്യമായും ആ കത്തിൽ ചൂണ്ടി ക്കാട്ടപ്പെട്ടതുകൊണ്ടാണ്.
‘ഭൂരിപക്ഷ സമുദായം പരിപാവനമായി കാണുന്ന ഒരു പേരാണ് രാം എന്നത്. രാമന്റെ പേര് കളങ്കപ്പെടുത്തുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം. ഭരണകക്ഷിയെ വിമർശിക്കുന്നത് രാജ്യത്തെ വിമർശിക്കുന്നതിന് തുല്യമാകില്ല. ഒരു ഭരണകക്ഷിയും അവർ ഭരിക്കുന്ന രാജ്യത്തിന്റെ പര്യായമല്ല. സർക്കാർ വിരുദ്ധ നിലപാടുകളെ ദേശവിരുദ്ധ നിലപാടുകളുമായി തുലനം ചെയ്യാനാകില്ല.’

ഇന്ത്യൻ ജനതയ്ക്കുവേണ്ടി 49 പ്രതിഭകൾ ഒപ്പിട്ട ആ ഹർജി ഒന്നിനും ആർക്കും എതിരല്ല, അത് മനുഷ്യത്വത്തിനും ശ്രീരാമവിശ്വാസമടക്കം സർവ അഗാധ വിശ്വാസങ്ങൾക്കുംവേണ്ടിയുള്ള, സ്നേഹപൂർണമായൊരപേക്ഷയാണ്. അതുപോലും വച്ചുപൊറുപ്പിക്കില്ലെന്ന നവഫാസിസ്റ്റ് ധാർഷ്ട്യം അങ്ങ് ഉത്തരേന്ത്യയിൽനിന്ന്, ഇങ്ങ് കേരളത്തിലേക്കുവരെ കടന്നെത്തിക്കഴിഞ്ഞുവെന്നുള്ളത് അത്ര നിസ്സാരമായി കാണാവുന്നതല്ല. ഇത് സത്യത്തിൽ ശ്രീരാമനുള്ള സിന്ദാബാദല്ല, ജാതിമേൽക്കോയ്മയ്ക്കുള്ള സിന്ദാബാദാണ്. ഇത് ശ്രീരാമതത്വത്തിലുൾച്ചേർന്ന വീര്യത്തെയും ഗുണത്തെയും വേർപെടുത്തുന്ന വിധ്വംസക പ്രവർത്തനമാണ്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top