07 December Saturday

‘മുത്തലാഖ് ബിൽ' ലക്ഷ്യം എന്ത്?

അഡ്വ. എ എം ആരിഫ്‌Updated: Monday Aug 5, 2019


ഭാര്യയെ മൂന്നു തവണ ഒന്നിച്ച് മൊഴിചൊല്ലി വിവാഹബന്ധം വേർപെടുത്തുന്ന ഭർത്താവിനെ കൽത്തുറുങ്കിൽ അടയ്‌ക്കാൻ നിയമം പാസാക്കിയ ബിജെപി സർക്കാരിനെ അനുമോദിക്കുന്ന തിരക്കിലാണ് ചില പ്രമുഖർ. മുത്തലാഖ് ബില്ലിന്മേൽ അവസാനഘട്ട വോട്ടെടുപ്പിൽ വരെ പങ്കെടുത്ത പാർലമെന്റംഗങ്ങൾ ഈ അപരിഷ്‌കൃത ആചാരത്തിനു കൂട്ടുനിൽക്കുകയാണോ എന്നതാണ് ചിലരുടെ സംശയം.

മൂന്നു വട്ടം തലാഖ്‌ ചൊല്ലിയാൽ ഉടൻതന്നെ ഒരു വിവാഹബന്ധം അവസാനിപ്പിക്കുന്ന ഈ പ്രാകൃതാചാരം അസാധുവാക്കിയത് സുപ്രീംകോടതിയാണ്. സൈറാബാനു -കേസിലാണ്‌ മുത്തലാഖ്‌ ഭരണഘടനാ വിരുദ്ധവും ലിംഗനീതിയുടെ നിഷേധവും സ്‌ത്രീയുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതമേൽപ്പിക്കുന്നതാണെന്നുകണ്ട് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് അസാധുവാക്കി പ്രഖ്യാപിച്ചത്. അഞ്ചംഗ ബെഞ്ചിൽ രണ്ട്‌ അംഗങ്ങൾ രേഖപ്പെടുത്തിയ വ്യത്യസ്‌ത വിധിയോടെയാണ് ഭൂരിപക്ഷ ബെഞ്ചിന്റെ വിധി പ്രസ്‌താവിച്ചത്‌. വ്യത്യസ്‌ത വീക്ഷണം രേഖപ്പെടുത്തിയ രണ്ട് ജഡ്‌ജിമാരുടെ വിധിയിലാണ് ഈ പുതിയ നിയമനിർമാണം വേണമെന്ന്‌ രേഖപ്പെടുത്തിയത്‌.

ബില്ലിന്മേലുള്ള ചർച്ചയിലുടനീളം പല പാർലമെന്റ് അംഗങ്ങളും ചോദിച്ചു: ന്യൂനപക്ഷവിധിയുടെ അഭിപ്രായം പരിഗണിച്ചാണ് നിങ്ങൾ ഈ നിയമം കൊണ്ടുവരുന്നതെങ്കിൽ എന്തുകൊണ്ട് "ശബരിമല വിധി’യുടെ അപ്രകാരമുള്ള നിയമം കൊണ്ടുവരുന്നില്ല. ഇതിന് ഒരു മറുപടിയും നിയമ മന്ത്രി രവിശങ്കർ പ്രസാദ് പാർലമെന്റിൽ പറഞ്ഞില്ല."ശബരിമല പ്രശ്നം’ ഇങ്ങനെ സജീവമാക്കി നിർത്തിയാലല്ലേ അതിന്റെ രാഷ്ട്രീയനേട്ടം പരമാവധി നേടാനാകൂവെന്ന് ബിജെപി ഇപ്പോഴും കരുതുന്നു. സീറ്റ് നേട്ടം കോൺഗ്രസിനു കിട്ടിയെങ്കിലും ശബരിമല പ്രശ്‌നം എത്രകണ്ട് നമ്മുടെ സമൂഹത്തിൽ വിഭാഗീയത പരത്തിയെന്ന് ബിജെപിക്ക് അറിയാം. ഇന്നല്ലെങ്കിൽ നാളെ ഇത് ഉപകരിച്ചേക്കുമെന്ന പ്രതീക്ഷ ഇപ്പോഴും ബിജെപി വച്ചുപുലർത്തുന്നു.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ‘മുത്തലാഖ്' എന്ന മൊഴിചൊല്ലൽ പ്രകാരമുള്ള വിവാഹമോചന രീതി അവസാനിച്ചു. ഇപ്രകാരം ഇനി ആർക്കും മൊഴിചൊല്ലാൻ അവകാശമില്ല.- അഥവാ മൊഴിചൊല്ലിയാൽ വിവാഹബന്ധം അവസാനിക്കുന്നില്ല. "മുത്തലാഖ്’ ചൊല്ലി ഞാൻ ബന്ധം അവസാനിപ്പിച്ചു എന്നുപറഞ്ഞാൽ അത് നിയമാനുസരണം നിലനിൽക്കാത്തതുകൊണ്ട് അവർ ഭാര്യാഭർത്താക്കന്മാരായി തുടരും. കോടതികൾ അംഗീകരിക്കുന്ന മുസ്ലിം വിവാഹനിയമപ്രകാരമോ, എല്ലാ സമുദായങ്ങൾക്കും ബാധകമായ കുടുംബ കോടതികൾ ഉൾപ്പെടെയുള്ള സിവിൽ നടപടികൾ മുഖേനയോ മാത്രമേ വിവാഹബന്ധം വേർപെടുത്താൻ മുസ്ലിം പുരുഷന് അവസരമുള്ളൂവെന്ന് സുപീംകോടതി വിധിയിലൂടെ വ്യക്തമായി പ്രഖ്യാപിച്ചിരിക്കുന്നു. -

ഇപ്രകാരം സുപ്രീംകോടതി അസാധുവാക്കിയ ഈ നടപടിക്കു പുറമെ പിന്നെന്തിന്‌ ഒരു നിയമനിർമാണം? അതും എല്ലാ സമുദായങ്ങളുടെയും വിവാഹനിയമങ്ങൾ സിവിൽ നിയമനടപടി പ്രകാരം കൈകാര്യം ചെയ്യുമ്പോൾ മുസ്ലിം വിവാഹനിയമം മാത്രം ക്രിമിനൽ നടപടിപ്രകാരം കൈകാര്യം ചെയ്യുന്നത് എന്തിനാണ്?

ഇപ്രകാരം സുപ്രീംകോടതി അസാധുവാക്കിയ ഈ നടപടിക്കു പുറമെ പിന്നെന്തിന്‌ ഒരു നിയമനിർമാണം? അതും എല്ലാ സമുദായങ്ങളുടെയും വിവാഹനിയമങ്ങൾ സിവിൽ നിയമനടപടി പ്രകാരം കൈകാര്യം ചെയ്യുമ്പോൾ മുസ്ലിം വിവാഹനിയമം മാത്രം ക്രിമിനൽ നടപടിപ്രകാരം കൈകാര്യം ചെയ്യുന്നത് എന്തിനാണ്? എല്ലാ മനുഷ്യർക്കും നിയമത്തിന്റെ മുമ്പിൽ തുല്യപരിഗണനയെന്ന ഭരണഘടനയുടെ അനുച്ഛേദം 14 നൽകുന്ന സംരക്ഷണം മുസ്ലിം പുരുഷന്മാർക്ക് നിഷേധിക്കുന്നത് എന്തിന് എന്ന ചോദ്യം പ്രസക്തമാകുന്നത് ഇവിടെയാണ്. -മോഡി സർക്കാർ പാസാക്കിയെടുത്ത (രാജ്യസഭയിൽ കുതിരക്കച്ചവടം നടത്തി ഭൂരിപക്ഷം സൃഷ്ടിച്ച്) നിയമപ്രകാരം മുത്തലാഖ് ചൊല്ലുന്ന  ഭർത്താവിനെ അറസ്റ്റുചെയ്യാനും ജാമ്യമില്ലാതെ മൂന്നു വർഷം തടവിൽ പാർപ്പിക്കാനും നിയമം അനുശാസിക്കുന്നു. മൊഴി ചൊല്ലപ്പെടുന്ന സ്‌ത്രീതന്നെ പരാതി നൽകണമെന്നില്ല. അവരുടെ രക്തബന്ധുക്കൾ ആരെങ്കിലും പരാതിപ്പെട്ടാലും പൊലീസ്‌ സബ്‌ ഇൻസ്‌പെക്ടർക്ക്‌ കേസെടുക്കാൻ ഈ നിയമം അധികാരം നൽകുന്നു. കുടുംബങ്ങളിൽ ഉണ്ടാകുന്ന കലഹങ്ങളിൽ ഭർത്താവായ പുരുഷനോടു വിരോധമുള്ള ഭാര്യയുടെ ബന്ധുക്കൾ ഇത്‌ എങ്ങനെ ഉപയോഗിക്കുമെന്ന്‌ കാണേണ്ടതുണ്ട്‌.

ഈ പരാതിയുടെ സത്യസന്ധതപോലും സബ്‌ ഇൻസ്‌പെക്ടർ പരിശോധിക്കേണ്ടതില്ല. ഉടൻ അറസ്റ്റുചെയ്‌ത്‌ ജയിലിലടയ്‌ക്കാനാണ്‌ വ്യവസ്ഥ. ഭാര്യക്ക്‌ പറയാനുള്ളത്‌ കേട്ടശേഷംമാത്രം മജിസ്‌ട്രേട്ടിന്‌ ജാമ്യം അനുവദിക്കുന്ന കാര്യം പരിഗണിക്കാം. ഇല്ലെങ്കിൽ പിന്നെയും ജയിലിൽ കിടക്കും. കേസിന്റെ വിസ്‌താരമോ, തെളിവെടുപ്പോ മറ്റു നടപടികളൊന്നും എങ്ങനെ, എപ്രകാരം എന്നൊന്നും വ്യക്തമാക്കാത്ത ഒരു നിയമനിർമാണത്തെ യുക്തിബോധമുള്ള ആർക്കെങ്കിലും അനുകൂലിക്കാനാകുമോ?

ഏകീകൃത സിവിൽ കോഡിനുവേണ്ടി വാദിക്കുന്ന ബിജെപിക്കാർ ഇതേതരത്തിൽ മറ്റു സമുദായങ്ങൾ തങ്ങളുടെ സംഘടനകളിലൂടെ വിവാഹബന്ധം വേർപെടുത്തിയാൽ ജയിലിലടയ്‌ക്കുമെന്ന നിയമം ബാധകമാക്കിയാൽ എന്തായിരിക്കും അവസ്ഥ. നിലവിലുള്ള ക്രിമിനൽ നടപടി നിയമം (സിആർപിസി), തെളിവുനിയമം എന്നിങ്ങനെയുള്ള കോടതി നടപടികളിൽ ഒരിടത്തും ജാമ്യവ്യവസ്ഥയിൽ പരാതിക്കാരെ കേട്ട്‌ പരാതിയില്ലെങ്കിലേ ജാമ്യം നൽകാവൂവെന്ന് വ്യവസ്ഥ ചെയ്യുന്നില്ല. ഈ നിയമം ക്രിമിനൽ നടപടിക്രമങ്ങളുടെ പോലും നഗ്നമായ ലംഘനമാണ്.

ബില്ലിന്റെ ചർച്ചയ്‌ക്കുശേഷം പരിഗണനയ്‌ക്കെടുക്കാമോ എന്ന സ്‌പീക്കറുടെ ചോദ്യത്തിന് പ്രതിപക്ഷകക്ഷികൾ പാടില്ലെന്നു പറഞ്ഞ് എതിർത്ത് വോട്ടു ചെയ്‌തു. ബില്ലിന്റെ ഓരോ ഖണ്ഡവും വ്യവസ്ഥകളും പരിശോധിച്ചപ്പോഴും വോട്ടു ചെയ്‌തു. ഏറ്റവുമൊടുവിൽ ബിൽ പാസാക്കണമോ- എന്നുള്ള ചോദ്യം സ്‌പീക്കറിൽനിന്നു വന്നപ്പോൾ കോൺഗ്രസ്‌ പാർടി വാക്കൗട്ട് ചെയ്‌തുപോയി. സിപിഐ എമ്മും സിപിഐയും മുസ്ലിംലീഗും ഉൾപ്പെടെ എട്ടു പേർ മാത്രമേ എതിർത്ത്‌ വോട്ടു ചെയ്യാൻ പാർലമെന്റിൽ ഉണ്ടായിരുന്നുള്ളൂ. എണ്ണത്തിൽ കുറവായിരുന്നതുകൊണ്ട് -ഞങ്ങൾ ഉയർത്തിയ നിയമപരവും ഭരണഘടനാപരവും സാമൂഹ്യനീതിയുടെ പ്രശ്‌നങ്ങളും പൗരസമൂഹം ചർച്ച ചെയ്യുമെന്ന്‌ ഞങ്ങൾക്കുറപ്പുണ്ട്‌.


പ്രധാന വാർത്തകൾ
 Top