20 March Wednesday

കൊറിയൻ ഉപദ്വീപിനെ അശാന്തമാക്കുന്ന അമേരിക്ക

പ്രകാശ്‌ കാരാട്ട്‌Updated: Thursday Apr 5, 2018

കൊറിയൻ ഉപദ്വീപിലെ സമകാലിക സംഭവവികാസങ്ങൾ ലോകമെമ്പാടുമുള്ള രാഷ്ട്രീയകേന്ദ്രങ്ങളെയും നിരീക്ഷകരെയും അതിശയിപ്പിക്കുന്നതാണ്. രണ്ടാഴ്ചയ്ക്കിടെ ആരെയും അത്ഭുതപ്പെടുത്തുന്ന പ്രഖ്യാപനങ്ങളാണ് ഉണ്ടായത്. ഇതിലാദ്യത്തേത് അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റേതാണ്. വടക്കൻ കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തുമെന്നതാണ് ആ പ്രഖ്യാപനം. മറ്റൊന്ന് അതിർത്തിഗ്രാമത്തിൽവച്ച് തെക്കൻ കൊറിയൻ പ്രസിഡന്റ് മൂൺ ജായ് കിം ജോങ് ഉന്നുമായി എപ്രിൽ 27ന് സംഭാഷണം നടത്തുമെന്നതാണ്. 

വിഭജിക്കപ്പെട്ട കൊറിയയുടെ രണ്ട് ഭാഗങ്ങൾ തമ്മിലുള്ള കലുഷിതമായ ബന്ധം മെച്ചപ്പെട്ടത് ജനാധിപത്യ കൊറിയൻ റിപ്പബ്ലിക് (ഡിപിആർകെ) എന്നുകൂടി വിളിക്കപ്പെടുന്ന വടക്കൻ കൊറിയ തെക്കൻ കൊറിയയിൽ നടന്ന ശീതകാല ഒളിമ്പിക്സിൽ പങ്കെടുത്തതോടെയാണ്. തുടർന്ന് ദക്ഷിണ കൊറിയയിൽനിന്നുള്ള സാംസ്കാരികസംഘം വടക്കൻ കൊറിയൻ തലസ്ഥാനമായ പ്യോങ്യാങ് സന്ദർശിച്ചു.

വടക്കൻ കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നും  ചൈനീസ്‌് പ്രസിഡന്റ് ഷി ജിൻ പിങ്ങും

വടക്കൻ കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നും ചൈനീസ്‌് പ്രസിഡന്റ് ഷി ജിൻ പിങ്ങും

ഒരുമാസംമുമ്പുവരെ വടക്കൻ കൊറിയയെ ഭസ്മമാക്കുമെന്നുവരെയുള്ള ഭീഷണികളാണ് പ്രസിഡന്റ് ട്രംപ് പുറപ്പടുവിച്ചുകൊണ്ടിരുന്നത്. അമേരിക്കയുടെ പശ്ചിമതീരംവരെ എത്താൻ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലുകൾ വിക്ഷേപിക്കാനുള്ള ശേഷിയുണ്ടെന്ന് വടക്കൻ കൊറിയ തെളിയിച്ചതോടെയായിരുന്നു ഈ ഭീഷണിപ്രളയം. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ യുഎൻ രക്ഷാസമിതി വടക്കൻ കൊറിയക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും അവരുടെ വ്യാപാരവും മറ്റിതര ധന ഇടപാടുകളും തടയുകയും ചെയ്തു. 

പാശ്ചാത്യമാധ്യമങ്ങൾ വടക്കൻ കൊറിയയെ ചിത്രീകരിച്ചിരുന്നത്  ലോകത്തിനെതിരെ ആണവയുദ്ധം ചെയ്യാൻ ഇഷ്ടപ്പെടുന്ന ഏകാധിപതിയുടെ നേതൃത്വത്തിലുള്ള തെമ്മാടിരാഷ്ട്രമായിട്ടായിരുന്നു.  ഇതൊരു പുതു പ്രചാരണമൊന്നുമല്ലായിരുന്നു.  1990 മുതൽ അമേരിക്ക വടക്കൻ കൊറിയയെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു. സ്വന്തം ആണവസാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനാലായിരുന്നു ഈ വിരോധം.

അമേരിക്ക കൊറിയക്കെതിരെ നടത്തിയ ആക്രമണചരിത്രം  പലരും ഇന്ന് ഓർക്കുന്നുണ്ടാകില്ല. കൊറിയൻ വിപ്ലവം നടന്നപ്പോൾ വടക്കൻ കൊറിയ കമ്യൂണിസ്റ്റ് ഭരണത്തിലായി.  കമ്യൂണിസ്റ്റ്മുന്നേറ്റം തടയുന്നതിനുവേണ്ടിയാണ് അമേരിക്ക സൈനികമായി ഇടപെട്ടതും അവരുടെ സൈന്യത്തെ തെക്കൻ കൊറിയയിൽ കേന്ദ്രീകരിച്ച് ഒരു ഏകാധിപത്യ ഭരണത്തെ സ്ഥാപിച്ചതും.  വടക്ക് കൊറിയൻ സേന മുന്നേറാൻ ശ്രമിച്ചപ്പോൾ അവരെ തടയുന്നതിന് അമേരിക്ക സമ്പൂർണ സൈനികശേഷി വിന്യസിച്ചു. 1950മുതൽ 1953വരെ നടന്ന കനത്ത പോരാട്ടത്തിനുശേഷം വെടിനിർത്തൽ പ്രഖ്യാപിക്കുകയും താൽക്കാലിക യുദ്ധവിരാമക്കരാറിൽ ഒപ്പിടുകയുംചെയ്തു. അതിനുശേഷമാണ് വടക്കൻ കൊറിയ, തെക്കൻ കൊറിയ എന്ന വിഭജനമായത്. 

ഏഴ് ദശാബ്ദങ്ങൾക്കുശേഷവും അമേരിക്കയുടെ ആയിരക്കണക്കിന് സൈനികർ തെക്കൻ കൊറിയയിൽ താവളമടിച്ചിട്ടുണ്ട്.  ആണവായുധങ്ങളും അവരുടെ കൈവശമുണ്ട്. തെക്കൻ കൊറിയയിലും ജപ്പാനിലും താവളമടിച്ചിട്ടുള്ള അമേരിക്കൻ സൈനികരിൽനിന്ന് തുടർച്ചയായ ഭീഷണി നേരിടുന്ന ഡിപിആർകെ അവരുടെ ദേശീയ പരമാധികാരം സംരക്ഷിക്കുന്നതിനായാണ് ആണവസാങ്കേതികത വികസിപ്പിക്കുന്നത്.

മറന്നുപോകുന്ന ചരിത്രത്തിന്റെ മറ്റൊരുവശം 1994ൽ അമേരിക്ക വടക്കൻ കൊറിയയുമായി ഒരു കരാറിൽ ഒപ്പിട്ടിരുന്നുവെന്ന കാര്യമാണ്.  ഇതനുസരിച്ച് വടക്കൻ കൊറിയ യുറേനിയത്തിന്റെ സമ്പുഷ്ടീകരണം അവസാനിപ്പിക്കുകയും അതിനുപയോഗിക്കുന്ന ഏക റിയാക്ടർ അടച്ചിടുകയുംവേണം.  ഇതിനുപകരം അമേരിക്ക വടക്കൻ കൊറിയക്ക് രണ്ട് ലൈറ്റ് വാട്ടർ റിയാക്ടറുകളും അത് പ്രവർത്തിപ്പിക്കാനാവശ്യമായ ഇന്ധനവും നൽകും. വടക്കൻ കൊറിയയുടെ ഊർജാവശ്യങ്ങൾ പരിഹരിക്കുന്നതിനായാണ് ഈ സഹായം.  വടക്കൻ കൊറിയക്കെതിരെയുള്ള ഉപരോധം ഇതോടെ പിൻവലിക്കാമെന്ന് അമേരിക്കയും അതിന് പകരമായി അന്തരാഷ്ട്ര ആണവോർജ ഏജൻസിക്ക് ആണവകേന്ദ്രങ്ങൾ പരിശോധിക്കാൻ അനുവദിക്കാമെന്ന് ഡിപിആർകെയും സമ്മതിച്ചു.

വടക്കൻ കൊറിയ ഈ കരാർ പൂർണമായും പാലിച്ചു.  ഏക ആണവ റിയാക്ടർ നശിപ്പിക്കുകയും അന്തരാഷ്ട്ര ആണവോർജ എജൻസിക്ക് അവരുടെ ആണവകേന്ദ്രങ്ങൾ പരിശോധിക്കാൻ അനുവദിക്കുകയുംചെയ്്തു.  എന്നാൽ, അമേരിക്കയാകട്ടെ ഈ കരാറിലെ വ്യവസ്ഥകളൊന്നും പാലിച്ചില്ല.  ഉപരോധം പിൻവലിച്ചില്ലെന്ന് മാത്രമല്ല, രണ്ട് ലൈറ്റ് വാട്ടർ ആണവ റിയാക്ടറുകൾ വടക്കൻ കൊറിയക്ക് നൽകിയതുമില്ല.

ബിൽ ക്ലിന്റൻ അമേരിക്കൻ പ്രസിഡന്റായ വേളയിലാണ് ഈ കരാർ ഒപ്പിട്ടത്.  രണ്ടാം ടേമിന്റെ അവസാനഘട്ടമായ 1999ൽ കരാർ സംരക്ഷിക്കുന്നതിന് അമേരിക്കൻ ഭാഗത്തുനിന്ന് ചില നീക്കങ്ങളൊക്കെ ഉണ്ടായി. എന്നാൽ, അടുത്തതായിവന്ന പ്രസിഡന്റ് ജോർജ് ബുഷ് കരാറുമായി മുന്നോട്ടുപേകേണ്ടതില്ലെന്ന് തീരുമാനിച്ചതോടെ ഈ നീക്കങ്ങളൊക്കെ പരാജയപ്പെട്ടു.

മാത്രമല്ല, 2001 സെപ്തംബറിൽ അമേരിക്കയിലുണ്ടായ ഭീകരാക്രമണവേളയിൽ പ്രസിഡന്റ് ബുഷ് വടക്കൻ കൊറിയയെയും തെമ്മാടികളുടെ അച്ചുതണ്ടിൽ ഉൾപ്പെടുത്തി. തുടർന്ന് അമേരിക്ക വിവിധ മാർഗങ്ങളുപയോഗിച്ച് വടക്കൻ കൊറിയയെ ഒറ്റപ്പെടുത്താനും നശിപ്പിക്കാനുമാണ് ശ്രമിച്ചത്.  ഈ ഭീഷണി നേരിടാനാണ് കിം ജോങ് ഇല്ലും ഡിപിആർകെയും ആണവസാങ്കേതികവിദ്യയും ആണവബോംബും വികസിപ്പിക്കുന്നത്. ജിം ജോങ് ഇല്ലിന്റെ മകൻ കിം ജോങ് ഉന്നാകട്ടെ ദീർഘദൂര മിസൈലുകളും നിർമിക്കാൻതുടങ്ങി.

ഇറാഖിലും ലിബിയയിലും എന്തുസംഭവിച്ചുവെന്നതിൽനിന്ന് വടക്കൻ കൊറിയ പാഠം ഉൾക്കൊണ്ടിട്ടുണ്ട്.  ആണവായുധങ്ങളുണ്ടെന്ന് ആരോപിച്ചാണ് അമേരിക്ക സദ്ദാം ഹുസൈനെ ആക്രമിച്ചതും നശിപ്പിച്ചതും.  സദ്ദാം ആണവായുധശേഷി നേടിയിരുന്നെങ്കിൽ ഇറാഖിനെ ആക്രമിക്കാൻ അമേരിക്കയ്ക്ക് ധൈര്യംലഭിക്കുമായിരുന്നില്ല. ലിബിയൻ നേതാവായ ഗദ്ദാഫി അവർക്കുണ്ടായിരുന്ന ആണവസാങ്കേതികവിദ്യ പാശ്ചാത്യശക്തികളുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ അടിയറവച്ചു.  ഉപരോധം പിൻവലിക്കുമെന്നും പാശ്ചാത്യരാഷ്ട്രങ്ങളുമായുള്ള ബന്ധം സാധാരണ നിലയിലാകുമെന്നും പ്രതീക്ഷിച്ചായിരുന്നു ഈ നടപടി. എന്നാൽ, ഗദ്ദാഫിയെ ലക്ഷ്യംവച്ച് നശിപ്പിക്കുകയാണുണ്ടായത്. 

ആക്രോശങ്ങളും ഭീഷണികളും ഉയർത്തിയെങ്കിലും പ്രസിഡന്റ് ട്രംപിനും അദ്ദേഹത്തിന്റെ സൈനിക ഉപദേശകർക്കും നന്നായി അറിയുന്ന കാര്യം വടക്കൻ കൊറിയയെ നശിപ്പിക്കാൻ സൈനികശേഷി ഉപയോഗിക്കാൻ കഴിയില്ലെന്നതാണ്. അങ്ങനെവന്നാൽ അത് ആണവയുദ്ധത്തിലേക്ക് നയിക്കപ്പെടുകയും അമേരിക്ക ഉൾപ്പെടെ ആണവാക്രമണത്തിന് വിധേയമാകുകയും ചെയ്യും.  വടക്കൻ കൊറിയ പറയുന്ന ഈ വസ്തുത ശരിവയ്ക്കുന്നതാണ് പ്രസിഡന്റ് ട്രംപിനുണ്ടായ മനംമാറ്റം. ചെറിയ രാജ്യമായ വടക്കൻ കൊറിയക്ക് അവരുടെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കാൻ ആണവായുധശേഷി നേടുകയല്ലാതെ മറ്റ് മാർഗമില്ലതന്നെ.

1994ലേതുപോലെ വടക്കൻ കൊറിയ ഇപ്പോഴും ആണവായുധങ്ങൾ ഉപേക്ഷിക്കാൻ സന്നദ്ധമാണ്. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതും മേഖലയിലെ വൻ ശക്തികളായ ചൈനയും ജപ്പാനും റഷ്യയും അംഗീകരിക്കുന്നതുമായ ഒരു സമാധാനസന്ധി ഒപ്പിടുന്നതിന് അമേരിക്ക സന്നദ്ധമാകണമെന്ന് മാത്രം. 

തെക്കൻ കൊറിയയുമായി അടുക്കാനുള്ള വടക്കൻ കൊറിയയുടെ നീക്കം അവരുടെ ഉന്നതമായ നയതന്ത്രജ്ഞതയാണ് വെളിവാക്കുന്നത്. വിഭജിക്കപ്പെട്ട കൊറിയകളെ തമ്മിലടിപ്പിക്കാനാകില്ലെന്ന വ്യക്തമായ സന്ദേശമാണ് ഇത് അമേരിക്കയ്ക്ക് നൽകുന്നത്.  കിം ജോങ് ഉൻ ചൈന സന്ദർശിച്ചതും പ്രസിഡന്റ് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തിയതും ചൈനയെയും  വടക്കൻ കൊറിയയെയും തമ്മിലടിപ്പിച്ച് കാര്യംനേടാൻ അമേരിക്കയെ അനുവദിക്കില്ലെന്ന സന്ദേശമാണ് നൽകുന്നത്.  

വ്യക്തി ആരാധന, ഭരണവംശപരമ്പര എന്നിവയെ വിമർശിക്കുമ്പോഴും അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെയും ദേശീയ പരമാധികാരം സംരക്ഷിക്കാനും ഉള്ള വടക്കൻ കൊറിയയുടെ നീക്കത്തെ സിപിഐ എം എന്നും പിന്തുണച്ചിട്ടുണ്ട്. പാർടി കോൺഗ്രസിന്റെ വേളയിൽ കേരളത്തിൽനിന്നുള്ള സിപിഐ എം നേതാക്കൾ സാമ്രാജ്യത്വത്തിനെതിരെ പൊരുതുന്ന വടക്കൻ കൊറിയക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചതിനെതിരെ ഉയർന്ന വിമർശനങ്ങളുടെ പൊള്ളത്തരം വ്യക്തമാക്കുന്നതുകൂടിയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ.

ഈ വിമർശനമുയർത്തിയ വലതുപക്ഷരാഷ്ട്രീയക്കാരും ബൂർഷ്വാമാധ്യമങ്ങളും പാശ്ചാത്യ ദുഷ്പ്രചാരണത്തിന്റെ ഉപകരണങ്ങളായി തീരുകയായിരുന്നെന്നും ഇപ്പോൾ ബോധ്യപ്പെടുകയാണ്  


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top