26 May Tuesday

ഇടതുപക്ഷം കെടുത്തിയ വർഗീയാഗ്നി

പി ജയരാജൻUpdated: Thursday Mar 5, 2020

തലശേരി കലാപത്തെക്കുറിച്ചും രക്തസാക്ഷി യു കെ കുഞ്ഞിരാമനെക്കുറിച്ചും ഒരു കോൺഗ്രസ്‌ നേതാവ് തികച്ചും പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്‌. ഡൽഹി കത്തുന്നത് ലോകം ഞെട്ടലോടെ കണ്ടിരിക്കുമ്പോഴാണ്, സിപിഐ എമ്മും മതനിരപേക്ഷകക്ഷികളും ഒന്നിച്ചു നിന്ന് കെടുത്തിയ തലശേരി കലാപത്തെക്കുറിച്ച് വസ്തുതാവിരുദ്ധമായി കോൺഗ്രസ് നേതാവിന്റെ പ്രസംഗവീഡിയോ പ്രചരിക്കുന്നത്‌.

രക്തസാക്ഷികളെ നുണപ്രചാരണംകൊണ്ട്  അപമാനിക്കുമ്പോൾ യഥാർഥചരിത്രം വീണ്ടും വീണ്ടും ഉറച്ച ശബ്ദത്തിൽ വിളിച്ചുപറയുക തന്നെ ചെയ്യേണ്ടതുണ്ട്‌. ചരിത്രത്തിൽ പല സന്ദർഭങ്ങളിലും ആർഎസ്‌എസിന്റെ ബി ടീമാണ് കോൺഗ്രസ്. ആർഎസ്എസ് നൽകുന്ന അതേ കുപ്പായമിട്ടാണ് സിപിഐ എമ്മിനെതിരെ കോൺഗ്രസ് നേതാക്കൾ ഗീബൽസിയൻ നുണയുമായി ഇറങ്ങുക. തലശേരി കലാപത്തെക്കുറിച്ചുള്ള ആർഎസ്എസ് ഭാഷ്യംതന്നെയാണ് കമ്യൂണിസ്റ്റ് വിരുദ്ധതകൊണ്ട് ചരിത്രബോധം  നഷ്ടപ്പെട്ട കോൺഗ്രസിലെ ഈ കപടബുദ്ധിജീവിയും മുന്നോട്ടുവയ്‌ക്കുന്നത്.

തലശേരി കലാപം നടത്തിയത് ആർഎസ്എസ് ആണെന്ന് അറിയാത്ത ആരുമുണ്ടാകില്ല. കോൺഗ്രസ്‌ നേതാവിന്റെ പ്രസംഗം ഒരുപാട് തവണ കേട്ടു. കലാപം നടത്തിയ ആർഎസ്എസിനെതിരായി ഒരു വാക്കുപോലുമില്ല. ലക്ഷ്യം വ്യക്തം. മുസ്ലിങ്ങൾ വേട്ടയാടുമ്പോഴെല്ലാം മൗനംകൊണ്ട് തീവ്രഹിന്ദുത്വത്തെ  പിന്തുണച്ച പാരമ്പര്യം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഡൽഹി കലാപം. ജനങ്ങളെ മതത്തിന്റെപേരിൽ ഭിന്നിപ്പിക്കാനുള്ള സംഘപരിവാർ ശ്രമത്തിനെതിരായ ജാഗ്രതാബോധത്തിന്റെ ഭാഗമായാണ്‌ രാജ്യത്തുടനീളം വിവിധ വിഭാഗത്തിൽപ്പെ ട്ട ജനങ്ങൾ തെരുവിൽ അണിചേർന്നത്. അത്തരമൊരു സമരമുന്നേറ്റത്തിന് നേതൃത്വം നൽകിയത്‌ പിണറായിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാരാണ്. സർക്കാരിന്റെ നിശ്ചയദാർഢ്യമുള്ള തീരുമാനങ്ങൾ മതനിരപേക്ഷ ജനാധിപത്യ വിശ്വാസികൾക്കും ന്യൂനപക്ഷങ്ങൾക്കും ഏറെ കരുത്ത് പകരുന്നതാണ്. എന്നാൽ, ഡൽഹി കലാപത്തിന്റെ ഭീകരമായ ദൃശ്യങ്ങളും വാർത്തകളും വന്നുകൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് കോൺഗ്രസിന്റെ പ്രമുഖ നേതാവ് നടത്തിയ പ്രസംഗം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. ആ പ്രസംഗത്തിൽ തലശേരി  കലാപം അവസാനിപ്പിക്കാനായി ഇടപെട്ട് ധീരരക്തസാക്ഷിത്വം വരിച്ച യു കെ കുഞ്ഞിരാമനെ പരിഹസിക്കുകയും അപവാദം പ്രചരിപ്പിക്കുകയുമാണ് ചെയ്യുന്നത്. സഖാവ് യു കെ കള്ളുഷാപ്പിലുണ്ടായ തർക്കത്തിൽ കൊല്ലപ്പെട്ടു എന്നാണ് പ്രസംഗം. നേരത്തെ ആർഎസ്എസ് നടത്തിക്കൊണ്ടിരുന്ന  പ്രചാരണമായിരുന്നു ഇത്. കോൺഗ്രസുകൂടി ഇത് ഏറ്റെടുത്തിരിക്കുന്നു.

1971 അവസാനവും 72 ആദ്യവുമാണ് തലശേരി കലാപം. ഈ കലാപം അന്വേഷിച്ച ജസ്റ്റിസ് ജോസഫ് വിതയത്തിൽ കമീഷൻ നിഗമനങ്ങൾ റിപ്പോർട്ടായി അവതരിപ്പിച്ചിട്ടുണ്ട്. കമീഷൻ നിരവധി സാക്ഷികളിൽ നിന്ന് മൊഴിയെടുത്തു. വിവിധ പാർടികൾ മൊഴി കൊടുത്തു. കമീഷൻ കൃത്യമായി രേഖപ്പെടുത്തിയത് ഇന്ത്യയിൽ മറ്റിടങ്ങളിൽ നടന്നിട്ടുള്ള വർഗീയകലാപങ്ങളുടെ അതേ രീതിശാസ്ത്രമാണ് തലശേരിയിലും ആവർത്തിച്ചത് എന്നാണ്. കോൺഗ്രസ്‌ നേതാവായിരുന്ന സുഭദ്ര ജോഷിയുടെ ‘കലാപങ്ങളിൽ ആർഎസ്എസിന് പങ്കുണ്ടോ' എന്ന പേരിലുള്ള ലഘുലേഖയിൽ വർഗീയകലാപങ്ങളെക്കുറിച്ചുള്ള കമീഷൻ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കലാപത്തിന്റെ രീതിശാസ്ത്രം വിവരിക്കുന്നുണ്ട്.

ഒന്ന്: ആസൂത്രിതമായി നുണപ്രചാരണം നടത്തി ഹിന്ദുമുസ്ലിം ശത്രുത വളർത്തുക.
രണ്ട്: ശാഖകളിലൂടെ നടത്തുന്ന ആർഎസ്എസിന്റെ ആയുധ പരിശീലനം.

ഇതേ രീതിശാസ്ത്രമാണ് തലശേരിയിലും പ്രയോഗിച്ചത് എന്ന് തെളിവുകളെ അടിസ്ഥാനപ്പെടുത്തി കമീഷൻ രേഖപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ടിലെ ഒരുഭാഗത്ത് അദ്ദേഹം, ആർഎസ്എസിന്റെ രാഷ്ട്രീയ പാർടിയായിട്ടുള്ള ജനസംഘം മുസ്ലിംസമുദായത്തിനുനേരെ നടത്തിയ ആസൂത്രിത പ്രചാരവേല രേഖപ്പെടുത്തുന്നുണ്ട്.
ആർഎസ്എസിനെപ്പോലെ  ജനസംഘം യൂണിറ്റും മുസ്ലിങ്ങൾക്കെതിരെ അതേ നിലപാടാണ് കൈക്കൊള്ളുന്നത്. മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ നടന്ന പ്രക്ഷോഭം മുസ്ലിം ലീഗിനെതിരെയായിരുന്നു. അവർ പ്രസിദ്ധീകരിച്ച ലഘുലേഖകൾ കമീഷന് ലഭിക്കുകയുണ്ടായി. ആ ലഘുലേഖകൾ വായിച്ചാൽ ജനസംഘം  തലശേരിയിൽ നടത്തിയ പ്രചാരണങ്ങൾ തിരിച്ചറിയാനാകും. തലശേരിയിൽ സംഘടിപ്പിച്ച ജനസംഘത്തിന്റെ പൊതുയോഗത്തിൽ ഈ കാര്യം കൃത്യമായി പറയുന്നുണ്ട്. എന്നുമാത്രമല്ല , ആ പൊതുയോഗത്തിൽ തലശേരിയിലെ പൊലീസ് സംവിധാനത്തിൽ മുസ്ലിം ലീഗിന്റെ ഇടപെടൽ സംബന്ധിച്ചും ആരോപണങ്ങൾ ഉന്നയിക്കുകയുണ്ടായി. അതുകൊണ്ട്  കലാപം സൃഷ്ടിക്കുന്നതിലും സാമുദായികസംഘർഷം സൃഷ്ടിക്കുന്നതിലും ഒരു വലിയപങ്ക് ജനസംഘത്തിനുണ്ട് എന്നാണ് അനുമാനിക്കേണ്ടത്. ഇതുമാത്രമല്ല, കമീഷന് ആർഎസ്എസിന്റെ പ്രമുഖനേതാവ് യു പി രാജഗോപാൽ നൽകിയിട്ടുള്ള മൊഴിയുണ്ട്: ‘മുസ്ലിംവിരുദ്ധ വികാരം ആളിക്കത്തിക്കാൻ ആർഎസ്എസ് പങ്കുവഹിച്ചതായി പറയുന്നതിൽ എനിക്ക് യാതൊരു സംശയവുമില്ല'. അത് ഹിന്ദുക്കൾക്കിടയിൽ കലാപത്തിന്റെ സാഹചര്യം സൃഷ്ടിക്കാൻ കാരണമായിട്ടുണ്ട് എന്നുകൂടിയാണ് കമീഷൻ പറഞ്ഞുവയ്‌ക്കുന്നത്. കലാപം ഡിസംബർ 28നാണ് ആരംഭിച്ചത്. മേലൂട്ട് മടപ്പുരയിലേക്കുള്ള കലശഘോഷയാത്രയ്‌ക്കുനേരെ മുസ്ലിങ്ങൾ നടത്തുന്ന ഹോട്ടലിൽനിന്ന് ചെരിപ്പെറിഞ്ഞു എന്ന കള്ളപ്രചാരണമാണ് പ്രചരിപ്പിക്കപ്പെട്ടത്.

പള്ളി സംരക്ഷിച്ചതിന്റെ പ്രതികാരമായി വർഗീയവാദികളുടെ ആക്രമണത്തിൽ 1972 ജനുവരി മൂന്നിന്‌ രാത്രി യു കെയ്ക്കും മറ്റ് മൂന്ന് സഖാക്കൾക്കും ഗുരുതരമായി പരിക്കേറ്റു. മാങ്ങാട്ടിടം ലോക്കൽ കമ്മിറ്റി അംഗമായിരുന്ന യു കെ ജനുവരി നാലിന്‌ രക്തസാക്ഷിത്വം വരിച്ചു.

ഈ കലാപശ്രമത്തിൽ മാർക്സിസ്റ്റ്‌ പാർടിയുടെ നേതാക്കളാരും പങ്കെടുത്തിട്ടില്ല എന്നത് തർക്കമറ്റ സംഗതിയാണ്. അതുപോലെതന്നെ 29 ന്‌ വൈകിട്ട്‌ പാർടി പതാക കെട്ടിയ കാറിൽ മാർക്സിസ്റ്റ്‌ പാർടി പ്രവർത്തകർ സഞ്ചരിച്ചതായും കലാപം അവസാനിപ്പിക്കാൻ ജനങ്ങളോട് അഭ്യർഥിച്ചതായും തെളിവുണ്ട്

കമീഷന് ആർഎസ്എസ്, ജനസംഘം, ജമാഅത്തെ ഇസ്ലാമി, കോൺഗ്രസ്‌, മുസ്ലിംലീഗ് മുതലായ വിവിധ പാർടികൾ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, സിപിഐ എം മൊഴി നൽകിയില്ല. കമീഷനുമായി സഹകരിക്കേണ്ടതില്ല എന്നാണ് അന്ന് പാർടി തീരുമാനിച്ചിരുന്നത്. കാരണം അന്ന് കലാപം ആരംഭിച്ചപ്പോൾ തലശേരി പൊലീസ് സ്റ്റേഷന് മുന്നിൽപ്പോലും അക്രമങ്ങളും കൊള്ളിവയ്‌പും നടത്തിയപ്പോൾ പൊലീസ് നോക്കിനിന്നു. പൊലീസിനെ ചലിപ്പിക്കാൻ ഉത്തരവാദിത്തമുള്ള അന്നത്തെ ആഭ്യന്തരമന്ത്രി കരുണാകരൻ ഗുജറാത്തിലേക്ക് പോകുകയായിരുന്നു ചെയ്തത്. കലാപത്തിന് ശേഷം ആസൂത്രിതമായി സിപിഐ എം വിരുദ്ധ പ്രചാരണമാണ് അന്നത്തെ മാർക്സിസ്‌റ്റ്‌ വിരുദ്ധ മുന്നണി കൈക്കൊണ്ടത്. സിപിഐ എമ്മാണ് കലാപത്തിന്റെ പിന്നിലെന്നാണ് വലതുപക്ഷം പ്രചരിപ്പിച്ചിരുന്നത്. നഷ്ടപരിഹാരം കൊടുക്കാനുള്ള സമിതിയിൽനിന്നുപോലും സിപിഐ എമ്മിനെ ഒഴിച്ചുനിർത്തുകയാണ് സർക്കാർ ചെയ്തത്. ഈ നടപടിയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് കമീഷനുമായി സഹകരിക്കേണ്ടതില്ല എന്ന നിലപാട് കൈക്കൊണ്ടത്. എങ്കിലും മൊഴിയുടെ അടിസ്ഥാനത്തിൽ കമീഷൻ ഒരു കാര്യം അടിവരയിട്ട് പറഞ്ഞു. റിപ്പോർട്ടിലെ 220‐ാം ഖണ്ഡികയിൽ പറഞ്ഞിട്ടുള്ള ഭാഗം ഇങ്ങനെയാണ്‌.

‘‘ഈ കലാപശ്രമത്തിൽ മാർക്സിസ്റ്റ്‌ പാർടിയുടെ നേതാക്കളാരും പങ്കെടുത്തിട്ടില്ല എന്നത് തർക്കമറ്റ സംഗതിയാണ്. അതുപോലെതന്നെ 29 ന്‌ വൈകിട്ട്‌ പാർടി പതാക കെട്ടിയ കാറിൽ മാർക്സിസ്റ്റ്‌ പാർടി പ്രവർത്തകർ സഞ്ചരിച്ചതായും കലാപം അവസാനിപ്പിക്കാൻ ജനങ്ങളോട് അഭ്യർഥിച്ചതായും തെളിവുണ്ട്. കാറിൽ അന്നത്തെ കൂത്തുപറമ്പ്‌ എംഎൽഎ പിണറായി വിജയന്റെ നേതൃത്വത്തിൽ പാർടി നേതാക്കളായ പി വിജയൻ, എം വി രാജഗോപാലൻ, പാട്യം രാജൻ എന്നീ നേതാക്കളാണ്‌ ഉണ്ടായിരുന്നത്‌’’ എന്നതാണ് ആ ഭാഗം.

സമാധാനം സ്ഥാപിക്കാനുള്ള ഈ ഒരു ഇടപെടൽ മറ്റ് രാഷ്ട്രീയ സംഘടനകൾ നടത്തിയതായി റിപ്പോർട്ടിലില്ല. കലാപം തടയാൻ കോൺഗ്രസും ലീഗും നടത്തിയ ഇടപെടലുകൾ എന്തൊക്കെയാണെന്ന് ധൈര്യമുണ്ടെങ്കിൽ യുഡിഎഫുകാർ പറയട്ടെ.

തലശേരി വർഗീയകലാപത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് വിതയത്തിൽ  കമീഷൻ റിപ്പോർട്ടിലെ പ്രസക്തഭാഗം എംഎൽഎ ആയ കോൺഗ്രസ്‌ നേതാവിന് നിയമസഭാരേഖകളിൽനിന്ന്‌ ലഭ്യമാണ്‌.  അതിൽ ഖണ്ഡിക 220 വായിച്ചു നോക്കുകയുമാകാം. മറ്റൊരു ആക്ഷേപം തലശേരി കലാപത്തിനുശേഷം നിയമസഭ ചേർന്നപ്പോൾ ഒരു സിപിഐ എം നേതാവും യു കെയുടെ ഇടപെടലുകൾ പരാമർശിച്ചില്ല എന്നതാണ്. നിയമസഭാരേഖകൾ ലഭ്യമാണ്. ഒരു എംഎൽഎയ്ക്ക് അത് ലഭിക്കാൻ എളുപ്പമാണ്. 1972 ഫെബ്രുവരി 22ന്‌ നിയമസഭയിൽ ബാലാനന്ദൻ നടത്തിയ പ്രസംഗവും ലഭ്യമാണ്. അതിൽ നിന്ന്‌:

‘ മുസ്ലിം സമുദായത്തെ ആക്രമണങ്ങളിൽനിന്ന്‌ രക്ഷിക്കാൻ മുന്നോട്ട് വന്നിട്ടുള്ളത്‌ മാർക്സിസ്റ്റ്‌ പാർടി മാത്രമാണ്. തലശേരി സംഭവം ഉണ്ടായി. സ്വത്ത് നശിച്ചു. കെട്ടിടങ്ങൾ നശിച്ചു. നമുക്കെല്ലാവർക്കുമറിയാം യു കെ കുഞ്ഞിരാമൻ മരിച്ചത് എന്തിനാണെന്ന്. പള്ളിയിൽ ആക്രമണം ഉണ്ടായപ്പോൾ അദ്ദേഹം കാവൽനിന്നു. ആർഎസ്എസുകാർ പറഞ്ഞു  ‘‘എടുത്തോളാം ’’ എന്ന്. അയാൾ പേടിച്ചില്ല’

ഇതാണ് കലാപത്തിന് ശേഷം നിയമസഭാസമ്മേളനത്തിൽ സിപിഐ എമ്മിന്റെ എംഎൽഎ പറഞ്ഞതെന്നിരിക്കെ കോൺഗ്രസ്‌ നേതാവ് എത്രമാത്രം ആസൂത്രിതമായിട്ടാണ് ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുന്നത്.

അന്ന്‌ കലാപത്തിനിരയായവരെ സഹായിക്കാൻ മുന്നിട്ടിറങ്ങിയതും സിപിഐ എമ്മാണ്. ജനാബ് അസ്സുഹാജി പ്രസിഡന്റും അന്നത്തെ കൂത്തുപറമ്പ് എംഎൽഎ പിണറായി സെക്രട്ടറിയുമായ കമ്മിറ്റിയാണ് സഹായിക്കാൻ മുന്നിട്ടിറങ്ങിയത്‌. പള്ളി സംരക്ഷിച്ചതിന്റെ പ്രതികാരമായി ആർഎസ്എസുകാർ  കൊലപ്പെടുത്തിയ യു കെയ്‌ക്ക്‌ ആദരാഞ്‌ജലിയർപ്പിക്കാൻ അന്ന് കോൺഗ്രസിന്റെയും ലീഗിന്റെയും പ്രാദേശികനേതാക്കൾ അടക്കം എത്തി. നീർവേലി എൽപി സ്‌കൂളിൽ യുകെയ്ക്ക് ആദരാഞ്ജലി അർപ്പിച്ച്‌ പ്രസംഗിച്ചവരിൽ കോൺഗ്രസിന്റെയും മുസ്ലിംലീഗിന്റെയും നേതാക്കളുണ്ട്.

ചരിത്രവസ്തുതകളെ നിഷേധിച്ച്‌ ജനങ്ങളെ കബളിപ്പിക്കാനും അതുവഴി സിപിഐ എം വിരുദ്ധവികാരം ഉണ്ടാക്കാനും കഴിയുമോ എന്നാണ് കോൺഗ്രസ്‌ ശ്രമം.  ഇന്നത്തെ രാഷ്ട്രീയസാഹചര്യങ്ങളിൽ ഇടതുപക്ഷമാണ് എല്ലാ വർഗീയശക്തികളെയും പ്രതിരോധിക്കുന്നത്. ആർഎസ്എസിന് സഹായകരമായ ന്യൂനപക്ഷശക്തികളുണ്ട്. അവരെയും എതിർത്തുകൊണ്ട്‌ മതനിരപേക്ഷതയ്‌ക്കുവേണ്ടി പൊരുതുന്ന സിപിഐ എമ്മിനെതിരെ അപവാദം പ്രചരിപ്പിക്കുന്ന ഇതേ കോൺഗ്രസാണ് ജമാഅത്തെ ഇസ്ലാമി, പോപ്പുലർ ഫ്രണ്ട് തുടങ്ങിയവരെ പ്രോത്സാഹിപ്പിക്കുന്നത്. ഇന്ത്യ എപ്പോഴെല്ലാം കലുഷിതമായിട്ടുണ്ടോ അപ്പോഴെല്ലാം തീവ്രഹിന്ദുത്വത്തിന് മൗനംകൊണ്ടും വാക്കുകൾ കൊണ്ടും ദല്ലാൾപ്പണി ചെയ്‌ത ചരിത്രമാണ് കോൺഗ്രസിന്റേത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top