20 April Saturday

ത്രിപുര തിരിച്ചറിയും; പ്രതിരോധിക്കും

എം വി ഗോവിന്ദൻUpdated: Monday Mar 5, 2018


ത്രിപുരയിൽ ഇടതുമുന്നണി തോറ്റിരിക്കുന്നു. അതൊരു യാഥാർഥ്യമാണ്. പക്ഷേ, ആ തോൽവിയെ ഹിമാലയവൽക്കരിച്ച് ത്രിപുരയിലെ ഇടതുമുന്നണിയുടെ ജനകീയാടിത്തറ നഷ്ടമായിരിക്കുന്നു എന്ന് വ്യാഖ്യാനിച്ചാൽ അത് അംഗീകരിക്കാനാകില്ല. അത് വസ്തുതാപരവുമല്ല. 44.3 ശതമാനം വോട്ടിന്റെ ജനകീയപിന്തുണ ത്രിപുരയിൽ ഇടതുമുന്നണിക്കുണ്ട്. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് 50.5 ശതമാനം വോട്ട് നേടാൻ സാധിച്ചു. പക്ഷേ, ബിജെപിക്ക് കോൺഗ്രസിൽനിന്ന് വിലയ്ക്കുവാങ്ങിയ 34.7 ശതമാനം വോട്ടുകൂടി ചേർത്തുവയ്ക്കുമ്പോൾ ബിജെപിക്ക് 43 ശതമാനം വോട്ടുമാത്രമേ നേടാൻ പറ്റിയിട്ടുള്ളൂ. അതേസമയം സിപിഐ എമ്മിന് 42.7 ശതമാനം വോട്ട് നിലനിർത്താൻ സാധിച്ചു. ബിജെപി 999093 വോട്ട് നേടിയപ്പോൾ സിപിഐ എം 992575 വോട്ട് നേടി.

ബിജെപിയുടെ വിജയം ആർഎസ്എസിന്റെ മൂശയിൽ വിരിഞ്ഞ കുതന്ത്രങ്ങളുടെ ഫലമായുണ്ടായതാണ്. ജനാധിപത്യത്തിന്റെ എല്ലാ വാതിലും കൊട്ടിയടച്ചുണ്ടാക്കിയ വിലപേശലുകളിലൂടെ, വിഘടനവാദവും പണാധിപത്യവും മസിൽപവറും വർഗീയ ധ്രുവീകരണവുമുപയോഗിച്ച് നേടിയ വിജയംകൂടിയായി അതിനെ വിലയിരുത്തേണ്ടതുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് 2013ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ത്രിപുരയിൽ ലഭിച്ച വോട്ട് 804457 (36.5 ശതമാനം). 2018ൽ ഫലം പുറത്തുവരുമ്പോൾ കോൺഗ്രസിന്റെ വോട്ട് വെറും 41325 (1.8%) ആയി കുറഞ്ഞു. 763132 വോട്ടാണ് കോൺഗ്രസിൽനിന്ന് ബിജെപിയിലേക്ക് ചോർന്നത്. 2013ൽ 33808 (1.5 ശതമാനം) വോട്ട് ലഭിച്ച ബിജെപിക്ക് ഇപ്പോൾ 999093 (43.0ശതമാനം) വോട്ട് ലഭിച്ചതിന്റെ കാരണം തെരഞ്ഞ് മറ്റെവിടേക്കും പോകേണ്ടതില്ല.

കോൺഗ്രസുമായി കൂട്ടുകൂടിയിരുന്നെങ്കിൽ ത്രിപുരയിൽ ഇടതുമുന്നണി ഇത്തരത്തിൽ പരാജയപ്പെടുമായിരുന്നില്ല എന്ന വാദം ചില മാധ്യമങ്ങളും വ്യക്തികളും മുന്നോട്ടുവയ്ക്കുന്നുണ്ട്. അബദ്ധജടിലമായ വിലയിരുത്തലാണത്. ത്രിപുരയിൽ കോൺഗ്രസ് കാവിയണിഞ്ഞ് ബിജെപിയായിരിക്കുന്നു. പിന്നെങ്ങനെ കൂട്ടുകൂടൽ സാധ്യമാകും? വലതുപക്ഷം ഇടതുപക്ഷത്തോടല്ല വലതുപക്ഷത്തോടുതന്നെയാണ് കൈകോർക്കാനിഷ്ടപ്പെടുന്നത് എന്നതിന് ത്രിപുരയിലെ കോൺഗ്രസ്‐ബിജെപി ബാന്ധവം ഉദാഹരണമാകുന്നു.  

പഴയ കോൺഗ്രസ് പുതിയ ബിജെപി ആകുന്ന പ്രവണത രാജ്യമാകെ വളർന്നുവരികയാണ്. ത്രിപുരയിൽ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ബിജെപിയുടെ ഹിമന്ത ബിശ്വസാർമ, അസമിലെ ബിജെപി മന്ത്രിയാണ്. 2015ലാണ് കോൺഗ്രസിൽനിന്ന് അദ്ദേഹം ബിജെപിയിലേക്ക് എത്തിയത്. ഹിമന്ത തെരഞ്ഞെടുപ്പ് ചുമതലയുമായി ത്രിപുരയിൽ വന്നയുടനെതന്നെ ത്രിപുരയിലെ കോൺഗ്രസ് വർക്കിങ് പ്രസിഡന്റായ പ്രത്യുദ് കിഷോർ ദേബ ബർമനുമായി ചർച്ച നടത്തി. ആ സമയത്ത് മാധ്യമങ്ങൾ അത് പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു. പ്രത്യുദിനെ ബിജെപിയുടെ രാജ്യസഭാ എംപി ആക്കുമെന്ന് കേന്ദ്രമന്ത്രി മഹേഷ് ശർമ അന്ന് പ്രസ്താവിച്ചു. ത്രിപുരയിൽ കോൺഗ്രസിന്റെ വർക്കിങ് പ്രസിഡന്റിൽ തുടങ്ങി ബൂത്ത് പ്രസിഡന്റുമാർവരെയുള്ളവരുമായി ഇത്തരത്തിൽ ചർച്ചകൾ നടത്താൻ ബിജെപിക്ക് സാധിച്ചു. ആ ചർച്ചയിലൂടെയാണ് കോൺഗ്രസിന്റെ വോട്ട് ബിജെപിക്ക് മറിക്കുന്നതിനുള്ള ധാരണ ഉണ്ടായത്. വൻതോതിൽ പണവും മറ്റ് വിഭവങ്ങളും അതിനായി വിനിയോഗിക്കപ്പെട്ടു. കോൺഗ്രസിന്റെ 34.7 ശതമാനം വോട്ട് അങ്ങനെയാണ് ബിജെപി സ്വന്തമാക്കിയത്.

കോൺഗ്രസുമായുള്ള ബാന്ധവത്തിനായുള്ള ചർച്ച കൊഴുക്കുമ്പോൾ മറ്റൊരുഭാഗത്ത് വർഗീയധ്രുവീകരണം ഉണ്ടാക്കുന്നതിലും ആർഎസ്എസ്‐ബിജെപി നേതൃത്വം ശ്രമിച്ചു. ത്രിപുരയിലെ ജാംജൂരിയ പ്രദേശം ഹിന്ദുക്കളും മുസ്ലിങ്ങളും ഇടപഴകി താമസിക്കുന്നിടമാണ്. അവിടെയുള്ള രാജ്ധൻഗർ ദർഗ ആർഎസ്എസ്‐ബിജെപി പ്രവർത്തകർ ആക്രമിച്ചു. മുസ്ലിം ന്യൂനപക്ഷം പ്രകോപിതരായ ആ സമയത്തുതന്നെ ഇരുട്ടിന്റെ മറവുപറ്റി ടെപാനിയ, ഗബർച്ചാര, ധൻപുർ എന്നിവിടങ്ങളിലെ ഹിന്ദുക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളും ആർഎസ്എസുകാർ തകർത്തു. ഒരു വർഗീയകലാപമാണ് അവർ ലക്ഷ്യമിട്ടത്. സംഘർഷങ്ങളുണ്ടായ സ്ഥലങ്ങളിൽ ബിജെപി പ്രതിഷേധം സംഘടിപ്പിച്ചു. മുൻകൂട്ടി തയ്യാറാക്കിവച്ച ഫ്ളക്സ് ബോർഡുകളും പോസ്റ്ററുകളും ഇവിടങ്ങളിൽ പ്രചരിപ്പിച്ചു. അമ്പലങ്ങളിലെ വിഗ്രഹങ്ങൾ തകർത്തതിന് ബിജെപി നേതാക്കൾ അറസ്റ്റ് ചെയ്യപ്പെട്ടു. ത്രിപുരയിലെ ആർഎസ്എസ് കാര്യാലയമായ സേവാധാമിൽ നേരത്തേ താമസിച്ചാണ് ഇത്തരത്തിലുള്ള വർഗീയ അജൻഡ നടപ്പാക്കാൻ ആർഎസ്എസ് സർസംഘചാലക് മോഹൻഭാഗവത് നിർദേശം നൽകിയത്.

അതേസമയം ഐപിഎഫ്ടിയെ ഉപയോഗിച്ച് ആദിവാസികളെയും ബംഗാളി ഹിന്ദുക്കളെയും ഭിന്നിപ്പിക്കാനുള്ള ശ്രമവും നടത്തി. നിരോധിത എൻഎൽഎഫ്ടിക്ക് രാഷ്ട്രീയരൂപം നൽകിയ നരേന്ദ്ര ദേബർമയാണ് എൻഡിഎ സംഖ്യകക്ഷിയായ ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര(ഐപിഎഫ്ടി)യുടെ നേതാവ്. സ്വതന്ത്ര ത്രിപുരയായിരുന്നു എൻഎൽഎഫ്ടിയുടെ ആവശ്യമെങ്കിൽ, ത്രിപുര ഗോത്ര സ്വയംഭരണ മേഖലാ ജില്ലാ കൗൺസിൽ (ടിടിഎഎഡിസി) പ്രദേശങ്ങൾ ഉൾപ്പെടുത്തി ത്വിപ്രലാൻഡ് സംസ്ഥാനം എന്ന ആവശ്യമാണ് ഐപിഎഫ്ടി ഉയർത്തുന്നത്. ചുരുക്കിപ്പറഞ്ഞാൽ വിഘടനവാദം. വളരെ ചെറിയൊരു സംസ്ഥാനമായ ത്രിപുരയെ വെട്ടിമുറിക്കുക എത്രമാത്രം അസംബന്ധമാണ്. എന്നാൽ, ഐപിഎഫ്ടിയാകട്ടെ പ്രത്യേക ത്വിപ്രലാൻഡ് രൂപീകരിക്കുന്നതിന് പ്രധാനമന്ത്രി കാര്യാലയം അനുകൂലമാണെന്നു പറഞ്ഞ് തെരഞ്ഞെടുപ്പുസമയത്ത് ലഘുലേഖകൾ വിതരണംചെയ്തു. ഗോത്രമേഖലയിൽ വലിയ ഇളക്കമുണ്ടാക്കാൻ ആ പ്രചാരണത്തിന് സാധിച്ചു. വിഘടനവാദത്തിലൂടെ രാജ്യസ്നേഹം പ്രകടിപ്പിക്കുന്നതെങ്ങനെയാണെന്ന് വരുംനാളുകളിൽ ത്രിപുരയിൽ നമുക്ക് കാണാം.

ത്രിപുര എങ്ങനെയാണ് ഇപ്പോൾ തലയുയർത്തി നിൽക്കുന്നത്? സാക്ഷരതയിൽ ഒന്നാംസ്ഥാനത്തേക്കുള്ള കുതിപ്പ്. പതിനാറിലേറെ സാമൂഹ്യസുരക്ഷാ പെൻഷനുകൾ, വനാവകാശനിയമത്തിലൂടെ 1.24 ലക്ഷം ആദിവാസിവിഭാഗങ്ങളിലുള്ളവരുടെ ഭൂമിക്ക് പട്ടയം. വിഭാഗീയശക്തികളായ ടിഎൻവി, എടിടിഎഫ്, എൻഎൽഎഫ്ടി, ഐപിഎഫ്ടി എന്നീ സംഘടനകൾക്കെതിരെ സിപിഐ എമ്മും ഇടതുപക്ഷവും നടത്തിയ നിരന്തരമായ ആശയപ്രചാരണത്തിലൂടെ ജനങ്ങളെ വിശ്വാസത്തിലെടുക്കാനായതുകൊണ്ടാണ് സംസ്ഥാനത്ത് ഇന്ന് നിലവിലുള്ള സാമുദായിക വംശീയ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനായത്.  ഈ ശ്രമത്തിനിടയിൽ ഇടതുപക്ഷമുന്നണിക്ക് നൂറുകണക്കിന് പ്രവർത്തകരുടെയും നേതാക്കളുടെയും ജീവൻ ബലിനൽകേണ്ടിവന്നു. ത്രിപുരയിൽ സമാധാനം പുലർന്നപ്പോഴാണ് അഫ്സ്പാ നിയമം എടുത്തുമാറ്റിയത്. ഇപ്പോഴും പല സംസ്ഥാനങ്ങളിലും ആ നിയമം നിലവിലുണ്ട്. ത്രിപുരയിൽ വൈദ്യുതവൽക്കരണത്തിൽ മികവുണ്ടാക്കിയതും കാർഷികോൽപ്പാദനമേഖലയിൽ മുന്നേറ്റമുണ്ടാക്കിയതും അതിനായി ജലസേചനസൗകര്യം വ്യാപകമാക്കിയതും പാവങ്ങൾക്ക് ആശ്വാസമായി ദേശീയ തൊഴിലുറപ്പ് പദ്ധതിപ്രകാരം ശരാശരി 86 തൊഴിൽദിനങ്ങൾ സൃഷ്ടിച്ച് മിനിമം കൂലി ഉറപ്പാക്കി രാജ്യത്തിന് മാതൃകയായതും ഇടതുബദലുകളിലൂന്നിയുള്ള മണിക് സർക്കാർ ഗവൺമെന്റിന്റെ മികവ് തന്നെയാണ്. ബിജെപി സർക്കാരിന് ഇതൊന്നും നിലനിർത്താനോ തുടർച്ചയുണ്ടാക്കാനോ സാധിക്കില്ല. 

ത്രിപുര പിടിച്ചെടുക്കാൻ കേന്ദ്ര സർക്കാരിന്റെ എൽപിജി സിലിണ്ടർ പദ്ധതിമാത്രം മതിയെന്ന ബിജെപി അധ്യക്ഷൻ ബിപ്ലബ്കുമാർ ദേബിന്റെ പ്രസ്താവന നമുക്ക് മുന്നിലുണ്ട്. വോട്ടർമാരെ സ്വാധീനിക്കാനുള്ള ഒരു ഇനം അതായിരുന്നു. പ്രധാനമന്ത്രിയും ധനമന്ത്രിയുമുൾപ്പെടെയുള്ള കേന്ദ്രസംഘം ത്രിപുരയിലെത്തി നടത്തിയ വാഗ്ദാനങ്ങൾ അവരെല്ലാം ഇപ്പോൾ മറന്നുപോയിക്കാണും. ബിജെപി അധികാരത്തിൽവന്നാൽ, ഇടതുനേതാക്കളെ ജയിലിൽ അടയ്ക്കുമെന്ന് ത്രിപുരയിൽ ചെന്ന് പറഞ്ഞത് ബിജെപി അധ്യക്ഷൻ അമിത് ഷാ തന്നെയാണ്. മതനിരപേക്ഷരാഷ്ട്രീയത്തിന് വേരോട്ടമുള്ള കേരളം, ത്രിപുര, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പ് സ്വാധീനം ഉറപ്പിക്കണമെന്ന്  ബിജെപിയുടെ ദേശീയ കൗൺസിൽ തീരുമാനിച്ചിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മധ്യപ്രദേശിലെ ശിവ്രാജ് സിങ് ചൗഹാൻ, ജാർഖണ്ഡിലെ രഘുബർ ദാസ് എന്നിവരെ ത്രിപുരയിലേക്ക് അതിനായി നിയോഗിച്ചു. അമിത് ഷാ നേരിട്ട് നേതൃത്വം ഏറ്റെടുത്തു. അങ്ങനെ ആസൂത്രണംചെയ്ത ‘മിഷൻ ത്രിപുര’യാണ് അവിടെ നടപ്പാക്കിയത്.

ത്രിപുരയിലെ തെരഞ്ഞെടുപ്പ് വിലയിരുത്താൻ ചേർന്ന ആർഎസ്എസ്‐ ബിജെപി നേതൃയോഗത്തിൽ ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ പങ്കെടുത്തത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്ങിന്റെ വസതിയിലാണ് ആ യോഗം ചേർന്നത്. അവിടെ നടന്ന ചർച്ച, ത്രിപുരയിലെ ഇടതുപക്ഷഭരണം അട്ടിമറിക്കാൻ കഴിയുമോ എന്നത് സംബന്ധിച്ചായിരുന്നു. ത്രിപുരയടക്കം വടക്കുകിഴക്കൻ മേഖലയിലെ ബിജെപിയുടെ ഐപിഎഫ്ടി പോലുള്ള സഖ്യശക്തികൾ തീവ്രവാദ വിഘടനവാദ സ്വഭാവമുള്ളവയാണ്. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ ദീർഘകാല പ്രവർത്തനപരിചയവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രത്യേക പരിചയവുമുള്ള ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ സഹായത്തോടെയും പങ്കാളിത്തത്തോടെയുമാണ് ഇത്തരം സഖ്യങ്ങൾ സാധ്യമാക്കിയത്. പണത്തിന്റെ കുത്തൊഴുക്കിലൂടെ ഉണ്ടാക്കിയ വിലാസമേ ബിജെപിക്ക് ത്രിപുരയിലുള്ളൂ. നേരത്തെ ബിജെപി പ്രതിപക്ഷപാർടിയായത്് കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് നേതാക്കളെ പൂർണമായി വിലയ്ക്കെടുത്താണ്. സംഘപരിവാറിന്റെ ജനാധിപത്യവിരുദ്ധവും വിദ്വേഷാധിഷ്ഠിതവുമായ രാഷ്ട്രീയം വെന്നിക്കൊടി പാറിക്കുമ്പോൾ പരാജയപ്പെടുന്നത് ത്രിപുരയിലെ പാവപ്പെട്ട ജനങ്ങളാണ്.  അതവർ വരുംദിവസങ്ങളിൽ തിരിച്ചറിയുകതന്നെ ചെയ്യും.

ത്രിപുരയിൽ വലതുപക്ഷം ജയിച്ചിരിക്കുകയാണ്. കോൺഗ്രസായാലും ബിജെപിയായാലും അവരുടെ വർഗതാൽപ്പര്യം ഒന്നാണ്. അത് ജനവിരുദ്ധവും ഇടതുപക്ഷവിരുദ്ധവുമാണ്. ത്രിപുരയിൽ അധികാരത്തിൽവരുന്ന ബിജെപി സർക്കാർ, നവ ഉദാരവൽക്കരണനയങ്ങൾ നടപ്പാക്കുമ്പോൾ, ഇടത് ബദലുകളുടെ വില ആ ജനതയ്ക്ക് മനസ്സിലാകും. ത്രിപുരയുടെ എല്ലാ സമ്പത്തും സവിശേഷതകളും കൊള്ളയടിക്കാൻ കോർപറേറ്റുകൾക്ക് വഴിയൊരുക്കുന്ന നയങ്ങളും നിലപാടുകളുമായി മുന്നോട്ടുപോകുന്ന ത്രിപുരയിലെ ബിജെപി സർക്കാരിനെതിരെ ശക്തമായ ബഹുജനമുന്നേറ്റങ്ങളുണ്ടാകുമെന്നതിൽ തർക്കം വേണ്ട. ഇടതുമുന്നണിക്ക് ജനങ്ങളെ വിലയ്ക്കെടുക്കേണ്ട ഗതികേടൊന്നും ഒരിക്കലും ഉണ്ടായിട്ടില്ല. തങ്ങളുടെ കൂടെ നിൽക്കുന്നവരെ തിരിച്ചറിയാനും പറ്റിയ തെറ്റ് തിരുത്താനുമുള്ള മനുഷ്യരുടെ സഹജമായ കഴിവ് ത്രിപുര പ്രകടിപ്പിക്കുകതന്നെ ചെയ്യും. അപ്പോൾ വീണ്ടും ഇടതുപക്ഷത്തെ ജനങ്ങൾ സ്വന്തമാക്കും

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top