27 September Sunday

ദേശീയ പണിമുടക്ക് വിജയിപ്പിക്കുക

എളമരം കരീം Updated: Monday Jan 6, 2020

ജനുവരി ഏഴിന് അർധരാത്രി 12 മുതൽ എട്ടിന് അർധരാത്രി 12 വരെയാണ് ദേശീയ പണിമുടക്ക്. ദേശീയ ട്രേഡ് യൂണിയനുകളും കേന്ദ്ര‐സംസ്ഥാന സർക്കാർ ജീവനക്കാരുടെയും ബാങ്ക്, ഇൻഷുറൻസ്, ബിഎസ്എൻഎൽ ജീവനക്കാരുടെയും സംഘടനകളും ചേർന്നാണ് പണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുന്നത്.

തൊഴിലാളികളുടെ മിനിമം വേതനം പ്രതിമാസം 21,000 രൂപയായി നിശ്ചയിക്കുക, എല്ലാ തൊഴിലാളികൾക്കും പ്രതിമാസം 10,000 രൂപ വീതം പെൻഷൻ നൽകുക, തൊഴിൽ നിയമങ്ങൾ തൊഴിലുടമകൾക്ക് അനുകൂലമായി ഭേദഗതി ചെയ്യരുത്, പൊതുമേഖലാ സ്വകാര്യവൽക്കരണം നിർത്തിവയ്ക്കുക, തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുക, കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുക, കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുക, വിലക്കയറ്റം തടയുക, പൊതുവിതരണം ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്  പണിമുടക്ക്.

മോഡി സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾ
രണ്ടാം മോഡി സർക്കാർ അധികാരത്തിൽ വന്നശേഷം തൊഴിലാളിവിരുദ്ധ‐ജനവിരുദ്ധ‐ദേശവിരുദ്ധ നയങ്ങൾക്ക് വേഗതകൂട്ടി തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്ത് നാല് കോഡുകൾ ആക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. തൊഴിലുടമകൾക്ക് അനുകൂലമായ ഭേദഗതികളാണ് വരുത്തുന്നത്. ഇക്കാര്യത്തിൽ ട്രേഡ് യൂണിയനുകൾ പ്രകടിപ്പിച്ച എതിർപ്പുകൾ സർക്കാർ അവഗണിച്ചു. മിനിമം വേതന നിയമം, ശമ്പളം കൊടുക്കുന്നത് സംബന്ധിച്ച നിയമം, ബോണസ് നിയമം, തുല്യജോലിക്ക് തുല്യവേതന നിയമം എന്നിവ പിൻവലിച്ച് "കോഡ് ഓൺ വേജ്' എന്ന നിയമം പാർലമെന്റ് പാസാക്കി. ഈ നിയമം വാഗ്ദാനം ചെയ്യുന്ന മിനിമം വേതനം പ്രതിദിനം 178 രൂപയാണ്. ഒരു ദിവസത്തെ ജോലിസമയം ഒമ്പതു മണിക്കൂറാക്കി. ഒരു ദിവസം പണിമുടക്കിയാൽ എട്ടു ദിവസത്തെ വേതനം പിടിച്ചുവയ്ക്കാൻ തൊഴിലുടമകൾക്ക് അവകാശം നൽകി.

മറ്റു മൂന്ന് കോഡുകൾ ലേബർ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിശോധനയ്ക്കു വിട്ടിരിക്കുകയാണ്. അടുത്ത പാർലമെന്റ് സമ്മേളനത്തിൽ മൂന്ന് കോഡും പാസാക്കാനാണ് നീക്കം. ട്രേഡ് യൂണിയൻ നിയമം, വ്യവസായ തർക്കനിയമം, ഇഎസ്ഐ നിയമം, പിഎഫ് നിയമം തുടങ്ങിയ സുപ്രധാന നിയമങ്ങൾ നിരാകരിക്കപ്പെടും. ഇന്ത്യൻ തൊഴിലാളികൾക്ക് കടുത്ത ആഘാതം ഏൽപ്പിക്കുന്നതാണ് പുതിയ കോഡുകൾ. പത്രപ്രവർത്തകരുടെ അവകാശം സംരക്ഷിക്കുന്ന നിയമവും റദ്ദാക്കപ്പെടും. ലാഭകരമായി പ്രവർത്തിക്കുന്ന തന്ത്രപ്രധാന പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുകയാണ്. ആയുധനിർമാണ ഫാക്ടറികൾ, ബിപിസിഎൽ, ചിത്തരഞ്ജൻ ലോക്കോമോട്ടീവ്, റെയിൽവേ കോച്ച് ഫാക്ടറികൾ, എയർ ഇന്ത്യ, എയർപോർട്ടുകൾ തുടങ്ങിയവയെല്ലാം വിൽപ്പനയ്ക്കു വച്ചിരിക്കുകയാണ്. ഇവയെല്ലാം സ്വകാര്യ കുത്തകകൾ ചുളുവിലയ്ക്ക് കൈവശപ്പെടുത്തും. വൈദ്യുതിമേഖലയെ സമ്പൂർണ സ്വകാര്യവൽക്കരിക്കാനുള്ള നിയമനിർമാണത്തിനും ഒരുങ്ങുകയാണ്. രാഷ്ട്രസമ്പത്ത് കുത്തകകൾക്ക് തീറെഴുതുകയാണ് മോഡി സർക്കാർ.

കേരളത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ വെള്ളൂർ ന്യൂസ് പ്രിന്റ്, കൊച്ചിൻ റിഫൈനറി, ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് (അമ്പലമുകൾ), ഹിന്ദുസ്ഥാൻ ലൈഫ് കെയർ, ഇൻസ്ട്രുമെന്റേഷൻ, ബിഇഎംഎൽ തുടങ്ങിയവയെല്ലാം സ്വകാര്യവൽക്കരിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. തിരുവനന്തപുരം വിമാനത്താവളം വിൽപ്പനയ്ക്കുവച്ചു. തൊഴിലാളികളുടെ സമരവും വിൽപ്പനയ്ക്കെതിരെയുള്ള കേരള സർക്കാർ നിലപാടും കാരണം മേൽപ്പറഞ്ഞ സ്ഥാപനങ്ങൾ ഇതുവരെ വിൽക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനിടെ, തിരുവനന്തപുരം‐കൊച്ചി, തിരുവനന്തപുരം‐ഗുവാഹത്തി റൂട്ടുകളിൽ സ്വകാര്യ തീവണ്ടികൾക്ക് അനുമതി നൽകാൻ തീരുമാനമായി. സ്വകാര്യവൽക്കരണത്തിനെതിരെ തൊഴിലാളികൾ ഒറ്റക്കെട്ടായി സമരം നടത്തിവരികയാണ്. ഈ സമരത്തിന് ആവേശവും ആത്മവിശ്വാസവും നൽകുന്ന നിലപാടാണ് സംസ്ഥാനത്തെ എൽഡിഎഫ് സർക്കാർ കൈക്കൊള്ളുന്നത്.

കാർഷികമേഖലയുടെ തകർച്ച
കാർഷികോൽപ്പന്നങ്ങൾക്ക് ന്യായവില ലഭിക്കാത്തതിനാൽ കടക്കെണിയിൽ കുടുങ്ങിയ കർഷകർ ആത്മഹത്യ ചെയ്യുകയാണ്. കടങ്ങൾ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് രാജ്യത്താകെ ഉയർന്നുവന്ന കർഷകസമരങ്ങളെ സർക്കാർ കണ്ടില്ലെന്നു നടിക്കുന്നു. കാർഷികമേഖലയുടെ തകർച്ച ലക്ഷക്കണക്കിന് കർഷകത്തൊഴിലാളികളുടെ ജീവിതം തകർത്തു.

വിലക്കയറ്റം രൂക്ഷമാണ്. പെട്രോൾ, ഡീസൽ, പാചകവാതകം തുടങ്ങിയവയുടെ വില കുതിച്ചുയരുകയാണ്. മോട്ടോർ തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിലാണ്. ഉള്ളി  ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ജനങ്ങളെ ദുരിതത്തിലാക്കി. പൊതുവിതരണം ശക്തിപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കുന്നില്ല.
രാജ്യത്തെ തൊഴിലില്ലായ്മ കഴിഞ്ഞ അരനൂറ്റാണ്ടു കാലത്തിനിടയിലെ ഏറ്റവുമുയർന്ന നിരക്കിലാണ്. എൻഎസ്എസ്ഒ റിപ്പോർട്ടിലാണ് ഈ വസ്തുത രേഖപ്പെടുത്തിയിരിക്കുന്നത്. 2014 തെരഞ്ഞെടുപ്പുകാലത്ത് വർഷംതോറും രണ്ടു കോടി വീതം തൊഴിൽ സൃഷ്ടിക്കുമെന്ന് ബിജെപി വാഗ്ദാനംചെയ്തിരുന്നു. എന്നാൽ, സംഭവിച്ചത് നേരെമറിച്ചാണ്. 2016ലെ നോട്ടുനിരോധനം ഒരു കോടി തൊഴിൽ നഷ്ടപ്പെടുത്തി. ജിഎസ്ടി ചെറുകിട വ്യവസായമേഖലയ്ക്ക് ഏൽപ്പിച്ച ആഘാതം വലിയ തൊഴിൽ നഷ്ടമുണ്ടാക്കി. തൊഴിലുറപ്പുപദ്ധതി നിയമപ്രകാരമുള്ള തൊഴിലും കൂലിയും നൽകാൻ കേന്ദ്ര സർക്കാർ കൂട്ടാക്കുന്നില്ല.

ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി
മോഡി സർക്കാരിന്റെ നയങ്ങൾ, രാജ്യത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നയിച്ചത്. വ്യവസായമേഖലയിലെ വളർച്ച മുരടിച്ചു. ഓട്ടോമൊബൈൽ വ്യവസായത്തെയാണ് പ്രതിസന്ധി കൂടുതൽ ബാധിച്ചത്. വാഹന ഉൽപ്പാദനവും വിൽപ്പനയും കുറഞ്ഞു. ഏകദേശം 10 ലക്ഷം തൊഴിലാളികൾക്ക് ജോലി നഷ്ടമായി. റിയൽ എസ്റ്റേറ്റ് മേഖലയും പ്രതിസന്ധിയിലാണ്. ജനങ്ങളുടെ വാങ്ങൽ കഴിവ് ഇടിഞ്ഞതാണ് ഈ പ്രതിസന്ധിക്കു കാരണം. തൊഴിൽ നഷ്ടപ്പെടുന്നതും കൂലി കുറയുന്നതും കാർഷികത്തകർച്ചയുമാണ് ജനങ്ങളുടെ വാങ്ങൽ കഴിവ് ഇടിയാൻ കാരണം. അതിനു പരിഹാരം കാണുന്നതിനുപകരം കോർപറേറ്റ് നികുതി ഇളവ് ചെയ്യുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. 2019‐20ലെ ബജറ്റിൽ സർക്കാർ പ്രതീക്ഷിച്ച നികുതിവരുമാനത്തിൽ 1.45 ലക്ഷം കോടി രൂപയാണ് കുത്തകകൾക്ക് വിട്ടുകൊടുത്തത്. ഏതു സാഹചര്യത്തിലും കോർപറേറ്റുകൾക്ക് സമ്പത്ത് വാരിക്കൂട്ടാൻ അവസരമൊരുക്കുകയാണ് ബിജെപി സർക്കാർ.

മോഡി സർക്കാരിന്റെ നയങ്ങൾ തൊഴിലാളികളിലും ജീവനക്കാരിലും കടുത്ത രോഷം ഉളവാക്കിയിട്ടുണ്ട്. ബാങ്കുകളുടെ ലയനം ഗുരുതരമായ പ്രശ്നങ്ങൾക്ക് വഴിവയ്ക്കും. ഗ്രാമീണ ബ്രാഞ്ചുകൾ പൂട്ടുന്നതും ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതും വലിയ പ്രതിഷേധമുയർത്തിയിട്ടുണ്ട്. റിലയൻസ് ജിയോക്കുവേണ്ടി ബിഎസ്എൻഎല്ലിനെ കേന്ദ്ര സർക്കാർ തകർക്കുന്നതിൽ ജീവനക്കാർ പ്രക്ഷോഭത്തിലാണ്.

കാർഷിക, വ്യാവസായികമേഖലയിലെ തകർച്ചയും തൊഴിൽ നഷ്ടവും വാണിജ്യ വ്യാപാരമേഖലയിൽ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. അശാസ്ത്രീയമായ ജിഎസ്ടി സൃഷ്ടിച്ച വിഷമതകൾക്ക് പുറമെയാണിത്. വ്യാപാരികളും കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ്. ഈ സാഹചര്യത്തിൽ ദേശീയ പണിമുടക്ക് സംസ്ഥാനത്ത് ഉജ്വല വിജയമായി മാറും. വാഹനങ്ങൾ ഓട്ടം നിർത്തുകയും കടകമ്പോളങ്ങൾ സ്തംഭിക്കുകയും ചെയ്യും. കൃഷിക്കാരുടെയും കർഷകത്തൊഴിലാളികളുടെയും സംഘടനകൾ ജനുവരി എട്ടിനു ഗ്രാമീണ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നഗര‐ഗ്രാമ വ്യത്യാസമില്ലാതെ സംസ്ഥാനം നിശ്ചലമാകും.

കേന്ദ്ര സർക്കാരിന്റെ നയങ്ങളാൽ ദുരിതം പേറുന്ന മുഴുവൻ ജനവിഭാഗങ്ങളോടും ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ അഭ്യർഥിക്കുന്നു. ദുരിതം പേറുന്ന ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തുവരുന്നത് ഭീതിയോടെയാണ് കേന്ദ്ര സർക്കാർ കാണുന്നത്. ജനങ്ങളുടെ ഐക്യം തകർക്കാൻ, വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് ബിജെപി ശ്രമം. പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത് ഈ ലക്ഷ്യംവച്ചാണ്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും സംസ്ഥാന പദവി ഇല്ലാതാക്കിയതും ജനങ്ങളിൽ ചേരിതിരിവ് സൃഷ്ടിക്കാനാണ്. ഈ ചതിക്കുഴിയിൽ വീഴാതെ, അധ്വാനിക്കുന്ന വർഗത്തിന്റെ ഐക്യം ശക്തിപ്പെടുത്തണം. വർഗ ഐക്യത്തിലൂടെ മാത്രമേ വർഗീയതയെ ചെറുക്കാനാകൂ. ദേശീയ പണിമുടക്ക് ബിജെപി സർക്കാരിന് കനത്ത താക്കീതാകും.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top