10 August Monday

കേരളത്തോട്‌ വിവേചനം

പ്രൊഫ. കെ എൻ ഗംഗാധരൻUpdated: Wednesday Dec 4, 2019

വരുമാനമാർഗങ്ങൾ തടയുന്ന കേന്ദ്രസർക്കാർ, സംസ്ഥാനങ്ങളുടെ ധനപരമായ അധികാരം കൈയേറുകയാണ്‌. ജിഎസ്‌ടി നഷ്‌ടപരിഹാര ഇനത്തിൽ കേരളത്തിന്‌ തരാനുള്ള കുടിശ്ശിക കേന്ദ്രം ഇതുവരെ തന്നിട്ടിട്ടില്ല. ചരക്കു സേവന നികുതി നടപ്പാക്കുമ്പോൾ സംസ്ഥാനങ്ങൾക്ക്‌ നഷ്‌ടമുണ്ടാകുമെന്ന്‌ നേരത്തെ കണ്ടറിഞ്ഞിരുന്നു. അതുകൊണ്ടാണ്‌ ജിഎസ്‌ടി കൗൺസിലിൽ നഷ്‌ടപരിഹാരത്തിനുവേണ്ടി വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ ശക്തമായി വാദിച്ചത്‌. വാദം ഫലം കണ്ടു. 2017ൽ ചരക്കു -സേവന നികുതി (നഷ്‌ടപരിഹാര) നിയമം ഇന്ത്യൻ പാർലമെന്റ്‌ അംഗീകരിച്ചു. അങ്ങനെ അത്‌ കേന്ദ്രത്തിന്റെ ഭരണഘടനാ ബാധ്യതയായി മാറി. അതായത്‌, നഷ്‌ടപരിഹാരം കേന്ദ്രം നൽകുന്നത്‌ സൗജന്യമല്ലെന്നർഥം.

സംസ്ഥാനങ്ങളുടെ നികുതിവരുമാനം വർഷത്തിൽ 14 ശതമാനം നിരക്കിൽ വർധിക്കുമെന്നാണ്‌ ജിഎസ്‌ടി കൗൺസിൽ അനുമാനിച്ചത്‌. 14 ശതമാനത്തിൽ കുറവുണ്ടായാൽ, നഷ്‌ടം കേന്ദ്രം നികത്തും. അതിനുവേണ്ടി പ്രത്യേകമായ നഷ്‌ടപരിഹാരനിധി ഉണ്ടാക്കും. പുകയിലയും പുകയില ഉൽപ്പന്നങ്ങളും കൽക്കരി, വാതകമിശ്രിത പാനിയം, യാത്രാവാഹനങ്ങൾ എന്നിവയുടെമേലുള്ള സെസ് വരുമാനം ഉപയോഗിച്ചാണ്‌ നിധി ഉണ്ടാക്കുക. 2015–-16 അടിസ്ഥാന വർഷമായി കണക്കാക്കി, തുടർന്നുള്ള അഞ്ചുവർഷം, രണ്ടുമാസം കൂടുമ്പോൾ നഷ്‌ടപരിഹാരം നൽകണം.

നഷ്‌ടപരിഹാരം കൈമാറുന്നതിലെ അക്ഷന്തവ്യമായ കാലതാമസമാണ്‌ ഇപ്പോഴത്തെ പ്രതിസന്ധിക്ക്‌ കാരണം. തന്മൂലം സംസ്ഥാനങ്ങളുടെ ദൈനംദിന പണമിടപാടുകൾ അവതാളത്തിലായി. ഏറ്റവും ഒടുവിലായി നഷ്‌ടപരിഹാരം നൽകിയത്‌ 2019 ജൂലൈയിലാണ്‌. 1284 കോടിരൂപ. ആഗ സ്‌ത്‌, സെപ്‌തംബർ മാസത്തെ നഷ്‌ടപരിഹാരം 1600 കോടിരൂപയാണ്‌. അത്‌ നൽകുന്നില്ല. നവംബറിലുള്ള ഗഡുവും നൽകുന്ന മട്ടില്ല. കേന്ദ്രം മനഃപൂർവം വീഴ്‌ചവരുത്തുകയാണ്‌. സംസ്ഥാനങ്ങളെ കേന്ദ്രത്തിന്റെ ആശ്രിതസ്ഥാപനങ്ങളാക്കി മാറ്റുന്ന നിഗൂഢതന്ത്രമാണ്‌ പരീക്ഷിക്കുന്നത്‌. ഇത്‌ കേവലം കേന്ദ്ര–-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളുടെമാത്രം പ്രശ്‌നമല്ല. രാഷ്‌ട്രീയപക്ഷപാതിത്വത്തിന്റെയും നിയമലംഘനത്തിന്റെയുംകൂടി പ്രശ്‌നമാണ്‌. രാഷ്‌ട്രീയാധികാരവും പണത്തിനുമേലുള്ള അധീശത്വവും ഒരേസമയം കൈപ്പിടിയിലൊതുക്കുന്ന നിഗൂഢതന്ത്രമാണ്‌. കേരളത്തോടുമാത്രമല്ല വിവേചനം. അതുകൊണ്ടുതന്നെ ഇതൊരു വിശാലതന്ത്രത്തിന്റെ ഭാഗമാണെന്ന്‌ കരുതാം. പഞ്ചാബിന്‌ 4100 കോടിരൂപയും  ഡൽഹിക്ക്‌ 2355 കോടിയും ബംഗാളിന്‌ 1500 കോടിയും നൽകാനുണ്ട്‌.


 

ചരക്കു സേവന നികുതിയുടെ പൊതുചിത്രം ശോഭയുള്ളതല്ല. സംസ്ഥാനങ്ങൾക്ക്‌ വലിയ പ്രതീക്ഷ നൽകിയാണ്‌ ചരക്കു സേവന നികുതി സമ്പ്രദായം ധൃതിവച്ച്‌ അടിച്ചേൽപ്പിച്ചത്‌. ഉൽപ്പാദനം നടത്തിയ സംസ്ഥാനത്തിനല്ല, വിൽപ്പന നടത്തപ്പെടുന്ന സംസ്ഥാനത്തിനാണ്‌ നികുതി ചുമത്താൻ അധികാരം എന്നതാണ്‌ പുതിയ സമ്പ്രദായത്തിന്റെ സവിശേഷത. അന്യസംസ്ഥാന ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രധാന വിൽപ്പനകേന്ദ്രമാണ്‌ കേരളം. അതുകൊണ്ട്‌ ചരക്കു സേവന നികുതിയിൽ കേരളം വൻ പ്രതീക്ഷ പുലർത്തി. കേരളം പിന്തുണച്ചില്ലെങ്കിലും ചരക്കു സേവന നികുതി സമ്പ്രദായം കേന്ദ്രം കൊണ്ടുവരുമായിരുന്നു.

എന്തായാലും പ്രതീക്ഷിച്ചതോതിൽ  നികുതിവരുമാനം ഉയർന്നില്ല. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ ധൃതിവച്ച്‌ നടപ്പാക്കിയതുതന്നെ പ്രധാന കാരണം. നികുതിനിരക്ക്‌ സംബന്ധിച്ച വിവാദങ്ങൾ ഇപ്പോഴും തുടരുകയാണ്‌. നികുതിപരിധിയിൽ ഉൾപ്പെടുന്ന ഉൽപ്പന്നങ്ങളെ സംബന്ധിച്ച ചർച്ചകളും അന്തമില്ലാതെ തുടരുകയാണ്‌. 2017 ജൂലൈ ഒന്നിനാണ്‌ ചരക്കു സേവന നികുതി നിയമം നിലവിൽ വന്നത്‌.  ജൂലൈയിലെ നികുതി സമാഹരണം 94063 കോടിരൂപയായിരുന്നു. രണ്ടേകാൽ കൊല്ലം കഴിഞ്ഞ്‌, 2019 ഒക്‌ടോബറിൽ പിരിഞ്ഞത്‌ കേവലം 95,380 കോടിരൂപയാണ്‌. അതായത്‌ 1.4 ശതമാനം വർധനമാത്രം. 2017–-18 സാമ്പത്തിക വർഷത്തിലെ ശരാശരി പ്രതിമാസ ജിഎസ്‌ടി വരുമാനം 89865 കോടിരൂപയായിരുന്നു.

വരുംവർഷങ്ങളിൽ നികുതിവരുമാനത്തിൽ കാര്യമായ വർധനയ്‌ക്കുള്ള സാധ്യത കുറവാണ്‌. വ്യക്തികളുടെയും കുടുംബങ്ങളുടെയും കോർപറേറ്റുകളുടെയും വരുമാനത്തിന്റെയും ലാഭത്തിന്മേലുമുള്ള നികുതികൾ, സാധനങ്ങളുടെയും സേവനങ്ങളുടെയും കൈമാറ്റങ്ങളിന്മേലുള്ള നികുതി, കയറ്റുമതി–- ഇറക്കുമതിയിന്മേലുള്ള നികുതി എന്നിവയാണ്‌ പ്രധാന നികുതി അടിസ്ഥാനങ്ങൾ. കടുത്ത വരുമാന തകർച്ചയാണ്‌ രാജ്യം നേരിടുന്നത്‌. ദേശീയവരുമാനം ബജറ്റ്‌ അവകാശപ്പെട്ടതുപോലെ, ഏഴുശതമാനം വളർച്ചാനിരക്ക്‌ നേടുകയില്ല, മറിച്ച്‌ നാല്‌ ശതമാനംപോലും നേടുകയില്ലെന്നാണ്‌ പഠനങ്ങൾ സൂചിപ്പിക്കുന്നത്‌.


 

ദേശീയവരുമാനം ഇടിയുന്നു എന്നാൽ സാധനങ്ങളുടെയും സേവനങ്ങളുടെയും ഉൽപ്പാദനവും വിപണനവും കുറയുന്നു എന്നാണ്‌ അർഥം. അതുമൊത്തം നികുതി വരുമാനത്തെ പിറകോട്ടടിക്കും. രാജ്യത്തിന്റെ കയറ്റുമതി സാധ്യതകൾ ചുരുങ്ങിവരികയാണ്‌. ആഗോളതലത്തിലുള്ള വരുമാനതകർച്ച കയറ്റുമതിയെ ബാധിക്കും.
ഉൽപ്പാദനമാന്ദ്യം സംസ്ഥാനങ്ങളുടെ നികുതി സമാഹരണശേഷിയെയും ബാധിക്കും. കേരളത്തെ സംബന്ധിച്ചിടത്തോളം രണ്ട്‌ വെള്ളപ്പൊക്കക്കെടുതി ഉൽപ്പാദനത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്‌. റോഡുകളുടെയും വീടുകളുടെയും പുനർനിർമിതി എളുപ്പമാണ്‌; ആവശ്യമായ വിഭവങ്ങളുണ്ടെങ്കിൽ. എന്നാൽ, തകർന്ന കാർഷിക–- വ്യവസായ ഉൽപ്പാദന മേഖലകളെ സുസ്ഥിരവളർച്ചയുടെ പാതയിലെത്തിക്കുക എന്നത്‌ എളുപ്പമല്ല.

കേന്ദ്രത്തെ അപേക്ഷിച്ച്‌ സാമ്പത്തികമായും ധനപരമായും ദുർബലമാണ്‌ സംസ്ഥാനങ്ങൾ. ആദായനികുതിയും കോർപറേറ്റ്‌ നികുതിയും കസ്‌റ്റംസ്‌ നികുതിയും കേന്ദ്രത്തിന്റെ വരുതിയിലാണ്‌. റിസർവ്‌ ബാങ്കിന്റെ സ്വർണശേഖരവും ലാഭവിഹിതവും കൈയെത്തും ദൂരത്താണ്‌. പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരിവിൽപ്പനയിൽ നിന്നുള്ള വരുമാനം കേന്ദ്രത്തിനാണ്‌. ആവശ്യമെങ്കിൽ റിസർവ്‌ ബാങ്കിൽനിന്ന്‌ കടമെടുക്കാനുള്ള അവകാശവും കേന്ദ്രത്തിനാണ്‌. അത്തരം മാർഗങ്ങളൊന്നും സംസ്ഥാനങ്ങൾക്കില്ല. തനതു നികുതി–-നികുതിയിതര വരുമാനവും കേന്ദ്രനികുതി വിഹിതവും ഗ്രാന്റുകളും വായ്‌പകളുമാണ്‌ സംസ്ഥാനങ്ങളുടെ വരുമാന സ്രോതസ്സുകൾ. സംസ്ഥാനങ്ങളെ സഹായിക്കാൻ ചുമതലയും കഴിവുമുള്ള കേന്ദ്രസർക്കാർ നിയമപരമായി അർഹതപ്പെട്ട അവകാശംക്കൂടി തടഞ്ഞുവയ്‌ക്കുന്നത്‌ നീതിനിഷേധം മാത്രമല്ല, രാഷ്‌ട്രീയ പകപോക്കലുമാണ്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top